2020, ജൂൺ 28, ഞായറാഴ്‌ച

ചതുപ്പുനിലം


 ജീവിതത്തിന്റെ ചതുപ്പുനിലങ്ങളെക്കുറിച്ച്‌,
ഇറങ്ങിപ്പോയാൽ തിരിച്ചു കയറാനാവാതെ
ചില മനുഷ്യരിൽ നാം 
നിന്ന നിൽപിൽ നിന്നുപോകുന്നതിനെക്കുറിച്ച്‌,
ഒരു ലോകം മറ്റൊന്നിലേക്ക്‌ 
ആഴ്‌ന്നുപോകുന്നതിനെക്കുറിച്ച്‌,
ഞാൻ എന്നോടു തന്നെ പറഞ്ഞു.

നിൽപുറഞ്ഞു നിൽക്കുന്ന
 അവസ്ഥയിലും
താമരപോലെ നാം 
വിടർന്നു വരുന്നതിനെക്കുറിച്ച്‌,
വാടാതിരിക്കുന്നതിനെക്കുറിച്ച്‌
സമയമെന്നെ ഓർമ്മിപ്പിച്ചു

വെള്ളം കൂടിവരുമ്പോൾ
അവ മാഞ്ഞുപോകുമെന്ന്,
ശ്വാസകോശങ്ങൾ അണുക്കൾ നിറഞ്ഞ്‌, കണ്ണുകളിലൂടെ ശ്വസിക്കേണ്ടിവരുമെന്ന്,
ഉറങ്ങാനാവാതെയാകുമോയെന്ന്,
 കാലം കരഞ്ഞു.

ലോകം മുഴുവനായി
ഒരു കുഞ്ഞായെന്നും
പാൽ കുടിക്കുമ്പോൾ 
വിക്കി നെറുകയിൽ കേറി
ശ്വാസം കിട്ടാതെ പിടയുകയാണെന്നും 
ഞാൻ ആശങ്കപ്പെട്ടു.

അടുത്ത നിമിഷം ഞാനമ്മയാവുകയും
ലോകത്തിന്റെ നെറുകയിൽ എന്റെ വാക്കുകൾ കൊണ്ട്‌ ഊതുകയും ചെയ്തു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ