2014 ഓഗസ്റ്റ് 31, ഞായറാഴ്‌ച

രണ്ടുപേര്‍ കടല്‍ കാണുമ്പോള്‍

രണ്ടുപേര്‍ കടല്‍ കാണുമ്പോള്‍
ഒരുവനെ കടല്‍ കുടിക്കും
ഇനിയൊരുവന്‍ കരയ്ക്കടിയും

കരയ്ക്കടിയുന്നവന്‍
മത്സ്യത്തോടൊപ്പം പിടയും
കടല്‍ കുടിച്ചവന്‍
മത്സ്യ കന്യകയെ വേള്‍ക്കും

ഒരാള്‍ തിര
മടങ്ങിപ്പോകുന്നത്‌
കാണുമ്പോള്‍
ഇനിയൊരാള്‍
ഓളങ്ങളുടെ തിളക്കത്തെ മുത്തും

കടലില്‍ നിന്നവര്‍
കരയെ നോക്കുമ്പോള്‍
ഒരാള്‍ക്ക് മണലായും
ഒരാള്‍ക്ക് വനമായും
അനുഭവപ്പെടും

 ഒരാള്‍ കടലില്‍
കുളിച്ചു കയറും
മറ്റെയാള്‍
തിളയ്ക്കുന്ന  കടലിനെ
കൈക്കുടന്നയില്‍ കോരും
അയാളുടെ കണ്ണില്‍ നാം
കടല്‍ നുര കണ്ടെത്തും



2014 ഓഗസ്റ്റ് 30, ശനിയാഴ്‌ച

നിറയുന്ന പച്ച

ധ്യാന പൂര്‍വ്വമൊരില
നടുമ്പോള്‍
നമ്മിലെങ്ങിനെയാവും
അതു വേരുകളാഴ്ത്തി   പടരുക .

മനനത്തിന്റെ
മൂര്‍ദ്ധന്യത്തില്‍
വിരല്‍ തുമ്പില്‍ നിന്നു
മൂര്‍ദ്ധാവിലേക്കു
നിറയുന്ന പച്ചയാവുക.

ഞാനിന്നുമൊരിലപ്പച്ചയില്‍
ആയിരം കിളികളെ കണ്ടു
കളമൊഴികള്‍ കേട്ടു.
അവയെന്നില്‍ നിറച്ച
നിശബ്ദതയില്‍ ,
സന്ധ്യയില്‍
ധ്യാന പൂര്‍വ്വമെന്നിലൊരില നട്ടു .
നാളേയ്ക്കുള്ള നാമ്പാവട്ടെയത് .
നൂറുകിളികള്‍ക്കു ചേക്കേറാന്‍ ...!!

2014 ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

പ്രണയ മരണങ്ങള്‍


അവസാനം സൃഷ്ടിക്കപ്പെട്ടത്
 പ്രണയ മരണങ്ങളാണ് 
ആദ്യയാശ്ലേഷത്തില്‍ തന്നെ
അച്ചിന്‍കൂടു തകര്‍ത്തു 
രൂപ രഹിതനായ് 
മരണംപിറവി കൊണ്ടു


പ്രണയം മരണത്തെ
 വരിക്കാതിരിക്കാന്‍
വിരഹത്തോടൊപ്പം 
നിലാവിലവള്‍  പാര്‍പ്പിക്കപ്പെട്ടു  .


നിദ്ര പ്രാപിക്കാന്‍ 
നക്ഷത്രങ്ങള്‍ക്ക് നല്‍കിയ കണ്ണുകള്‍
അവള്‍ക്കു മടക്കി ലഭിച്ചില്ല 
അവയിന്നും കത്തുന്ന പ്രണയ നോട്ടങ്ങളെ 
നമുക്കു  സമ്മാനിക്കുന്നുണ്ടല്ലോ.


ഒരിളം ചൂടിനു പകരമായ് 
ആര്‍ദ്രത കൈയടക്കിയ മഴയിന്നും  
പ്രണയ പര്‍വ്വങ്ങളില്‍ 
പെയ്തു നിറഞ്ഞു കൊണ്ടേയിരിക്കുന്നു 


സുതാര്യതയുടെ  മോഷ്ടാവ്
 നിലാവായതിനാല്‍
രാത്രി മുഴുവന്‍ നെയ്ത നൂല്‍പ്പാവുകള്‍
പുലരിയെത്തുമ്പോള്‍ മറഞ്ഞു പോവുക പതിവാണ് 


ഒടുവില്‍ ഭൂമിയില്‍
അഭയം തേടിയ പ്രണയം
 സുഗന്ധവര്‍ണങ്ങളെ  പൂക്കള്‍ക്കും 
ആലിംഗനം ചെയ്യുന്ന കൈകളെ 
കാറ്റിനും നല്‍കി .
ഒറ്റ വാതിലുള്ള 
മനുഷ്യ ഹൃദയങ്ങളില്‍  സുരക്ഷിതയായി .


ഇന്നും ആര്‍ദ്രമായ
 ചന്ദ്രനുദിക്കുന്ന  രാത്രികളില്‍ 
നഷ്ടപ്പെട്ടവയെല്ലാം തിരികെ കൈപ്പറ്റി 
പ്രണയം നിലാവിലെ പഴയ കൂട്ടിലെത്തും   .
ഏകാകിയായ വിരഹത്തെ  
താനൊരു  ദുരന്തമായി
ഭൂമിയില്‍ നിറഞ്ഞു
പരന്നൊഴുകിയതിനെക്കുറിച്ച്
കവിത ചൊല്ലി വിസ്മയിപ്പിക്കും  ;
മരണത്തെ വരിക്കാന്‍ കൊതിക്കും  .

പുക


നീലനിലാവലയിലിറ്റുനേരം തങ്ങി
നിശയെ നിദ്രയില്‍ നിന്നുണര്‍ത്തി
നിത്യനിതാന്തമാം ദര്‍ശനങ്ങള്‍  തേടി
ഭ്രാന്തമാം ചുരുളുകളിലൊഴുകി  നീങ്ങും


നഗരമധ്യത്തിലീ ചിത  കത്തും
പുകയേറ്റു
ഞാനെന്‍റെചില്ലിട്ട ജാലകമടപ്പൂ.

ആ വെളിച്ചത്തിലെന്‍
മേശ മേലുരുളുന്നസ്വപ്നത്തില്‍
തൂലിക ചലിപ്പൂ .


നഗരഹൃദയത്തില്‍
വാസമെന്നാകിലും
അയല്പ്പക്കമെന്നും ശ്മശാനഭൂമി
സഹശയനത്തിന്നായാരെയും കൂട്ടാത്ത
കത്തും കിനാക്കള്‍ തന്‍ യുദ്ധഭൂമി .

ഓരോ ചിതയ്ക്കുമെന്നോട്
ചൊല്ലുവാന്‍ പുത്തന്‍ കഥകളുണ്ടായിരിക്കാം
ഓരോ പുകയുമെന്‍ അര്‍ദ്ധസങ്കല്‍പ്പത്തെ
വെല്ലുവിളിക്കുകയായിരിക്കാം


വാളും വാക്കാലെയും
ആളുന്ന ഭൂമിയില്‍
പുലരികള്‍ യുദ്ധം തുടങ്ങി വയ്ക്കേ


മരണവക്ത്രം പൂണ്ടയേതോചകിതന്റെ
ചിത കത്തും പുകയേറ്റു
ഞാനെന്‍റെ ചില്ലിട്ട ജാലകമടപ്പൂ
ആ വെളിച്ചത്തിലെന്‍ മേശ മേലുരുളുന്ന
സ്വപ്നത്തിന്‍ തൂലിക ചലിപ്പൂ .

2014 ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

നീയുണ്ടാവും;ഞാനും


ഇല പൊഴിയുമ്പോള്‍
തിര തൊടുമ്പോള്‍
നിലാവിലലിഞ്ഞു
നിശാമഴ തൂവുമ്പോള്‍
ഞാനോര്‍മ്മിച്ചെടുക്കും നിന്നെ .

കാലമേറെ കടന്നാലും
നേരമെത്ര വൈകിയാലും
മിഴിനീര്‍ത്തുള്ളിയായ്
നീയുണ്ടാവും .

പാതി വിടര്‍ന്ന
പൂവിന്റെയുടലില്‍
പതിയെ തൊടുന്ന
കാറ്റിന്റെയലയില്‍

ഞാന്‍ തുന്നുന്ന
ഇതള്‍പ്പാടുകളുടെ
അദൃശ്യമായപകുതികളില്‍
മറ്റാര്‍ക്കും കാണാനാവാതെ
നീയുണ്ടാവും;ഞാനും  

2014 ഓഗസ്റ്റ് 27, ബുധനാഴ്‌ച

വാടിവീഴാതെ


ദൂരക്കാഴ്ചകളെ 
മറയ്ക്കുന്ന 
മൂടല്‍മഞ്ഞിലൂടെ ഞാന്‍ 
നിശബ്ദം നടന്നു പോയിക്കഴിയുമ്പോള്‍ 

താഴ്വാരങ്ങളെ 
മഞ്ഞപ്പൂക്കള്‍ മൂടും 
എന്‍റെ കവിതകള്‍  
നിങ്ങളെ  പൊതിയും 

 കടലുമാകാശവും 
ഒത്തുചേരുമ്പോള്‍ 
ഇടയിലെത്തി നോക്കുന്ന  
പച്ചപ്പുപോലെ 

മഞ്ഞു മനസിനോട് 
പറഞ്ഞമൃദുല
മര്‍മരങ്ങളത്രയും
വാടിവീഴാതെ നില്‍ക്കും 
മരണമില്ലാതെ പൂക്കും 

2014 ഓഗസ്റ്റ് 23, ശനിയാഴ്‌ച

ചിലയ്ക്കാത്ത പക്ഷികള്‍


ചെതുമ്പലില്ലാ മത്സ്യങ്ങളെക്കുറിച്ചുള്ള
കടല്‍ചൊരുക്കും
പൂക്കാമാവുകളെപ്പറ്റിയുള്ള
ഭൂമൊഴിയും
മരണപത്രത്തില്‍  എഴുതിവച്ച്
ഏകാന്തനായി മഞ്ഞിലൂടെ
അയാള്‍ നടന്നു പോയി

മതമില്ലാത്ത മനുഷ്യരുടെ
മാറുതുളച്ച വെടിയുണ്ടകളില്‍
അയാളെഴുതിയ   കവിതകള്‍
മാമ്പൂക്കളായി  മടങ്ങി വന്നു .

പെണ്മയുടഞ്ഞ പെരുവഴികളില്‍
ശ്വാസനാളങ്ങള്‍ തകര്‍ന്ന്
പ്രവാചകവചനങ്ങള്‍
ചെതുമ്പല്‍ നിറഞ്ഞു വഴുതിയകന്നു

മരണപത്രം തുറന്നു വായിക്കപ്പെട്ടു
ഒരു നുള്ളു ശ്വാസവും
രണ്ടു തുള്ളി ചോരയും .
ഒരു കാല്പാടും മാത്രം ...!!

2014 ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

വ്രണം


മുദുലമേന്നേകാന്ത 
ചിന്തകള്‍ക്ക് 
രാവും പകലും 
എന്നോളം വളര്‍ന്നു
പടര്‍ന്നു വിങ്ങുന്ന
പ്രണയം നീറ്റുന്ന
വ്രണമാണ് നീ.

നമുക്കിടയില്‍
ജീവിതത്തെ വച്ചുകെട്ടിയ
ഓര്‍മകളുടെ
പഴുത്തിലകളോ
സ്നേഹപൂര്‍വം പുതച്ചുറക്കാമെന്ന
സ്വപ്‌നജാലകങ്ങളുടെ
നോക്കെത്താദൂരങ്ങളോയില്ല ,

പുതിയൊരു ഭാഷയിലെന്‍റെ
കരളില്‍ കൊത്തിയ
പഴകാത്ത വ്രണത്തെ
നിന്‍റെവാക്കുകളാല്‍ കഴുകി
നിന്‍റെ മൗനം പുരട്ടി
ഞാനുണങ്ങാതെ സൂക്ഷിക്കുന്നു ...!!

2014 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

കവിതേ

കവിതേ നീയിത്രകാലം
ഏതു കാണാക്കോണിലിരുന്നുവെന്ന്?

എഴുതപ്പെടും മുന്പ്
നീയേത്  രൂപം പുതച്ചുവെന്ന് ?

ഞാന്‍  തീയൂതിയ
ശ്വാസത്തില്‍  വസിച്ചുവെന്നോ
വിളമ്പിയ  കറികളിലുപ്പായിരുന്നുവോ

അരിവാളില്‍ മൂര്‍ച്ചയായ്
അക്ഷരങ്ങളിലെന്ന പോല്‍
 കൈവെള്ളയോടൊന്നിച്ചിരുന്നുവെന്നോ ?


നീറുമീ  ചിന്ത പോല്‍
അരകല്ലിലരഞ്ഞുവോ ?
തിരികല്ലില്‍ പൊടിഞ്ഞുവോ ?.

മണ്ണിന്റെ മാറില്‍
ഞാന്‍  നട്ട നാട്ടുമാവില്‍
വിരിഞ്ഞുവോ?

 കവിതേ നീയിത്രകാലം
ഏതു കാണാക്കോണിലിരുന്നുവെന്ന്?
കണ്ണുപൊത്തിക്കളിച്ചുവെന്ന്?

പ്രണയത്തെക്കുറിച്ച്


ഭൂമിയിലിനിയും വിടരാത്ത 
പൂവാണ് പ്രണയം
അകന്നു പോകുന്ന പെണ്‍കുട്ടി 
കഥാകൃത്തിനോട് 
അതേക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നു ,

എതിര്‍ദിശകളിലേക്ക് 
നിര്‍ത്തിയിട്ടിരുന്ന രണ്ടു 
തീവണ്ടികള്‍ക്കുള്ളിലിരുന്നു
പുറപ്പെടും മുന്പ്
അവള്‍ പ്രണയത്തെക്കുറിച്ച് പറയുന്നു .
അകന്നു പോകുന്തോറും
ആ പെണ്‍കുട്ടി പ്രണയത്തെക്കുറിച്ച്
പറഞ്ഞുകൊണ്ടേയിരിക്കുന്നു

കടത്തുകാരന്റെ ഏകാന്തതയെ
അകറ്റുന്ന പാട്ട് പോലെ
പുഴയൊഴുക്കു പോലെ മുറിയാതെ..!!

2014 ഓഗസ്റ്റ് 19, ചൊവ്വാഴ്ച

ഞാനല്ലാതെ ..!!


മഞ്ഞുകാലം തേടി 
തനിച്ചൊരു യാത്രയുണ്ട് 
നീയാണെന്റെ ചൂട് 
നീ തന്നെയാണ് കുളിരും

കമ്പിളിക്കുപ്പായത്തിന്‍റെ 
കീറലുകളേറെ തുന്നാനുണ്ട് 
കാലുറകളെ 
തണുപ്പിലുറക്കാനുണ്ട്

പറഞ്ഞതത്രയുംകളവല്ല
എനിക്കാരും ചേരില്ല ;
ഞാനല്ലാതെ ..!!

2014 ഓഗസ്റ്റ് 17, ഞായറാഴ്‌ച

വീട്


വീടൊരു വാടിയ
സ്വപ്നമാകുന്നത്  
ഉണര്‍ത്തുപക്ഷികള്‍ 
കൂടുമാറുമ്പോഴാണ് 

ചെടികളൊരുക്കി 
പൂക്കളാല്‍  അലങ്കരിച്ച
വീടിന്റെ വേരിനെ 

വെള്ളം കോരി 
കാത്തു പോന്നയതിന്റെ
ഉള്ളിലെ നനവിനെ 

വിചാര വ്യാപാരങ്ങളില്‍ 
അവര്‍ വീണ്ടും 
നട്ടു വളര്‍ത്തുന്നുണ്ട് ..!!

ഉറങ്ങിപ്പോകുന്ന വീടും
ഭിത്തികളുപേക്ഷിച്ചു
 അവര്‍ക്കൊപ്പമിറങ്ങി 
 പോകുന്നുണ്ട്  ,

ബന്ധമെന്നും 
സ്വന്തമെന്നും 
രണ്ടുപേരുകളില്‍ 
വാടിപ്പോകുന്ന 
വെറും സ്വപ്നമാണവര്‍ക്കതെന്നു  
വീടിനുമറിയാം 

2014 ഓഗസ്റ്റ് 16, ശനിയാഴ്‌ച

കാടായിരുന്നു ഞാന്‍

കാടായിരുന്നു ഞാന്‍  .
കവിതയാകും മുന്‍പ്.
കാടായിരുന്നു ഞാന്‍  .
കവിതയാകും മുന്‍പ്.

കാടിന്‍റെഹൃദയത്തില്‍
തീ പിടിച്ചു
 കാഴ്ചയായതെന്‍
കണ്ണില്‍   കുത്തി വച്ചു
ഇണയില്ലാക്കിളികളിമകളായി
കത്തുന്ന കണ്ണിനു കാവലായി

കരിയിലകള്‍
കാറ്റില്‍ കിരുകിരുത്തു
കേള്‍വിക്ക് പകരമായ്
കാതെടുത്തു.

ചെറുകാട്ടു പൂവിലെ
വറ്റാത്ത തേന്‍കണം
 പ്രണയമായ്  പ്രാണനില്‍
ചേര്‍ന്നു നിന്നു

അഗ്നിക്കെടുതിയില്‍
കത്തിയ മാംസത്തിന്‍
രൂക്ഷമാം ഗന്ധമെന്‍
മൗനമായി .

കാട്ടാറു മൂളിയ
മൃദുലമാം ഗീതത്തില്‍
ആയിരം കവിതകള്‍
ഞാന്‍ കുറിച്ചു

അവയൊന്നായൊഴുകി
പടര്‍ന്നെന്‍റെ
ഇടയില്ലാ വാക്കിന്‍
പിടച്ചിലായി

കാടായിരുന്നു ഞാന്‍  .
കവിതയാകും മുന്‍പ്
കിനാവള്ളികള്‍ക്കുള്ളില്‍
തീ പിടിക്കും മുന്പ്













2014 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

പ്രണയം


ഞാനിലക്കീറ്
നീയുറുമ്പ്
പ്രണയം പ്രളയം

നീയുലയാല
ഞാനുരുകിയ  വെള്ളി
പ്രണയമഗ്നി

നീ  ശ്വാസനിശ്വാസം 
ഞാന്‍  ശ്വാസനാളം 
പ്രണയം പ്രാണവായു

ഉറക്കം


ഓര്‍മകളില്ലാത്ത 
യാമഗര്‍ഭങ്ങളില്‍ 
ആയിരം കൈകളാല്‍
ജീവനെ ചൂഴുന്ന 
ഇരുളിന്‍ നിറമാണുറക്കം .

ഏതു കാലത്തിന്‍റെ
സ്വപ്നകൂപങ്ങളില്‍ 
ഏതു വേഗത്തിന്റെ
പ്രാണദൂരങ്ങളില്‍
വിശ്രമവേളയില്‍
യാത്ര പോകുന്നു നാം ..!!

സ്മൃതിസാഗരത്തിന്റെ
സ്നാനപടവുകള്‍,
ഭാവി നേരത്തിന്റെ
നൂല്‍പ്പാല വേരുകള്‍

വിദൂര വിസ്മയ
വാടാമലരുകള്‍
കൊഴിഞ്ഞയേകാന്ത
വിജ്ഞാനവീഥികള്‍
കടന്നു തിരികെയെന്നില്‍
ലയിക്കുമീ ഞാനെന്ന
നിഴലിന്‍റെ നേര്‍ത്ത നിശ്വാസമേ

നിദ്രയൊഴിഞ്ഞ നിശകളും
അടയാന്‍ മടിച്ച മിഴികളും
ഒഴിഞ്ഞ കൂടാരക്കാവലാളാകുമീ
നീണ്ടയിടവേളകളെ-
ക്കാളുമെനിക്കേറെ പ്രിയം ..!!

വിദേശി


ഈ ജനാലയ്ക്കു കൊളുത്തില്ല 
അരിച്ചെത്താന്‍ തണുപ്പില്ല 
വീടിനു കതകില്ല 
വന്നു പോകാനാളില്ല 

തൊട്ടിലില്‍ കുഞ്ഞില്ല 
പായയിലവളില്ല
നോവേല്‍ക്കാനമ്മയില്ല 
അച്ഛന്‍ മടങ്ങിവന്നില്ല

മരച്ചോട്ടില്‍ തണലില്ല
നനയ്ക്കാന്‍ മഞ്ഞില്ല
ഞങ്ങള്‍ക്കു പേരില്ല
എനിക്കിരിക്കാനിടമില്ല

ദേശത്തൊരു വഴിയില്ല
തെരുവുകളില്‍ വിളക്കില്ല
വിളികേള്‍ക്കാനാരുമില്ല
ഒളിക്കാന്‍ ശ്മശാനഭൂമിയില്ല

ആഹാരത്തിനുപ്പില്ല
അത്താഴമുണ്ണാന്‍ കൈയില്ല
വിശപ്പിനു റൊട്ടി
മോഷ്ടിച്ചാല്‍
പോകാനെനിക്കു ജയിലില്ല

ഞാന്‍
ഭാഷ മരിച്ചവന്‍
രാജ്യമില്ലാത്തവന്‍
അജ്ഞാതൻ
അനാഥന്‍
അജാതന്‍..!!

2014 ഓഗസ്റ്റ് 11, തിങ്കളാഴ്‌ച

വിത്ത്‌


നന്മകള്‍ 
മണ്ണില്‍ വിളയുമെങ്കില്‍
ഓരോ നിശ്വാസത്തിലും 
വിത്തു തേടി ഞാനലയുമായിരുന്നു .

 മഴയായവ  
പെയ്യുമെങ്കില്‍ 
കടലില്‍ വിതയ്ക്കുമായിരുന്നു.

മനുഷ്യ മനസിലെ 
ചെളിക്കുണ്ടില്‍ പുതഞ്ഞു 
 അവ മരിച്ചു പോകുന്നു 

വിത്തില്ലാത്ത 
വിളകള്‍പോലെ 
മരുഭൂമിയെ 
വിളിച്ചു വരുത്തുന്നു 

ഒറ്റച്ചിറക്


വാക്കുകള്‍
ഏല്‍പിച്ച 
ഉണങ്ങാത്ത മുറിവുകള്‍
എത്ര മനോഹരമായാണ് 
വാക്കുകള്‍ കൊണ്ടുതന്നെ നീ 
തുന്നിക്കെട്ടിയത്

നിശബ്ദതയാലു-
പേക്ഷിക്കപ്പെട്ടയെന്നെ നീ
എത്ര മൃദുലമായാണു
മൗനത്തില്‍
ചേര്‍ത്തു പിടിച്ചത്

ഞാനെന്നെയെന്നപോലെ തന്നെ
നീയുമെന്നെ
എത്ര ബഹുമാനപൂര്‍വ്വം
ഇടനെഞ്ചില്‍ ചേര്‍ത്തു വരച്ചു ..!!

ഭൂമിക്കു മുകളിലെ
അവസാന മഞ്ഞുതുള്ളിയും
ഭൂഹൃദയത്തിലെ
ലാവപ്രവാഹവും
ഒന്നിച്ചെന്നെ മൂടുന്നു

എന്നെ തേടി
സ്വപ്‌നങ്ങള്‍ വന്നില്ല
ഒരേയൊരു
ചിറകു മാത്രം വന്നു .
അത് നീയായിരുന്നു
മറ്റൊന്നു ഞാനും ..!!

കവിതകള്‍


കല്ലു കവിത നോല്‍ക്കുന്നു 
കാലമോര്‍ത്തെടുക്കുന്നു .!

കാടു കവിത മൂളുന്നു 
കാറ്റതേറ്റു ചൊല്ലുന്നു 

കടലു കവിതയാര്‍ക്കുന്നു
മേഘമൗനമേറുന്നു

നീ കവിതയാകുന്നു
ഞാന്‍ പകര്‍ത്തി വയ്ക്കുന്നു

മഴ കാവ്യമെഴുതുന്നു
നാം പെയ്തു പോകുന്നു

2014 ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

സമത്വം


വിഹ്വലതകളും
വിങ്ങലുകളും 
നിറഞ്ഞ മനുഷ്യനിലവിളികള്‍ 
ചേര്‍ന്ന് 
സമീപഭാവിയില്‍ 
ഒരിടിമുഴക്കമുണ്ടാവും 

കണ്ണുകളില്‍ ചാലിട്ടു 
കവിളുകളില്‍
ബാഷ്പീകൃതമായ
നീരാവിത്തുണ്ടുകള്‍
ഒന്നുചേര്‍ന്നു പെയ്യും
അന്ന് ഭൂമിയില്‍
സമത്വം മുളച്ചു പരക്കും.

വെള്ളയും കറുപ്പും കലര്‍ന്ന്
ചാര നിറമുള്ള മനുഷ്യരുണ്ടാവും .
ദര്‍ശനങ്ങള്‍ കുറുകി അവര്‍
നിലത്തു നോക്കി നടക്കും.

നഗരങ്ങള്‍ മരിച്ചുപോകും
കണ്ടുപിടുത്തങ്ങള്‍
തുരുമ്പേടുക്കും

കടലാസുകെട്ടുകള്‍ക്കു
പകരം
മുളങ്കൂട്ടങ്ങള്‍ തലയാട്ടി നില്‍ക്കും

വെളുത്ത മനുഷ്യര്‍ക്ക്
കടല്‍ ആഹാരവും
കറുത്ത മനുഷ്യര്‍ക്ക്
കാടഭയവും നല്‍കും

പക്ഷെ ,
അന്നും ഉയരമുള്ള
വൃക്ഷങ്ങള്‍ മുകളിലേക്കു
തന്നെ വളരും .
പുല്ലുകള്‍ ഭൂമിക്കു വേണ്ടി
വെള്ളം കുടിക്കും

പുഴകള്‍ തെളിനീരുമായി
ഒഴുകും
കടല്‍ ഉപ്പുജലവുമായി നില്‍ക്കും

ചെറിയ പക്ഷികള്‍
ഉയരത്തില്‍ പറക്കും
കാലുകളില്‍
വേഗമുള്ളവ മരുഭൂമിയെ കീഴടക്കും

കാക്ക കറുപ്പും
കൊക്ക് വെളുപ്പും
കോതിമിനുക്കും

ഉറുമ്പുകള്‍ കൂട്ടമായും
ഒറ്റയാന്‍ തനിച്ചും സഞ്ചരിക്കും

ഇന്നെന്നപോലെയന്നും
അവ സമത്വത്തെ
ശൈത്യകാലത്തെ
മഞ്ഞുവീഴ്ചയെ
ധ്രുവക്കരടിയെന്നപോലെ
ചവിട്ടിമെതിച്ചു കടന്നുപോകും ..!!