2014, ജൂൺ 18, ബുധനാഴ്‌ച

ശിക്ഷ


ഒന്‍പതു ജാലകങ്ങളുമടച്ച
ഒറ്റമുറിയിലെ
ചുരുണ്ട മുടിയുള്ള  
രാജകുമാരിയെ 
കഥ പറഞ്ഞു 
ചിരിപ്പിക്കുകയെന്നാണ് 
എനിക്ക്  വിധിച്ച ശിക്ഷ ..!!

ഈയലിന്റെ കഥ കേട്ട
കുമാരി  കരഞ്ഞു .
കണ്ണീര്‍ കടല്‍പോലെ  പെരുകി 
ആരുമെത്തും മുന്നേ 
ഒന്നാമത്തെ  ജനാല തുറന്നു 
കടലിനെ  ഞാന്‍ പുറത്തൊഴുക്കി  .

കള്ളി മുള്‍ച്ചെടികളുടെ  
കഥയില്‍പെട്ട്
കുമാരിയുടെ  വിയര്‍പ്പുകണങ്ങള്‍
മണല്‍ത്തരികളായി
രണ്ടാമത്തെ ജനാലയിലൂടെ 
മരുഭൂമി  പുറത്തിറങ്ങി 

ഞാനെന്‍റെ കഥ പറഞ്ഞു
കുമാരി കാര്‍മേഘമായി പെയ്തു
മൂന്നാമത്തെ ജനാല
മഴ നനഞ്ഞലഞ്ഞു.

നിന്റെ  കഥ കേട്ടു
കുമാരി കാറ്റായി വീശി
നാലാം ജനാല തുറന്നടഞ്ഞു

ഭൂമിയുടെ കഥ കേട്ട്  
അഞ്ചാം ജനാലയ്ക്ക്
പുറത്തവള്‍
മഞ്ഞായുറഞ്ഞു .

അവളുടെ നീല മിഴികളില്‍
കണ്ട കഥ പറഞ്ഞനേരം
കുമാരി വസന്തമായ്‌
ആറാം കവാടം കടന്നു .

 തിത്തിരിപക്ഷിയുടെ 
കഥ കേട്ടവള്‍ 
വേനലായ്‌ 
ഏഴാം ജനാല തുറന്നു 

നിരപരാധിയാണ് 
ഞാനെന്നു  പറഞ്ഞത്
കഥയെന്നു കരുതി 
അവള്‍  ചിരിച്ചു .
എട്ടാം ജനാലയ്ക്കു 
മുകളില്‍  നിലാവുദിച്ചു .

ഒന്‍പതാം ജനാല  തുറന്നു 
പടവുകള്‍ ഇറങ്ങിയപ്പോഴാണ് 
ഒന്പതാണ്ടുകള്‍ 
കഥകള്‍ പോലെയായെന്നറിഞ്ഞു 
ഞാന്‍ വെറുമൊരു  കഥാപാത്രമായത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ