2014, ജൂൺ 14, ശനിയാഴ്‌ച

കൊതിയും വിധിയും


വിരലുകള്‍ 
വീണയെ 
തഴുകുമ്പോലെ 
വാക്കുകളെ 
വഴക്കിയെടുത്തു 
വരുതിയിലാക്കാനാണ് 
ഞാന്‍ കൊതിക്കുന്നത് ..!!

പലപ്പോഴായി
പറഞ്ഞുപോയവ
ഈര്‍പ്പമുള്ളയിടങ്ങളിലെ
തളിര്‍പ്പുപോലെ
ഓര്‍മകളിലും
സ്വപ്നങ്ങളിലും
ലക്ഷ്യത്തിലുമുള്ള
പച്ചപ്പില്‍ വീണു കിളിര്‍ത്ത്
തണലായത് കാണുമ്പോള്‍....


വിഴുങ്ങിപ്പോയ വാക്കുകള്‍ക്ക്
എന്ത് സംഭവിച്ചിരിക്കാമെന്ന്,
ഒരാകുലതയുണ്ട് ;

ദഹനരസം കലരാത്ത
അവയെ
കൊത്തിമിനുക്കിയാവാം
ജീവിതം അലങ്കരിക്കപ്പെടുന്നത് ,
ജീവിതചുവരിലെ ഘടികാരങ്ങള്‍
മറക്കാതെ ചലിക്കുന്നതും
അവയുടെ
ചാവേര്‍ ശക്തിയിലാവാം ..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ