2014, ജൂൺ 30, തിങ്കളാഴ്‌ച

കളവ്


അബ്ദിയനിശ്ചിതത്വത്തിന്‍റെ 
കയങ്ങള്‍ പേറി
കണ്‍മുന്നിലൊഴുകവേ സഖീ ..!!
കര തിരഞ്ഞകലുന്ന
തിരയെയാഴി   പോല്‍ 
മമ  പ്രണയത്തെ 
മടക്കി വിളിക്കുന്നു ഞാനിതാ 
 മണലിലുറഞ്ഞ തോണി 
പോല്‍  മമ ചിത്തും  നിശ്ചലം ..!!

കളവു ചൊല്ലി ഞാന്‍ 
നീയോരേകാന്ത,കാന്തനാം
നക്ഷത്രമെന്ന് ,
എന്നിലെയലകളോ
നിന്നെത്തിരഞ്ഞു  
ബാഷ്പീകൃതമായ് ,
മേഘമായ് ,
പ്രണയ വര്‍ഷമായ് 

ഈ  സഞ്ചാരസാരാംശമൊക്കെയും 
ഒരുവേളയൊടുവില്‍
നിന്നില്‍ പുതഞ്ഞു 
നിശ്ചേതനമാകാമെങ്കിലും 
പ്രണയ വര്‍ഷ ഹര്‍ഷത്തില്‍ നനഞ്ഞ്‌ 
തുടരുന്നു ഞാനെന്‍  തുഴപ്പാടുകള്‍ .

2014, ജൂൺ 26, വ്യാഴാഴ്‌ച

ബാക്കിയാവുന്നത്‌


തീ  നാമ്പിലേക്കന്ന്  
നീ നീട്ടിയ വിരല്‍ തുമ്പു
പൊള്ളിപ്പിടഞ്ഞു  ഞാന്‍ തട്ടിമാറ്റി.

ഇന്നിതാ   മഴയായി പെയ്യുന്ന
മിഴി പൂട്ടി നിന്നിട്ടു
ആളിയെരിയുന്ന ചിതയ്ക്കു നല്‍കി .


നിന്‍റെ മൂര്‍ദ്ധാവില്‍ വീണ മഴതുള്ളി
സ്നേഹപൂര്‍വ്വം
ഞാന്‍ തുടച്ചുമാറ്റി

ഇപ്പോഴെന്‍  പ്രാണനെ ഈറനുടുത്തു
ഞാന്‍ മണ്കുടമായി പുഴയ്ക്കു നല്‍കി

നിന്‍ കാല്‍ തട്ടിയ കല്ലിനോടന്നൊക്കെ
കാര്യമില്ലാതെ കലഹിച്ചിവള്‍
ഇന്നെന്‍റെ കരളിനെ കല്ലാക്കി മാറ്റിയീ
കല്‍ കുമ്പാരത്തിലായി കബറടക്കി

2014, ജൂൺ 24, ചൊവ്വാഴ്ച

(പ്രിയ സുഹൃത്തിന്

സ്വര്‍ഗ്ഗത്തില്‍ അവധിയുന്ടെങ്കില്‍ 
വന്നുപോകാന്‍ മറക്കരുത്
നക്ഷത്രങ്ങള്‍ ക്കിടയില്‍ നീയുണ്ടെങ്കില്‍ കണ്ണുചിമ്മാനും 
ഞാനിവിടെ
ഓര്‍മയില്‍ പെയ്യുന്ന സുഗന്ധവുമായി കാത്തിരിക്കുകയാണ് ......!!

ചിത്രം

ഞാനൊരു ചിത്രം വരയ്ക്കുകയായിരുന്നു . പൂര്‍ത്തിയായ ചിത്രം കാണാന്‍ തെല്ലു പുറകിലേക്ക് നീങ്ങി നിന്ന് നോക്കുമ്പോള്‍ നിറങ്ങള്‍ ഇറങ്ങി നടന്നുപോകുന്നു . ഞാനോടി ചെന്ന് ചോദിച്ചു ..''നിങ്ങള്‍ എവിടെ പോകുന്നു ?'' '''ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം '''. ഞാന്‍ ക്യാന്‍ വാസിലേക്ക് നോക്കി ...അത് ശൂന്യം ..നിറങ്ങള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു , ഉറക്കെ ചിരിക്കുന്നു ,കടല്‍ക്കരവരെ ഒന്നിച്ചു പോയ നിറങ്ങള്‍ ഇപ്പോള്‍ കലഹിച്ചു തുടങ്ങി ....ഒടുവില്‍ അവയ്ക്കൊരു നിറം ....''ചുവപ്പ് ''. സൂര്യന്‍ അത് വാരി സന്ധ്യക്ക്‌ കുറി വരച്ചു . സന്ധ്യ ചുവന്നു . സന്ധ്യ കടലില്‍ മുഖം കഴുകി ...ഇപ്പോള്‍ കടലിനു നീല നിറം ....ഇപ്പോള്‍ എന്‍റെ നിറങ്ങള്‍ തിരികെ വരാന്‍ ആഗ്രഹിച്ചു ആഞ്ഞു തുഴയുന്നു .തീരം വരെ ,,,, തിര വീണ്ടും അവയെ തിരികെ കൊണ്ടുപോകുന്നു ..ഞാന്‍ തിരികെ നടന്നു . ക്യാന്‍ വാസിലേക്ക് നോക്കിയ എനിക്ക് തോന്നി .അത് ശൂന്യമ ല്ല .....അതിനിപ്പോള്‍ വെള്ളനിറമാണ്....സമാധാനത്തിന്‍റെ വെള്ളനിറം ...

2014, ജൂൺ 20, വെള്ളിയാഴ്‌ച

കൂട്


ആകാശത്തിന്‍റെ കൈ പിടിച്ച്

ഇരുള്‍ പാളങ്ങള്‍
മുറിച്ചു കടന്നയീ നിശാഗന്ധിക്ക് ,

പച്ച പുതച്ച്
ജീവന്‍ തുടിക്കുന്ന പുല്‍മേട്ടിലെ 
പുലരിയുടെവാകപൂങ്കോമ്പില്‍ 
കുയില്‍നാദമുണര്‍ത്തുന്ന 
നഗരഹൃദയത്തിന്‍റെ 
നിശബ്ദവാല്‍വിലൊന്നിലാണല്ലോ...
കാലമേ നീ കൂടോരുക്കിയത് ...!!

2014, ജൂൺ 18, ബുധനാഴ്‌ച

വ്യതാസം


നീയെന്നരികത്തിരിക്കവേ
നോവറിയാതെ പിറവി കൊളളുന്നു
പ്രണയമായ് കവിതകള്‍ ,

ചിറകൊതുക്കവേയദ്ര്യശ്യമായ്ത്തീരുന്ന
മഴവില്‍ കിളി തന്‍
ചിറകേറി യാത്രയാകുമമ്പിളിയോപ്പം ഞാന്‍

അകലെയെങ്ങോ
ആഴിതീരത്തു തോണി തന്‍
തുഴപ്പാടിലകന്നു നീ മാഞ്ഞിടുമ്പോള്‍

കാവി പുതയ്ക്കുന്നു
കവിതകള്‍
കാഴ്ചകള്‍ക്കുള്ളം
തുരക്കുന്ന
കനമേറും കണ്ണടചില്ലിലൂടറിയുന്നു
അതി പുരാതന
ചുരുളിന്റെ പൊരുളുകള്‍ ..!!
LikeLike ·  · 

ശിക്ഷ


ഒന്‍പതു ജാലകങ്ങളുമടച്ച
ഒറ്റമുറിയിലെ
ചുരുണ്ട മുടിയുള്ള  
രാജകുമാരിയെ 
കഥ പറഞ്ഞു 
ചിരിപ്പിക്കുകയെന്നാണ് 
എനിക്ക്  വിധിച്ച ശിക്ഷ ..!!

ഈയലിന്റെ കഥ കേട്ട
കുമാരി  കരഞ്ഞു .
കണ്ണീര്‍ കടല്‍പോലെ  പെരുകി 
ആരുമെത്തും മുന്നേ 
ഒന്നാമത്തെ  ജനാല തുറന്നു 
കടലിനെ  ഞാന്‍ പുറത്തൊഴുക്കി  .

കള്ളി മുള്‍ച്ചെടികളുടെ  
കഥയില്‍പെട്ട്
കുമാരിയുടെ  വിയര്‍പ്പുകണങ്ങള്‍
മണല്‍ത്തരികളായി
രണ്ടാമത്തെ ജനാലയിലൂടെ 
മരുഭൂമി  പുറത്തിറങ്ങി 

ഞാനെന്‍റെ കഥ പറഞ്ഞു
കുമാരി കാര്‍മേഘമായി പെയ്തു
മൂന്നാമത്തെ ജനാല
മഴ നനഞ്ഞലഞ്ഞു.

നിന്റെ  കഥ കേട്ടു
കുമാരി കാറ്റായി വീശി
നാലാം ജനാല തുറന്നടഞ്ഞു

ഭൂമിയുടെ കഥ കേട്ട്  
അഞ്ചാം ജനാലയ്ക്ക്
പുറത്തവള്‍
മഞ്ഞായുറഞ്ഞു .

അവളുടെ നീല മിഴികളില്‍
കണ്ട കഥ പറഞ്ഞനേരം
കുമാരി വസന്തമായ്‌
ആറാം കവാടം കടന്നു .

 തിത്തിരിപക്ഷിയുടെ 
കഥ കേട്ടവള്‍ 
വേനലായ്‌ 
ഏഴാം ജനാല തുറന്നു 

നിരപരാധിയാണ് 
ഞാനെന്നു  പറഞ്ഞത്
കഥയെന്നു കരുതി 
അവള്‍  ചിരിച്ചു .
എട്ടാം ജനാലയ്ക്കു 
മുകളില്‍  നിലാവുദിച്ചു .

ഒന്‍പതാം ജനാല  തുറന്നു 
പടവുകള്‍ ഇറങ്ങിയപ്പോഴാണ് 
ഒന്പതാണ്ടുകള്‍ 
കഥകള്‍ പോലെയായെന്നറിഞ്ഞു 
ഞാന്‍ വെറുമൊരു  കഥാപാത്രമായത്

2014, ജൂൺ 16, തിങ്കളാഴ്‌ച

ഒരുപോലെ


മരണം മുത്തുമ്പോള്‍ മനുഷ്യര്‍ 
നനഞ്ഞ പുസ്തകമാകും .

പൊതിഞ്ഞു വച്ച് 
അവസാനമായി ചുംബിക്കാം ..
അപ്പോഴും 
അലകളടങ്ങാത്ത ആശയങ്ങളും 
ഒച്ച മുറിയാത്ത വാക്കുകളും 
തുറന്ന വാതിലിനപ്പുറം
ആര്‍ക്കും പിടി തരാതെ
അലഞ്ഞു നടപ്പുണ്ടാവും ...!!!

ജലനക്ഷത്രം


യാത്രകളിലെന്നും
ഒരാള്‍ക്കൊപ്പം 
രണ്ടുപേരുടെയദ്ര്യശ്യസാന്നിധ്യമുണ്ട്  ;
ഇന്നലെകളിലെ നീ
ഇന്നിന്റെ  ഞാന്‍
നാളെയുടെ അവള്‍ .


കഴിഞ്ഞതെല്ലാം 
മറന്നു തിരികെ 
വരുന്നത്  
നീയാവില്ല;
ഞാനായിരിക്കും .

പിന്നിലേക്കു തിരിഞ്ഞ്
 കടന്നുപോന്ന വഴികളെ നോക്കി 
അത്ഭുതം കൂറുന്ന ഞാന്‍  


നിങ്ങള്‍ക്കരികിലെത്തുക 
ഞാനായിരിക്കില്ല ;
അവളായിരിക്കും 
എനിക്ക് കൂടിയും 
അപരിചിത .

അവളെ  ജലനക്ഷത്രമെന്നു 
വിളിക്കാം .
ജലത്തില്‍  നക്ഷത്രമില്ല;
നക്ഷത്രങ്ങളില്‍ ജലവുമില്ല 
അവളില്‍  ഞാനുമില്ല ;
എന്നിലവളുമില്ല 

2014, ജൂൺ 14, ശനിയാഴ്‌ച

മടക്കം


എന്റെ സ്വപ്നങ്ങളില്‍
മഴമുഖമാണ് നീ .
നനഞ്ഞറിയാന്‍ മാത്രം
കഴിയുന്ന ഒന്ന് .

മഴയ്ക്കിടയിലൂടെ
തണുത്ത കാറ്റു
കൈകള്‍ നീട്ടും .
ആ കൈകള്‍ പിടിച്ചു
ദൂരേയ്ക്ക്
വളരെ ദൂരേയ്ക്ക്
ഞാനൊരു യാത്ര പോകും .

അല്ല,
ഞാന്‍ ആ യാത്ര പോയല്ലോ ..!!
ഇനി മടങ്ങാന്‍
കാലമുണ്ടാകാതെയിരുന്നെങ്കില്‍ ....!!
കാറ്റു വീണ്ടും വിളിക്കാതിരുന്നെങ്കില്‍.....!!
 

കൊതിയും വിധിയും


വിരലുകള്‍ 
വീണയെ 
തഴുകുമ്പോലെ 
വാക്കുകളെ 
വഴക്കിയെടുത്തു 
വരുതിയിലാക്കാനാണ് 
ഞാന്‍ കൊതിക്കുന്നത് ..!!

പലപ്പോഴായി
പറഞ്ഞുപോയവ
ഈര്‍പ്പമുള്ളയിടങ്ങളിലെ
തളിര്‍പ്പുപോലെ
ഓര്‍മകളിലും
സ്വപ്നങ്ങളിലും
ലക്ഷ്യത്തിലുമുള്ള
പച്ചപ്പില്‍ വീണു കിളിര്‍ത്ത്
തണലായത് കാണുമ്പോള്‍....


വിഴുങ്ങിപ്പോയ വാക്കുകള്‍ക്ക്
എന്ത് സംഭവിച്ചിരിക്കാമെന്ന്,
ഒരാകുലതയുണ്ട് ;

ദഹനരസം കലരാത്ത
അവയെ
കൊത്തിമിനുക്കിയാവാം
ജീവിതം അലങ്കരിക്കപ്പെടുന്നത് ,
ജീവിതചുവരിലെ ഘടികാരങ്ങള്‍
മറക്കാതെ ചലിക്കുന്നതും
അവയുടെ
ചാവേര്‍ ശക്തിയിലാവാം ..!!

2014, ജൂൺ 12, വ്യാഴാഴ്‌ച

വിവര്‍ത്തനം

വിവര്‍ത്തനാതീതമാണാശയങ്ങള്‍ ..!!

വനാന്തരസീമകളില്‍
രാപ്പാര്‍ക്കുന്ന 
കിരീടാവകാശിയെപ്പോലെ 

പ്രത്യേക ഭാഷയുടെ   
അകമ്പടിയില്ലെങ്കിലും
ഭരണ രാജ്യത്തിന്റെ  
സേവകവൃന്ദമില്ലെങ്കിലും 
പ്രൌഡഗംഭീരം ..!!

നീയെഴുതുമ്പോഴും 
ഞാന്‍ വായിക്കുമ്പോഴും 
ഇടയിലാരോ 
വിവര്‍ത്തനം ചെയ്യുന്നുണ്ട്  .

അരളി പൂക്കുമ്പോഴും 
ഒലിവ്  കായ്ക്കുമ്പോഴും
 ഇടയിലാരോ 
പരാഗണം നടത്തുന്ന പോലെ... 

2014, ജൂൺ 11, ബുധനാഴ്‌ച

നാളെകള്‍


ഇന്നലെകളുടെ
പൊഴിഞ്ഞയിതള്‍പ്പാടില്‍ ..
ചൊടികളും മനസും
വിറകൊള്ളുന്നത്‌ വരെ ,
തോരാതെ പെയ്ത മഴ
ചോരാതെ നനഞ്ഞെടുത്തു .
കൈത്തണ്ടകളും
കണങ്കാലുകളും
കറുത്ത നിറമാകും വരെ
ഹൃദയപൂര്‍വ്വം
വെയിലിനെയാശ്ലേഷിച്ചു .
ഹൃദയം കല്ലായി മാറും വരെ
ഒറ്റപ്പെടലിന്റെ വിശപ്പുണ്ടു .
കണ്ണുകളും കാഴ്ചയും
തെളിയും വരെ കണ്ണീരുരുക്കി .
നാളെകളെന്‍റെതാവില്ലെന്നറിയാതെ
ഓരോ തവിയിലും
നിശബ്ദവും ആര്‍ദ്രവുമായ
സ്നേഹത്തിന്‍റെ
അവസാന തരികളും
വിളമ്പി നല്‍കി ..
നഷ്ടബോധം തീണ്ടാതെ
യാത്രയായി .
ഇപ്പോളെന്നെ
ചുറ്റിപ്പിണയുന്നയേകാന്തതയെ
അതിഗാഡം പ്രണയിക്കുന്നു ഞാന്‍
മൌനത്താലത്തിനെ നനയ്ക്കുന്നു ..
ശൂന്യതയാല്‍ നിറയ്ക്കുന്നു..
വായനയില്‍ ചുളിവു നിവര്‍ത്തുന്നു
നഷ്ടബോധം തീണ്ടാതെ യാത്രയാകുവാനായി
ശക്തവും സാന്ദ്രവുമായ
അക്ഷരങ്ങളുടെ അവസാന ശ്വാസവും
കുറിച്ചെടുത്ത് എന്നെയടയാളപ്പെടുത്തുന്നു...
നാളെകളിങ്ങനാവില്ലന്നറിഞ്ഞു കൊണ്ട് .....!!

2014, ജൂൺ 7, ശനിയാഴ്‌ച

സാമ്യം



നിന്‍റെ സംഭാഷണങ്ങളും
പുസ്തകങ്ങളും ഒരുപോലെയാണ് ;
ആരംഭത്തില്‍ ലഹരി നിറയ്ക്കും ,
കടന്നുപോകുമ്പോള്‍ മൌനിയാക്കും 
അവസാനിക്കുമ്പോള്‍ ,
അദൃശ്യമായൊരു ലോകത്തിന്‍റെ 
വാതില്‍ തുറന്ന്..
എന്നെയതിലേക്ക് വലിച്ചെറിയും ..!!