2015, ജനുവരി 28, ബുധനാഴ്‌ച

എനിക്കറിയാവുന്ന ചില വഴികള്‍


എനിക്ക് നിശ്ചയമുള്ള 
ചില  വഴികളുണ്ട്  

കിണറ്റിന്‍ കരയില്‍  
 കുടങ്ങള്‍ക്കൊപ്പം  നിറയുന്ന 
 തച്ചനും ഞാനും  
തമ്മിലുള്ള  വര്‍ത്തമാനങ്ങള്‍  

മുറ്റത്ത്
തൈച്ചെടി  നടുമ്പോളെന്നിലേക്കു   വളരുന്ന
ആത്മജ്ഞാനത്തിന്‍റെ   ബോധിത്തണല്‍  

പുഴക്കരയില്‍  
തുണി  നനയ്ക്കുന്ന താളത്തിനൊപ്പമിളകുന്ന 
നര്‍ത്തന മുദ്രകള്‍   
അഹംഭാവത്തിനു  മുകളിലേല്‍ക്കുന്ന
പാദമര്‍ദ്ദനങ്ങള്‍ ..!!


മൈലാഞ്ചിയിലയരയ്ക്കുമ്പോള്‍
 നഖങ്ങളില്‍ പറ്റിച്ചേരുന്ന 
നിസ്ക്കാരനിറത്തിന്‍റെ കടുപ്പം 

ജോവാന്‍ ഓഫ്  ആര്‍ക്കിന്റെ  
യുദ്ധമുഖത്തെക്കോടി പോകുന്ന
 അടുക്കള നേരങ്ങള്‍ 

കൂടെയുള്ളവരുടെ  ഹ്രസ്വദൂരയാത്രകളുടെ 
വെളിച്ചം മങ്ങാതിരിക്കുവാന്‍
ഞാനും  എന്‍റെയാഴമുള്ള  വഴികളും
 തമ്മില്‍   
പരിചയമില്ലെന്ന് നടിക്കുകയാണ്  
 സരസ്വതീനദി പോലെയുള്ളിലേക്ക്
മാത്രമായൊഴുകുകയാണ്...!!

2015, ജനുവരി 26, തിങ്കളാഴ്‌ച

ജയം

മൃദുലനാവ്
ചിലരുടെ  
ചെറിയ ആകാശങ്ങളുടെ  
എല്ലൊടിക്കുമ്പോള്‍ 

മൗനം സ്വരസ്ഥാനങ്ങളുടെ  
ഉച്ചസ്ഥായി  പ്രാപിച്ച്
കേള്‍വിയുടെ ആവൃതിക്ക്  
പുറത്തു കടക്കാറുണ്ട് .

അപവാദങ്ങള്‍ക്കും 
പാഴ്വാക്കുകള്‍ക്കും  മുന്നില്‍ 
ഒരമ്പിന്‍റെ ഉയരത്തിലാണ് ഞാന്‍  
വാക്ശരങ്ങളെന്നും  ശയ്യ തന്നെ ..!!

എങ്കിലും  
 തോല്‍പിക്കാനാവില്ല 
യുദ്ധങ്ങളിലെന്നും 
മരണത്തെ ജയമെന്നാണ് 
രേഖപ്പെടുത്തുക ..!!

2015, ജനുവരി 24, ശനിയാഴ്‌ച

ഒരു വൃക്ഷത്തിന്‍റെ ആത്മകഥ


നനവുണങ്ങിപ്പോയ 
മണ്ണിലാരോ  കുഴിച്ചിട്ട  
കാരിരുമ്പിന്‍ കരുത്തുറ്റ
കാട്ടുവൃക്ഷത്തിന്റെ 
കാതലില്‍ കോതിയ
 കഴുമര തൂണായിരുന്നു ഞാന്‍ 

കാലത്തു നിങ്ങളില്‍ 
സൂര്യനുദിക്കുമ്പോഴെന്‍റെ  ചങ്കിലേതോ 
സൂര്യന്‍റെ മരണമുദിക്കുന്നു,
ഞാനിരുട്ടിന്റെ മാറത്തു  പാര്‍ക്കുന്നു
മൂകമായ്  കരിയുന്നു  

എന്‍റെ തായ് വേരുകള്‍  
തളിര്‍ത്തു പൂത്തെങ്ങോ
സുഗന്ധം  പൊഴിക്കുന്നു 
എന്നിലോ   മണക്കുന്നു  മരണം 

എത്രയാണ്ടുകളെത്രകഴുത്തുകള്‍ ,
എത്ര  മുരള്‍ച്ചകളെത്ര മിടിപ്പുകള്‍ 
എണ്ണാതെകണ്ണടച്ചത്രകാലത്തോളം 
എന്നുമെന്നില്‍  കുരുങ്ങി  ഞാന്‍  

ഇന്നുപുലര്‍ച്ചെ ;
കവിതയിറ്റും  കരളുമായ്‌ 
കാവിയുടുക്കാത്ത  നിസ്വനാം  പഥികനെന്‍ 
വൃക്ഷഹൃദയം വരിച്ചു ഗംഭീരമായ് .

വാളില്ല,ഓര്‍മ തന്‍  മൂര്‍ച്ച  മാത്രം
 തീയില്ല  ; വിപ്ലവജ്വാല  മാത്രം  
നിണമില്ല ; നേരിന്‍റെ ചൂരു  മാത്രം
 മുറിവില്ല ; മൂകസംഗീതമല്‍പം 

കണ്ണില്ല ; കത്തുന്ന  കാഴ്ചവട്ടം  
കൈയില്ല ; നിരാസക്കുറിപ്പ്‌ മാത്രം 
കാലില്ല;കാലത്തിന്‍  പൊട്ടിച്ച  വേരു മാത്രം 
കവിയില്ല ;കാവ്യക്കരുത്തു മാത്രം 

ഇലകള്‍ ,പൂവുകള്‍ ,ചില്ലകള്‍ 
മുളച്ചു ഞാന്‍ 
മഴയേറ്റുവാങ്ങുമൊരു  വൃക്ഷമായി 
കാണാതെയോഴുകുമൊരാത്മനദിയെന്റെ 
നിലപാടുതറയിലൂടരികിലെത്തി 


ഈ പാഴ് മരം  
പൂക്കുന്നു  ,പാടുന്നു 
വസന്തത്തെ  വിളിക്കുന്നു 
വീണ്ടും  തളിര്‍ക്കുന്നു 
കഴുമരം  കായ്ക്കുന്നു
കായകള്‍  ചവര്‍ക്കുന്നു

തൂക്കുകയറഴിച്ചവരെന്റെ, കാലമേ 
അര്‍ദ്ധ പ്രാണനു മുക്തി  നല്‍കി
ഞാനെന്‍ കാടിന്നു  ജീവനേകി 
കവിഹൃദയത്തിന്നു  മോക്ഷമേകി  

തീ


''ചെല്ലമ്മാ ''

കത്തുന്ന  വെയിലില്‍  വിയര്‍ത്തൊലിച്ചു  അയാള്‍  തല കുനിച്ചു  ഉള്ളിലേക്ക്   കയറി . ആ വീടിന്റെ  വാതിലിനു  ഉയരം  കുറവായിരുന്നതുകൊണ്ട്   തല കുനിക്കല്‍ അയാള്‍ക്കൊരു ശീലമായിരുന്നു .

ചെല്ലമ്മ തറയിലിരുന്നു കായ്‌കറികള്‍  നുറുക്കുന്നു , തറപ്പൊക്കത്തില്‍  തന്നെയുള്ള  അടുപ്പിലേക്ക്  ഇടയ്ക്ക്  വിറകുന്തി  തീ  കൂട്ടുന്നുണ്ട് ,അടുപ്പത്തു  അരി  തിളയ്ക്കുന്നു . അടുപ്പിന്‍റെയടുത്തു കിടന്ന   പാതി കത്തിയ  കടലാസുകഷണത്തിലേക്ക്  അയാളൊന്നു കൂടി  നോക്കി .

''  അന്ത  കാഗിതം    എങ്കിറുന്ത്   കിടച്ചത്‌ ? ''  കിതയ്ക്കും  മട്ടിലുള്ള  അയാളുടെ ചോദ്യം  കേട്ടു ചെല്ലമ്മ  തലയുയര്‍ത്തി  ,  

''അന്ത  മേശമേല്‍  ഇരുന്തത് , തീ  പത്ത വയ്ക്ക  ഒന്നുമേ  കിടയ്ക്കലൈ'' ''ഇന്ത  പിള്ളൈ  എതുക്ക്‌  അഴുകിറത്?''   ചേല വാരിച്ചുറ്റി  അവള്‍  എഴുന്നേറ്റു തൊട്ടിയില്‍ കിടന്നു  കരയുന്ന കുഞ്ഞിനരികിലേക്ക്  പോയി .

ഒരു  നിമിഷം കൊണ്ട്  തണുത്തുറഞ്ഞു പോയ  കൈകളോടെ  അയാള്‍  ചായ്പിന്റെ മൂലയില്‍  കിടന്ന  മേശയ്ക്കരികിലെത്തി  എഴുതി വച്ചിരുന്ന കടലാസുകളിലേക്ക് നോക്കി .അതില്‍  ചിലവ  നഷ്ടപ്പെട്ടിരിക്കുന്നു . അയാള്‍ക്ക്  കടുത്ത ദുഖം തോന്നി . എഴുതിക്കഴിഞ്ഞവ വീണ്ടും  അതുപോലെ എഴുതാന്‍ കഴിയില്ല , 

''ഉനക്ക്  ഒന്നുമേ  കിടയ്ക്കലേയാ  തീ  പത്ത  വയ്ക്ക  ?  എന്നാച്ച്‌  ഉനക്ക്  ?''ഉയര്‍ന്ന കോപത്തെ  നിയന്ത്രിച്ചു കൊണ്ടാണ്  ആ  ചോദ്യം  പുറത്തേക്ക്  വന്നത് .

''അപ്പടി  അതിലെ  എന്ന  ഇരുക്ക്‌ ?'' കാഗിതം  അങ്കെ  നിറയാ  ഇരുക്ക്‌  ''  നിസാരമായ  അവളുടെ  മറുപടി കെട്ടു  അയാള്‍  നിശ്ചലനായി .

പട്ടണത്തില്‍  അന്നു  നടന്ന  അയാളുടെ  പുസ്തകനിരോധനറാലിയിലെ ആത്മജ്ഞാനമില്ലാത്തവരുടെ  സ്വരങ്ങളിലേക്ക്   അക്ഷരജ്ഞാനമില്ലാത്ത  ചെല്ലമ്മയുടെ സ്വരവും  കലരുന്നതായി  അയാള്‍ക്ക് തോന്നി .  അവരുടെ  ഭാവങ്ങളിലെ  നിസംഗത  അയാളുടെ  എഴുത്തിലേക്ക്‌  മെല്ലെ  പടര്‍ന്നു  കയറി 

2015, ജനുവരി 18, ഞായറാഴ്‌ച

താഴ്വാരങ്ങളിലെ പെണ്‍കുട്ടികള്‍


മഞ്ഞുതുള്ളികള്‍ 
പുലരിക്കും  പൂക്കള്‍ക്കും 
പൊട്ടുതൊടുന്ന 
നാട്ടില്‍  ജനിച്ചിട്ടും 
മൂടല്‍മഞ്ഞിനെ 
അവരിന്നും  പ്രണയിക്കുന്നു 

അധിക പരിചയം 
അരോചകമാവേണ്ടതാണ്;
അതില്ലെന്നു മാത്രമല്ല 
പൊഴിഞ്ഞയിലകള്‍ 
ഉറഞ്ഞ മഞ്ഞിന് മീതെയെന്നത് പോലെ 
അവരുടെ പ്രണയം 
മഞ്ഞില്‍  മിഴിവാര്‍ന്നു 
കിടക്കുന്നു 

തനിച്ചായി പോകുന്ന 
ദിനങ്ങളില്‍ 
അവരുടെ മനസ് 
മഞ്ഞു വീണ വഴികളിലൂടെ  
അലസം നടക്കുന്നു 
നിശബ്ദരായി ...

ഞാന്‍  അവരില്‍ ഒരാളായി 
പോയതിനാല്‍ 
മഞ്ഞിനെയെന്നും പ്രണയിക്കുന്നു ...!!

2015, ജനുവരി 17, ശനിയാഴ്‌ച

ഭ്രാന്തന്‍ മഴത്തുള്ളി


ഞാനൊരു  ഭ്രാന്തന്‍ മഴത്തുള്ളി ..!!

മഴയ്ക്കൊപ്പം പെയ്യുമെങ്കിലും
ഇലത്തുമ്പിലിറ്റുനേരമിറ്റി നില്‍ക്കും 


ഒരു പക്ഷേ ,

നന്മകളുടെ  മൂര്‍ദ്ധാവില്‍
നനവായ്
പതിച്ചേക്കാം

കൂര്‍ത്തൊരു കല്ലില്‍വീണു
വെള്ള മുത്തുകളായ്‌  
ചിതറിയേക്കാം

മണ്ണിന്‍റെ മനസിലേക്ക്
മരവിപ്പോടെ  
മിണ്ടാതെ  പോയേക്കാം 

മരിച്ചയിലയുടെ മാറില്‍
തീര്‍ഥമായ്
വീണു  വറ്റിയുണങ്ങിയേക്കാം

ഇനിയുമോരീറന്‍ തുള്ളിക്കൊപ്പം 
ഇഴഞ്ഞിഴഞ്ഞു 
ജനാലച്ചില്ലില്‍ ചിത്രമെഴുതിയേക്കാം

നഗ്നപാദങ്ങളില്‍ നേര്‍രേഖയായി
നീണ്ടു  നീണ്ടു വന്നു 
നിങ്ങളില്‍  പൊള്ളലായേക്കാം.

ഞാനൊരു  ഭ്രാന്തന്‍ മഴത്തുള്ളി 
എന്നെ എന്‍റെ  പെയ്ത്തിനു വിട്ടേക്കുക  .....!!!

2015, ജനുവരി 15, വ്യാഴാഴ്‌ച

തര്‍പ്പണം

വലതു കൈവിരലില്‍
ദര്‍ഭയ്ക്ക് പകരമൊരു
നെല്‍ക്കതിര്‍  ചുറ്റുക 

സമകാലികരുടെ 
സായാഹ്നങ്ങളിലേക്ക്
മിഴികള്‍  പൂട്ടുക

ശാന്തിമന്ത്രമോതും 
മുന്നേ  മണലില്‍ 
മുട്ടുമടക്കി
കടലാരവങ്ങളേറ്റുവാങ്ങുക

 മണ്ണിനും മനുഷ്യനുമായി 
എഴുതപ്പെട്ടയരിമണികള്‍
നീക്കിവയ്ക്കുക 

നിങ്ങളുടെയത്താഴമേശയില്‍ 
ഒരു ഇരിപ്പിടവും 
അവസാനയുരുള ചോറും 
എനിക്കായി  മാറ്റി വയ്ക്കുക 

 മരിക്കും മുന്നേ  
ബലിച്ചോറിന്റെ
രുചിയറിഞ്ഞവര്‍ക്കുള്ള
തര്‍പ്പണമാണത് ..!!! 

സ ''മരങ്ങള്‍ ''


സമരങ്ങള്‍  
ചക്രവ്യൂഹം പോലെ...
അകപ്പെടുന്ന  അഭിമന്യുമാര്‍ 
മടങ്ങി വരുന്നേയില്ല 

പട്ടിണി  കിടക്കുന്നവര്‍ 
മെലിഞ്ഞു പോകുന്നു  
വ്യവസ്ഥിതി  കൊഴുക്കുന്നു 

സ്വയം കത്തുന്നവര്‍  
ചാരമാകുന്നു 
ആള്‍ ദൈവങ്ങളതാകാശ-
ഭസ്മമാക്കുന്നു .

പുഴുവരിക്കുന്ന 
സദാചാരമുറിവുകളിലേക്ക് .
നടാതെ  മുളയ്ക്കുന്ന  മരങ്ങള്‍ 
മുനയില്ലാത്ത കത്തിയാഴ്ത്തി ചിരിക്കുന്നു 

ജീവ ന്റെയടയാളക്കൊടിയില്‍ 
പ്രതികരണം പച്ചകുത്തിയിട്ടുണ്ടെന്നു 
സര്‍വ്വ ജീവ ജാലങ്ങളും
ഒപ്പം മുരളുന്നു....

ഞാന്‍ വെറുമൊരു മരമാകുന്നു 
ആരും നടാത്ത  മരം ..!!

2015, ജനുവരി 7, ബുധനാഴ്‌ച

അവള്‍ കണ്ട കടല്‍


അവളെയൊരിക്കല്‍  കടലെടുത്തു .
കടലാസും പേനയും 
കണ്ടെടുക്കും  മുന്‍പ്
കരയിലുപേക്ഷിച്ചു.

മുടിയിഴകള്‍  പിഴുത് 
അവളൊരു  വല നെയ്തു 
അതിലക്ഷരങ്ങള്‍ പിടഞ്ഞുണര്‍ന്നു 

ഇപ്പോള്‍  
കടലുകള്‍  കണ്ണാവുന്നു 
അല്ലെങ്കില്‍  
കണ്ണുകള്‍ കടലാവുന്നു .

ഞാന്‍ കാണുന്ന  കടലുകള്‍  
ഞാനാകുന്നു 

2015, ജനുവരി 6, ചൊവ്വാഴ്ച

ഒറ്റ ഫ്രെയിമില്‍ ഒരു ജീവിതം വരയ്ക്കുമ്പോള്‍


ഒരു ജീവിതം
ഒറ്റ ഫ്രെയിമില്‍
വരയ്ക്കുമ്പോള്‍
ഒറ്റയാനെ വരയ്ക്കണം
ആഴ്ന്നു പോകുന്ന വേരുകളോ
ഉയര്‍ന്നു പിരിയുന്ന
ശാഖകളോയില്ലാതെ
നിലത്തുറയ്ക്കാത്ത
ചലനങ്ങളോടെ
യാത്രകള്‍ക്ക്
വായുരൂപത്തിലടയാളംകൊടുക്കണം
അവയുടെ വേഗത
ആരുമറിയാതെ പോകട്ടെ
മഴയോ വേനലോ
വരച്ചെടുക്കാന്‍
നിന്റെയോ അവന്റെയോ
കരള്‍ കീറി
ചായമെടുക്കണം
കരയുന്നവരെയല്ല
കാണുന്നവരുടെ കണ്ണില്‍
പൊടിക്കാറ്റു നിറയ്ക്കുന്നവരെ
വാക്കുകളില്ലാതെ എഴുതി നിറയ്ക്കുക
ഒടുവില്‍ പ്രത്യാശയുടെ
അവസാന ഇല വരയ്ക്കുക
ശുഭം എന്നെഴുതാതെ പോവുക 

ആഗോളഭാരം


മനസുകളിലേക്ക്‌
മതമെന്നയുരുളന്‍
കല്ലുകളുരുട്ടുകയാണിസങ്ങള്‍
കാഴ്ചയില്‍ വീഴ്ചയുടെ
അഗാധതയദൃശ്യമായി
നിലനില്‍ക്കുന്നു
വിലാപ കാവ്യങ്ങളാല്‍
നൂറ്റാണ്ടുകളുടെ
മസ്തകത്തിലൊരു നോവും
കടവായിലൊരു കല്ലും
തിരുകുന്ന
ഗജകൌശലമാണത്
ഇതിഹാസങ്ങളാല്‍
മനോസഞ്ചാരങ്ങള്‍ക്ക്
കുതിരവേഗം നല്‍കുന്ന
ഭാവനാ ലോകത്തിന്‍റെ
ഭാവിയുമതു നിശ്ചയിക്കും
വര്‍ത്ത‍മാന കാലങ്ങളില്‍
ആഗോള ഭാരം ചുമക്കുന്ന കഴുതയും
തുണിച്ചൂടു തേടുന്ന ഗര്‍ഭിണിപ്പൂച്ചയുമെന്നു
തോന്നിപ്പിച്ചു കൊണ്ട് ..............!!

2015, ജനുവരി 1, വ്യാഴാഴ്‌ച

ബാദ്ധ്യത


തെരുവിലുറങ്ങുന്നവര്‍ക്ക്  
ശരീരം  ഒരധികബാദ്ധ്യതയാണ്

സ്വപ്നങ്ങളില്ലാത്തവര്‍ക്ക് 
ജീവിതവും ....

കലങ്ങിക്കിടക്കുന്ന 
ഓര്‍മകളൊഴുകിത്തുടങ്ങിയ 
  അതേ നിമിഷം തന്നെ 

തെളിഞ്ഞു നിന്ന  മെഴുതിരിയുടെ 
നാളത്തില്‍ അവള്‍  
വെന്തുമരിക്കുകയും 
മേശമേലിരുന്ന 
ഒരു  ഗ്ലാസ്  വെള്ളത്തില്‍ 
മുങ്ങിച്ചാവുകയും ചെയ്തു