2020, ജൂലൈ 29, ബുധനാഴ്‌ച

പന്തയം

ഞാൻ എന്നോടു തന്നെ പന്തയം വയ്ക്കുന്നു,
ഞാനതിൽ വിജയിക്കുന്നുമുണ്ട്‌...!!!

വീടിനു പുറത്തുപോകരുതെന്ന്
നിയമം അനുശാസിക്കുന്ന
ഒരു കാലഘട്ടത്തിന്റെ,
കടുപ്പം നിറഞ്ഞ
നാളുകളിലൊന്നിലാണു 
ഇതെഴുതപ്പെടുന്നതെന്ന സത്യം
വരും തലമുറയോ
കൊഴിഞ്ഞു പോയവരോ വിശ്വസിക്കുമോ?

ഇളം റോസ്‌ നിറത്തിലുള്ള ഒരു പൂവിന്റെ
വിടർന്നു നിൽക്കുന്ന ദളങ്ങളിലൂടെയാണിപ്പോൾ
നിങ്ങളുടെ കണ്ണുകൾ സഞ്ചരിക്കുന്നത്‌..!!
തൊട്ടടുത്തുതന്നെ
ഓറഞ്ചു നിറത്തിലുള്ള പൂവുമുണ്ട്‌..

വേരുകളില്ലാതെ പൂക്കളെ
വരയ്ക്കുന്നതാണെനിക്കിഷ്ടം..!!
വേരുകൾ വേദനകളുടെ സ്വകാര്യതയാണു,
ഉത്തരവാദിത്വങ്ങളുടെ
 പരുക്കൻ പ്രതലങ്ങൾ..!!!

നീലനിറത്തിൽ വെള്ള ഡെയ്സിപ്പൂക്കൾ 
വരച്ചു ചേർത്ത
പൂപ്പാത്രത്തിൽ
രണ്ടുമൂന്നു നിറത്തിലുള്ള
പൂക്കളോടൊപ്പം
പച്ചയിലകളും ഞാൻ ചേർത്തു വയ്ക്കുന്നുണ്ട്‌.

ഞാൻ ജയിച്ചിരിക്കുന്നു.
വാക്കുകളിലൂടെ വരച്ചിരിക്കുന്നത്‌
ഒരു ചിത്രമാണോ?
ഒരുക്കിവച്ചൊരു പൂപ്പാത്രമാണൊ എന്നു
നിങ്ങളാലോചിച്ചു കൊണ്ടിരിക്കുകയാണു,

ഞാനോ,
കറുത്ത മഷിയിലെഴുതിയ അക്ഷരങ്ങളെ 
ചുവന്ന നിറത്തിൽ വായിച്ചുകൊണ്ടിരിക്കുകയും..!!!!

ഒന്നിച്ചൊരു നിഴൽ

വരകളെക്കാൾ വേഗത്തിൽ
വാക്കുകൾ കൊണ്ട്‌ 
വരയ്ക്കാൻ കഴിഞ്ഞേക്കും

വരകളെക്കാൾ 
കൂടുതൽ ഭാവങ്ങളെ
വാക്കുകൾ പ്രകടിപ്പിക്കുമെന്നും
തോന്നിപ്പോകുന്നു,

എന്റെയീക്കാടിന്റെ 
ഇങ്ങേയറ്റത്തിരുന്ന്
ഞാൻ നിനക്കൊരു ചിത്രം
എഴുതുകയാണു,

നമുക്ക്‌ വളരെ പതുക്കെ
സംസാരിക്കാം,
വളരെ മെല്ലെ , ഒന്നിച്ചു നടക്കാം
ഒരിക്കലും പിരിയാതെ,

ചൂടതിന്റെ കടുപ്പം കൂട്ടുമ്പോൾ
  ഒന്നിച്ചൊറ്റ നിഴലാകാം

2020, ജൂലൈ 28, ചൊവ്വാഴ്ച

ചാന്ദ്രദിനങ്ങൾ

ഇപ്പോൾ ചാന്ദ്രദിനങ്ങളാണു
കഴിഞ്ഞു പോകാൻ ഊർജ്ജസ്വലത വേണ്ട,
നിലാവുപോലെ ശാന്തമായൊഴുകാൻ
കഴിഞ്ഞാൽ മതി...!!

നാം കുട്ടികളായതു പോലെ
ലോകവും ചെറുതായിരിക്കുന്നു...
കളിച്ചു തീർത്ത കളിക്കളങ്ങൾ പോലെ,
പോകാൻ പുതിയൊരിടവുമില്ലാതെ...!!!

2020, ജൂലൈ 27, തിങ്കളാഴ്‌ച

കാൽപനിക യാത്ര

നിന്നെത്തേടിയുള്ള എന്റെ യാത്രകളെല്ലാം
എന്നിലേക്കു തന്നെയായിരുന്നുവെന്ന്
ഞാനിപ്പോൾ മനസിലാക്കുന്നു...!!!

പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും
ചോർന്നു പോകാത്ത ധൈര്യവും
ആ യാത്രകൾ എനിക്കു തന്നിരുന്നു,

ആയുധങ്ങൾക്ക്‌ മൂർച്ച
  കൂട്ടുന്നത്‌ മാത്രമാണിപ്പോൾ
എന്റെ വിരസതയകറ്റുന്നത്‌...!!

ഇനിയിപ്പോൾ എന്നിലൂടെ 
സഞ്ചരിച്ച്‌ ഞാൻ നിന്നിലേക്കെത്തിയേക്കാം.
അതുവരേയും ഈ ലോകം മുഴുവനിലും
ഒരു കാൽപനിക യാത്രയ്ക്കൊരുങ്ങുകയാണു ഞാൻ

2020, ജൂലൈ 24, വെള്ളിയാഴ്‌ച

ഇടവേള



ആത്മാക്കളുടെ 
ഭാഷ എനിക്കിപ്പോൾ
വശമുണ്ട്‌.!!

എനിക്കവരോടു സംസാരിക്കാം,
അവർക്കെന്നോടും
അവരുടെ ഭാഷ അടയാളങ്ങളാണു,
എനിക്കത്‌ അനായാസമായി മനസിലാകും,!!!

കനത്ത നിശബ്ദതയിൽ
എനിക്കതൊരാശ്വാസമാണു
ഇടതടവില്ലാത്ത 
ബഹളങ്ങൾക്കിടയിൽ
അവർക്കതൊരിടവേളയായിരിക്കാം !!!

മറ്റൊന്ന്

ഏറ്റവും എളുപ്പമെന്നു
തോന്നിക്കുന്ന ഒന്നിൽ
കാലൂന്നി നിൽക്കുമ്പോഴും

താരതമ്യേന പ്രയാസമെന്നു
കരുതുന്ന വിചിത്രമായൊരു
സ്വപ്നത്തിലേക്കു നിങ്ങൾ
നീണ്ടുപോകുന്നുണ്ടെങ്കിൽ
അതാണു നിങ്ങളുടെ വഴി..!

എല്ലാ വാതിലുകളും
അടഞ്ഞെന്നു നിങ്ങൾ തിരിഞ്ഞു നടക്കുമ്പോൾ
തലയുയർത്തി നടക്കുക..
മുൻപിലുണ്ട്‌ നിങ്ങളുടെ വാതിൽ.,

ഞാനിപ്പോൾ എന്റെ രണ്ടുചുവടു വീതിയുള്ള 
പച്ചക്കറിതോട്ടത്തിലൂടെ
നിങ്ങളെയും ഉൾക്കൊള്ളാവുന്ന
എന്റെ
മിയാവാക്കി കാടുകളിലേക്കു
പോകുന്നതങ്ങനെയാണു...!!!

2020, ജൂലൈ 18, ശനിയാഴ്‌ച

ഇടവേള



ആത്മാക്കളുടെ 
ഭാഷ എനിക്കിപ്പോൾ
വശമുണ്ട്‌.!!

എനിക്കവരോടു സംസാരിക്കാം,
അവർക്കെന്നോടും
അവരുടെ ഭാഷ അടയാളങ്ങളാണു,
എനിക്കത്‌ അനായാസമായി മനസിലാകും,!!!

കനത്ത നിശബ്ദതയിൽ
എനിക്കതൊരാശ്വാസമാണു
ഇടതടവില്ലാത്ത 
ബഹളങ്ങൾക്കിടയിൽ
അവർക്കതൊരിടവേളയായിരിക്കാം !!!

2020, ജൂലൈ 14, ചൊവ്വാഴ്ച

സുഷി

സുഷി വിൽക്കുന്നൊരാളെ വഴിയരികിൽ
വച്ച്‌ പരിചയപ്പെടുകയുണ്ടായി,
അയാളുടെ ചിരിയിൽ 
ഞാൻ വിഷാദമന്വേഷിക്കുന്നുവെന്ന്
അയാൾക്കു തോന്നിയിരിക്കണം

സുഷിയുടെ പുളിപ്പും ചവർപ്പും നിറഞ്ഞ
റെസിപ്പി പോലെ ജീവിതം തോന്നാറുണ്ടെന്നും
പുഴുക്കുത്തുകൾ വീണ പച്ചക്കറി
പാചകത്തിനുപയോഗിക്കാത്തതു പോലെ
അവയെ മാറ്റിവയ്ക്കാറുണ്ടെന്നും 
അയാൾ പറഞ്ഞു.

വിഷരഹിത പച്ചക്കറിപോലെ
വിഷരഹിത വാക്കുകളെ
സമ്മാനിച്ചതിനു ഞാൻ നന്ദി പറഞ്ഞു.

അയാൾ എന്നു ഞാൻ പറഞ്ഞത്‌ 
ഒരു സ്ത്രീയെക്കുറിച്ചായിരുന്നു,
വിഷരഹിതമായിരിക്കാൻ വേണ്ടി
അങ്ങനെ പറഞ്ഞെന്നു മാത്രം !!

2020, ജൂലൈ 13, തിങ്കളാഴ്‌ച

പൂർണ്ണത

ഒരു മുറിവിന്റെയാഴം
ആ മുറിവുണ്ടാക്കുന്ന
മൂർച്ചയുള്ള വസ്തു
മാത്രമേ അളക്കുന്നുള്ളൂ,

ഒരു വാക്കിന്റെ വ്യാപ്തി
അതു പറയുന്നവന്റെ
ഉള്ളിൽ മാത്രമേ
അടയാളപ്പെടുന്നുള്ളൂ...!!!

എന്റെ സ്വപ്നങ്ങളുടെ
തോട്ടത്തിൽ
നിന്റെയിടങ്ങൾ
സാന്നിദ്ധ്യം 
കൊണ്ടു മാത്രമേ പൂർണ്ണമാകുന്നുള്ളൂ

അമരത്വം

നാമൊരുമിച്ചിരിക്കുമ്പോൾ
എനിക്കരികിലൂടെ അരുവിയും
നിനക്കരികിലൂടെ അതിന്റെ
സ്വരവും ഒഴുകുന്നു.

വാക്കുകൾ വിത്തുകളെക്കാൾ 
വേഗത്തിൽ മുളയ്ക്കുന്നു 
ഫലം ചൂടുന്നു.



കാലമോ,
അതിന്റെ വേരുകൾ
നമ്മിലാഴ്ത്താതെ 
പ്രണയത്തിന്റെ കഥ പറയുന്നു.

അങ്ങനെ നാമിപ്പോൾ
അമരത്വമുള്ളവരായിരിക്കുന്നു.
ഒരേ പൂവിന്റെ ഇരുദളങ്ങളിൽ
ഒരേ സുഗന്ധം ആവാഹിക്കുന്നു.!!!

2020, ജൂലൈ 12, ഞായറാഴ്‌ച

പുതിയ കഥകൾ

വരയ്ക്കുന്നവയ്ക്കെല്ലാം
ജീവൻ വയ്ക്കുന്നൊരു
ചിത്രകാരന്റെ കഥയുണ്ട്‌.

തൊടുന്നവയ്ക്കെല്ലാം
ജീവൻ കൊടുക്കുന്ന 
രാജകുമാരിയെക്കുറിച്ചും 
കേട്ടിട്ടുണ്ട്‌.

കുമാരി തൊട്ട ശിൽപങ്ങളും,
വരയ്ക്കപ്പെട്ട പേനകളും
എന്റെ കൈയിലുണ്ട്‌.

ഞാനിന്നു മുതൽ
ജീവനുള്ള പേനകൾ കൊണ്ട്‌
ജീവനുള്ള ശിൽപങ്ങൾക്ക്‌
വഴികൾ എഴുതി തുടങ്ങുകയാണു,

കാരണം എനിക്കു സഞ്ചരിക്കാൻ
പുതിയ പാതകൾ വേണം
കേൾക്കാൻ പുതിയ കഥകളും!!!!

2020, ജൂലൈ 11, ശനിയാഴ്‌ച

എഴുത്ത്‌

എഴുതുമ്പോൾ മരങ്ങളെയാണു
അനുകരിക്കേണ്ടത്‌...!!!
വേരുകൾ കൊണ്ടു മണ്ണിൽ,
പൂക്കൾ കൊണ്ടു കരയിൽ,
ഇലകൾ കൊണ്ടു കാറ്റിൽ,
ഉയരം കൊണ്ടു വായുവിൽ...

വരയ്ക്കുമ്പോഴോ...
പൂക്കൾ കൊണ്ടു ചുവപ്പിൽ,
ഇലകൾ കൊണ്ടു പച്ചയിൽ,
വേരുകൾ കൊണ്ടു തവിട്ടു നിറത്തിൽ...!!

പറയുമ്പോഴോ...
ചില്ലകൾ കൊണ്ടു കിളികളിൽ,
ശിഖരങ്ങൾ കൊണ്ട്‌ അണ്ണാറക്കണ്ണന്മാരിൽ,
വേരുകൾ കൊണ്ടു ഏതൊ പുഴയുടെ
തണുത്ത കൈവഴികളിൽ...

നിൽക്കുമ്പോൾ,
അത്ര നിശബ്ദമായി
വേരുകളെന്നോ,
ഇലകളെന്നോ,
ചില്ലകളെന്നൊ,
ശിഖരങ്ങളെന്നൊ,
പൂക്കളെന്നോയില്ലാതെ,
മരമെന്ന പേരായി , ഇടമായി....!!!

2020, ജൂലൈ 10, വെള്ളിയാഴ്‌ച

അതിമോഹി

അതിമോഹി
---------------
പുലരി ഒരു അതിമോഹിയാണു
പുലരുവോളം കണ്ട സ്വപ്നങ്ങളെ 
ഓരോ പുൽനാമ്പിലും മഞ്ഞുതുള്ളിയിലും
തിരഞ്ഞുതിരഞ്ഞങ്ങനെ....!!

രാത്രി സ്വപ്നത്തിൽ പെയ്ത മഴയെ
പ്രഭാതത്തിന്റെ വേരിൽ നോക്കിനോക്കി...

ഇരുട്ടിൽ കുടഞ്ഞുകളഞ്ഞ 
സ്വപ്നത്തിന്റെ നിറങ്ങളെ
സത്യത്തിൽ ചാലിച്ച്‌
പകലിന്റെ പൂക്കളെ
കടുപ്പിച്ച്‌ വരച്ച്‌...

പുലരി അതിമോഹിയാണു
ഇന്നലെകളെ മുഴുവനായി
ഒരു വിത്തായി സങ്കൽപിച്ച്‌
അതിൽ നിന്നു നൂതനാശയങ്ങൾ 
മുളപൊട്ടുന്നതും 
നൂറുമേനി വിളയുന്നതും
കാത്തിരിക്കുന്ന അതിമോഹി...!!!

2020, ജൂലൈ 4, ശനിയാഴ്‌ച

സ്വപ്നം

മുറ്റത്തൊരു ചെടിത്തുമ്പിൽ,
പച്ച തഴച്ചുനിൽക്കുന്നൊരു
ഇലയുടെ അടിയിൽനിന്ന്
കറുത്ത പുഴു തല നീട്ടുന്നു  !!!

അടുത്ത നിമിഷം
അതെന്നെ തിന്നു കളയുമെന്ന്
ഭയന്ന് ഞാൻ പിൻ വാങ്ങുന്നു

മനുഷ്യനിലെ മരണഭയം
അവനിലുളവാക്കുന്ന 
മാറ്റങ്ങളെക്കുറിച്ച്‌
ഒരു പഠനം നടത്തുന്നു

ഒരു ചെടിയിൽ
ഒരേ കൊമ്പിൽ
പൂക്കുന്ന രണ്ടു പൂക്കളിലൊന്ന്
കൊഴിഞ്ഞു പോകുന്നതായും
മറ്റൊന്ന് കായ്ച്‌ , പഴുത്ത്‌,
പാകമാകുന്നതായും
സ്വപ്നം കണ്ടു ഞാനുണരുന്നു

നോക്കുമ്പോൾ ആ ഇല മുഴുവനായും
പുഴു തിന്നു കഴിഞ്ഞിരുന്നു

കഥകൾ

ലോകമൊരു തേനീച്ചക്കൂടുപോലായിരിക്കുന്നു.

കാലമോരോ തേനീച്ചയെയും 
അടർത്തി ഓരോ കഥ പറയുന്നു..
താൻ നിറച്ചുവച്ച തേനറകളിലെല്ലാം
കഥകൾ വളർന്നിരിക്കുന്നുവെന്നറിയാതെ
തേനീച്ച മൂളിപ്പറക്കുന്നു...!!!

കഥകളെല്ലാം മധുരിക്കുമെന്ന്
കരുതരുത്‌...

ഉപ്പും,ചവർപ്പും,കയ്പും
നിറഞ്ഞ കഥകളും അവയിലുണ്ട്‌.
കഥകളുടെ വിത്തുകൾ
കാട്ടിലുണ്ടാവുന്നയല്ലല്ലൊ!!
അവ നാടുവാഴികളുടെ
ശേഷക്കാരല്ലേ?..