2016, മാർച്ച് 26, ശനിയാഴ്‌ച

വിപ്ലവം

വിപ്ലവം
സൂക്ഷ്മമായി മുളയ്ക്കുന്ന
ഒരു  ചെടിയാണു.
നിശബ്ദത കുടിച്ചാണതു വളരുന്നത്‌ , 

വസന്തമൊരു പാഴ്‌വാക്കല്ലെന്നു  ആഴത്തിലിറങ്ങിയ വേരുകളും വൈകാതെ വിടർന്ന പൂവുകളും ഓർമ്മിപ്പിക്കും .

ആൾക്കൂട്ടത്തിലും ആരവങ്ങൾക്കിടയിലും ചവിട്ടിമെതിക്കപ്പെട്ട
വിശാലത മാത്രമേയുള്ളൂ,

ഒറ്റയടിപാതകൾക്കിരുവശവും കണ്ടൽക്കാടുകളിൽവിരിഞ്ഞ വിപ്ലവം
എന്നേ മുളച്ചിരുന്നു ,
പച്ച കലർന്നൊരു രക്തത്തിൽ;
എത്ര കൊല്ലം തേവിയ വിയർപ്പാണു
നമ്മൾ കാറ്റായ്‌ രുചിച്ചതെന്ന്
ആർക്കു പറയാനാവും.

വിപ്ലവം
സൂക്ഷ്മമായി മുളയ്ക്കുന്ന
ഒരു  ചെടിയാണു.
നിശബ്ദത കുടിച്ചാണതു വളരുന്നത്‌ ,

2016, മാർച്ച് 23, ബുധനാഴ്‌ച

വിറ്റ വസ്തുക്കൾ

വിറ്റ വസ്തുക്കൾ തിരിച്ചെടുക്കില്ല
എന്നു വായിക്കുമ്പോൾ
ഇന്ത്യയിലെ വിവാഹിതരായ പെൺകുട്ടികളെ ഞാനോർക്കുന്നു, കൂട്ടത്തിലെന്നെയും

സഞ്ചാരങ്ങളെപ്പറ്റിയുള്ള വാർത്തകളിൽ 
സിറിയയിൽ നിന്നു
പലായനം ചെയ്യുന്ന
പെൺകുട്ടിയെ കാണുന്നു
ഒപ്പമെന്നെയും

എന്റെ സ്വന്തമല്ലാത്ത മുറ്റത്തുവന്നു എന്നെ കാത്തിരിക്കുന്ന ഈ കിളികൾ
മകളെ നിന്നെക്കുറിച്ചു  സംസാരിക്കുന്നു;
അതിരുകളില്ലാത്ത നിന്റെയാകാശത്തെക്കുറിച്ചും

പത്താംക്ലാസ്‌ ഒരു വലിയ കടമ്പയാണെന്ന് എല്ലാവരും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്ന വർഷം .ആദ്യമാസങ്ങളിൽ മലയാളം പഠിപ്പിക്കുന്നത്‌ ഒരു സിസ്റ്റർ ആയിരുന്നു . സന്ധി , സമാസം എന്നൊക്കെ പറയുമ്പോൾ തന്നെ ഒരു തരം ഭയം വന്നു കൂടാൻ അവരുടെ കോപവും പഠിപ്പിക്കുന്ന രീതിയും കാരണമായി. മലയാളം എന്നു കേൾക്കുമ്പോൾ തന്നെ തലവേദന തുടങ്ങി .ഫിസിക്സും കീറാമുട്ടിയായി കൂടെക്കൂടി.
അങ്ങനെയിരിക്കുമ്പോഴാണു മലയാളത്തിനും ഫിസിക്സിനും പുതിയ റ്റീച്ചർമ്മാർ വരുന്നത്‌ . വടിയെടുക്കാനും വഴക്കു പറയാനും അവർക്കു വല്ലാത്ത മടിയായിരുന്നു . ഉത്തരം പറഞ്ഞില്ലെങ്കിലോ പഠിക്കാതെ ചെന്നാലോ അവരുടെ നിറഞ്ഞ കണ്ണുകൾ കാണണം എന്ന സ്ഥിതിയായി. അതൊരു തരം സങ്കടമായി. എസ്‌. എസ്‌ .എൽ.സി ക്കു ഏറ്റവും കൂടിയ മാർക്ക്‌ മലയാളത്തിനും ഫിസിക്സിനുമായിരുന്നു .വഴക്കിനും വടിക്കും കഴിയാതിരുന്നത്‌ സ്നേഹത്തിന്റെ ഭാഷയ്ക്ക്‌ അത്ര അനായാസമാണെന്നു അന്നാണു ബോധ്യപ്പെട്ടത്‌

2016, മാർച്ച് 15, ചൊവ്വാഴ്ച

പൂ നുള്ളുന്ന കുട്ടികള്‍


പൂ നുള്ളുന്ന കുട്ടികള്‍
ഏകാന്തതയകറ്റുന്നവരാണ്
എല്ലാവരും വസന്തം കാണുമ്പോള്‍
അവര്‍ ഒറ്റയ്ക്ക് വിരിയുന്ന പൂക്കള്‍ കാണും

നുള്ളുന്ന പൂക്കളെ സ്വന്തമായി കരുതും
വാടും വരെ കൂടെക്കൊണ്ടു നടക്കും
നിറമോ മണമോ അല്ല
ഒറ്റപ്പെടലാണ് പൂക്കളിലേക്ക്
അവരെ ആകര്‍ഷിക്കുന്നത്.

നമ്മുടെ കണ്ണുകളില്‍
അവര്‍ ഒറ്റപ്പെട്ട പൂക്കളാണ്
നാം കരുതുന്ന നിറമല്ല;
നമുക്കിഷ്ടമുള്ള മണവുമില്ല
നാം വസന്തത്തെ കാത്തിരിക്കുമ്പോള്‍
അവര്‍ വിരിയും കൊഴിയും
കൂടെ ഒറ്റയ്ക്ക് വിരിയുന്ന പൂക്കളും നുള്ളും

2016, മാർച്ച് 9, ബുധനാഴ്‌ച

പ്രതിബിംബം

കാലഹരണപ്പെടുന്നതൊന്നും
കവിതയിലില്ല ;
അല്ലായിരുന്നെങ്കിൽ
കവിതകളെന്നേ
കാലഹരണപ്പെടുമായിരുന്നു.

മനുഷ്യജീവിതത്തിന്റെ
ദുരന്തമുഖങ്ങളിലാണു
വായനയുടെ പുതുമ

എഴുത്തിലൊ എല്ലാമുണ്ട്‌
പ്രണയം, പൂക്കൾ
വിരഹം, ലഹരി
വിശപ്പ്‌, ദാഹം
മഴ,കിണർ

ഞാനിത്രകാലം ജീവിതത്തെ
ധ്യാനിക്കുകയായിരുന്നു.
പരിഭാഷപ്പെടുത്താൻ
ഭാഷയില്ലാത്തതിനാൽ
അതെന്നിൽ തന്നെ ഒതുങ്ങി നിന്നു.

ഓർമ്മിച്ചെടുക്കുമ്പോൾ
ഒഴുക്കുവെള്ളത്തിന്റെ തെളിമ മാത്രം
അതിലാവട്ടെ അത്ര ശാന്തമായി
നീ മാത്രം പ്രതിബിംബിക്കുന്നു

2016, മാർച്ച് 8, ചൊവ്വാഴ്ച

പാട്ടുകൾ

മണ്ണും മരവുമുള്ള ഒരു കവിതയില്‍
എന്‍റെ സ്വപ്നങ്ങളുമുണ്ട്.
നിങ്ങളതു വായിക്കുമ്പോള്‍
എന്നെ  കണ്ടെന്നു വരില്ല;

പകരം ഭൂമിയിലെ ഒരു സ്ത്രീ
മണ്ണും  മഷിയും പുരണ്ട്
നിങ്ങളോടു ചോദിക്കും;

എനിക്കൊരുപിടി മണ്ണുതരിക
അതിലെന്‍റെ കവിതകളുടെ വിത്തുകളുണ്ട്

എനിക്കൊരു തുള്ളി മഷി തരിക
അതിലെന്‍റെ താരാട്ടുകള്‍ വരികളായുണ്ട്

മണ്ണിന്റെ നിറവും
മഷിയുടെ മണവുമുള്ള
ആത്മാവുള്ള സ്വപ്നങ്ങളെ
ഉണര്‍ത്തുന്നത്  അവളുടെ പാട്ടുകളാണ്.

2016, മാർച്ച് 3, വ്യാഴാഴ്‌ച

നിരക്ഷര

മരിക്കാൻ കൊതി
തോന്നുമ്പോഴൊക്കെ ഞാൻ  ജീവിച്ചുതീർത്തതിനെക്കുറിച്ചോർക്കും

ജീവിക്കാൻ ആഗ്രഹിക്കുമ്പോഴെല്ലാം
എന്നെ മറന്നുപോയവരെക്കുറിച്ചെഴുതും

കരയാതിരുന്നു മൂർച്ച കൂടിപ്പോയ വാക്കുകളെ തലോടും
മൗനമായിരിക്കാൻ സ്വയം പ്രോൽസാഹനസമ്മാനം നൽകും

മനസിലാകാത്ത  ബന്ധങ്ങളെ
നിഴലെന്നു നിർവ്വചിക്കും
അധികബാധ്യതയായിരുന്നു ഞാനെന്ന്
ഏറെ വൈകി അറിയുമ്പോൾ
കൊടുത്തുപോയ സ്നേഹത്തിനു വിലയിടാനാവാതെ നിരക്ഷരയാകും