.ദിവസത്തിന്റെ സിംഹഭാഗവും പലവിധജോലികളിൽ മുഴുകി കടന്നുപോയി. പ്രതീക്ഷിക്കാനൊന്നുമില്ലാതിരുന്നതിനാൽ അതിനൊ, മുഴുകിയിരിക്കാൻ മതിയായ ഓർമ്മകൾ അലട്ടാനില്ലാത്തതിനാൽ അതിനൊ ഗയ ഒട്ടുമേ സമയം പാഴാക്കിയില്ല.
സർക്കസിലെ അഭ്യാസികൾ അഭ്യാസം നടത്തുമ്പോൾ നിലത്തുവിരിക്കുന്ന മെത്ത തുന്നുന്നതായിരുന്നു മുത്തശ്ശിയുടെ പകൽ നേരങ്ങളിലെ ജോലി. സർക്കസിലെ അഭ്യാസങ്ങളെക്കുറിച്ചും അതിന്റെ അപകടസാധ്യതകളെക്കുറിച്ചും വളരെയേറെ സംസാരിച്ചുകൊണ്ടും അതിലേറെ
ശ്രദ്ധിച്ചുകൊണ്ടുമായിരുന്നു അവർ ഓരോ മെത്തയും പൂർത്തിയാക്കിയിരുന്നത്. ഗയയും അവർക്കൊപ്പം കൂടി.മുത്തശ്ശിയും സർക്കസിലെ ഒരഭ്യാസിയായിരുന്നു.മായാജാലക്കാരി.അസാമാന്യ മെയ്‌വഴക്കവും കൈവേഗതയും ആവശ്യമായ ഒരിനമാണതെന്നും എപ്പോഴും കാണികളെ അത്ഭുതത്തിന്റെ മുൾമുനയിൽ നിർത്താൻ തനിക്കു സാധിക്കാറുണ്ടായിരുന്നു എന്നും അവർ വാചാലയായി.ആളുകളുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ തന്നെ ഗയയ്ക്ക് മടിയായിരുന്നു.അവൾ എപ്പോഴും മൃഗങ്ങളുടെ കൂടാരങ്ങളിലെ കഴിയാവുന്ന ജോലികളും ചെയ്തുപോന്നു.
പതിവില്ലാതെ മുത്തശ്ശി ആലോചനയിൽ മുഴുകിയിരിക്കുന്നത് കണ്ട് ഗയ കാര്യമന്വേഷിച്ചു.സർക്കസ് നല്ലരീതിയിൽ നടത്തിക്കൊണ്ടുപോകാൻ സാധിക്കുന്നില്ലെന്നും ഇത്രയധികം ചിലവുകൾ എങ്ങനെ വഹിക്കുമെന്നും രാംചരൺ വളരെ ആകുലപ്പെട്ടെന്ന് മുത്തശ്ശി പറഞ്ഞു.പലരും ഉപജീവനത്തിനായി പല മാർഗ്ഗങ്ങളും നോക്കിത്തുടങ്ങിയെന്നും ഇങ്ങനെ
പോയാൽ അധികകാലം മുന്നോട്ടു നീങ്ങാനാവില്ലെന്നും അവർ പറഞ്ഞു. ഗയ ചിന്തിച്ചത്
മറ്റൊന്നായിരുന്നു.അധികം ആളുകളുടെ കണ്ണിൽപ്പെടാതെ ബാക്കിയുള്ള കാലം ഇങ്ങനെ ഒതുങ്ങി ജീവിക്കാമെന്ന അവളുട കണക്കുകൂട്ടലുകൾ തെറ്റിത്തുടങ്ങിയതായി അവൾക്കു മനസിലായി. വർദ്ധിച്ചുവരുന്ന ചിലവുകളുടെ ഭാഗമായി ആരെയെങ്കിലും ഒഴിവാക്കിയാൽ അതിലാദ്യം ഉൾപ്പെടുന്നത് താനായിരിക്കുമെന്ന് അവൾക്കുറപ്പുണ്ടായിരുന്നു.അവിടെ പാർപ്പിച്ചിരുന്ന മൃഗങ്ങൾക്ക് മുൻപെ താൻ ഒഴിവാക്കപ്പെടുമെന്ന് അവൾ ഭയന്നു.അവിടെ നിലനിൽക്കേണ്ടത് തന്റെ സുരക്ഷയുടെയും അതിജീവനത്തിന്റെയും ആവശ്യമാണെന്ന് അവൾ മനസിലാക്കി. മുത്തശ്ശിയോട് മായാജാലത്തിന്റെ അഭ്യാസങ്ങൾ ഓരോന്നായി അവൾ ചോദിച്ചു മനസിലാക്കി പലതും അഭ്യസിക്കാൻ ശ്രമിച്ചുതുടങ്ങുകയും ചെയ്തു.അതത്ര എളുപ്പമായിരുന്നില്ല. ശ്രമകരമായിരുന്നു താനും .ആവശ്യം അവളിലൊരു പുതിയ സൃഷ്ടി നടത്തി .അതാകട്ടെ ആ സർക്കസ് കൂടാരത്തിലെ പ്രധാനിയും ഒഴിച്ചുകൂടാനാവാത്ത ഒരഭ്യാസിയുമായി അവളെ മാറ്റി. ആളുകൾ ഒഴിഞ്ഞുപോയ അഭ്യാസങ്ങളും മൃഗപരിശീലനവും അവൾ സ്വായത്തമാക്കി.ആ കൂട്ടത്തിന്റെ സുഗമമായ മുന്നോട്ടു പോക്കിൽ ഗയ ഒരു സുപ്രധാന ഘടകമായി.
അവളുടെ മായാജാലവും അഭ്യാസപ്രകടങ്ങളും കൂടുതൽ കാണികളെ ആകർഷിച്ചു. മിനുമിനുത്ത വസ്ത്രങ്ങളുടെ തിളക്കവും കാണികളുടെ കൈയടിയും വളരെ വേഗം തന്നെ അവളെ മടുപ്പിച്ചു.എത്ര അധ്വാനിച്ചാലും വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പട്ടിണിയിൽ മുങ്ങിപ്പോകാവുന്ന ഒരനാഥക്കൂട്ടത്തിലാണു താനുള്ളതെന്ന ഓർമ്മ അവളെ നൊമ്പരപ്പെടുത്തി. രാം ചരണുമായി ചേർന്ന് ചിലവുകുറയ്ക്കാനായി ചില പദ്ധതികൾ അവൾ നടപ്പിലാക്കി.മൃഗങ്ങളുടെ എണ്ണം കുറച്ചു.ഒരു ദിവസം ഒരേ പോലുള്ള ഷോകൾ നടത്തുന്നതിനു പകരം കൂടുതൽ ഐറ്റങ്ങൾ ഉള്ള ഷോയ്ക്ക് കൂടുതൽ പണം ഈടാക്കുകയും ഒരേ പോലുള്ള ഷോകളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. ഇതെല്ലാം കമ്പനിയുടെ നടത്തിപ്പിനെ കാര്യമായ പുരോഗതിയിലേക്കു നയിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ