2016, ഏപ്രിൽ 30, ശനിയാഴ്‌ച

ജയില്‍പുള്ളി

എന്നും  രാത്രി  ജയില്‍  ചാടുന്ന
ഒരു  ജയിലറെ ഞാന്‍ കണ്ടുമുട്ടി .
അയാള്‍  യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നു
തന്റെ  സ്വപ്നങ്ങളിലേക്ക്
ചാടുകയായിരുന്നു .!!

വീണ്ടും  രാവിലെ
പൊതു വാതിലിലൂടെ
അയാള്‍  യാഥാര്‍ത്ഥ്യങ്ങളിലേക്ക്
അധികാര ചിഹ്നങ്ങളോടെ
കടന്നു വന്നു .

നരച്ച  കണ്ണുകളില്‍  നിന്നു
തന്റെയും  അവരുടെയും
പൊലിഞ്ഞുപോയ സ്വപ്നങ്ങളുമായി
വീണ്ടും മതില്‍  ചാടി .

ഞാന്‍  അയാളോടു പറഞ്ഞു ;
നമ്മളെന്നും  ഇങ്ങനെയാണ് ,
ജീവിതവും  സാഹചര്യങ്ങളും
പൂച്ചെണ്ടുകള്‍  തന്നു  യാത്രയാക്കുന്നത്‌  വരെ
നാമിരുട്ടില്‍ നമ്മില്‍  നിന്നു  നമ്മിലേക്കു
ചാടിക്കൊണ്ടിരിക്കും

എന്നാല്‍  ഒരു  ജയില്‍ പുള്ളിയെ  നോക്കൂ;
ജയില്‍  ചാടിയവന്‍  എന്നൊരു
പേരു  മാത്രം അവശേഷിപ്പിച്ച്
അയാളെത്ര വേഗമാണ്
ഈ  തടവറകളെ  പിന്നിലാക്കി
സ്വാതന്ത്ര്യത്തിലേക്ക്  ഓടിമറയുന്നത്‌

പ്രത്യാശ

കത്തിച്ചു വച്ച വിളക്കു പോലെയാകരുത്‌;
പ്രത്യാശ ,
കാറ്റൂതിയാൽ അതു കെട്ടുപോയേക്കാം

കനൽ  തിളങ്ങുന്ന
അടുപ്പുപോലെയുമാവരുത്‌;
തിളച്ചു തൂവുന്ന
നുരകളിലണഞ്ഞു പോയേക്കാം

കടുത്ത വേനലിന്റെ ആരംഭത്തിൽ
മുറിച്ചു മാറ്റപ്പെട്ട
ഒരു മരത്തിന്റെ വേരുപോലെ
ആയിരിക്കണമത്‌

മഞ്ഞിലോ, മഴയിലോ
വഴി മാറി വരാൻ പോകുന്ന
ഒരരുവിയുടെ നനവിലോ
മുളച്ചുവിടരാവുന്ന
എത്രയിലകളാണത്‌
ഉള്ളിൽ സൂക്ഷിച്ചിട്ടുള്ളത്‌

പൂർണ്ണത

ശരീരം അതിൽതന്നെ പൂർണ്ണമാണു
ഒരു നേരത്തെ അന്നം,
ഒരു കുമ്പിൾ ജലം
ചൂടിനോ തണുപ്പിനോ
ഒത്തവണ്ണം വസ്ത്രം
ഇതിൽക്കൂടുതൽ താങ്ങാൻ
അതിനാവില്ല.

ആത്മാവൊ,
പൂർണ്ണതയന്വേഷിച്ചു
ശരീരം ക്ഷീണിക്കും വരെ
അതിലൂടെയും
ശരീരം വിശ്രമത്തിലായിരിക്കുമ്പോൾ
അതിനു വെളിയിൽ
അറിയാത്ത ദേശങ്ങളിലും
കാലങ്ങളിലും
അലഞ്ഞു തിരിയുന്നു.

ആത്മാവിന്റെ അടങ്ങാത്ത
ഈ  ദാഹമില്ലായിരുന്നെങ്കിൽ
ഭൂൂമിയിലെ പാതി പ്രദേശങ്ങളെ
മൃഗങ്ങളും
ശരീരത്തിന്റെ പ്രവൃത്തികളെ സൽപ്പേരും
കൈയടക്കുമായിരുന്നു

2016, ഏപ്രിൽ 27, ബുധനാഴ്‌ച

ദൂരം

മൂന്നുദിവസം പട്ടിണികിടന്നാൽ
ആഹാരം മോഷ്ടിക്കാവുന്നത്ര
സത്യസന്ധത

അൽപകാലം ഒറ്റയ്ക്കായിപ്പോയാൽ
ജീവനുള്ള എന്തിനേയും
പ്രണയിക്കാവുന്നത്ര വിവേകം

ആരും തിരിച്ചറിയാതെ വന്നാൽ
സ്വയം സംസാരിക്കാവുന്നത്ര
സുബോധം

ഇതൊക്കെയാണു മനുഷ്യൻ

നമ്മൾ നിൽക്കുന്നിടത്തു നിന്ന്
വലിയൊരു കാറ്റ്‌ വീശാനെടുക്കുന്ന
സമയമാണിതിലേക്കുള്ള ദൂരം

2016, ഏപ്രിൽ 26, ചൊവ്വാഴ്ച

പഴങ്ങൾ


ഓരോ മരവും
വേനലിനെ അതിജീവിക്കുന്നുണ്ട്‌
കൊഴിയുന്നയിലകളെ അടർത്തി
തളിരിലകൾക്ക്‌ ഇടമൊരുക്കുന്നുമുണ്ട്‌

നാമെന്തേ 
ഇന്നലെകളെ ചുമന്നു ചുമന്ന്
നാളെയുടെ ഇടം അപഹരിച്ച്‌
ക്ഷീണിക്കുന്നത്‌? 
ജീവിതം സന്തോഷം
പകരുന്നില്ലെങ്കിൽ
മരണത്തിനതാവുമോ?. 

വസന്തം മരത്തിലാണുറങ്ങുന്നത്‌!
ഋതുക്കൾ
ഉണർത്തുന്നുവെന്നേയുള്ളൂ 
ജീവിതം നമ്മിലാണുള്ളത്‌!
സാഹചര്യം അകമ്പടി വരുന്നുവെന്നേയുള്ളൂ.
ഫലങ്ങൾ അഴുകുമ്പോൾ
വിത്തുകളെ തിരയുക
അവയിലെത്ര കാലത്തിന്റെ
ഫലങ്ങൾ അടയാളപ്പെടാനുണ്ടാവും

2016, ഏപ്രിൽ 23, ശനിയാഴ്‌ച

ചിത്രശലഭത്തിന്റെ ചെതുമ്പലുകള്‍


പിളര്‍ന്ന  ചുണ്ടുകളും 
തുറിച്ച  കണ്ണുകളുമായി 
നിലച്ച പിടച്ചില്‍ ഓര്‍മിപ്പിക്കുന്ന  
മത്സ്യത്തിന്റെ  ചിത്രം  കാണുമ്പോഴൊക്കെ 
അതിന്‍റെ  ചെകിളകളില്‍ 
നിന്നു  വേര്‍പെട്ട  ശ്വാസം
എന്‍റെ  തൊണ്ടയില്‍  തങ്ങി  നിന്നു 

അതിന്‍റെ  ചിത്രകാരനരികില്‍  
ഇരുന്നപ്പോഴെല്ലാം  
ചിറകു പോയ  ഒരു  കിളി 
എനിക്കുള്ളില്‍  പറക്കാന്‍  ശ്രമിച്ചു .

എനിക്കൊപ്പം  ആ  ചിത്രം 
സൂക്ഷിക്കാന്‍  ഞാന്‍ ആഗ്രഹിച്ചു ; 
ചിലര്‍ അതെന്റെ  ഇഷ്ടഭക്ഷണം 
ആണെന്ന്  തെറ്റിദ്ധരിച്ചു .
ചിലര്‍ക്ക് അതൊരു  
വായാടിത്തമായി  അനുഭവപ്പെട്ടു .

ഞങ്ങളൊന്നിച്ച് വീണ്ടുമൊരിക്കല്‍  
കടല്‍ തീരത്തിരുന്നു ;
ഞാനെന്‍റെ  കാഴ്ചയുടെ  പാതിയും  
ചിത്രകാരന്‍ ശ്വാസത്തിന്റെ  പാതിയും  
  മത്സ്യത്തിന്  നല്‍കി .

അതൊരിക്കലും കടലിലേക്കു
മടങ്ങിപ്പോയില്ല ,
ലോകത്തെ  മുഴുവന്‍  
ആവാഹിച്ച  സ്നേഹവും 
ഒരു  ജീവനു വേണ്ട  കാഴ്ചയും 
തനിക്കു  ലഭിച്ചെന്നു  പറഞ്ഞ്
ചരിത്രത്തിന്റെ  താളുകളില്‍  
ചെതുമ്പലുകള്‍  കൊണ്ട്
ഒരു  ചിത്രശലഭത്തെ  ഒട്ടിച്ചു ചേര്‍ത്തു 





2016, ഏപ്രിൽ 20, ബുധനാഴ്‌ച

പൂവ്‌

പൂവെന്നു കരുതി എന്നെ നെഞ്ചോടു ചേർത്തുവയ്ക്കരുത്‌
ഹൃദയത്തിലേക്കു വേരിറങ്ങിയാൽ
പിഴുതുമാറ്റുവാനാകില്ല
മുഖത്തു വിരിഞ്ഞുനിന്നാൽ
എന്റെ അഭാവത്തിൽ നിന്ന് നിങ്ങൾക്കു
പിരിഞ്ഞു നിൽക്കുവാനുമാകില്ല.

കാട്ടുപൂവെന്നു കരുതി
വീട്ടുമുറ്റത്തു നിന്നു
പറിച്ചു നീക്കരുത്‌
പേരറിയാത്തൊരു പൂവിനെ തേടി
യാത്ര ചെയ്യേണ്ടിവരും

ഓർക്കാതെയും മറക്കാതെയുമിരിക്കാൻ
വാതിൽ ചുവരിനഭിമുഖമായി
ഒരു ചിത്രമായി തൂക്കിയിട്ടേക്കൂ,

വരുന്നവരാരെങ്കിലും
ചോദിക്കുമ്പൊാൾ
ഓർമ്മിക്കുകയും
അല്ലാത്തപ്പോൾ
മറന്നു വയ്ക്കുകയും ആവാമല്ലൊ

അങ്ങനെയല്ലാതെ നിങ്ങൾക്കൊന്നും
ചെയ്യാനാവില്ല
എനിക്കുമൊന്നും ചെയ്യാനില്ല

2016, ഏപ്രിൽ 16, ശനിയാഴ്‌ച

ഞാനും നിങ്ങളും

നിങ്ങൾ പണത്തെ കാണുന്നു
ഞാൻ അതു സ്നേഹമായി എണ്ണുന്നു

നിങ്ങൾ സമയം ചിലവഴിക്കുന്നു
എനിക്കതും സ്നേഹമാകുന്നു

നിങ്ങൾക്ക്‌ ഓർമ്മകൾ ഭാരമാകുന്നു
ഞാനതിൽ സ്നേഹം കണ്ടെത്തുന്നു

നിങ്ങൾ വാക്കുകളെ വ്യാഖ്യാനിക്കുന്നു
ഞാൻ സ്വരങ്ങളിൽ സ്നേഹം അറിയുന്നു

നിങ്ങൾ പുറത്തേക്കു പോകുന്നു
ഞാൻ അകത്തുണ്ടെന്നു മറന്നു പോകുന്നു
ഞാൻ നിങ്ങളെ ചുമന്ന് അലഞ്ഞുതിരിയുന്നു

നിങ്ങൾ മൗനമാകുന്നു
ഞാനൊരു കടലോളം സ്നേഹരാഹിത്യം അനുഭവിച്ച്‌ആരും കണ്ടെത്താത്ത
ഒരു വൻ കരയായി അവശേഷിക്കുന്നു

2016, ഏപ്രിൽ 12, ചൊവ്വാഴ്ച

അഞ്ചിതളുള്ള പൂവ്‌

അഞ്ചിതളുള്ള പൂവ്‌

നമുക്കിടയിൽ  വിരിഞ്ഞ അഞ്ചിതൾ
പൂവിനെക്കുറിച്ച്‌;

ഒരിതൾ പുരാതനകവാടങ്ങളുടെ മുഖം; സിംഹമുദ്ര.
ധൈര്യത്തിന്റെ അനശ്വര
കൊത്തുപണികളിൽ സംരക്ഷണചിഹ്നങ്ങൾ,
ജീവിതത്തിലേക്കു നടക്കാൻ അവ പറയുന്നു

ഇനിയൊന്നു  ഒരു കുമ്പിൾ തെളിനീരിന്റെ
ഓളങ്ങൾ ഇളകുന്നത്‌; ദാഹശമിനി,
കടലോളം ആശ്ലേഷിക്കുകയും
മഴത്തുള്ളിയോളം പ്രാണനെ
നനയ്ക്കുകയും ചെയ്ത്‌ ചലനാത്മകമാകാൻ
അനുവദിക്കുന്നു

അടുത്തയിതൾ ഋതുക്കളുടെ വിരലിൽ
ഇട്ട സമ്മാനം; പച്ചമോതിരം
വസന്തമെന്നോ ഗ്രീഷ്മമെന്നോയില്ലാതെ
വിത്തുകളെ കിരീടം ചൂടിക്കുന്ന
  അത്ഭുത സ്പർശ്ശനം,
വളരാൻ വിളിച്ചുകൊണ്ടേയിരിക്കുന്നു

നാലാമിതൾ ആദിരൂപങ്ങളിലേക്കുള്ള
വിളി; വേരുകൾ
അവനവനിൽ നിറഞ്ഞിരിക്കുന്ന
ആഗ്നേയ സത്യങ്ങളുടെ
പ്രത്യക്ഷീകരണത്തിലേക്കു
അനന്തസ്വാതന്ത്ര്യത്തോടെ
വാതിൽ തുറന്നുപോകുന്നു

ഒടുവിലെയിതൾ അതിസൂക്ഷ്മമായി
മിടിക്കുന്നത്‌;നിശബ്ദത
നഗരമോ വനഹൃദയമൊ
വേർത്തിരിക്കാതെ കിളികൾ
പറന്നടുത്തു വരുന്ന
സ്നേഹത്തിന്റെ ഏകദർശ്ശനം,
യാത്രകളായ്‌ ആരംഭിക്കുന്നു
 
 ഈ പൂവ്‌ വിരിയുമ്പോൾ
ഒരു ലിഖിതങ്ങളും തെളിഞ്ഞിരുന്നില്ല.
നീയുദിക്കുമ്പോൾ മാത്രമാണവ കാണാനാവുക;
ജീവിക്കാനുംസ്നേഹിക്കാനും പ്രേരിപ്പിക്കുന്ന എന്തിന്റെയും പേരിട്ട്‌  ഞാനതിനെ വിളിക്കുന്നു

.

2016, ഏപ്രിൽ 10, ഞായറാഴ്‌ച

ഭൂപടങ്ങളിലില്ലാത്തവർ

എല്ലാ ഭൂപടങ്ങളിലും
എല്ലാവരും അടയാളപ്പെടില്ല
ചിലരുടെ വഴികൾ
നടന്നു തേഞ്ഞു പോയിട്ടുണ്ടാവും

ചില അടയാളങ്ങൾ
ചിതലരിച്ചതാവും
ചില മുള്ളുകൾ
മുറിവുകൾക്കൊപ്പം വളർന്ന്
മുഴച്ചു നിന്നേക്കാം

ഓരോ ലോകത്തിനും
ഓരോ  ഓരോ ആകൃതിയാവും
ഒരേ അളവുകൾ എല്ലാത്തിനും
പാകമാകാത്തതു പോലെ
ചിലരെ നമ്മുടെ ഭൂപടങ്ങളിലും
ഒതുക്കാനാവില്ല

ഭൂമി കുടിക്കുന്നത്‌
കിണറുകളിലെ ജലമല്ലല്ലൊ
വെറുതെ പെയ്തുപോകുന്നവരെയല്ലേ??

2016, ഏപ്രിൽ 4, തിങ്കളാഴ്‌ച

പേരുകൾ

അഴിയുകയാണുടൽ,
ഉടയാടകളഴലുകൾ,
ഉമിനീരുവിക്കിയ വാക്കുകൾ,
വിതുമ്പിനിന്ന
വിറയാർന്ന നോവുകൾ
നീറ്റുമോർമ്മകൾ,
നാളെയുടെ ദൂരങ്ങൾ,

നിനക്കിരുപേരുകൾ,
പ്രണയമല്ലെങ്കിൽ മരണം

ഇലപ്പച്ച,
പുഴുനൂൽ,
നനവു മൂടുമിടവഴികളിലെ
കിളിപ്പേച്ചുകൾ
എന്നിലൊഴുകുന്ന നദി ,
ഉദയസൂര്യന്റെയൊരു കിരണം
ഇത്രമതിയിനി
എനിക്കെന്റെ പ്രണയമേ,

നീ പേരു മാറ്റും മുൻപെഴുതുക,
ഞങ്ങളൊന്നിച്ചിരുന്നൂതിയൊരുക്കിയ
വസന്തത്തിന്റെ മൂക്കുത്തി,
ഒന്നിച്ചു പാടിയ പച്ചയുടെ പാട്ട്‌,
ഇരുട്ടിന്റെ പുതപ്പ്‌,
ഇല്ലായ്മയുടെ ലാവണ്യം,
മറന്നുപോയ വിശപ്പ്‌,
നഷ്ടമായ ഭാഷ,
കലർപ്പില്ലാത്തയൊരു  തേൻ തുള്ളി