2015, ഏപ്രിൽ 19, ഞായറാഴ്‌ച

ശൂന്യത


ശൂന്യതയൊരളവാണ്,
ഒന്നുമില്ലാത്തതിന്റെ 
ആര്‍ഭാടത്തെയളക്കുന്ന
വളഞ്ഞു പോയോരളവ്

ശൂന്യതയൊരടയാളമാണ്
അകത്തുനിന്നും 
പുറത്തു നിന്നും
കൈമാറ്റങ്ങളില്ലെന്നു
 ഓര്‍മിപ്പിക്കുന്ന 
ചുറ്റടയാളം 

ശൂന്യതയൊരക്കമാണ് 
കൂട്ടിയാലും  കുറച്ചാലും 
കൂടെ നില്‍ക്കുന്നതിനു 
സ്ഥിരത നല്‍കുന്ന 
എണ്ണത്തില്‍ പെടാത്തയക്കം

ശൂന്യതയൊരു  വാക്കാണ് 
പറഞ്ഞതിനും 
പറയാത്തതിനുമപ്പുറം
''പൂജ്യ'' മായിപ്പോയ 
വികാരങ്ങളുടെ 
മാപ്പെഴുതിയ വാക്ക് 

2015, ഏപ്രിൽ 18, ശനിയാഴ്‌ച

അഞ്ജലി .


കാവ്യകവചങ്ങളില്‍
കനല്‍ക്കയര്‍
ചുട്ടെടുത്തുത്തരീയം ചുറ്റി
ചിതല്‍പ്പുറ്റുകുത്തി
വാക്കുലഞ്ഞെത്തി
ബാഷ്പ ബിന്ദുക്കളില്‍
ചകിതരേണുക്കളായ്
ചിരമാല്യമണിയുന്ന കവിതേ,
അഞ്ജലി ,കാവ്യാഞ്ജലി ...!!

സുതാര്യവൃക്ഷം


എന്‍റെ വാക്കുകളിലൂടെ സുതാര്യമായൊരു  
വൃക്ഷത്തെ നിങ്ങള്‍ക്ക് 
സങ്കല്പിക്കാമെങ്കില്‍,

ഞരമ്പുരേഖകള്‍ പോലെയുള്ള 
ഇലകള്‍ക്കിടയില്‍ നിന്നും 
അനാഥമായൊരു
കിളിപ്പാട്ടും കേള്‍ക്കേണ്ടി വരും .

ഉറുമ്പുകള്‍ പ്രതിച്ഛായ കണ്ടു  പതറും 
ചിതലുകള്‍ ചിതറിയോടും 
അസ്ഥിപോലെ നേര്‍ത്തുപോകുന്ന 
ചില്ലകളില്‍ കടന്നല്‍ക്കൂട് കൂട്ടം വിട്ടു  നില്‍ക്കും 

അറിവുകൊണ്ട്‌ കനപ്പെട്ടുപോയവര്‍ക്കും  
അലോസരങ്ങളാല്‍  കറുത്തു പോയവര്‍ക്കും വ്യഗ്രതയുടെ  വ്യാപാരങ്ങളില്‍
 വീണു പോയവര്‍ക്കുമിടയില്‍ 

തായ്ത്തടിയിലേക്ക്
ചേര്‍ന്നു നില്ക്കാന്‍  കൊതിക്കുന്നയെനിക്ക് 
ഈ  വൃക്ഷസുതാര്യതയുടെ 
ഇലച്ചിലുകള്‍ക്കിടയില്‍ 
അദൃശ്യമായൊരു കൂടു കണ്ടെത്തും  വരെ 
അനാഥമായ പാട്ടായി  ജീവിക്കേണ്ടി വരും 

2015, ഏപ്രിൽ 15, ബുധനാഴ്‌ച

ഒരേ ഭാഷയുടെ ദീര്‍ഘദൂരയാത്രകള്‍


നമുക്കിടയില്‍
മഞ്ഞിന്‍റെ നേര്‍ത്തപാളിയുരുകി
മൗനസാന്ത്വനമുണരുമ്പോള്‍
നിനക്കൊപ്പം നടക്കാന്‍
തണുത്ത കാറ്റത്ത്‌
ഞാന്‍ വരും .

വഴിപോക്കരുടെ
മുറിവായകള്‍
സ്വന്തം ഞരമ്പിട്ടു കൂട്ടിത്തുന്നി
വലിയൊരു മുറിവായ നിന്നില്‍
ഞാനൊരിലമുളച്ചിയായ്,
മുറിവുണക്കിയായ് തളിര്‍ക്കും
നീയിടം കണ്ടെത്തുന്ന
കാടിന്‍റെ മാറിടങ്ങളില്‍
കാട്ടുപൂക്കളായ് ഞാന്‍ തേന്‍ ചുരത്തും
നീ കേട്ടിരിക്കുന്ന
പ്രണയഗാനങ്ങളില്‍
പ്രാണരാഗമായിരിക്കും ഞാന്‍
തീ തുപ്പുന്ന വാക്കുകളെ
മാറ്റി നിര്‍ത്തി
നാം ഒരേ മഴയുടെ
ഇരുകൈകളില്‍ കുട്ടികളായി
തൂങ്ങി നടക്കും
എനിക്കു മാത്രമറിയാവുന്ന
നിന്‍റെ ഭാഷയെ
ഞാനുള്ളില്‍ കൊത്തിവയ്ക്കും ..
അതിന്റെ പുത്തന്‍ ലിപികളാല്‍
കാടിനും കടലിനുമിടയില്‍
നാം ദീര്‍ഘദൂരയാത്രകളെ അടയാളപ്പെടുത്തും

സ്വപ്നത്തെയുണര്‍ത്താതെ


മഴയത്തിറങ്ങി നടക്കുന്നോരാളെ
സ്വപ്നം കാണുമ്പോള്‍ 
ഞാനേതോ  ഉറക്കത്തിലായിരുന്നു ,

ഓരോ  ചോദ്യങ്ങള്‍ക്കുമൊടുവില്‍
അയാള്‍  വീണ്ടുമോരോ  മഴ  നനഞ്ഞു ,


പിഞ്ഞിയ നിറങ്ങളില്‍ 
പകലുരുളുമ്പോള്‍ 
ഉത്തരങ്ങളില്ലാതെ 
വേനലും  ഞാനും 
പകച്ചുറങ്ങുന്നു ..!!


വര്‍ണശബളമായൊരു  
വര്‍ഷകാലത്തിന്‍റെ മടിയില്‍ 
 ഒരു  പൂമ്പാറ്റയായി  
ഞാനുണരും,

മഴനനയുന്ന  എന്‍റെ  സ്വപ്നത്തെയുണര്‍ത്താതെ....!!

2015, ഏപ്രിൽ 12, ഞായറാഴ്‌ച

നിറമില്ലാത്ത മഴവില്ലുകള്‍


ശബ്ദകോശങ്ങള്‍  പെരുകി 
ജീവന്റെ മര്‍മ്മസ്തരം ഭേദിച്ചു
എന്നെ  വിഭജിച്ചുകൊണ്ടിരിക്കുന്നു 

ഓരോ  കാല്‍വയ്പിലും 
മണ്‍തരികളുടെ  ഹൃദയമിടിപ്പുകള്‍
തുടിക്കുന്നതറിഞ്ഞു 
കൈരേഖയുടെ  നേര്‍ത്ത പാടുകളില്‍  
ജീവിതത്തിന്റെ  തിരിവുകള്‍ 
നിശ്ചലമാകുമ്പോള്‍ 

ഒരു  നിമിഷനേരത്തിന്റെ  
നിശബ്ദതയില്‍ നിന്നു കേള്‍ക്കുന്ന 
ആയിരത്തൊന്നു  രാവുകളില്‍ നിന്നു 

നിറങ്ങളില്ലാത്ത മഴവില്ലുകള്‍ 
നിശ്ചയിക്കപ്പെട്ടയാവൃതികളുടെ 
ആകാരങ്ങളില്‍  നിന്നു 
അനന്തതഭംഗിയിലേക്കു വളയുന്നു  

കണ്ണിന്റെ  കറുപ്പില്‍  
കലരുന്ന  നിറങ്ങളുരുകി 
കണ്ണിന്റെ  വെളുപ്പിനെ 
കഴുകുന്നു 
.എന്‍റെ  കാഴ്ചകള്‍  തെളിയുന്നു 

2015, ഏപ്രിൽ 11, ശനിയാഴ്‌ച

ചുവന്ന നഗരം


പൊട്ടു തൊട്ടു 
പട്ടു  ചുറ്റിയ
അമ്മന്‍ കല്ലുകള്‍  
ചുവന്ന  പൊട്ടും  
ചുവന്ന പട്ടുമുള്ള
അമ്മ നഗരം 

നീയൊരു  ഗ്രാമത്തിന്റെ 
ഹൃദയച്ചുവപ്പാകുമ്പോള്‍  
ആലുകള്‍ ആടയണിഞ്ഞു തുള്ളുന്നു  
ആഗ്നേയാക്ഷികളില്‍ 
അമ്മയുലകം  നിറയുന്നു 

2015, ഏപ്രിൽ 10, വെള്ളിയാഴ്‌ച

മരണലേഖനങ്ങള്‍


മരണമൊഴി മുറിഞ്ഞൊഴുകുന്ന
പുഴകളില്‍
മിഴികള്‍ വായുവിലെഴുതിയ 
അദൃശ്യവിസ്മയപ്രവാഹങ്ങളുണ്ട്
നിറഞ്ഞ കണ്ണുനീര്‍ത്തുള്ളികളില്‍
വിശ്വാസവൃക്ഷങ്ങള്‍
തളിരില നീട്ടിയെത്തുന്നുമുണ്ട്
സ്ഥലകാലദേശത്തിന്‍റെയതിരുകള്‍ക്കപ്പുറം
മരണത്തിന്‍റെ മൗനലേഖനങ്ങളില്‍
എല്ലാ മുഖങ്ങള്‍ക്കുമൊരേച്ഛായ തന്നെ
സ്നേഹത്തിന്‍റെയവസാന പത്രികയിലെ
ചില്ലക്ഷരങ്ങളുടെ ചിലമ്പലുകള്‍ക്കൊരേ താളവും ...!!!