2014, മേയ് 19, തിങ്കളാഴ്‌ച

പ്രാര്‍ത്ഥന



കാട്ടുമുല്ലയിറുത്തു കെട്ടിയ
കാനനഗന്ധിയായ മാലയൊരിക്കലും
ചാര്‍ത്തപ്പെടുന്നില്ല..!!
നീ  അനന്തശയനത്തിലാണ്
ഞാനോ  കറുത്ത് കുറിയ മലങ്കുറത്തിയും .

നീയുണരാന്‍ കാത്തുറങ്ങിപ്പോയയെന്റെ
കൈകള്‍ കൊഴിഞ്ഞു മണ്ണില്‍ വീണു
മുല്ലവല്ലികള്‍ കിളിര്‍ത്തു..!!
കണ്ണുകള്‍  കാഴ്ച്ചയോടെ കാറ്റെടുത്ത്
അരയാലിലകളില്‍ തളിച്ചു
 യുഗങ്ങളോളം തപസിലാണ്ടുടല്‍
ഔഷധങ്ങളായ് പൂത്തു
ആത്മാവ് നിന്നിലുടക്കി
കാനനശിഖരങ്ങളിലലഞ്ഞു

അഴിച്ചുവിട്ട യാഗാശ്വത്തെപ്പോലെയരുണന്‍
കിഴക്കും പടിഞ്ഞാറും പാഞ്ഞു .
പുസ്തകങ്ങള്‍ കുടഞ്ഞ്
അക്ഷരങ്ങള്‍ പെറുക്കി
ഞാനിന്നും മാല കോര്‍ക്കുന്നു .
എനിക്കതണിയാനാവുന്നില്ല
നിനക്കു ചാര്‍ത്താനുമാവുന്നില്ല ..!!
എന്റെയത്മാവിന്നും മുക്തമല്ല ...!!
 ഞാനൊരു സാലഭന്ജികയാവും മുന്‍പേ
മോക്ഷ മൂര്‍ത്തീ
ഒരു മാത്ര മിഴികള്‍ തുറക്കൂ ...!!!
വാതായനങ്ങള്‍  തകര്‍ന്നു
എന്നില്‍ നിന്നുമീ  തമസകലട്ടെ ...!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ