2014, മേയ് 14, ബുധനാഴ്‌ച

51മഴയും ഒരു മുറിവും


അല്ലെങ്കിലെന്തിന്നുദിക്കാതിരിക്കുകില്‍
കുട്ടിത്തം മാറാത്തയര്‍ക്കന്റെ
കണ്ണുകള്‍ ക്രൂരമീ കാഴ്ച്ചയെ
മുത്തി മുകരാതിരുന്നേനെ......!!
മൂര്‍ദ്ധാവിലുമ്മയാലുണരേണ്ട
ഭൂമിതന്‍ കാവലാള്‍
വറ്റിയുണങ്ങി വെറും
കട്ടച്ചോരയായ് ....!!
മാങ്കൊമ്പുകളിലകള്‍ വാടി
വേരില്‍ പടരുന്നു
നിണം ചേര്‍ന്ന
ദാഹാര്‍ദ്ര ബിന്ദുക്കള്‍ ....!!
ഈ നോവു പേറിയാ
ചില്ലകള്‍ പൂവിടും ..
കായ്ച്ചു കനിയാകും
കയ്പുനീര്‍തുള്ളികള്‍ .
മാമ്പഴചാറിലീ
ചോരയീമ്പികുടിക്കും
നാമുമരുമ സന്താനങ്ങളും ...!!
ആഗ്നേയരഥാഗതന്‍
മുഖം മറയ്ക്കുന്നു ...!!
കഴുകുവിന്‍ ധര മേഘങ്ങളേ
ധാര ധാരയായോഴുകുവിന്‍
ധരണിയില്‍ ...!!
അല്ലെങ്കിലീരക്തക്കറ തന്‍
ഗന്ധം സഹിയാഞ്ഞു
തല കുടഞ്ഞീടാമതു
ധരിത്രി തന്‍ ചലനമായ് ,
ചാലകവേഗമായ്‌ തീരാം
പറിച്ചെറിഞ്ഞീടാമവള്‍
മാറില്‍പറ്റിച്ചേര്‍ന്നുറങ്ങും
കിടാങ്ങളാം നമ്മളെ
വ്യഥിതമാം വയോധിക
കരങ്ങളാലൂഴി തന്‍
മുഖമുഴിഞ്ഞാര്‍ത്തനായ്
ആഴിയില്‍ മുങ്ങുന്നു മൂകനായര്‍ക്കന്‍
മഴ കരയുന്നു ,കഴുകുന്നു;
കത്തിയ കാഴ്ചയെ
സപ്ത സ്വരങ്ങളെ ......
ധീരതകൊത്തി മിനുക്കിയ
സപ്ത നാഡീവ്യൂഹങ്ങളെ....!!
മഴയോഴുകുന്നു
പുഴ കലങ്ങുന്നു
കടല്‍ ചുവക്കുന്നു ...!!
അമ്മേയമ്പത്തിയോന്നാണ -
ക്ഷരങ്ങള്‍ ;
മകള്‍ പഠിക്കുന്നു ...
അവളേതു മുറിവു
തുന്നുന്നുവെന്നു ഞാനെത്തി നോക്കുമ്പോ-
ളെന്‍ മുന്‍പില്‍
അന്‍പത്തിയൊന്നു മഴകള്‍
ചുവന്നു പെയ്യുന്നു ...!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ