2014, മേയ് 17, ശനിയാഴ്‌ച

പര്യായങ്ങള്‍


പാഠപുസ്തകത്താളിന്റെ-
യൊക്കത്തെ 
ശബ്ദതാരാവലിയെത്തി നോക്കുന്നു 
ഏട്ടിന്നുമപ്പുറം, ആണ്ടുകള്‍ക്കിപ്പുറം ..!!

പദങ്ങള്‍ക്കു മാത്രമേ 
പര്യായമുള്ളുവോ? 
പകരം പെറുക്കിയടുക്കി
വയ്ക്കുവാനീയൊച്ചകള്‍ മാത്രമോ ?

സാഗരസാരാംശമല്ലെയീ
മത്സ്യമാമകള്‍,
പഞ്ചസാരമണല്‍, തിരകള്‍
മുത്തുകള്‍ പവിഴപ്പുറ്റുകള്‍
ചെവിയോടു ചേര്‍ത്തു
ശ്രവിക്കുമീ ശംഖുകള്‍ ..

ചിതറിയ ചെറുകണ്ണാടിത്തുണ്ടുകള്‍
പോലല്ലീ കാണ്മൂ നാം സൂര്യനെ ,
സൂര്യകാന്തി തന്‍ മഞ്ഞയിതള്‍കളില്‍
മാമരപച്ചയിലകളില്‍
വാകതന്‍ ചോന്ന പൂക്കളില്‍ ..!!!

അമ്മയെ
രുചിക്കുന്നുയമ്മിഞ്ഞ
പാലിന്‍റെമധുരമാം സ്മരണയില്‍
കണ്ണുനീരിന്റെയുപ്പില്‍
മഴയൊപ്പിയുണക്കുമൊരീറന്‍
മുണ്ടിന്‍റെ കോന്തലയില്‍ ,
എങ്ങോ പൊടിക്കുമാര്‍ദ്രമാം
വാക്കിന്‍റെ ,നോക്കിന്റെയുടല്‍ രൂപങ്ങളില്‍ ...!!

അച്ഛനെയറിയുന്നു
ദൂരേയ്ക്കു നീളും
വഴിവക്കിലെ മരത്തണലിന്‍ തണുപ്പില്‍
ഏതോ വിദൂരനഗരിനീട്ടുന്ന
പലഹാരപ്പൊതിയില്‍
വിരല്‍കളാല്‍
മുടിയിഴയൊതുക്കുന്ന
സ്നിഗ്ദ്ധമാം സ്വപ്നം
മുറിക്കുന്നയുറക്കച്ചൂടിന്‍റെ കണ്‍കളില്‍ ..

പക്ഷിചിറകിന്റെയലകള്‍
തുറക്കുമീയാകാശത്തെ ...
കാറ്റിന്റെ നേര്‍ത്ത മര്‍മരങ്ങള്‍
തൊട്ടുണര്‍ത്തുന്ന ഇലയനക്കങ്ങളെ ...
പാതിയില്‍ പെയ്തു തോരുന്ന മഴയെ ...
തിങ്കളിന്‍ കലയാം കളങ്കത്തെ ...
മൗനം പുണരുമീയേകാന്തയാനത്തെ ..
കാലമേകിയ കവിതയാം ധ്യാനത്തെ
നിന്‍റെ പര്യായമല്ലാതെയെന്തെന്നോതുമിന്നു ഞാന്‍ !!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ