2014, മേയ് 28, ബുധനാഴ്‌ച

മുട്ടകള്‍


എനിക്കുള്ളില്‍
മൗനം കൂടുകൂട്ടി
മുട്ടയിട്ടത് ഞാനറിഞ്ഞത്
കലഹിച്ചുകൊണ്ടേയിരുന്നപ്പോഴാണ് ...!!
അവയുമായി
ഞാനൊളിച്ചോടി ..!!
വെന്ത മനസിന്‍റെ
ചൂടുപറ്റി ഒന്നില്‍ നിന്നും
ഏകാന്തത വിരിഞ്ഞു ....!!
മരവിച്ച വികാരങ്ങളുടെ
വിള്ളലുകളില്‍ വീണു ..!!
ഇനിയൊന്നില്‍ നിന്നും
പക്വത വിരിഞ്ഞു ...!!
വിരിയാത്ത ഒരു മുട്ടയുമായി
ഞാനലയുകയാണ് ....!!
ചൂടോ തണുപ്പോ
നല്കാതെ ...!!
പ്രണയത്തെ ,
നഷ്ടത്തെ ,
അമര്‍ഷത്തെ
കൈയെഴുത്തുപ്രതികളില്‍
ഉരിഞ്ഞുവയ്ക്കും വരെ ..
ഞാനുമീഉറങ്ങുന്ന ജീവനും
ഉണരില്ല , വിരിയില്ല ...!!

2014, മേയ് 27, ചൊവ്വാഴ്ച

കുത്തിക്കെട്ടാത്ത കവിതകള്‍


കുത്തിക്കെട്ടാത്ത കവിതകള്‍
നിറം മങ്ങി
ചിതറിക്കിടക്കുന്ന കലവറ ..!!

ഒരിക്കല്‍ പ്രവേശിച്ച
കാറ്റുപോലും
അവിടെ നിന്നു മടങ്ങിയിട്ടില്ല ..!!

അതിന്‍റെയാഗ്നേയ ഗന്ധത്തെ
ഞാന്‍ ഓക്സിജന്‍ പോലെ
ശ്വസിക്കുന്നു ...!!
എന്നെതന്നെ കാര്‍ബണ്‍ ഡൈ ഓക്സൈഡായി
ഉച്ച്വസിക്കുന്നു ...!!

ആദ്യത്തെ  വരി
തിരഞ്ഞ്
അവസാനവാക്കില്‍
എത്തിപ്പെടുമ്പോള്‍
എന്നിലേക്ക്‌
ഒരു  റാന്തല്‍ വിളക്കും തൂക്കി
നീ  കയറി  വരുന്നു
നാമൊരു കലവറയാകുന്നു...
കുത്തിക്കെട്ടാത്ത കവിതകളായി
കടല്‍ കടന്നു   പറന്നു പോകുന്നു  ..!!

2014, മേയ് 23, വെള്ളിയാഴ്‌ച

കുതിരയും വാളും


യോദ്ധാവിനു
കുതിരയും വാളും പോലെയാണ് 
കവിക്കു 
പ്രണയവും സ്വാതന്ത്ര്യവും...!!


സ്വപ്നച്ചിറകില്‍
രഥവേഗമണിഞ്ഞു ..
വരികളില്‍
സ്വയംബലി നല്‍കി


ഹൃദയവ്യഥകളില്‍ നിന്ന്
സുഗന്ധമുതിര്‍ത്ത് ..!!
പ്രണയത്തില്‍ നിന്ന്
പരിമളം പരത്തി ..!
കവിയൊരു
കവിതയാകുമ്പോള്‍

യോദ്ധാവിനു
കുതിരയും വാളും പോലെയാണ്
കവിക്കു
പ്രണയവും സ്വാതന്ത്ര്യവും...!!

2014, മേയ് 22, വ്യാഴാഴ്‌ച

കുറിപ്പ്


കാലമൊരിക്കല്‍ ആമാടപ്പെട്ടി തുറന്ന്
അണിയാത്ത ആഭരണങ്ങളെക്കുറിച്ച് 
പൌരാണിക അലങ്കാരങ്ങളെന്നു 
അഭിമാനത്തോടെ പറയും ..!!

അവയുടെ നിറങ്ങള്‍ 
അലൌകികദീപ്തി ചൊരിയും...!!
ഓരോ മുത്തിലും 
ഒരു മിത്ത് ഒളിച്ചിരിപ്പുണ്ടാവും ..!!

ഒരു ഹൃദയത്തിലും കയറാതെ
ചെവികളിലൊന്നും മുഴങ്ങാതെ
കളഞ്ഞുപോയയെന്റെ വാക്കുകളും
അവയിലുണ്ടാവും ..!!

അതുകൊണ്ട് മാത്രമാണ്
പഠിച്ചത് മാത്രം പാടുന്ന
ഓര്‍മകളെ എഴുത്തിനിരുത്താതെ ..
സ്വപ്നം കാണുന്നതിനെക്കുറിച്ചെഴുതാതെ ..!!
സ്വപ്‌നങ്ങളെ സ്വപ്ങ്ങളായി തന്നെ
ഞാന്‍ കുറിക്കുന്നത് ..!!

2014, മേയ് 19, തിങ്കളാഴ്‌ച

പ്രാര്‍ത്ഥന



കാട്ടുമുല്ലയിറുത്തു കെട്ടിയ
കാനനഗന്ധിയായ മാലയൊരിക്കലും
ചാര്‍ത്തപ്പെടുന്നില്ല..!!
നീ  അനന്തശയനത്തിലാണ്
ഞാനോ  കറുത്ത് കുറിയ മലങ്കുറത്തിയും .

നീയുണരാന്‍ കാത്തുറങ്ങിപ്പോയയെന്റെ
കൈകള്‍ കൊഴിഞ്ഞു മണ്ണില്‍ വീണു
മുല്ലവല്ലികള്‍ കിളിര്‍ത്തു..!!
കണ്ണുകള്‍  കാഴ്ച്ചയോടെ കാറ്റെടുത്ത്
അരയാലിലകളില്‍ തളിച്ചു
 യുഗങ്ങളോളം തപസിലാണ്ടുടല്‍
ഔഷധങ്ങളായ് പൂത്തു
ആത്മാവ് നിന്നിലുടക്കി
കാനനശിഖരങ്ങളിലലഞ്ഞു

അഴിച്ചുവിട്ട യാഗാശ്വത്തെപ്പോലെയരുണന്‍
കിഴക്കും പടിഞ്ഞാറും പാഞ്ഞു .
പുസ്തകങ്ങള്‍ കുടഞ്ഞ്
അക്ഷരങ്ങള്‍ പെറുക്കി
ഞാനിന്നും മാല കോര്‍ക്കുന്നു .
എനിക്കതണിയാനാവുന്നില്ല
നിനക്കു ചാര്‍ത്താനുമാവുന്നില്ല ..!!
എന്റെയത്മാവിന്നും മുക്തമല്ല ...!!
 ഞാനൊരു സാലഭന്ജികയാവും മുന്‍പേ
മോക്ഷ മൂര്‍ത്തീ
ഒരു മാത്ര മിഴികള്‍ തുറക്കൂ ...!!!
വാതായനങ്ങള്‍  തകര്‍ന്നു
എന്നില്‍ നിന്നുമീ  തമസകലട്ടെ ...!!!

2014, മേയ് 17, ശനിയാഴ്‌ച

പര്യായങ്ങള്‍


പാഠപുസ്തകത്താളിന്റെ-
യൊക്കത്തെ 
ശബ്ദതാരാവലിയെത്തി നോക്കുന്നു 
ഏട്ടിന്നുമപ്പുറം, ആണ്ടുകള്‍ക്കിപ്പുറം ..!!

പദങ്ങള്‍ക്കു മാത്രമേ 
പര്യായമുള്ളുവോ? 
പകരം പെറുക്കിയടുക്കി
വയ്ക്കുവാനീയൊച്ചകള്‍ മാത്രമോ ?

സാഗരസാരാംശമല്ലെയീ
മത്സ്യമാമകള്‍,
പഞ്ചസാരമണല്‍, തിരകള്‍
മുത്തുകള്‍ പവിഴപ്പുറ്റുകള്‍
ചെവിയോടു ചേര്‍ത്തു
ശ്രവിക്കുമീ ശംഖുകള്‍ ..

ചിതറിയ ചെറുകണ്ണാടിത്തുണ്ടുകള്‍
പോലല്ലീ കാണ്മൂ നാം സൂര്യനെ ,
സൂര്യകാന്തി തന്‍ മഞ്ഞയിതള്‍കളില്‍
മാമരപച്ചയിലകളില്‍
വാകതന്‍ ചോന്ന പൂക്കളില്‍ ..!!!

അമ്മയെ
രുചിക്കുന്നുയമ്മിഞ്ഞ
പാലിന്‍റെമധുരമാം സ്മരണയില്‍
കണ്ണുനീരിന്റെയുപ്പില്‍
മഴയൊപ്പിയുണക്കുമൊരീറന്‍
മുണ്ടിന്‍റെ കോന്തലയില്‍ ,
എങ്ങോ പൊടിക്കുമാര്‍ദ്രമാം
വാക്കിന്‍റെ ,നോക്കിന്റെയുടല്‍ രൂപങ്ങളില്‍ ...!!

അച്ഛനെയറിയുന്നു
ദൂരേയ്ക്കു നീളും
വഴിവക്കിലെ മരത്തണലിന്‍ തണുപ്പില്‍
ഏതോ വിദൂരനഗരിനീട്ടുന്ന
പലഹാരപ്പൊതിയില്‍
വിരല്‍കളാല്‍
മുടിയിഴയൊതുക്കുന്ന
സ്നിഗ്ദ്ധമാം സ്വപ്നം
മുറിക്കുന്നയുറക്കച്ചൂടിന്‍റെ കണ്‍കളില്‍ ..

പക്ഷിചിറകിന്റെയലകള്‍
തുറക്കുമീയാകാശത്തെ ...
കാറ്റിന്റെ നേര്‍ത്ത മര്‍മരങ്ങള്‍
തൊട്ടുണര്‍ത്തുന്ന ഇലയനക്കങ്ങളെ ...
പാതിയില്‍ പെയ്തു തോരുന്ന മഴയെ ...
തിങ്കളിന്‍ കലയാം കളങ്കത്തെ ...
മൗനം പുണരുമീയേകാന്തയാനത്തെ ..
കാലമേകിയ കവിതയാം ധ്യാനത്തെ
നിന്‍റെ പര്യായമല്ലാതെയെന്തെന്നോതുമിന്നു ഞാന്‍ !!!

2014, മേയ് 14, ബുധനാഴ്‌ച

നിസഹായതയുടെ ഗന്ധം

രണ്ടാത്മാക്കള്‍
വേര്‍പിരിയുന്ന
ഇടുങ്ങിയ
ദിക്കിലാണ്
ആദ്യവുമവസാനവുമായി
നിസഹായത പൂക്കുന്നത് ..!!
പൂത്തു കൊഴിയുമ്പോള്‍
കൃത്യമായും
ഒരടയാളം
ഏതൊരു ഫലത്തിന്റെയും
നടുവിലെന്നത് പോലെ
മായാതെയവശേഷിക്കും ...!!
അവിടെ നിന്നാണ്
ആണെന്നും പെണ്ണെന്നും
വര്‍ഗ്ഗീകരണമാരംഭിക്കുന്നത് ...!
അവനൊരു തവണയും
അവള്‍ പൂക്കുമ്പോഴോക്കെയും
ഈ നിസഹായത
മാതാവും ശിശുവുമായി 
സുഗന്ധം പൊഴിക്കുന്നത് ....
ഞാന്‍ നോക്കി നില്‍ക്കാറുണ്ട് ..!!!

51മഴയും ഒരു മുറിവും


അല്ലെങ്കിലെന്തിന്നുദിക്കാതിരിക്കുകില്‍
കുട്ടിത്തം മാറാത്തയര്‍ക്കന്റെ
കണ്ണുകള്‍ ക്രൂരമീ കാഴ്ച്ചയെ
മുത്തി മുകരാതിരുന്നേനെ......!!
മൂര്‍ദ്ധാവിലുമ്മയാലുണരേണ്ട
ഭൂമിതന്‍ കാവലാള്‍
വറ്റിയുണങ്ങി വെറും
കട്ടച്ചോരയായ് ....!!
മാങ്കൊമ്പുകളിലകള്‍ വാടി
വേരില്‍ പടരുന്നു
നിണം ചേര്‍ന്ന
ദാഹാര്‍ദ്ര ബിന്ദുക്കള്‍ ....!!
ഈ നോവു പേറിയാ
ചില്ലകള്‍ പൂവിടും ..
കായ്ച്ചു കനിയാകും
കയ്പുനീര്‍തുള്ളികള്‍ .
മാമ്പഴചാറിലീ
ചോരയീമ്പികുടിക്കും
നാമുമരുമ സന്താനങ്ങളും ...!!
ആഗ്നേയരഥാഗതന്‍
മുഖം മറയ്ക്കുന്നു ...!!
കഴുകുവിന്‍ ധര മേഘങ്ങളേ
ധാര ധാരയായോഴുകുവിന്‍
ധരണിയില്‍ ...!!
അല്ലെങ്കിലീരക്തക്കറ തന്‍
ഗന്ധം സഹിയാഞ്ഞു
തല കുടഞ്ഞീടാമതു
ധരിത്രി തന്‍ ചലനമായ് ,
ചാലകവേഗമായ്‌ തീരാം
പറിച്ചെറിഞ്ഞീടാമവള്‍
മാറില്‍പറ്റിച്ചേര്‍ന്നുറങ്ങും
കിടാങ്ങളാം നമ്മളെ
വ്യഥിതമാം വയോധിക
കരങ്ങളാലൂഴി തന്‍
മുഖമുഴിഞ്ഞാര്‍ത്തനായ്
ആഴിയില്‍ മുങ്ങുന്നു മൂകനായര്‍ക്കന്‍
മഴ കരയുന്നു ,കഴുകുന്നു;
കത്തിയ കാഴ്ചയെ
സപ്ത സ്വരങ്ങളെ ......
ധീരതകൊത്തി മിനുക്കിയ
സപ്ത നാഡീവ്യൂഹങ്ങളെ....!!
മഴയോഴുകുന്നു
പുഴ കലങ്ങുന്നു
കടല്‍ ചുവക്കുന്നു ...!!
അമ്മേയമ്പത്തിയോന്നാണ -
ക്ഷരങ്ങള്‍ ;
മകള്‍ പഠിക്കുന്നു ...
അവളേതു മുറിവു
തുന്നുന്നുവെന്നു ഞാനെത്തി നോക്കുമ്പോ-
ളെന്‍ മുന്‍പില്‍
അന്‍പത്തിയൊന്നു മഴകള്‍
ചുവന്നു പെയ്യുന്നു ...!!!

2014, മേയ് 13, ചൊവ്വാഴ്ച

പാഠം ;പാടം


കത്തിയമരുന്നു ;
കരിഞ്ഞ പാടവും
ഇടനെഞ്ചിലെന്‍  നെടുവീര്‍പ്പും ...!!

വറ്റുന്നു ;
കണ്ണീരും
തണ്ണീര്‍തടങ്ങളും ..!!

മാസമെത്താതെ
പെറ്റുപോകുന്നു..
മാനത്തു നിന്നെത്തുന്ന മഴയും ,
കിനാക്കളും ...!!


നിറയുന്നു ;
ഓര്‍മ്മപ്പത്തായത്തില്‍
പൂത്ത പാടവും,
കൊയ്ത്തരിവാളും പാട്ടും
കാലമറിഞ്ഞു മാത്രമെത്തി നോക്കുന്ന
കാലവര്‍ഷവും കാറ്റും ...!!

ഉമ്മറക്കോലായില്‍
വെറ്റില ചെല്ലവും പേറി
ഞാനിരിക്കുന്നു
നിഴല്‍ കൂട്ടിനെത്തുന്നു ....!!
നീറുന്ന കരള്‍ കൊത്തിയുള്ളിലെ
ഇരുള്‍ തിന്നു
വളരുന്നു  രാത്രി ..!!

2014, മേയ് 11, ഞായറാഴ്‌ച

തീപ്പെട്ട പ്രണയം


കുറ്റിമുല്ലയുടെ
കന്നിപ്പൂവില്‍
പ്രണയം
തീപ്പെട്ടു കിടന്നു ...!!!
പൂവെന്ന പോലെ
വിടര്‍ന്നയിതളുകള്‍
വെളുത്തു മലച്ചിരുന്നു...!!
ഒരു തേന്‍ തുള്ളിയുള്ളില്‍
മരവിച്ചിരുന്നു ...!!
സുഗന്ധം മാത്രം
എവിടെയോ
നഷ്ടപ്പെട്ടിരുന്നു ...!!!

2014, മേയ് 7, ബുധനാഴ്‌ച

ഇസബെല്‍ ,


കവിതകള്‍ കൊണ്ട് പ്രാര്‍ത്ഥിക്കുന്നു ,
കഥകള്‍ കൊണ്ട് സ്വപ്നം കാണുന്നു 
കണ്ണുകള്‍ കൊണ്ട് സ്നേഹിക്കുന്നു 
ഹൃദയം കൊണ്ട് ചിന്തിക്കുന്നു 
മസ്തിഷ്കം കൊണ്ട് ജീവിക്കുന്നു ...!!

2014, മേയ് 6, ചൊവ്വാഴ്ച

അടിമ


അലകളടങ്ങാത്ത
ഉലകക്കടലിലെ
മഹാനായ നാവികാ ..!!

ജീവിതമെന്ന
പൌരാണിക കപ്പലിന്‍റെ
അടിത്തട്ടില്‍ നിന്ന്
എന്നെ മോചിപ്പിക്കൂ ...!!

അങ്ങയെയെന്നപോലെ
സ്വാതന്ത്ര്യത്തെയും
ഈയടിമ
അഗാധമായി പ്രണയിക്കുന്നു ..!!!!

കടല്‍ത്തിരകള്‍


ആര്‍ത്തലച്ച്,
അലറിക്കുതിച്ച്
ശിലാപാളികളില്‍
പതറിതെറിച്ച്...
അമര്‍ഷരോഷങ്ങളെ
അമര്‍ത്തിത്തുടച്ച്‌,
പിന്‍വാങ്ങുന്നവള്‍
തന്നെയാണ് ;
നുരഞ്ഞുയര്‍ന്നു
പതഞ്ഞലിഞ്ഞു
പാദങ്ങളെ ചുംബിച്ചു
മണലില്‍ വാര്‍ന്നു പോകുന്നതും ....!!