2016, നവംബർ 28, തിങ്കളാഴ്‌ച

ഒരു വഴി

ഭ്രാന്തിന്റെ വക്കിൽ നിന്നു
രണ്ടുപേർ തിരിച്ചുനടക്കുമ്പോൾ
ആത്മഹത്യാമുനമ്പിനു ശേഷമുള്ള അനന്തതയാണു മുൻപിൽ ,

അതിലേക്കു നടക്കാൻ സാങ്കൽപികമായൊരു പാതയുണ്ടാവുന്നു,
ആ പാത പിന്നീടു സത്യമാകുന്നു.

കാണുന്നവർക്കതു
നൂൽപ്പാലം പോലെ അരക്ഷിതമായി അനുഭവപ്പെടുന്നു.

നടക്കുന്നവർക്കത്‌
അവർ സൃഷ്ടിച്ച പുതിയ ലോകത്തിന്റെ വഴിയെന്നു തോന്നുന്നു.

ആഴത്തിലേക്കു , അത്രയാഴത്തിലേക്കു താഴ്‌ന്നു പോയവർ
പിന്നെയൊരു ഉയരങ്ങളിലും ഭ്രമിക്കുന്നില്ല ;
അവർക്കു നിരപ്പുവഴികളെക്കാൾ വലിയ സമ്മാനവുമില്ല.

2016, നവംബർ 25, വെള്ളിയാഴ്‌ച

എല്ലായ്പ്പോഴും ഭയപ്പെടുന്നു

ഞാനെപ്പോഴും
മരണത്തെ വായിച്ചവരെഴുതിയതു
വായിക്കുന്നു.
അവരൊരിക്കലും
ജീവിതത്തെയും ഭയപ്പെട്ടിരുന്നില്ല
എന്നു കൂടി വായിക്കുന്നു.

മരണത്തിലേക്കു നടന്നുപോകുമ്പോൾ അവരെങ്ങനെ വെയിൽകായുന്നു ? മഴ നനയുന്നു?

എന്റെ മഴകൾ ഞാൻ നനയാതെ പോകുന്നു ,
എന്റെ വെയിൽ ഞാൻ കായാതെ പോകുന്നു .

ഞാൻ ജീവിച്ചിരിക്കെ
ജീവിക്കാൻ ഭയപ്പെടുന്നു .
മരിച്ചു കൊണ്ടിരിക്കെ മരിക്കാനും

2016, നവംബർ 18, വെള്ളിയാഴ്‌ച

ഒ/ഒ പ്രകാശം

ജീവിതത്തിലേക്കു നടക്കാനിറങ്ങുമ്പോഴൊക്കെ
ദൂരെ പ്രകാശഗോപുരങ്ങളിലേക്കു
കൈ ചൂണ്ടിയവർക്കു നന്ദി.

നിങ്ങളുടെ ചൂണ്ടുവിരലുകളും
കാൽച്ചുവട്ടിലെ മണൽത്തരികളും
എനിക്കു കാണാൻ സാധിച്ചത്‌
സൗഹൃദങ്ങളുടെ വെളിച്ചത്തിലായിരുന്നു
ഉരുകിത്തീർന്നവരുടെ പ്രകാശം

2016, നവംബർ 11, വെള്ളിയാഴ്‌ച

ഒ/-ഒ - സ്വർഗ്ഗം


സ്വർഗ്ഗം

ഒരാൾ സ്വർഗ്ഗത്തെക്കുറിച്ച്‌
തീവ്രമായി
സംസാരിച്ചുകൊണ്ടിരുന്നു.

അയാൾക്കു പിറകിൽ
നിന്നൊരമ്മ പറഞ്ഞു,
നിന്റെ സ്വപ്നങ്ങളിൽ
അന്യരുടെ ചോര കലർത്തരുത്‌

ഒ/ഒ - കത്തിലെ തീ

നാവികനായ  സുഹൃത്തുമൊന്നിച്ചിരിക്കുമ്പോൾ
കത്തുകളയയ്ക്കുന്നതും
തീ കായുന്നതും
പാഴ്‌വേലകളാണെന്ന്
അയാൾ അഭിപ്രായപ്പെട്ടിരുന്നു

ഒരു കപ്പൽഛേദത്തിനു ശേഷം
കാട്ടിൽ ആരോ കൂട്ടിയ
തീ കാഞ്ഞതിനെക്കുറിച്ച്‌
നാവികനായ സുഹൃത്തിന്റെ
കത്ത്‌ ഇന്നലെ  വന്നിരുന്നു

ഒ/- ഒ -രോഗി

ഞാനൊരു രോഗിയെ
കാണാൻ പോയി
അവർ മുറ്റത്തിരിക്കുകയായിരുന്നു

എന്നോടൽപം വെള്ളം
ചോദിച്ചു.
കിട്ടിയ  ജലം
ചെടിക്കൊഴിച്ചുകൊണ്ട്‌

മഞ്ഞുകാലം വാതിലിനു പുറത്തു നിൽക്കുന്നു,
നീയീ  വേനലിനെ അതിജീവിക്കട്ടെ എന്നാശംസിച്ചു;

പിന്നെ   ഞാനൊരിക്കലും
കൈനിറയെ
മടുപ്പുമായി
ആരെയും സന്ദർശിച്ചിട്ടില്ല

ഒ/ഒ -സംഭാഷണം


സംഭാഷണം

ഞങ്ങൾ രണ്ടു നല്ല
സുഹൃത്തുക്കൾ തമ്മിൽ തർക്കത്തിലേർപ്പെട്ടു.

പ്രത്യയശാസ്ത്രങ്ങളും
ആശയങ്ങളുമായിരുന്നു
വിഷയം

ഒരു പകൽ നീണ്ട
ചർച്ചയ്ക്കൊടുവിൽ
കൈ നിറയെ മധുരനാരങ്ങയുമായി
ഒരാൾ ഞങ്ങളെ കാണാനെത്തി.

അതു പിഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടു.

ഞങ്ങൾ ഇരുപാത്രങ്ങളിലായി
അതു പിഴിഞ്ഞെടുത്തു.
അതിനൊരേ മധുരമായിരുന്നു

ഒ/ഒ യുദ്ധം

യാത്രകൾ എനിക്കിഷ്ടമായിരുന്നു
അതെന്തിനെന്നുള്ള
ചോദ്യങ്ങളിൽനിന്നു
രക്ഷപെട്ട്‌ ഉത്തരങ്ങളിലേക്കു പലായനം ചെയ്യുന്നതിനിടയിൽ
ഞാനൊരു യുദ്ധം കണ്ടു.

ജയിച്ചവൻ ഒരു നിമിഷം സംസാരിച്ചു.
പ്രതീക്ഷകൾ നഷ്ടപ്പെട്ടവനോടു പോരാടുമ്പോൾ
വന്യമൃഗങ്ങളെക്കാളധികം അവനെ ഭയക്കേണ്ടതുണ്ട്‌

ഒ/ഒ.നാണയം

നാണയം

എനിക്കു  വേണ്ടതെല്ലാം ആ കൊച്ചുമുറിയിൽ ഉണ്ടായിരുന്നു
തണുത്തജലം കുടിക്കാനൊരു കൂജ
വസ്ത്രങ്ങൾ വിരിച്ചിടാനൊരു അഴ . വായിച്ചു തീർക്കാൻ പുസ്തകങ്ങൾ.
കഞ്ഞി കുടിക്കാൻ
തറയിൽ വീണാൽ നല്ല സ്വരം കേൾപ്പിക്കുന്ന
പൊട്ടാത്ത ഒരു പാത്രം.

എന്നിട്ടും അടുത്ത മുറിയിലെ ചുമയോട്‌  ഞാനൊന്നും നേടിയില്ലെന്ന് പരിഭവപ്പെട്ടു.
അയാൾ എനിക്കു രണ്ടു നാണയങ്ങൾ തന്നു.
അതു ചിലവഴിച്ചു വരാൻ ആവശ്യപ്പെട്ടു.
ഞാൻ ഉച്ചവരെ കടൽത്തീരത്തു പോയിരുന്നു .
രണ്ടു നാണയങ്ങളുമായി മടങ്ങിയെത്തി.
അയാൾ ഉറക്കെ ചിരിച്ചു,
ഒന്നു പോയകാലത്തിന്റെ നാണയമായിരുന്നത്രേ
ഇനി ചിലവഴിക്കാനാവാത്തത്‌.
മറ്റൊന്നു കടൽതീരത്തുപേക്ഷിച്ചിരുന്നെങ്കിൽ പോലും ആരെങ്കിലും കണ്ടെടുക്കുമായിരുന്നെന്ന്
ചൂടുചായയ്ക്കിടയിൽ
അയാളെനിക്കൊരു കണക്കദ്ധ്യാപകനായി
ജീവിതത്തിന്റെ പെൻഷൻ പറ്റാറായ അദ്ധ്യാപകൻ

ഒ/ഒ പൂച്ച

പൂച്ച

ഒറ്റയ്ക്കുള്ള നടത്തത്തിനിടയിൽ
ഒരു പൂച്ച
എന്റെ ചങ്ങാതിയായി വന്നു.

അതെനിക്കു മുന്നിൽ
കാലിൽ തട്ടി തട്ടി
നടന്നു കൊണ്ടിരുന്നു.

വേഗത്തിൽ നടന്ന്
എവിടെയും എത്താനില്ലാതിരുന്നിട്ടും
എനിക്കു കലശലായ
കോപം വന്നു.

ആ പൂച്ചയില്ലായിരുന്നെങ്കിൽ
അതിലും പതുക്കയേ
ഞാൻ നടക്കുമായിരുന്നുള്ളൂ.
മഴയ്ക്കു മുൻപ്‌
വീടെത്തുകയുമില്ലായിരുന്നു

ഒഴിവ്‌/ ഒളിവ്‌ - കാലത്തെ ചിന്തകൾ .കുട്ടികൾ

കുട്ടികൾ കളിക്കുകയായിരുന്നു

ഒഴിവുകാലമാണെന്നവർ പറഞ്ഞു.

ചെറിയ വട്ടം വരച്ച്‌ അതിനുള്ളിലേക്കും വെളിയിലേക്കും  അവർ ചാടിക്കൊണ്ടിരുന്നു.

എനിക്കവരോട്‌ ആരാധന തോന്നി.

ഉള്ളിലേക്ക്‌ ചാടിയാൽ പുറത്താകുമെന്ന് ഭയന്ന്
ഞാനെത്രകാലമായി പുറത്തു തന്നെ നിൽക്കുന്നു.

2016, നവംബർ 10, വ്യാഴാഴ്‌ച

ഒഴിവ്‌/ ഒളിവ്‌ - കാലത്തെ കവിതകൾ

അത്ഭുതം
----------------
അതെന്റെ ഒഴിവിന്റെ ആദ്യകാലമായിരുന്നു,
ജീവിതത്തിൽ നിന്നു ഒളിവിലുമായിരുന്നു
ഞാൻ അത്ഭുതങ്ങളെ പ്രതീക്ഷിച്ചുകൊണ്ടേയിരുന്നു.
പൂ വിരിയുന്നതോ, സ്ത്രീകൾ ജലവുമായി പോകുന്നതോ എനിക്കത്ഭുതമായി തോന്നിയില്ല
ഇപ്പോൾ ആ കാഴ്ച അന്നങ്ങനെ കണ്ടുനിന്ന ഞാൻ തന്നെ ഇന്നു എനിക്കൊരത്ഭുതമാകുന്നു
   അത്ഭുതങ്ങൾ ആകാശത്തു വിരിയുമെന്ന് കേട്ട കഥകളിൽ നിന്ന് ഭൂമിയെ നോക്കാൻ ഞാൻ മറന്നതായിരിക്കാം .
എന്റെ ചെറിയ വീട്ടിലേക്കുള്ള ഇടവഴി  പുല്ലുമൂടാതെ പോയത്‌ ഒരിക്കലും
ഞാൻ കണ്ടില്ല

അധികം കാര്യമൊന്നുമില്ലാത്ത ഒരിടത്ത്‌
വലിയ ഇടവേളകളില്ലാതെ സന്ദർശകരുണ്ടായിരിക്കുക എന്നതുമൊരത്ഭുതമല്ലേ