2014, ജൂലൈ 9, ബുധനാഴ്‌ച

അഞ്ജാത ജ്ഞാനപീഠങ്ങള്‍


ആരും കേള്‍ക്കാത്ത 
ആട്ടിടയന്റെ
അപൂര്‍വ്വ രാഗങ്ങളും
അനാഥബാലന്‍റെ
 നിറങ്ങളില്ലാത്ത
അര്‍ദ്ധചിത്രങ്ങളും  

ഒരു കാറ്റില്‍ 
കരിയില മൂടിയ 
കാലത്തിന്റെ കിതപ്പുകളും
മറു മൊഴിയായ 
മഴചാറ്റലില്‍
കുതിച്ചുയര്‍ന്നു വരും .

ഹോമാഗ്നി 
കരളില്‍ പേറി 
ആരോ  ഒരാള്‍ 
ആ കഥകള്‍ പറയും 
കണ്ണുകള്‍ തീ തുപ്പിയ കഥ ,

കവിത പൂക്കുന്ന
നോവുകളുടെ മുള്ളുമരങ്ങളും 
ശില്പം പിറന്ന 
ഉളിക്കുത്തേറ്റ
ശിലാപാളികളുമെന്നും 
അഞ്ജാത ജ്ഞാനപീഠങ്ങളാണെന്നറിവില്‍ 
 മൌനത്തിന്‍റെ 
നേര്‍ത്ത പട്ടു നൂലുകളാല്‍ 
സ്വയം കാല്‍ വിരലുകള്‍ 
ചേര്‍ത്തു ബന്ധിച്ച് 
എന്നിലെ തീയില്‍ ഞാന്‍ പടരും 
അതോ യുഗങ്ങള്‍ക്കു യാഗാഗ്നിയായിരിക്കും 

2 അഭിപ്രായങ്ങൾ: