2014, ജൂലൈ 26, ശനിയാഴ്‌ച

പുഷ്പസ്വപ്നങ്ങള്‍


ഒരു പൂവിനു 
കാറ്റിന്റെ കാമുകിയാവാം
മൃദുചുംബനത്തിലടര്‍ന്നു പോകാം 

എണ്ണക്കറുപ്പിലിടതൂര്‍ന്ന 
കാര്‍കുഴലിന്റെ
അഴകോലും ഹാസമാകാം 

വേദമന്ത്രങ്ങളില്‍
ഇതള്‍കൊഴിയാതിരു കൈകളില്‍
പൂജാനിവേദ്യമാകാം

ദളമര്‍മ്മരങ്ങളായ്
പ്രണയഹൃദയങ്ങളില്‍
മുള്‍മുനകളാഴ്ത്തി ചുവന്നിരിക്കാം

പല നിറം ചേരുന്ന
പൂച്ചെണ്ടിലൊരുവളായ്
വിശ്വസ്വാഗത ഗാനമോതാം

പുലരി തൂമഞ്ഞാല്‍
തുവര്‍ത്തിയ
സ്നേഹസതീര്‍ത്ഥ്യന്‍റെയാര്‍ദ്ര
സമ്മാനമാകാം

നീളെ വിരിച്ചിട്ട
പട്ടു പോല്‍
താഴ്വരക്കുളിരിന്റെ
നയനാഭിരാമമാം വര്‍ണമാകാം

നിത്യനിദ്രയ്ക്കൊരുങ്ങുമാ
പ്രാണന്റെയാത്മാവിനന്ത്യ
സുഗന്ധമാകാം

ഇതള്‍ കൊഴിഞ്ഞിരുളില്‍
മറയുന്ന സന്ധ്യയില്‍
കവിയോര്‍മ്മതന്നിലൊരു
നോവുമാകാം

ശലഭസായന്തന
സ്പര്‍ശപരാഗിയായ്
പൂങ്കാവനങ്ങളുടെയമ്മയാകാം

വെറും പുഷ്പസ്വപ്നത്തിലത്ര
കാവ്യം വിരചിതമെങ്കിലീ
മര്‍ത്യജന്മങ്ങളാരായ് ഭവിക്കാം

1 അഭിപ്രായം: