1.
..................
''ആ ഊമക്കത്ത് കിട്ടിയ നേരം മുതല്‍ അതില്‍ നോക്കിയിരിപ്പാണല്ലോ''ജയഹരി ചിരിച്ചു .ഞാനിറങ്ങുന്നു നാളെ കാണാം .മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ അയാള്‍ പോയി
ഗൌതം വീണ്ടും വീണ്ടും ആ കത്ത് വായിച്ചു കൊണ്ടിരുന്നു . ഈ കത്ത് ഊമയാണോ ? അല്ല ..!
അര്‍ത്ഥവത്തായി സംവാദിക്കുന്നുണ്ട് ഇതിലെ ചടുലതയാര്‍ന്ന അക്ഷരങ്ങള്‍ . ആരാണ് എഴുതിയത് എന്നറിയില്ല .എവിടെ നിന്നാണ് ആ കത്ത് വന്നതെന്നും അറിയില്ല . അതൊരു കത്ത് ആയിരുന്നില്ല . ഗൌതം വരച്ച ചിത്രത്തെ കുറിച്ചുള്ള ചിന്തകള്‍ ആയിരുന്നു അവ . നിശബ്ദമായി ഈ കത്ത് വാചാലമാകുന്നത് പോലെ , നിശ്ചലമായ ആ ചിത്രം വേഗതയെ കരുത്തുറ്റവരകളില്‍ കോറിയിട്ടിരുന്നു .ഒരു മാന്‍ കാട്ടിലൂടെ പ്രാണരക്ഷാര്‍ത്ഥം പാഞ്ഞു പോകുന്ന ചിത്രം .മരങ്ങള്‍ മാത്രമല്ല ; കാലവും ദേശവും അതിലൂടെ പുറകോട്ടുപോകുന്നു . ജീവന്‍ അതിന്റെ ഒന്നത്യത്തിന്‍റെ വഴിയിലൂടെ അതിജീവിക്കുന്നു .
കത്ത് ലഭിച്ച ശേഷം നാലു വര്‍ഷങ്ങള്‍ക്കു മുന്പ് അവസാനമായി വരച്ച ആ ചിത്രം അയാളുടെ മനസ്സില്‍ വന്യതയുടെ എല്ലാ ഭാവങ്ങളോടും കൂടി തെളിഞ്ഞു നിന്നു .ഒരുവേള കാടിന്‍റെ മണം പോലും അയാള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നുണ്ട് എന്ന് പറഞ്ഞാല്‍ പോലും തെറ്റാവില്ല .അന്ന് ചിത്ര പ്രദര്‍ശനത്തില്‍ ആരാണ് അത് വാങ്ങിയത് എന്നോര്‍മ്മയില്ല.
ഏതോ മലയോര ഗ്രാമത്തില്‍ പാതയോരത്തെ വലിയ വൃക്ഷ ചുവട്ടില്‍ പൊഴിഞ്ഞുകിടക്കുന്ന ഇലകള്‍ക്കിടയിലിരുന്ന് മാന്‍വേഗതയറിയുന്ന ഒരു പെണ്‍കുട്ടിയാണിത് കുറിച്ചതെങ്കില്‍..??
ജീവസന്ധാരണാര്‍ത്ഥം നഗരവേഗങ്ങളില്‍ കുടിയേറിയ ഒരു ചെറുപ്പക്കാരന്‍ ആണ് ഈ കത്തിന്‍റെ കര്‍ത്താവെങ്കില്‍?.അയാളുടെ കണ്ണുകളിലെ നിരാശയും നീട്ടി വളര്‍ത്തിയ മുടിയിഴകളില്‍ അസ്വസ്ഥമായി പരതി നടക്കുന്ന വിരലുകളും ഗൌതമിന്റെ കണ്ണുകളില്‍ തെളിഞ്ഞു ...!!
ഒരു പക്ഷെ ഇപ്പോഴും വനാന്തരങ്ങളുടെ കുളിര്‍മയില്‍ ജീവിക്കുന്ന ഒരു മധ്യവയസ്കന്‍റെ കുറിപ്പാണിതെങ്കില്‍ ?അയാളിപ്പോഴും വന്യമായ വേഗങ്ങളെ അടുത്തറിയുന്നുവെങ്കില്‍ ?
ഗൌതം ഒരു സിഗരറ്റിനു തീ കൊളുത്തി .ആദ്യത്തെ പുക ഉള്ളിലേക്ക് വലിച്ചപ്പോഴേക്കും അരുചികരമായ ഏതോ ഗന്ധമാണതെന്നു അയാള്‍ക്ക് തോന്നി .കൈയിലിരുന്ന സിഗരട്ട് അയാള്‍ക്ക് അപരിചിതമായി തോന്നി . ഗൌതം അത് ചവിട്ടിക്കെടുത്തി. ജനാലകള്‍ മലര്‍ക്കെ തുറന്നിട്ടു.കാറ്റിനും കടലിരമ്പത്തിനുമൊപ്പം ശരീരം നഷ്ടപ്പെട്ട ആത്മാവ് പോലെ രാത്രി വന്ന്അയാളോട് ചേര്‍ന്നുനിന്നു. വീടിനോട് ചേര്‍ന്നുള്ള ചെറിയ വരാന്തയില്‍ കിടന്ന കസേരയില്‍ചാരിക്കിടന്നു ഗൌതം കണ്ണുകള്‍ മെല്ലെ അടച്ചു . സുപരിചിതമായ അനേകം ഗന്ധങ്ങള്‍ ഇരുട്ടിനുണ്ടെന്ന് അയാള്‍ക്ക് തോന്നി .ഓര്‍മകള്‍ എങ്ങോ ചെന്നു ചെന്നു കുരുങ്ങി നിന്നു
കൊലുസിന്റെ കിലുക്കവും പൊട്ടിച്ചെടുത്ത മുല്ലപ്പൂക്കളുടെ ഗന്ധവും ഒന്നിച്ചു പടികടന്നു വന്നു . ''അമ്മെ ,ഇവളിന്നും എന്റെ മുല്ലപ്പൂക്കള്‍ ഇറുത്തു.'' പരിഭവിച്ച തന്റെ സ്വരത്തിന് പിറകെ അമ്മയുടെ ആശ്വാസസ്വരം . .പോട്ടെ കുട്ടാ സാരല്ല . അവള്‍ക്കു കണ്ണനു ചാര്‍ത്താന്‍ അല്ലെ ?
''അത് കണ്ണനോന്നുമല്ല,ഒരു കല്ലാ അമ്മെ . ഇവള്‍ക്കിത് മുടിയില്‍ ചൂടാനാ''
, കൃഷ്ണയുടെ വളഞ്ഞ പുരികത്തില്‍ നിന്നും കൂര്‍ത്ത നോട്ടത്തില്‍ നിന്നും രക്ഷപെട്ടു പോകുമ്പോഴേക്കും അമ്മ ചിരി വിതറുന്നുണ്ടാവും. .കൃഷ്ണയുടെ ഇടതൂര്‍ന്ന മുടിയില്‍ മുല്ലപ്പൂക്കള്‍ അവയുടെ മനോഹാരിത പ്രദര്‍ശിപ്പിക്കുന്ന കാഴ്ച അല്‍പ സമയത്തിനകം കാണാമെന്നു അമ്മയ്ക്കും അറിയാം
അഹല്യാമോക്ഷം പറഞ്ഞു തന്നിട്ട് അമ്മ പറയും ; ,കല്ലില്‍ ആരുണ്ടാവും എന്ന് ആര്‍ക്കാണ് അറിയുക . എല്ലാത്തിലും ഉണ്ടാവും ദൈവാംശം.ഒന്നിനെയും നിന്ദിക്കരുത് .ഗൌതം കണ്ണ് തുറന്നു , രാത്രി മുന്നില്‍ കനത്തു നില്‍ക്കുന്നു .അയാള്‍ വീട്ടിലേക്കു കയറി വാതില്‍ അടച്ചു .
പാട്ടറിയാത്തവര്‍ പാടുന്നതുപോലെ , അറിയാത്ത ഭാഷയില്‍ സംസാരിക്കുന്നതു പോലെ തന്റെ ചിത്രങ്ങള്‍ അര്‍ത്ഥശൂന്യമായിരിക്കുന്നതായി അയാള്‍ക്ക് തോന്നി . അവയില്‍ നിന്നും അത്മവിറങ്ങി പോയിരിക്കുന്നു .അവ വിളറി നിറങ്ങള്‍ നഷ്ടപ്പെട്ടു നില്‍ക്കുന്നു .വരകള്‍ മുറിഞ്ഞു പോകുന്നു . കഴിഞ്ഞ നാലു വര്‍ഷങ്ങളായി അവ പിടി തരാതെ മാറി നില്‍ക്കുന്നു
.വേനലവധിക്കു സ്കൂള്‍ അടച്ചുകഴിഞ്ഞു . ചില പ്രൊജക്റ്റുകളെ കുറിച്ചും ടൂര്‍ പ്രോഗ്രാമുകളെക്കുറിച്ചും ജയഹരി പറഞ്ഞിരുന്നു. രണ്ടുമാസം സമയം ഉണ്ടല്ലോ എന്ന് കരുതിയതാണ് ,മനസു ഇപ്പോള്‍ ഇവിടെയല്ല . വീട്ടിലാണ് ,ഇനി പോകാതിരിക്കാന്‍ കഴിയില്ല . നാളെ തന്നെ പോകണം .
ഓടുമേഞ്ഞ ആ രണ്ടുനില വീടിന്റെ നിശബ്ദത ലഹരി പോലെയാണ് . പ്രകൃതിയല്ലാതെ മറ്റൊന്നും ഏകാന്തതയിലേക്ക് കയറി വരില്ല . ആ വരവ് ഏകാന്തതയ്ക്കോ നിശബ്ദതയ്ക്കോ തെല്ലും ഭംഗം വരുത്തുകയുമില്ല .പകരം ആനന്ദമുളവാക്കുന്ന എന്തോ ഒന്നിനാല്‍ നിറയ്ക്കുകയും ചെയ്യും .
രാവിലെ തന്നെ ഗൌതം ജയഹരിയെ ചെന്നു കണ്ടു . യാത്ര പറഞ്ഞു . ജയഹരിയോടു ഗൌതം പുലര്‍ത്തുന്ന താല്പര്യത്തിന്‍റെ പ്രധാന കാരണം അയാള്‍ ഒരിക്കലും വ്യക്തിപരമായ കാര്യങ്ങളില്‍ അമിതമായി കൈ കടത്താറില്ല എന്നതാണ് . ജയഹരി ഒന്നും തന്നെ തടസം പറഞ്ഞില്ല .പറഞ്ഞിട്ടു കാര്യമില്ലെന്ന് അയാള്‍ക്ക് നന്നായി അറിയാം . ഗൌതത്തിന്റെ ഭാഷയില്‍ , അമ്മ പറയാറുള്ളത് പോലെ ,സഞ്ചാരപ്രിയനായ മനുഷ്യന്‍ സന്യാസഭാവനാണ് . ഒഴുകുന്ന നദി പോലെയാണ് .ഒന്നിനും അതിനെ തടഞ്ഞു നിര്‍ത്താന്‍ ആവില്ല .ഒരഴുക്കും അതിലടിഞ്ഞു കിടക്കില്ല . ഒന്നിനും സ്ഥിരമായി അയാളെ ക്ഷതമെല്പിക്കാനും ആവില്ല . ....(തുടരും )
..........................................................................................................................................................
2
...............
നാട്ടിന്‍പുറത്തുള്ള പൊടിപറക്കുന്ന വഴിയില്‍ തോളില്‍ ഒരു ബാഗുമായി ഗൌതം ബസിറങ്ങി . ചുറ്റും നോക്കി . വീട്ടിലേക്കു നീളുന്ന ഇടവഴിയില്‍ മുന്‍പ് നാണുവേട്ടന്റെ ചായക്കട കൂടുതല്‍ നിറം മങ്ങി ,അല്പം കൂടി ദ്രവിച്ചു ദാരിദ്ര്യവും വാര്‍ദ്ധക്യവും വിളിച്ചു പറഞ്ഞു നില്‍ക്കുന്നു . ഗൌതം അങ്ങോട്ട് നടന്നു . നാണുവേട്ടന്‍ ഒരു നിമിഷം സംശയിച്ചു നിന്നു, പിന്നെ പെട്ടെന്ന് ചോദിച്ചു ഉണ്ണിയല്ലേ ? അയാള്‍ തലകുലുക്കി . അങ്ങോട്ട് മനസിലായില്ല കുട്ടീ ...
വീട്ടിലേക്കാ ? തനിച്ചേയുള്ളൂ അല്ലെ ?അയാള്‍ കൂടെ ആരുമില്ലേ എന്ന അര്‍ത്ഥത്തില്‍ ഒന്നുകൂടി എത്തി നോക്കി .
ഗൌതം ചിരിച്ചു .വീടാകെ പൊടിപിടിച്ചു കിടക്കുകയാവും കുട്ടീ , അമ്മിണിയെ പറഞ്ഞയക്കാം .മുറ്റം മൂടി കിടക്കുന്നു കാടും പള്ളയും . കൊല്ലം നാലായില്ലേ ?,ആളും അനക്കവും ഇല്ലാതെ കിടക്കുന്നു .
അമ്മിണിയേട്ടത്തി ഗൌതത്തിനൊപ്പം തന്നെ ചെന്നു . അവര്‍പഴയ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടേയിരുന്നു ,.ഗൌതം അതൊന്നും കേട്ടില്ല . അയാളുടെ കാല്‍ച്ചുവട്ടില്‍ ഓരോ കരിയിലയും പരിഭവം പറഞ്ഞു കൊണ്ടിരുന്നു . വീട് പഴയ പ്രൌഡിയോടെ തലയുയര്‍ത്തി അങ്ങനെ നില്‍ക്കുന്നു . മുറ്റം കരിയിലയും പുല്ലും മൂടിക്കിടക്കുന്നു . അമ്മിണിയേട്ടത്തി അടുക്കളയും ഒരു കിടപ്പുമുറിയും മുന്നിലെ നീളന്‍ വരാന്തയും ഗൌതം പറഞ്ഞത് കൊണ്ട് അച്ഛന്‍ ഉപയോഗിച്ചിരുന്ന മുറിയും വൃത്തിയാക്കി . പിറ്റേന്ന് മുറ്റവും വീടും വൃത്തിയാക്കാന്‍ ആളെയും കൂട്ടി വരാമെന്നും , നാണുവെട്ടന്‍ ഉച്ചയ്ക്ക് ഊണും വൈകിട്ട് അത്താഴവും ഒരു പയ്യന്റെ കൈയില്‍ കൊടുത്തയക്കുമെന്നും പറഞ്ഞിട്ട് മടങ്ങി .
കടുത്ത വേനലിലും മരങ്ങള്‍ ചുറ്റി നില്‍ക്കുന്ന ആവീട് അതിന്‍റെ സ്വതസിദ്ധമായ തണുത്ത അന്തരീക്ഷം നിലനിര്‍ത്തി .സന്ധ്യ കഴിഞ്ഞപ്പോഴേക്കും ചെറിയ കാറ്റ് നാടെല്ലാം ചുറ്റി ചെമ്പകത്തിന്റെയും പാരിജാതത്തിന്റെയും സുഗന്ധവുമായി മടങ്ങിയെത്തി . അത് ഓരോ കോണിലും ആരെയോ തിരഞ്ഞെന്ന പോലെ കയറിയിറങ്ങി . ഗൌതം അച്ഛന്‍റെ മുറി തുറന്നു . ചിട്ടയായി അടുക്കി വച്ച പുസ്തകങ്ങള്‍ , എഴുത്തു മേശയും കസേരയും ..!! .ഭിത്തിയില്‍ തൂക്കിയിട്ട താന്‍ വരച്ച ചിത്രങ്ങള്‍ ....!!അച്ഛന്‍ ഇപ്പോഴും എന്തൊക്കെയോ സംസാരിച്ചുകൊണ്ട് അവിടെയിരിക്കുന്നതായി അയാള്‍ക്ക് തോന്നി അമ്മ സശ്രദ്ധം കേട്ടുകൊണ്ട് അരികിലും .കാറ്റുലയ്ക്കുന്ന സാരിത്തലപ്പ് ഇടയ്ക്കിടെ വലിച്ചിടുന്നതിനോപ്പം അമ്മ മറുപടികളും പറയുന്നുണ്ട് .
ഓര്‍മകളെ ഭൂതകാലത്തിന്റെ വാതില്‍ പാളികള്‍ക്കപ്പുറം വിട്ടുകൊടുത്തു ഗൌതം കിടപ്പുമുറിയിലേക്ക് നടന്നു .
നഗരത്തെ ഉണര്‍ത്തുന്ന തീവണ്ടിയുടെ ചൂളം വിളിക്കു പകരം ഗ്രാമത്തെ ഉണര്‍ത്തുന്ന കുയിലിന്‍റെ മനോഹരമായ സുപ്രഭാതാലാപനം കേട്ട് തെളിഞ്ഞ ആകാശത്തോടെ വീണ്ടും പകല്‍ ഉണര്‍ന്നു വന്നു .
ഉച്ചയ്ക്കുശേഷം ഗൌതം നടക്കാനിറങ്ങി .നീണ്ടുപോകുന്ന ചെമ്മണ്‍ പാതയുടെ അരികില്‍ മഴ നനയാതെ ,വെയിലടിക്കാതെ വിളക്കു വയ്ക്കാന്‍ മാത്രമുള്ള ശ്രീകോവിലിന് മുന്നില്‍ ഒരു ചെറിയ പെണ്‍കുട്ടി കൈ കൂപ്പി നില്‍ക്കുന്നു , അവള്‍ എന്തൊക്കെയോ ഉരുവിടുന്നുണ്ട് . ഒരു വാഴയിലക്കീറില്‍ ഇറുത്തെടുത്ത മുല്ലപ്പൂക്കള്‍ കണ്ണന് കാണിക്ക വച്ചിരിക്കുന്നു . ഗൌതം അവളെ നോക്കി നിന്നു, ചെറിയ ഒരുടുപ്പാണ് വേഷം . തലമുടി രണ്ടായി പിന്നിയിട്ടിരിക്കുന്നു .കല്ലില്‍ ഉള്ള ദൈവാംശത്തോട് കദനം പറയുകയാവാം . അയാള്‍ അവള്‍ക്കടുത്തെക്ക് ചെന്നു .
മാമന്‍ ഏതാ ? ഞാന്‍ കണ്ടിട്ടില്ലല്ലോ ? കൌതുകം നിറഞ്ഞ കണ്ണുകള്‍ ഒന്നുകൂടി വിടര്‍ന്നു . വൈകിയാ അമ്മ വഴക്ക് പറയും ,ഞാന്‍ പോണൂ .അവള്‍ ഓടിയകന്നപ്പോള്‍ കൊലുസിന്റെ മണികളും കുപ്പിവളകളും ഒന്നിച്ചു ചിരിച്ചു .
വീടിനു പിറകില്‍ കുളം പായല്‍ മൂടി കിടന്നു . ഇത് ആരെയെങ്കിലും വിളിച്ചു വൃത്തിയാക്കണം . നാണുവേട്ടനോട് പറയാം ,തൊടിയാകെ വള്ളിപ്പടര്‍പ്പും പുല്ലും വളര്‍ന്നു കെട്ടി മറിഞ്ഞു കിടക്കുന്നു . അമ്മയുടെ വാക്കുകള്‍ ഓര്‍മയിലേക്ക് വെയിലിനൊപ്പം കയറി വന്നു . ''അനപത്യദുഖവും ഫലമണിയാത്ത മണ്ണും ഒരുപോലെയാണ് . കുഞ്ഞുങ്ങളില്ലാത്ത ദുഖം ഏതു ബന്ധുമിത്രാദികളുടെ ആശ്വാസവചനങ്ങളിലും ഒതുങ്ങാത്തത് പോലെ ,മണ്ണിന്റെ ദാഹം ഋതുഭേദങ്ങളുടെ സന്ദര്‍ശനങ്ങളില്‍ ശമിക്കുന്നില്ല. വെറുതെ കിടക്കുന്ന മണ്ണ് ശാപം വിളിച്ചു വരുത്തും .'' പറമ്പ് ആര്‍ക്കെങ്കിലും പാട്ടത്തിനു കൊടുത്തിരുന്നു എങ്കില്‍ കാടുകേറി നശിക്കില്ലായിരുന്നു .
ഒരാഴ്ച പെട്ടെന്ന് കടന്നുപോയി . വീടും മുറ്റവും പറമ്പും കുളവും തെളിഞ്ഞു . മുറ്റത്ത് പടര്‍ന്നു കിടന്നിരുന്ന മുല്ലവള്ളി വെട്ടിയൊതുക്കി . ഗൌതം മുറിയില്‍ കൂട്ടിയിട്ടിരുന്ന ക്യാന്‍വാസുകള്‍ വൃത്തിയാക്കി വരാന്തയില്‍ സ്ഥാപിച്ചു . മുറികളില്‍ അയാള്‍ വരച്ച ചിത്രങ്ങള്‍ ആരെക്കൊയോ ആ വീട്ടില്‍ ഉണ്ടെന്ന തോന്നല്‍ ഉളവാക്കി .അവയോരോന്നും നിശബ്ദമായി ഓരോ കഥ പറഞ്ഞു . അയാളുടെ ആത്മാവ് മാത്രം അവ വ്യക്തമായി കേട്ടു.
................................................................................................................................
3
..............
വേനല്‍മഴ തകര്‍ത്തു പെയ്യുന്നു . മരങ്ങളൊക്കെ നനഞ്ഞു കുതിര്‍ന്നു . ഇടവഴികളില്‍ വെള്ളം ചാലിട്ടൊഴുകി . കറന്റ് പോയി .ഗൌതം ഒരു റാന്തല്‍ വിളക്കു കത്തിച്ചു തിണ്ണയില്‍ തൂക്കി .
''നൂറ്റൊന്നമ്പലം ചുറ്റി കണ്ണാ
നിന്റെ തുളസീവനങ്ങള്‍ ഞാന്‍ കണ്ടതില്ല
പതിനെട്ടാം പടിയെത്തി ദേവാ
പൊന്നമ്പലനടതുറന്നെന്തേ നീ വന്നില്ലാ
കറയറ്റ നരജന്മമല്ലായ്കയാലോ
ഭക്ത പ്രഹ്ലാദപ്രഹര്‍ഷമല്ലായ്കയാലോ ''
കൃഷ്ണ പാടുകയാണ് .ചമ്രം പടിഞ്ഞിരിക്കുന്ന അവളുടെ കണ്ണുകള്‍ അടഞ്ഞിരിക്കുന്നു .വലം കൈ തുടയില്‍ താളംപിടിക്കുന്നു . ചുരുണ്ടുനീണ്ട മുടിയിലിരുന്നു തുളസിക്കതിര്‍ വിറയ്ക്കുന്നു . അമ്മയവള്‍ക്കടുത്തു പായമേല്‍ ഇരിക്കുന്നു .അച്ഛന്‍ ചാരുകസേരയില്‍ ചാഞ്ഞുകിടന്നു ആലാപനത്തില്‍ ലയിച്ചിരിക്കുന്നു .
''എന്തൊരു പെയ്ത്താ കുട്ടിയേ, .. നല്ല മഴ കിട്ടി . ഇത്തവണ വേനല്‍ ചതിച്ചില്ല . '' നാണുവേട്ടനാണ്.ഗൌതം ഓര്‍മവിട്ടുണര്‍ന്നു .നീണ്ടുകിടക്കുന്ന കൈവരിയോടുചേര്‍ന്ന ഇരിപ്പിടത്തിലിരുന്നു നാണുവേട്ടന്‍ നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞു .
''പറമ്പ് വെറുതെ കിടക്കുന്നു . എനിക്കിവിടെ സ്ഥിരായി നില്ക്കാന്‍ പറ്റില്ല . അത് പാട്ടത്തിനു കൊടുക്കാന്‍ ആരെയെങ്കിലും കിട്ടിയാ കൊള്ളാം .അച്ഛന്റെയും അമ്മയുടെയും ഓര്‍മകള്‍ ഇവിടെയാണല്ലോ ,വില്‍ക്കാന്‍ വയ്യ .'' ഗൌതം പതുക്കെ പറഞ്ഞു
'' നോക്കാം കുട്ടീ .. ''
കൃഷ്ണ എവിടെയാ നാണുവേട്ടാ? കണ്ടിട്ടു ഒരുപാടു കാലം കഴിഞ്ഞിരിക്കുന്നു .
'' ആര് ? രാഘവന്‍ മാഷുടെ മോളല്ലേ ? അതിന്റെ പേര് അങ്ങനാണോ ? ദൂരെ അല്ല്യേ ആ കുട്ടിയെ കെട്ടിച്ചയച്ചത് ? അവള് സുഖയിരിക്കണൂ. ഒരു കുട്ടീണ്ട്,എല്ലാ ആണ്ടിലും സ്കൂള്‍ അടയ്ക്കണ നേരം വരും .കുറച്ചീസം ഇവിടെ നില്‍ക്കും .ഇപ്പൊ രാഘവന്‍മാഷും ദേവകി ടീച്ചറും മാത്രല്ലെയുള്ളൂ വീട്ടില് . മോന്‍ ദൂരെയെവിടെയോ ജോലി അല്ലെ ?
ശരിയാണ് താന്‍ മാത്രമേ അവളെ കൃഷ്ണ എന്ന് വിളിക്കാറുണ്ടായിരുന്നുള്ളൂ .
'' കഴിഞ്ഞ ദിവസം നടക്കാന്‍ പോയപ്പോ . നമ്മുടെ കാവിനടുത്ത് ഒരു കുട്ടിയെ കണ്ടു. അവിടാരാ ഇപ്പൊ താമസം ? കല്യാണിയമ്മയുടെ വീടല്ലേ അത് ?''ഗൌതം കൌതുകത്തോടെ ചോദിച്ചു .
അവിടിപ്പോ അവരുടെ മകനാ താമസം . വാസുദേവന്‍ .അവന്റെ കാര്യം ഓര്‍ക്കുമ്പഴാ ഒരു വിഷമം . നാലു കുട്ട്യോളാ , എല്ലാം ചെറുത് . മൂന്നു ആങ്കുട്ട്യോള് ഒരു മോളും . പെറ്റ തള്ളയ്ക്ക് ഒള്ളതെല്ലാം വിറ്റുപെറുക്കി ക്യാന്‍സറിന് ചികിത്സ ചെയ്തതാ ..ഇപ്പൊ അകെ ഒള്ളത് ഒരു കുടിലാ . ആകെ നനഞ്ഞു ചോരുന്നു . എന്താ ചെയ്യുക .മനുഷ്യരുടെ ഓരോ അവസ്ഥയെ ?'''പറഞ്ഞു തീര്‍ന്നിട്ടും ഏതോ ഒരു കുടുംബത്തിന്റെ ആകുലത മുഴുവന്‍ ആ പഴയ മനുഷ്യന്റെ മുഖത്ത് തങ്ങി നിന്നു.
രാത്രി മഴ എപ്പോഴോ തോര്‍ന്നു , എന്നിട്ടും ഗൌതം ഉറങ്ങിയില്ല .രണ്ടു നിലകളിലായി പന്ത്രണ്ട് മുറികള്‍ വെറുതെ കിടക്കുന്നു ..വെള്ളത്തുള്ളികള്‍ ഒഴുകി നടക്കുന്ന വീട്ടില്‍ ഒരു കൂട്ടം മനുഷ്യര്‍ ഉറങ്ങാതെ ഇരിക്കുന്നു ...അയാള്‍ മനസിനെ സമാധാനിപ്പിച്ചു .പക്ഷെ മനസ് അയാളെ സമാധാനിപ്പിച്ചില്ല .
രാവിലെ തന്നെ ഗൌതം നാണുവേട്ടന്റെ കടയിലെത്തി .''എനിക്ക് അയാള്‍ടെ വീട് വരെ ഒന്ന് പോണം ,കല്യാണിയമ്മയുടെ മകന്റെ ..''
'' വരാം ഉണ്ണീ നില്‍ക്കൂ '',കടയിലെ പയ്യനോട് എന്തൊക്കെയോ പറഞ്ഞെല്പിച്ചു നാണുവേട്ടനും കൂടെയിറങ്ങി .
ആകെ നനഞ്ഞൊലിച്ചു ഒരു വീട് , ഭിത്തികളില്‍ വിള്ളല്‍ വീണു തുടങ്ങിയിരിക്കുന്നു . വരാന്തയില്‍ പെരുമഴയത്ത് അനന്തന്‍ പത്തി വിരുത്തി കൂടചൂടിച്ചു കൊണ്ടുപോകുന്ന ,കുട്ടയില്‍ ഉറങ്ങുന്ന കൃഷ്ണന്റെ ചിത്രം .
''വാസു ദേവാ ''
വിളി കേട്ട് ഒരു സ്ത്രീ പുറത്തേക്കു വന്നു .''ഇവിടില്ല പണിക്കു പോയതാ ...കയറിയിരിക്കൂ ''
''ഇല്ല ,വരുമ്പോ വീട് വരെ ഒന്ന് വരാന്‍ പറയൂ .ഞാന്‍ അവിടെയുണ്ടാവും ''
ആ സ്ത്രീ തലകുലുക്കി .
വൈകുന്നേരം വാസുദേവന്‍ ഗൌതത്തെ കാണാനെത്തി .
''ഞാന്‍ അവിടെ വന്നിരുന്നു . എനിക്കിവിടെ എപ്പോഴും തങ്ങാന്‍ ഒക്കില്ല ,പട്ടണത്തില്‍ ജോലിയുണ്ട് , പറമ്പ് വെറുതെ കിടക്കുന്നു .വീടും ആള്‍ താമസം ഇല്ലാണ്ട് നശിക്കുന്നു . ആര്‍ക്കെങ്കിലും പാട്ടത്തിനു കൊടുക്കാം എന്നൊരു വിചാരം ഉണ്ട് . നാണുവേട്ടന്‍ നിങ്ങടെ കാര്യം പറഞ്ഞു .''
''എന്റെ കൈയില്‍''.................വാസുദേവന്റെ തൊണ്ടയില്‍ വാക്കുകള്‍ തങ്ങി നിന്നു.
''എനിക്കറിയാം ' ഒന്നും തരണ്ട വാടകചീട്ടും . പാട്ടഉടമ്പടിയും എഴുതിയാ മതി .ആലോചിച്ചു പറഞ്ഞാ മതി .തിരക്കില്ല .''
ഒരാഴ്ചയ്ക്കുള്ളില്‍ വെറുതെ കിടന്ന ആ വീടിന്റെ നാഡീഞരമ്പുകള്‍ക്കു ജീവന്‍ വച്ചു.കുട്ടികളുടെ കളിയും ചിരിയും അവരുടെ അമ്മയുടെ ശാസനയും ശകാരവും അച്ഛന്‍റെ ഉച്ചത്തിലുള്ള വിളികളും കൊണ്ട് വീടു നിറഞ്ഞു .ഗൌതത്തിന്റെ മനസും .
................................................................................................................................................
4
....................
മുല്ലപ്പൂക്കളുടെ മണവും കൊലുസിന്റെ കിലുക്കവും ..സ്വപ്നത്തിലെന്ന പോലെ ഗൌതം കണ്ണു തുറന്നു . നേരം പുലര്‍ന്നിരിക്കുന്നു . വായിച്ചുകൊണ്ട് കിടന്നു ഹാളിലെ സോഫയില്‍ കിടന്നാണ് ഉറങ്ങിയത് .
മുന്നിലതാ രണ്ടുകൈകളും ചേര്‍ത്തു പിടിച്ചു നിറയെ മുല്ലപ്പൂക്കളും മുല്ല മൊട്ടു പോലെ വിടര്‍ന്ന ചിരിയുമായി ഒരു എട്ടു വയസുകാരി . ഗൌതം അത്ഭുതത്തോടെ എഴുന്നേറ്റു .പട്ടുപാവാടയും കസവ് ബ്ലൌസും ..പിന്നിയിട്ട മുടിയും കൃഷ്ണ മുന്നില്‍ നില്‍ക്കുന്നതു പോലെ തോന്നി അയാള്‍ക്ക് .
''മാമന്‍ ഇതുവരെ എണീറ്റില്യാ ?
''ദേ ഇപ്പൊ എണീറ്റല്ലോ,എന്താ മോള്‍ടെ പേര് ?''
''മോഹിനി ''
''ഇതൊക്കെ മാമന്‍ വരച്ച പടങ്ങളാ,നല്ല ഭംഗീണ്ട് ..!!യ്യോ ,ഇതാരാ ജയിലില്‍ കിടക്കുന്നെ ?''
''അതോ അത് പണ്ട് മാമന്റെ അച്ഛന്‍ പറഞ്ഞ കഥയിലെ ഒരു നായകന്‍ ''
''ആ കഥ പറയുവോ ''?
''പറയാല്ലോ ''
ഒരു യുദ്ധത്തില്‍ രണ്ടു കൂട്ടുകാരെ ശത്രുരാജ്യത്തെ പട്ടാളക്കാര്‍ പിടികൂടി .അവര്‍ ഒരു നിബന്ധന വച്ചു. ഒന്നുകില്‍ രണ്ടുപേരെയും കൊല്ലുക അല്ലെങ്കില്‍ ഒരാളെ വിട്ടയക്കുക ,മറ്റേയാളെ ജയിലില്‍ അടയ്ക്കുക .
''എന്നിട്ടോ ''?
ഒരാള്‍ കൂട്ടുകാരനുവേണ്ടി ജയിലില്‍ കിടക്കാന്‍ തയാറായി . ഒരുപാടു കാലം കഴിഞ്ഞു ജയില്‍ മോചിതനായപ്പോള്‍ അയാളൊരു വലിയ എഴുത്തുകാരനായി .
അതാല്ലേ ,ജയിലില്‍ കിടന്നിട്ടും മുഖത്തു സന്തോഷം ?
ഗൌതം ആ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കി .മോഹിനി പറഞ്ഞത് ശരിയാണ് .ദുഖമോ ശോക ഭാവമോ അല്ല ആ മുഖത്തു സ്ഫുരിക്കുന്നത് ശാന്തം ,ഗംഭീരം ,ഒരു യുദ്ധം ജയിച്ച സന്തോഷം .
ദേ ആ കുയിലിനെ പിടിച്ചു തരാമോ മാമാ ? ചോദിച്ചു തീരും മുന്‍പ് കസേരയില്‍ ചവിട്ടി അവള്‍ കൈവരിക്കു മുകളില്‍ കയറിക്കഴിഞ്ഞു .രണ്ടാം നിലയാണ് ഗൌതമിന്റെ ഉള്ളൊന്നു കാളി . ഓടിച്ചെന്നു അവളെ എടുത്തിറക്കി കൊണ്ട് അയാള്‍ പറഞ്ഞു .പിടിച്ചു തരികയല്ല ,പിന്നെ വരച്ചു തരാം കേട്ടോ .
സത്യായും?
സത്യായും ...!!
പിന്നീടുള്ള ദിവസങ്ങള്‍ ഓരോന്നും രാവിലെ മുതല്‍ വൈകുന്നേരം വരെ മോഹിനി കുയിലിന്റെ ചിത്രത്തിനു വേണ്ടി കോണിപ്പടി കയറിത്തുടങ്ങി .ഒടുവില്‍ അയാള്‍ക്കു ചായക്കൂട്ടുകള്‍ എടുക്കേണ്ടി വന്നു .
ഇപ്പൊ മഴ പെയ്തു തോര്‍ന്നെയുള്ളൂ അല്ലെ ?ദാ ആ ഇലയൊന്നനങ്ങിയാല്‍ ആ തുള്ളി ഇപ്പൊ താഴെ വീഴും ... ഹോ ! ആ കുയില്‍ പാടുകയാണല്ലേ ? എങ്ങനെയാവും ? വീട്ടിലെ കുട്ടികളുടെ പേര് പറഞ്ഞാണത്രേ പാടുക ..ഇങ്ങനെ നീട്ടി ...മോ ...ഹി ....നീ ...ഉ ...ണ ...രൂ ..
അവളുടെ സംസാരത്തില്‍ നിന്നും താന്‍ വരച്ച ചിത്രത്തിന് ജീവനുണ്ടെന്നു അയാള്‍ക്ക് തോന്നി .ആ കുയില്‍ പാടുകയാണ് , മഴ തോരുകയാണ് .
വീണ്ടും വരച്ചു അല്ലെ ?
ഗൌതം തിരിഞ്ഞു നോക്കി . കൃഷ്ണയാണ് ,. കൂടെ അവളുടെ കുട്ടിയുമുണ്ട് .അയാളുടെ കണ്ണുകളില്‍ എന്നോ നഷ്ടപ്പെട്ട ആകെയുള്ള ഒരു ബന്ധുവിനെ തിരിച്ചു കിട്ടിയ സന്തോഷമുണ്ടായി.
പക്ഷെ ....ഞാന്‍ വരയ്ക്കാറില്ലെന്ന് നീയെങ്ങനെ ?
കൃഷ്ണ ചിരിച്ചു .പിന്നെ കൈയിലിരുന്ന കടലാസ്സ് ഗൌതത്തിനു നേരെ നീട്ടിക്കൊണ്ടു പറഞ്ഞു .ജയഹരി എന്റെ അനുജനാണ് .ഭര്‍ത്താവിന്റെ അനുജന്‍ .അവന്‍ വീട്ടില്‍ വരുമ്പോ എല്ലാ വിവരങ്ങളും പറയും .
അയാള്‍ ആ കലടാസിലേക്കു നോക്കി ,അച്ഛന്‍റെ കൈപ്പട ഒറ്റനോട്ടത്തില്‍ ഗൌതം തിരിച്ചറിഞ്ഞു .
അന്ന് പ്രദര്‍ശനവേളയില്‍ അദേഹം വാങ്ങി എനിക്ക് സമ്മാനിച്ചു ആ ചിത്രം .കൂടെ ഈ കുറിപ്പും .അച്ഛന്‍റെ മരണശേഷം വരച്ചില്ല എന്ന് ഞാന്‍ അറിഞ്ഞു .അപ്പോഴാ ആ കത്ത് ......
എന്താ മോള്‍ടെ പേര് ?
''കൃഷ്ണ ''ആ കൊച്ചു കുട്ടി പറഞ്ഞു
ഗൌതം വെറുതെ ചിരിച്ചു .
കുയിലിന്റെ ചിത്രം മോഹിനിയുടെ കുഞ്ഞിക്കൈകളിലേക്ക് നല്‍കുമ്പോള്‍ ഗൌതത്തിന്റെ ആത്മാവില്‍ അറിയാതെ ഒരരുവി കൂടി ഒഴുകിത്തുടങ്ങിയിരുന്നു .