2019, ഡിസംബർ 17, ചൊവ്വാഴ്ച
പരിഭാഷ
മാന്ത്രികവാക്കുകൾ
2019, ഓഗസ്റ്റ് 28, ബുധനാഴ്‌ച
കണ്ണുകൾ
കണ്ണുകളിലെ കാഴ്ചയെക്കുറിച്ച്
പുതിയ വെളിച്ചവുമായി വന്നവനെക്കുറിച്ച്
പറയാതിരിക്കുന്നതെങ്ങനെ ?
അവന്റെ കൈകളിൽ
ആശ്വാസത്തിന്റെ കാറ്റുണ്ടായിരുന്നു
കണ്ണുകളിൽ
ഇനിയും പെയ്യാതൊരു മഴയും..
മഴയ്ക്കു മുമ്പുള്ള
തണുത്ത കാറ്റാണു
ഞാൻ സ്വന്തമാക്കിയത്
ഒപ്പം നടന്ന്
ഞാനവന്റെ ചില്ലകളിലെ
ഉലച്ചിലായി...
അവന്റെ കണ്ണുകളിലെ
പെയ്യാത്ത മഴയുടെ പിടച്ചിലായി...
നാം എന്നാൽ എന്താണെന്നും
എന്തായിത്തീരുമെന്ന വ്യഥയാണെന്നും
മനുഷ്യൻ ഉരുകുന്നതിന്റെ ചൂട്
അവന്റെ ഹൃദയത്തിൽ നിന്നാണെന്നിലേക്കും
പടർന്നത്
കണ്ണുകൾ കാണുന്നതിലെ
കാഴ്ചയായി
മറ്റാർക്കാണുങ്ങനെ
തിളങ്ങാനാവുക !!!
2019, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച
പുതുമ
പുതിയൊരു വേരിന്റെ
ജനനത്തിൽ
ആഹ്ലാദിക്കുകയും
വസന്തത്തിന്റെ
വിരളടയാളം
തന്റെ പൂവിൽ
പതിക്കാനായി
പ്രഭാതത്തിലേക്കു
കണ്ണു തുറക്കുകയും
ചെയ്യുന്നൊരു
ചെറുചെടിയാണു ഞാൻ
വേരുകൾ
നീണ്ടുപോകാതിരിക്കുന്നതിന്റെ
കാരണങ്ങളെക്കുറിച്ചും
ഇനിയും വിടരാത്ത പൂവിന്റെ
വരാനിരിക്കുന്ന പുഴുക്കുത്തുകളെക്കുറിച്ചും
ആലോചിക്കാൻ എനിക്കു
സമയം തികയുന്നേയില്ല
2019, ഓഗസ്റ്റ് 21, ബുധനാഴ്‌ച
ശലഭകാലങ്ങൾ
ശലഭകാലങ്ങളിൽ
ചിറകുകൾ തിരഞ്ഞുപോകരുത്
അവ നമ്മിലേക്കു വന്ന് ഒട്ടിച്ചേരും
പക്ഷിശാസ്ത്രങ്ങളിലെ
കൊഞ്ചലുകളിലോ
ഭാവിപ്രവചനങ്ങളുടെ
വാചാലതയിലോ
ഭ്രമിച്ചുപോകാതെ
എത്ര ഉയരത്തിൽ പറക്കാനാവുമൊ
അത്രയും ഉയരത്തിലേക്കു
അവ നമ്മെ നയിച്ചു കൊള്ളും
ചിറകുകളിലെ വർണ്ണങ്ങളും
ചിറകടിയൊച്ചകളും
ലഘുവായിരിക്കട്ടെ !!!
2019, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച
ചില തരത്തിലുള്ള ജീവിതങ്ങൾ
വളരെ താഴ്‌ന്ന അപരിചിതമായ ശബ്ദത്തിൽ
ആരൊക്കെയൊ സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നു
അവരെന്തിനെക്കുറിച്ചാണു സംസാരിക്കുന്നതെന്ന്
ഒരു കാരണവുമില്ലാതെ കൊല്ലപ്പെട്ട മകന്റെ
പിതാവിനൊ
പിച്ചിക്കീറപ്പെട്ട മകളുടെ
അമ്മയ്ക്കൊ മനസിലാവുന്നില്ല
വിശാലവും ഊഷരവുമായ
ഭൂമിയാണിതെന്ന്
അവർക്ക് തൊന്നുന്നു
അവരുടെ വികാരങ്ങളുടെ
ആവൃതിക്ക് പുറത്തു നിന്ന്
നാമെന്ന ജനക്കൂട്ടം
സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നു
മൃഗങ്ങൾ സ്വയരക്ഷയ്ക്കു വേണ്ടി പലായനം
ചെയ്യുമ്പൊഴും
അതിനു പോലുമാകാതെ നിന്നു പോകുന്ന
വൃക്ഷങ്ങളെപ്പോലെ
നീതിക്കുവേണ്ടി നിലവിളിക്കാൻ പോലും
കഴിയാത്ത തരത്തിലുള്ള
ചില ജീവിതങ്ങളുണ്ട്
എന്റെ സ്വന്തം രാജ്യത്ത്!!!
2019, ജൂലൈ 26, വെള്ളിയാഴ്‌ച
ജീവിതം
അനന്തവും ശൂന്യവുമായ
വിശാലതയാകുന്നു ജീവിതം
തേൻ തേടി പറക്കുന്ന
പൂമ്പാറ്റയും
പൂമ്പൊടി തിരയുന്ന വണ്ടും
പൂവിനെ കണ്ടെത്തുന്നു
തുടർച്ചയായ അക്കങ്ങൾ
കൊണ്ട് മാത്രം
ജീവിതത്തെ അടയാളപ്പെടുത്തുന്ന
മനുഷ്യനു മുൻപിൽ
ചുരുളഴിയാത്ത രഹസ്യവും
കേന്ദ്രമറിയാത്ത ഊർജ്ജപ്രവാഹവുമായി
അതു നിലകൊള്ളുന്നു
2019, ഏപ്രിൽ 1, തിങ്കളാഴ്‌ച
സ്ഫടികഹൃദയം
ഒരു സ്ഫടികപാത്രത്തിലേക്ക്
വെള്ളം ചൊരിയുന്നതുപോലെ
ഹൃദയത്തെ
പകർന്നുവയ്ക്കാൻ
കഴിയുന്നത് എപ്പോഴാവാം
അതിലെ വാക്കുകൾ
ഒരു ലായകത്തിലും ലയിക്കുന്നേയില്ല
സുഗന്ധമോ
മരിക്കുന്നേയില്ല
എനിക്കും നിങ്ങൾക്കുമിടയിലെ
വിശുദ്ധ ചാലകമായി
വാക്കുകൾ ചലിച്ചുകൊണ്ടേയിരിക്കുന്നു
അവയ്ക്ക് ഞാനൊരു ചിലങ്കയണിക്കുന്നുണ്ട്
നർത്തകരായിരിക്കാൻ
പരിശീലിപ്പിക്കുന്നുമുണ്ട്
എനിക്കെന്നെ കണ്ണാടിയിലെന്നപോലെ
നിങ്ങൾക്കെന്നെ വാക്കുകളുടെ സുതാര്യതയിലൂടെ
കാണാനാവും
അവയൊഴുകിപ്പോകുമ്പോൾ
എനിക്കൊപ്പം നിങ്ങളും ഒഴുകിപ്പോകും
2019, ഫെബ്രുവരി 16, ശനിയാഴ്‌ച
ആസ്വാദനം
ഹൃദയം ആശ്വാസത്തിന്റെ
വശത്തേക്കു ചായുന്നു
നാളം കാറ്റിന്റെ ഗതിയിലേക്കെന്ന പോലെ
എന്റെ ആഹ്ലാദം പച്ചയുടുപ്പിട്ട
പുൽനാമ്പുപോലെ
അത്ര
പ്രസരിപ്പാർന്നിരിക്കുന്നു
അതു പങ്കുവയ്ക്കുന്നതിനെക്കാൾ
ആസ്വദിക്കുന്നതിൽ
ഞാൻ ജീവിതം കാണുന്നു
2019, ഫെബ്രുവരി 8, വെള്ളിയാഴ്‌ച
മാറ്റം
മരിച്ചുകൊണ്ടിരിക്കുന്നൊരാളിൽ
എത്തിച്ചേരുന്ന പ്രണയം
സ്വയം വേദനയനുഭവിച്ച്
വീണ്ടും ജനിക്കാൻ അയാളെ
ശക്തനാക്കുന്നു
സാധ്യതകളുടെ ലോകത്തേക്ക്
ആരുടെയും കൈപിടിക്കാതെ
അയാൾ പിച്ചവയ്ക്കും
കാഴ്ചകളിലും കേൾവികളിലും
പുതിയൊരു കൗതുകം
അയാളിലെ കുട്ടിയെ മറ്റുള്ളവർക്കു
മുന്നിലടയാളപ്പെടുത്തും
പാലിൽനിന്ന് പഞ്ചസാരയെ
വേർ തിരിക്കുന്നതു പോലെ
പ്രാണനിൽ നിന്ന് പ്രണയത്തെ വേർ പെടുത്തുക അസാധ്യം
നിന്നിൽനിന്നെന്നെയും
2019, ജനുവരി 3, വ്യാഴാഴ്‌ച
എതിർവ്വശം
എതിർവ്വശം......
അനിശ്ചിതത്വത്തിന്റെ താഴ്‌വരയിൽ,
ഉയരങ്ങളിലെ സത്യങ്ങളെക്കുറിച്ച്,
ചിലച്ചുകൊണ്ടേയിരിക്കുന്ന പക്ഷിയായിരിക്കുവാൻ
ഓർമ്മിക്കുക ..
ഉണങ്ങിയ മരക്കൊമ്പിലിരുന്ന്,
നീർ ചാലിന്റെ ഗതിയെക്കുറിച്ച്,
ധ്യാനത്തിലായിരിക്കുവാൻ
സ്നേഹത്തിലായിരിക്കുക ....
മഞ്ഞിന്റെ തണുപ്പിൽ,
തീച്ചൂടിന്റെ സ്വപ്നമായിരിക്കുവാൻ,
എല്ലാറ്റിനോടും ചേർന്നിരിക്കുക
വഴിയറിയാതെ താഴേക്കു
പതിക്കുന്ന മഴത്തുള്ളിയുടെ
വേഗമായിരിക്കുവാൻ,
സമാധാനത്തിലായിരിക്കുക..
ആത്മാവിന്റെയും ശരീരത്തിന്റെയും
ആയാസകരമായ പാതയിലാകുമ്പോൾ,
നെഞ്ചിൽ ചവിട്ടിക്കുതിക്കുന്ന,
കുഞ്ഞായിരിക്കുക.…..
ജ്വലിക്കുന്ന അഗ്നിയായ്
ചുറ്റുമുള്ളവർ അറിയുമ്പോൾ,
ഉള്ളിലെ
തണുപ്പിലാഴ്ന്നിരിക്കുക ....