2020 നവംബർ 28, ശനിയാഴ്‌ച

കടിഞ്ഞാൺ

കടിഞ്ഞാൺ

ഇതാ ഇവിടെവരെ എന്ന് 
ഞാൻ വരച്ചു നിർത്തും
ഇവിടെനിന്ന് എന്ന്
ജീവിതം വരച്ചു തുടങ്ങും,!!!

അവസാനമെന്ന്
ഞാനൊന്നു ദീർ ഘമായി
നിശ്വസിക്കും,
ആരംഭമെന്ന്
ജീവിതം ചിരിക്കും..!!

ഇനിയെന്തെന്ന്,
ഞാൻ ചിന്തിച്ചുതുടങ്ങുമ്പോഴേക്കും
ഇനിയുമെന്തു തന്നെയില്ലെന്ന്
ജീവിതം കടിഞ്ഞാൺ നീട്ടും..!!!

2020 നവംബർ 25, ബുധനാഴ്‌ച

njaan janmanaa oru naaTOTiyaayirunnu;
avarenne  cheRukutikaLil 
thaLacchiTaan zramicchu..!!

ente janmavaasanakaLe
thOlpikkaan avarkkaayilla..!!!

jeevithatthil njaanoru
aadimanushyanaayirunnu
avarenne purOgathiyuTe
vakkilEkku thaLLiyittu..!!

enikke

2020 നവംബർ 23, തിങ്കളാഴ്‌ച

ദൈവം

ദൈവം

ഗായകാ
നിന്റെ നാവിലെ ദൈവത്തെക്കുറിച്ച്‌...!!
ചിത്രകാരാ നിന്റെ
അവസാനചായത്തുള്ളിയിൽ നിന്ന്...!!
പൂവേ നിന്റെ
ദളങ്ങളുടെ മൃദുലതയിലെ
ദൈവസ്വഭാവത്തെപ്പറ്റി..!!!
ഇനിയുമെന്നോടു
ഉദ്ഘോഷിക്കരുതേ.!!!

കാഴ്ചയില്ലാത്തവന്റെ
സ്വപ്നത്തിൽ വന്ന ദൈവം,
ഊമയായൊരുവളുടെ
ചുണ്ടിനാൽ
എന്നോടിതാ സംസാരിച്ചുകൊണ്ടേയിരിക്കുന്നു!!

ഇനിയെന്ത്‌?

ഇനിയെന്ത്‌

മഞ്ഞിൽ മരവിച്ചു നിൽക്കുന്ന
ചെടികളാണു
വസന്തത്തിലാദ്യം ഉണരുക..!!!

ചെറുതണൽ പോലുമില്ലാതെ 
വളരുന്ന തൈകളാണു
വലിയ ആതിഥേയരാകുന്നതും !!!

അണയും വരെ തെളിയുക
എന്നു മാത്രം
തിരികൾ എന്നോടും പറയുന്നു...!!!

ഇനിയെന്ത്‌?
അത്ര ആത്മാവോടുകൂടെ
ശരീരത്തെയും
അത്ര ശരീരത്തോടെ
ആത്മാവിനെയും പുൽകുകയെന്നല്ലാതെ ...!!!

2020 നവംബർ 22, ഞായറാഴ്‌ച

ചില്ലറ

ചില്ലറ

തൂക്കിയിട്ടൊരു സഞ്ചിയിൽ,
അടച്ചു വച്ചൊരു ഡപ്പിയിൽ,
ഇതുവരെ സൂക്ഷിച്ചുവച്ച
നാണയത്തുട്ടുകളെ
വെറുതെ നിരീക്ഷിക്കുമ്പോൾ,

എവിടെയൊക്കെയോ വച്ചു
ചിലവാക്കാൻ മറന്നുപോയ
എന്നെ കാണുമ്പോലെ...

പഴകിയ നോട്ടുപോലെയോ,
പഴയകാലത്തിന്റെ തുട്ടുപോലെയോ,
വെറുതെ സൂക്ഷിക്കപ്പെടാൻ ഇടയാക്കുന്നതെന്തിനു?

അതിവൃത്തം

അതിവൃത്തം

അതിവൃത്തങ്ങളിൽ അടയാളപ്പെടേണ്ട 
ഒന്നാണു ജീവിതം,

വളരെ ചെറുതും
 അടുക്കും ചിട്ടയുമുള്ളതുമായ,
ഒരേ ആരത്തിലും വ്യാസത്തിലുമുള്ള
വൃത്തത്തിന്റെ അളവുകളിൽ
അതപ്പാടെ മുഷിഞ്ഞു പോകും..!!!

വൃത്താലങ്കാരവർണ്ണങ്ങളിൽ
ഇതിവൃത്തമാകുകയെന്നാൽ
ജീവിതം ജീവിച്ചുതീർക്കാനാവാത്ത
നെരിപ്പോടുകളിൽ അമരുകയെന്നാണു,

വൃത്തങ്ങൾക്കുമപ്പുറം
അതിവൃത്തങ്ങളായി
അളവുകളിലല്ലാതെ
അടയാളപ്പെടേണ്ട ഒന്നാണു ജീവിതം..!!!

2020 നവംബർ 20, വെള്ളിയാഴ്‌ച

കണക്കുകൾ

കണക്കുകൾ

അരൂപിയായ ഒരുവൻ
 ഒരുപാടു കാര്യങ്ങളെ
അടുക്കടുക്കായി ഓർമ്മിപ്പിക്കുന്നു,

ഞാനവയെല്ലാം 
പകർത്തിവയ്ക്കുന്നു..!!

കടക്കാരന്റെ പറ്റുബുക്കുപോലെ
വീട്ടിത്തീരാത്ത കടങ്ങളാകുന്നു ജീവിതം.!!
അല്ലെങ്കിൽ , വിലനോക്കാതെ
കൊടുത്തുപോയ ഉപകാരങ്ങളാകുന്നു ജീവിതം.

ബാക്കിജീവിതത്തിന്റെ കണക്കുകൾ
അരൂപിയായ അവന്റെ കൈയിലെ
കാണാനാവാത്ത ബുക്കിലെ
മറിക്കാനാവാത്ത പേജുകളിൽ
   ഉണ്ടായിരിക്കാം..!!!


 
  .

മറ്റൊരു ലോകം

മറ്റൊരു ലോകം

ജീവിച്ചിരിക്കുകയെന്നാൽ
ചിലർക്കായി ജീവിച്ചിരിക്കുകയെന്നും
ചിലർക്കായി മരിച്ചിരിക്കുക
എന്നുമാണു,

ചിലരെ കൊന്നുകളയുകയും
മറ്റു ചിലരെ ഉയിർപ്പിക്കുകയും
ചെയ്യുന്നുമുണ്ട്‌ നാം..!!!

അതിശയമെന്താണെന്നാൽ
രാജാവും പ്രജയും
നാം തന്നെയാണെന്നതിനാൽ
നിയമവും അധികാരവും
നമുക്ക്‌ കീഴ്പ്പെട്ടിരിക്കുന്ന
മറ്റൊരു ലോകമാണത്‌

2020 നവംബർ 19, വ്യാഴാഴ്‌ച

പക്ഷിക്കുഞ്ഞ്‌

പക്ഷിക്കുഞ്ഞ്‌

ഗുരു മാനവരാശിയെ
ആശ്വസിപ്പിക്കുക മാത്രമേ 
ചെയ്തുള്ളൂ, !!!!

മഴ നനച്ചു,
വെയിൽ ഒപ്പിയെടുത്തു,
നിഴൽ ഒളിപ്പിച്ചു,
പുലരികൾ വെളിച്ചം തന്നു,

കിളികൾ മുകളിൽ ഒരാകാശവും
താഴെ വീണ്ടുമൊരു ഭൂമിയുമുണ്ടെന്ന്
ഓർമ്മപ്പെടുത്തി, !!

എങ്കിലും കിളി കരഞ്ഞപ്പോൾ
ഗുരുവിന്റെ ദർശനം തേടിപ്പോയ
കിളിക്കുഞ്ഞായി നമ്മൾ,!!!

ഒന്നാശ്വസിപ്പിക്കപ്പെടാൻ
വേണ്ടി മാത്രം
തലമുറകൾ പിന്നോട്ടു പോയ
ചിറകൊടിഞ്ഞ പക്ഷിക്കുഞ്ഞ്‌..!!

ആവർത്തനം

ആവർത്തനം

ഒരു കഥയുണ്ട്‌,
വളരെ കനത്തത്‌,
ഒരു ചിരിയുണ്ട്‌,
വളരെ ഭാരമുള്ളത്‌..

ഒരു നടത്തമുണ്ട്‌,
പതിവു തെറ്റിക്കാത്തത്‌..
ചില കാര്യങ്ങളങ്ങനെയാണു,
ആവർത്തനമാണെങ്കിലും
വിരസതയുണ്ടാക്കാത്തത്‌ ...

2020 നവംബർ 18, ബുധനാഴ്‌ച

നിറങ്ങൾ

നിറങ്ങൾ

ചിത്രശലഭങ്ങളുടെ ചിറക്‌ വിറ്റു
ജീവിക്കുന്നൊരുവൾ
നിലാവിനെ കണ്ടുമുട്ടുന്നു

അവൾ നിറങ്ങളോടു കലഹിക്കുകയും
നിറങ്ങൾക്ക്‌ അവളെ വിട്ടുപോകാൻ
കഴിയാതാവുകയും ചെയ്യുന്നു

നിറങ്ങൾ അവയുടെ ഘനമേറിയ
ഘടന വിട്ട്‌
നിലാവു പോലെ മൃദുവും
ഭാരമില്ലാത്തതുമായ
അവസ്ഥ കൈവരിക്കുന്നു...

ഇപ്പോഴും അവൾ നിറമുള്ള ചിറകുകൾ
തന്നെ വിറ്റ്‌ ജീവിക്കാനുള്ള വക കണ്ടെത്തുന്നു;
അപ്പോഴും ഭാരമില്ലാത്ത നിറങ്ങളാൽ
ജീവിതം ആർഭാടമായി
ആഘോഷിക്കുകയും ചെയ്യുന്നു

നീല

നീല

നീലക്കണ്ണുകളുള്ളവരോട്‌
കറുത്തവരുടെ രാജ്യത്തേക്കുള്ള
വഴി തിരക്കുന്ന ഒരുവൾ...!!!

പെട്ടെന്ന് പെരുവഴിയിലെ തിരക്കിൽ
അവളലിഞ്ഞു പോകുന്നു...

നീലക്കണ്ണുകൾ
ചാരനിറമായെന്ന്
അവരറിയുമ്പോഴേക്കും...

കറുത്തവരുടെ രാജ്യത്ത്‌
ഒരു നീലനദി പ്രത്യക്ഷമായെന്ന 
വാർത്തയെത്തുന്നു...