2018 സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

എഡിറ്റിംഗ്‌

കൂർമ്മിപ്പിച്ച്‌ കൂർമ്മിപ്പിച്ചു
തീർന്നു പോകുന്നൊരു
പെൻസിലാണു ജീവിതം!

അതിൽ എഡിറ്റിംഗ്‌
അസാദ്ധ്യമായൊരു കലയൊന്നുമല്ല.
ഒഴുകിത്തീരാൻ
മനസ്സുള്ള
മഷിയായ്‌ തീരാൻ കഴിയുകയാണെങ്കിൽ മാത്രം

വെട്ടിത്തിരുത്തി
ഞാനെഴുതിയ വരികളുടെ
ഭംഗി നോക്കുകയാണു
ഞാനിപ്പോൾ

അവയ്ക്ക്‌ തിരുത്തപ്പെടാത്ത
വരികളുടെ വൃത്തി കണ്ടില്ലെന്നു വരാം
അർത്ഥമില്ലാതെയും ആത്മാവില്ലാതെയും അലയുന്ന
വാക്കുകളെക്കാൾ തെളിമയുണ്ടവയ്ക്ക്‌!!

2018 ജൂൺ 12, ചൊവ്വാഴ്ച

കടൽക്കൊട്ടാരം

ചിന്തകളിലെ അതിശയോക്തി കൊണ്ടുമാത്രം
കടൽകൊട്ടാരത്തിന്റെ അധിപയായൊരുവൾക്ക്‌,

സ്നേഹത്തിന്റെ യുക്തികൊണ്ടുമാത്രം
കടൽ നിർമ്മിച്ചു നൽകുന്ന ഒരുവൻ

വാക്കുകളുടെ സഞ്ചാരസ്വാതന്ത്ര്യം
മാത്രമെടുത്ത്‌
ഇരുവരും ചേർന്ന് കടലിനു
നീലനിറം നൽകുന്നു.

കൊട്ടാരത്തിന്റെ ഓരോ കല്ലിലും
നീലനിറം
പ്രതിഫലിച്ച്‌
അവൾ ആകാശത്തിന്റെയും
അധിപയെന്നു തോന്നിക്കുന്നു.

അവളുടെ സാമ്രാജ്യം
അവന്റെ സാന്നിദ്ധ്യംകൊണ്ടുമാത്രം
സമൃദ്ധമാകുന്നു
അവന്റെ ആകാശം
അവളായിരിക്കുകയും ചെയ്യുന്നു

2018 ഏപ്രിൽ 23, തിങ്കളാഴ്‌ച

ഉടമ

ജീവിച്ചുതുടങ്ങുന്ന
കാലത്ത്‌
ഞാനൊരു ചങ്ങലയിലായിരുന്നു;
ജീവിതത്തിന്റെ.

മരിച്ചു തുടങ്ങിയ
  കാലത്ത്‌
അതിന്റെ ഉടമ മരണമായി.

ഇപ്പോഴാവട്ടെ ,
ആ ചങ്ങലയുടെ
ഉടമസ്ഥത ഞാനെടുത്തു,

ഒരു രാജ്ഞിയുടെ രഥം വലിക്കുന്ന കുതിരകളെപ്പോലെ
ജീവിതത്തെയും മരണത്തെയും
ആ ചങ്ങലയുടെ ഇരുവശങ്ങളിലും
കൊരുത്തിടുകയും ചെയ്തു.

2018 ഏപ്രിൽ 7, ശനിയാഴ്‌ച

ശബ്ദം

ഒരു നീരുറവ
അതിന്റെ ശബ്ദം കൊണ്ട്‌ നിങ്ങളെ ആകർഷിക്കുന്നില്ല,
കടലതിന്റെ ആരവം കൊണ്ട്‌
നിങ്ങളെ വിളിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു.

ദാഹിക്കുമ്പോൾ ഒരു നീരുറവ തേടി നിങ്ങൾ യാത്ര തുടങ്ങുക തന്നെ ചെയ്യും

മറ്റൊരു  യാത്രയുടെയവസാനം
കടൽ നിങ്ങളെ കൈവീശി
മടക്കിയയച്ചുവെന്നും വരാം.
അത്ര നിശബ്ദരായിരിക്കുന്നവരിലേക്ക്‌
ഓളങ്ങൾ നിക്ഷേപിച്ചാൽ
കടലുണ്ടാവുമെന്നത്‌
എത്ര വലിയ കെട്ടുകഥയാണു

2018 മാർച്ച് 29, വ്യാഴാഴ്‌ച

തിരിച്ചറിവ്‌

കയ്പിന്റെ ചഷകത്തിൽ നിന്ന്
മട്ടുവരെ കുടിക്കുന്നൊരുവനു
ഒരു  കണ്ണീർ തുള്ളി
വേർ തിരിഞ്ഞു കിട്ടി.

ആ തുള്ളിക്ക്‌
അവന്റെ തന്നെ രുചിയായിരുന്നു.

ചോദ്യങ്ങൾ ഒരായിരമുണ്ടായിരിക്കാം
ഉത്തരം ഒരധിക ബാദ്ധ്യതയാണു

ജീവിതത്തിനു
നേർ രേഖ വരച്ച്‌
ശരിതെറ്റുകൾ പഠിപ്പിക്കുന്നവർക്കിടയിൽ
മൗനവും ഒരു കുറ്റമായിരിക്കും.

അല്ലെങ്കിലും തേനീച്ചയുടെ ജീവിതം
ഉറുമ്പുകൾക്കെങ്ങനെ തിരിച്ചറിയാനാകും!!

2018 ജനുവരി 25, വ്യാഴാഴ്‌ച

വര

ഏറ്റവും കുറഞ്ഞ നിറത്തിൽ
അയാൾ  അവളെ വരച്ചെടുത്തു.
ഒറ്റനിറം , കറുപ്പ്‌.

അതു  വളരെ എളുപ്പവുമായിരുന്നു
ഉടൽ അളവുകളുടെ വളവുകൾ,
മുകളിലേക്കുയർന്നു
നിൽക്കുന്ന കൈകളിലെ വളകൾ പോലെ ,

വേഷം ചെറുപ്പക്കാരിയുടേത്‌ തന്നെയാവണം;
കുടുംബത്തിൽ ഏതു സ്ത്രീക്കാണു പ്രായമാവുന്നത്‌?
അവൾക്കെപ്പോഴാണു വയ്യായ്മകൾ ആരംഭിക്കുന്നത്‌?

തല വരയ്ക്കാൻ അയാൾ ശ്രമിച്ചതേയില്ല,
ഏതു സ്ത്രീക്കാണു ചിന്തകൾ ആവശ്യമുള്ളത്‌?
വിറകുകെട്ടുകളോ വെള്ളത്തിന്റെ ഒരു കുടമോ ആ സ്ഥാനത്തു ചേരും.

വഴികൾ വരയ്ക്കപ്പെടാനുള്ളതല്ല,
അതവളുടെ സ്വകാര്യ വേദനകളാകുമ്പോൾ,
പാദസരം വിശദമായി   വരയ്ക്കാൻ
അയാൾ മറന്നില്ല.
അതിലാണല്ലൊ മനോഹാരിതയത്രയും
.
പക്ഷെ ,
കറുത്ത വരയുടെ
ഗർഭപാത്രത്തിൽ
അണിഞ്ഞൊരുങ്ങിയ
ഒരു സ്ത്രീയുടെ നൃത്തരൂപം
വരച്ചു ചേർക്കുമ്പോൾ അവളുടെ സ്വപ്നങ്ങൾ
ഒരിക്കലും പൂർണ്ണവളർച്ചയെത്തുന്നില്ലല്ലൊയെന്ന്
അയാൾ നെടുവീർപ്പിട്ടു.