2017, ഏപ്രിൽ 27, വ്യാഴാഴ്‌ച

ഒരു പെണ്‍കുട്ടിയുടെ കഥ

നമ്മുടെ ഗ്രാമത്തിലൊരിക്കലും
ഇല്ലാത്ത ഒരു പെണ്‍കുട്ടിയുടെ
കഥ കേള്‍ക്കാനായി
നമുക്ക് മൂന്നു രാജ്യങ്ങള്‍
കടന്നുപോകേണ്ടതുണ്ട്

ആദ്യത്തെ രാജ്യം  അവിശ്വസനീയതയാണ്
കഥകള്‍ അങ്ങനെ ആയിരിക്കണമല്ലോ

അവള്‍ക്കായി ഒരുങ്ങിയ വഴികള്‍
അവള്‍ നടന്ന  പകലുകള്‍
ഉറങ്ങിയ രാവുകള്‍

രണ്ടാമത്തെ  രാജ്യവും അവിശ്വസനീയതയാണ്,
അവള്‍ ചെയ്ത ജോലികള്‍
നേടിയ അറിവുകള്‍
അവളുടെ സമ്പാദ്യങ്ങള്‍

മൂന്നാമത്തെ രാജ്യവും അവിശ്വസനീയത  തന്നെയാണ്
അവളുടെ വസ്ത്രങ്ങള്‍
അവളുടെ കണ്ണുകള്‍
അവളുടെ  വാക്കുകള്‍

ഈ മൂന്നു  രാജ്യവും
കടന്നെത്തുമ്പോള്‍
നാം സ്വന്തം ഗ്രാമത്തില്‍
എത്തിച്ചേര്‍ന്നിരിക്കുന്നതായി കാണും

കാടിന്റെ അരികിലായി
അവള്‍ അലസമായിരിക്കുന്നത് കാണുമ്പോള്‍
മേയാന്‍ വിട്ട കുതിരകളെ കാത്തിരിക്കുകയാണെന്ന്
അവള്‍ ചോദിക്കാതെ മറുപടി  പറഞ്ഞേക്കും

പതിവു നടത്തങ്ങള്‍ക്ക്
തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞു
താനൊരു നീണ്ട യാത്ര പോവുകയാണെന്ന്
അവള്‍ തോന്നിപ്പിച്ചേക്കും

ദൂര  യാത്രകള്‍ക്ക്
അയഞ്ഞ പഴകിയ വസ്ത്രങ്ങളണിഞ്ഞു
അവള്‍ ഗ്രാമീണതയെ ഓര്‍മിപ്പിക്കുകയും ചെയ്യും

അവള്‍ക്കൊപ്പം
ഒരിക്കലും സഞ്ചരിക്കാത്തവരുടെ
കൈകളില്‍  നിന്നൂര്‍ന്നു പോവുകയോ
അവള്‍ക്കൊപ്പമെത്താന്‍ കഴിയാത്തവരുടെ
കൈകളാല്‍ കൊല്ലപ്പെടുകയോ ചെയ്ത്

അവിശ്വസനീയതയുടെ രാജ്യത്ത്
ഒരു കഥയായി അവള്‍ തുടരുമ്പോഴും

മൂന്നു രാജ്യങ്ങള്‍ക്കപ്പുറമുള്ള
ഒരു പെണ്‍കുട്ടിയുടെ 
അതിസാഹസിക  കഥ കേള്‍ക്കാന്‍ നാം കാതു കൂര്‍പ്പിക്കുകയാവും

2017, ഏപ്രിൽ 23, ഞായറാഴ്‌ച

നാടുകടത്തൽ

ഗ്രാമവാസിയായ ഒരു പെൺകുട്ടി
നഗരഹൃദയത്തിലേക്ക്‌ നാടുകടത്തപ്പെടുന്നു

അവളൊട്ടും തിരക്കുകൂട്ടാതെ
നടക്കുമ്പോൾ
ആളുകൾ അത്ഭുതപ്പെടുന്നു.

ഇലകൊഴിച്ച്‌ മരങ്ങളും
പടം പൊഴിച്ച്‌ പാമ്പുകളും
പുതുമനേടുമെന്നറിയാവുന്ന അവൾ
നഗരം തന്റെ മുഷിഞ്ഞ വസ്ത്രം മാറാൻ എന്നും മറന്നുപോകുന്നതു കാണുന്നു.

ഒരു കാവൽക്കാരൻ അവളുടെ സഞ്ചി പരിശോധിക്കുന്നു
അടുക്കിവച്ച വസ്ത്രങ്ങളോ
പലനിറത്തിലുള്ള ചെരുപ്പുകളൊ
അതിലില്ലെന്നു കണ്ട്‌ അയാളിലൊരു പുശ്ചഭാവം നിറയുന്നു

ഈ നഗരത്തെ മുഴുവൻ
അയാളാണു
കാത്തു സൂക്ഷിക്കുന്നതെന്ന
മനോഭാവം കണ്ട്‌ പെൺകുട്ടി ചിരിക്കുന്നു

അവളുടെ സാവധാനതകൊണ്ട്‌
തന്റെ തിരക്കിൽ അവളെ അലിയിച്ചെടുക്കാൻ നഗരത്തിനാവുന്നതേയില്ല

നഗരം അതിന്റെ മതിലുകൾക്കപ്പുറമൊരു കാടതിർത്തിയായ ഗ്രാമത്തിലേക്ക്‌
അവളെ പുറന്തള്ളുന്നു

അവൾ തുന്നി നൽകിയ നിറങ്ങളിൽ
കാടും കടലും കനത്തു നിൽക്കുന്നതായി കാണുന്ന
നഗരവാസികൾ
അവളെ തിരഞ്ഞ്‌ നഗരത്തിനു പുറത്തേക്കു പോകുന്നു

ഇപ്പോൾ നഗരം ആളുകളുടെ
ഹൃദയപരിസരങ്ങളിൽ നിന്ന്
നാടുകടത്തപ്പെടുന്നു.

  

2017, ഏപ്രിൽ 22, ശനിയാഴ്‌ച

ഇലകൾ

ഇലകളെ ഞാനെത്രയിഷ്ടപ്പെടുന്നു,

പൂക്കൾ കണ്ണിനു ആനന്ദമേകുന്ന കാഴ്ച തന്നെയാണു

ഇലകളോ , ജീവന്റെ സാന്നിദ്ധ്യമറിയിക്കുന്നു.
വേരിൽ നിന്ന് തളിർപ്പിലേക്കൊരു
പാതയുണ്ടെന്ന് പുഞ്ചിരിക്കുന്നു.

ഒരില മറ്റൊന്നിനോടു
സംസാരിക്കുമ്പോൾ
കാറ്റെന്ന് നാമനുഭവിക്കുന്നു

ഇലകൾആഹാരം
പാകപ്പെടുത്തുമ്പോൾ
സർവ്വപ്രപഞ്ചവും
ആശ്വസിക്കുന്നു

ആഴത്തിലൊഴുകുന്ന
ജലവും
ഉയരത്തിലലയുന്ന വായുവും
ഇലകളുടെ തുടുപ്പിൽ
അടയാളപ്പെടുന്നു.

ഇലകൾ പുഞ്ചിരിക്കുന്നതാവാം
പൂക്കളായ്‌ നാം കാണുന്നത്‌.

വേരുകൾ വീഴുന്നതും
ആദ്യമറിയുന്നത്‌
ഇലകൾ തന്നെ

2017, ഏപ്രിൽ 20, വ്യാഴാഴ്‌ച

ഞങ്ങളുടെ ലോകം

ഞങ്ങൾക്ക്‌, സ്ത്രീകൾക്കു
ഒരു ലോകമുണ്ടായിരുന്നെങ്കിൽ.
ഒരു പുരുഷനെ പേടിച്ച്‌
മറ്റൊരു പുരുഷന്റെ ചിറകിൽ
ഞങ്ങൾ അഭയം തേടില്ലായിരുന്നു.

ഒരു പുരുഷന്റെ തലച്ചോറിനെ തൃപ്തമാക്കാൻ
ഞങ്ങളുടെ തലച്ചോർ
ഒരു പൊതിച്ചോറിൽ പൊതിഞ്ഞുവയ്ക്കില്ലായിരുന്നു.

ഞങ്ങൾ ഇഷ്ടമുള്ള വസ്ത്രം ധരിക്കുമായിരുന്നു,
കാടു മുതൽ കടലു വരെ
തനിച്ചും കൂട്ടമായും സഞ്ചരിക്കുമായിരുന്നു.

ഉറക്കെ ചിരിക്കുകയും
പാട്ടുപാടുകയും ചെയ്യുമായിരുന്നു.

ഒരു സ്ത്രീ തന്റെ അഭിനിവേശങ്ങളെക്കുറിച്ച്‌,
സങ്കടങ്ങളെക്കുറിച്ച്‌,
സ്വപ്നങ്ങളെക്കുറിച്ച്‌
മറ്റൊരു സ്ത്രീയോടു പങ്കുവയ്ക്കുന്നതിന്റെ ഊഷ്മളത ഒരു തീച്ചൂടിനു ചുറ്റുമിരുന്ന് ഞങ്ങൾ ആസ്വദിക്കുമായിരുന്നു

ഒരു സ്ത്രീക്ക്‌ കൂട്ടുപോകാൻ മറ്റൊരു സ്ത്രീയുടെ സ്നേഹം തന്നെ ധാരാളമാവുമായിരുന്നു.

സർവ്വോപരി ഒരു ലോകത്തിനുള്ളിൽ കുടുങ്ങിപ്പോയ മറ്റൊരു ലോകമായി ഞങ്ങൾ വ്യാഖ്യാനിക്കപ്പെടില്ലായിരുന്നു.
സ്ത്രീകൾ നിർവ്വചിക്കപ്പെടുകയേയില്ലായിരുന്നു

2017, ഏപ്രിൽ 16, ഞായറാഴ്‌ച

അലങ്കാരം

പുരാതനമായവയെ
മാറ്റിയെഴുണമെന്നു നിങ്ങൾക്കുണ്ട് ,
അതിനൊരവതാരകനെ 
കാത്തിരിക്കുകയാണ് നിങ്ങൾ .
ബലിയാടുണ്ടായിരുന്നെങ്കിൽ
അപ്പം മുറിക്കാമെന്ന് ,
കൂടാരത്തിനുള്ളിൽ
വിശ്രമത്തിലാണു നിങ്ങൾ
ഒരു പുതിയവാക്കു പറയുന്നവനോട്
അതിദുര്ബലമായൊരഭിപ്രായം കൊണ്ട്
അടുത്തുകൂടുമ്പോഴും,
സുരക്ഷിതമായ അകലത്തിൽ വിരുന്നുമേശ
പഴയതും പുതിയതുമായ വീഞ്ഞിനാൽ
അലങ്കരിക്കപ്പെട്ടുമിരിക്കുന്നു

2017, ഏപ്രിൽ 15, ശനിയാഴ്‌ച

വഴി തേടുന്നവർ

നിങ്ങൾക്കെപ്പോഴെങ്കിലും വഴി തെറ്റിയിട്ടുണ്ടോ ?
അറിയുന്ന  നഗരത്തിൽ ....
 അറിയുന്ന  ഗ്രാമത്തിൽ ......

 നിങ്ങൾക്കെവിടെയെങ്കിലും സമയം  തെറ്റിയിട്ടുണ്ടോ ?
സ്വന്തം കാലത്തിൽ....
സ്വന്തം കൂട്ടത്തിൽ ....

നിങ്ങൾക്കെന്നെങ്കിലും കാലം തെറ്റിയിട്ടുണ്ടോ ?
സ്വന്തം വീട്ടിൽ ...
സ്വന്തമിടത്തിൽ .....

അതിഥികളായി വരുമ്പോഴാണ്
വഴി  ചോദിക്കേണ്ടി വരുന്നത്
വരേണ്ട സമയം അന്വേഷിക്കേണ്ടിവരുന്നത്

സ്വന്തം രാജ്യത്തിലേക്ക് ,
സ്വന്തം ദേശത്തിലേക്ക് ,
സ്വന്തം വീട്ടിലേക്ക് ,
ഇപ്പോൾ  വരേണ്ടിയിരുന്നില്ലെന്ന്,
വഴിയോ , കാലമോ , സമയമോ
തെറ്റിപ്പോകാറുള്ള അതിഥികളാണ്
പലപ്പോഴും നമ്മൾ 

ലഘുവിവരണം


നിലാവുദിച്ച  രാത്രിയായിരുന്നു  . അവരൊന്നിച്ചിരുന്നപ്പോൾ   അവൾ  പാടിക്കൊണ്ടിരുന്നു . നിറങ്ങളെക്കുറിച്ച്........., പൂക്കളുടെ  ,ഇലകളുടെ , കുട്ടികളുടെ കണ്ണുകളുടെ ..........
ഒരിടവേളയിൽ എല്ലാവരും  മറ്റെന്തിലോ മുഴുകിയിരുന്നപ്പോൾ  അവൾ  താൻ  വന്ന  വഴിയിലേക്ക്  തിരിഞ്ഞു നോക്കി .അതു മാഞ്ഞുപോയിരിക്കുന്നു ആകെ  കടലിന്റെ ഒറ്റനിറം മാത്രം .ആ  നീലയിൽ  നിന്ന്  കുറച്ചെടുത്ത് അവളൊരു വീട് നിർമ്മിച്ചു . അതിലൊരു മുറി നിറയെ സംഗീതോപകരണങ്ങൾ . രാഗങ്ങൾ ഇഷ്ടപ്പെടുന്ന , സ്വരങ്ങളുടെ ആരോഹണ അവരോഹണങ്ങൾ ആസ്വദിക്കുന്ന  ഒരു വീട്  .

നീയിപ്പോൾ  എന്താണ് കാണാൻ ആഗ്രഹിക്കുന്നത് ? ചുറ്റും  കടലും  മുകളിൽ  നക്ഷത്രങ്ങളുടെ തിളക്കവും  മാത്രമുള്ള രാത്രിയുടെ ഒരു  കറുത്ത പാളിയിൽ  ചാരി നിന്നുകൊണ്ട് അയാൾ ചോദിച്ചു . ചെറിയ കാറ്റത്തു പറന്നിറങ്ങുന്ന ഒരില . ഒട്ടും  സംശയമില്ലാതെ അവൾ മറുപടി  പറഞ്ഞു


ഒരു  മജീഷ്യന്റെ  അംഗചലനങ്ങളോടെ  അയാൾ  കൈകൾ  വിടർത്തി . കൈക്കുള്ളിൽ അയാൾ  അപ്പോൾ  കഴിച്ച  മുന്തിരിയുടെ  ഒരു  കുരുവുണ്ടായിരുന്നു . അതിൽ നിന്ന് പതിയെ  ഒരു  മുള വന്നു , ഇലകൾ  വിരിഞ്ഞു . വള്ളി വീശി  അത്  മുകളിലേക്ക്  വളർന്നു . മജീഷ്യന്റെ തൊപ്പിയുടെ ഉയരമെത്തിയപ്പോൾ  അതിൽ  ഒരിലയോടു  ചേർന്ന് മുന്തിരിക്കുല  വന്നു .ആ  കുല പാകമെത്തും മുന്നേ ഇല  പഴുത്തു . അതിന്റെ ഞെട്ടിൽ  നിന്ന്  ഇല  വേർപെട്ട  നിമിഷത്തിൽ കൈയിലൊരു  വലിയ  കോപ്പയിൽ  നിറയെ  ചൂടുള്ള  ചായ ഊതിക്കുടിച്ചുകൊണ്ട് കപ്പിത്താൻ  അവർക്കടുത്തേക്കു  നടന്നു വന്നു . അയാൾ ചായയിലേക്കു  ഊതിയ കാറ്റിന്റെ  പാതി  ഇലയ്ക്കടുത്തേക്കു  നീങ്ങി  വന്നു . ഇല  സാവധാനം  പറന്നു തുടങ്ങി .

ഈ  ഇലയെ  എവിടെ  നിക്ഷേപിക്കാനാവും  ? അവൾ  ഉറക്കെ  ചോദിച്ച  ചോദ്യം  കേട്ട്  ദൂരദർശിനിയിലൂടെ ആകാശത്തെ  വീക്ഷിച്ചുകൊണ്ടിരുന്ന  നീളൻ കുപ്പായക്കാരൻ തല തിരിച്ച് മറുപടി  പറഞ്ഞു . അതിനു അതിന്റേതായ  ഇടമുണ്ടാവും  . അതവിടെ തന്നെ  പതിക്കുകയും  ചെയ്യും . ആ മറുപടിയിൽ  അവൾ തൃപ്തയായതായി  തോന്നിയില്ല . വളരെ  വേഗം  മുറിക്കകത്തേക്കു  ഓടിപ്പോവുകയും  ചെയ്തു .

ഓടിപ്പോകുന്ന  ഇടനാഴിയിൽ ഒരു സഞ്ചാരി കുട്ടികളോട്‌ യാത്രക്കാരന്റെ കഥ പറയുന്നുണ്ടായിരുന്നു. ആ യാത്രക്കാരൻ  നടന്നു ക്ഷീണിച്ചപ്പോൾ തന്റെ തോൾ സഞ്ചി ഒരു പുഴക്കരയിൽ ഉപേക്ഷിച്ചു. പുഴ അനായാസമായി ഒഴുകുകയായിരുന്നു .  ഭാരമേതും വഹിക്കാനില്ലാത്തതിന്റെ ആശ്വാസത്തിൽ അയാളാ പുഴ നീന്തിക്കടന്നു . കൂട്ടുകാരന്റെ വീട്ടിലേക്കുള്ള വഴിയിൽ വച്ച്‌ അയാളൊരു വൃദ്ധനെ ചുമടെടുക്കാൻ സഹായിച്ചു
ഒരു കുന്നിന്റെ മുകളിൽ    രണ്ടിടവഴികൾ പിരിയുന്ന ഇടത്തുവച്ച്‌  വൃദ്ധൻ തന്റെ ചുമടിൽ നിന്നൊരുപിടി വറുത്ത പയർ യാത്രക്കാരനു നൽകി. അത്ര നേരം താൻ ചുമന്നത്‌ താനുപേക്ഷിച്ച ഭാരങ്ങളാണെന്ന് അപ്പോൾ അയാൾതിരിച്ചറിഞ്ഞു. സ്വന്തം ആഗ്രഹങ്ങളും അനർത്ഥങ്ങളുമല്ലാതെ ഒരു മനുഷ്യനു മറ്റെന്താണ്     ചുമക്കാനാവുക, 

സഞ്ചാരി മറ്റൊരു കഥയാരംഭിക്കുന്നതിനു മുൻപ്‌ അവളോടി   ഒരു അറയ്ക്കകത്തെത്തി.   ഉയരത്തിൽ    സൂക്ഷിച്ചിരുന്ന ഒരു വലിയ ബുക്കുമായി തിരികെയെത്തിയപ്പോഴേക്കും,  കപ്പിത്താൻ സംഗീതത്തെ സ്നേഹിക്കുന്നതുകൊണ്ടു മാത്രം ഒരു പാട്ടുകാരിയാകാൻ ആഗ്രഹിച്ച അവളെ  വിവാഹത്തിന്റെ തലേന്ന് കപ്പലിൽ കടക്കാൻ അനുവദിച്ചതിനെക്കുറിച്ച്‌ മജീഷ്യനോടു പറയുന്നത്‌ കേൾക്കാമായിരുന്നു.  മജീഷ്യൻ മുകളിലേക്കുയർത്തിയിരുന്ന കൈ വേദനിച്ചു തുടങ്ങിയിരുന്നു. അയാളാ കൈ കുടഞ്ഞു.പറന്നുവന്ന ഇല അവൾ നിവർത്തിയ ബുക്കിന്റെ ഉള്ളിലെ    ശൂന്യമായ കോളത്തിൽ വന്നിരുന്നു. അതിനു താഴെ മുന്തിരിയിലയുടെ  പ്രത്യേകതകളെക്കുറിച്ച്    ഒരു ലഘുവിവരണമുണ്ടായിരുന്നു 




   

2017, ഏപ്രിൽ 6, വ്യാഴാഴ്‌ച

മുറിവ്‌

മരണകാരണമായൊരു മുറിവ്‌
ജീവിതം രക്ഷിക്കുന്നതുപോലെ
ആഴത്തിലേൽക്കുകയാണു നീ

അദൃശ്യയായൊരു പക്ഷിയുടെ പാട്ട്‌
പുലർച്ചെ    ജീവന്റെ സാന്നിദ്ധ്യമറിയിക്കുന്നതു
പോലെയുമാണത്‌

ആശയങ്ങളുടെ വിശാലതയിലേക്ക്‌
 പടരുന്ന  എന്റെ
ചില്ലകളിലിരുന്നാണാ കിളി
പാടുന്നത്‌
  
എന്നിലേക്കു തന്നെ വേരുറയ്ക്കുന്ന
എന്റെ നിയമങ്ങളാണവളുടെ പാട്ട്‌