2014 നവംബർ 10, തിങ്കളാഴ്‌ച

പറയുമ്പോള്‍



നിങ്ങള്‍ പ്രണയമെന്ന
പദമൂന്നുമ്പോള്‍
വിരിയാത്ത
പൂവെന്‍റെയോര്‍മയിലെത്തുന്നു .

ചുണ്ടുകളെക്കുറിച്ചോ
ചുംബനങ്ങളെക്കുറിച്ചോ
പറയുമ്പോള്‍
എവിടെയോ പൊഴിഞ്ഞു പോകുന്ന
വാക്കുകളെയും
മറവിയില്‍ മുങ്ങിപ്പോകുന്ന
അവയ്ക്കുള്ള മറുപടികളെയും
കാണുന്നു.

ഞാന്‍
അനാഥമായൊരു പ്രതാപകാലത്തിന്‍റെ
കയ്പുനിറഞ്ഞചഷകമാണെങ്കിലും
ഏകാന്തതയെക്കുറിച്ചു
പറയുമ്പോള്‍
പ്രണയം പോലെ
മധുരിക്കുന്നു .

2014 നവംബർ 9, ഞായറാഴ്‌ച

സൂര്യരശ്മി


പ്രഗല്‍ഭരായ പ്രതിഭകളുടെ 
ഭാവനാസമ്പന്നമായ 
അതികായിക ലോകത്തില്‍ 
ഒഴുകി  നടക്കുന്ന 
ഒരിലയാവുന്നതിനേക്കാള്‍ 

അതിലളിതമായ 
ഒരാത്മാവിന്റെ 
ഉപ്പുരസമുള്ള 
ഓര്‍മകളുടെ 
ഗഹനത നിറഞ്ഞ 
കുറിപ്പുകളിലേക്കു 
സൂര്യരശ്മിയായി 
അരിച്ചിറങ്ങാനാണ്
ഓരോ വായനയുമെന്നെ
നിര്‍ബന്ധിക്കുന്നത്‌ ..!!! 

2014 നവംബർ 1, ശനിയാഴ്‌ച

പരിചയം


സ്ത്രീത്വം അക്ഷരങ്ങളെ 
പരിചയപ്പെടാന്‍
അനുവദിക്കരുത് 

അവള്‍ അക്ഷരങ്ങളെ 
പ്രണയിക്കും ,
കാമുകിയായി പരിണയിക്കും 
അമ്മയായ് മുലയൂട്ടും 
വീട്ടുകാരിയെന്നപോലെ
അക്ഷരങ്ങളെ വൃത്തിയായി 
സൂക്ഷിക്കും 
ആഹാരമെന്ന വണ്ണം പാകപ്പെടുത്തും .

അക്ഷരങ്ങള്‍ 
സ്ത്രീത്വത്തെ അഭിമുഖീകരിക്കാന്‍ 
ഇടനല്‍കരുത്;

മുദ്ര വയ്ക്കപ്പെട്ട തടവറകള്‍ തുറന്ന്
യുദ്ധത്തടവുകാരുടെ മുറിവുകളായി 
കാലത്തിന്‍റെ കണ്ണിലവ  
വേദന വിരിയിക്കും
ആത്മാവില്‍
പൂക്കള്‍ കരിഞ്ഞ മണം പരത്തും

അക്ഷരങ്ങള്‍
രോഗാതുരമാണെന്ന് 
പറയുന്നവരോട്  ഒരേയൊരു തിരുത്ത്‌ ,
സ്ത്രീത്വമൊരു പകര്‍ച്ചവ്യാധിയാണ്  

അടുത്തുനില്‍ക്കുന്ന 
അക്ഷരങ്ങളിലേക്ക് 
അവളില്‍ നിന്ന് 
സൌന്ദര്യമോ ,സ്നേഹമോ 
പ്രണയമോ ,ആത്മവിശ്വാസമോ
ആന്തരികശക്തിയോ ആത്മാര്‍ത്ഥതയോ
പടര്‍ന്നു പിടിച്ചേക്കാം.

അവളിലക്ഷരങ്ങള്‍ 
ജ്വലിക്കുകയോ
അക്ഷരങ്ങളിലവള്‍
ജ്വലിക്കുകയോ 
ചെയ്യുന്നത് വരെ മാത്രമേ 
ഭൂമിയിലേകാധിപത്യങ്ങള്‍ 
ഭാവം മാറി വരികയുള്ളൂ ..

അതിനാല്‍ 
സ്ത്രീത്വം അക്ഷരങ്ങളെ 
പരിചയപ്പെടാന്‍
അനുവദിക്കരുത് ....!!