2020 ഓഗസ്റ്റ് 30, ഞായറാഴ്‌ച

ആത്മഹത്യ

ആത്മഹത്യ
.............................
യാത്രകള്‍ വെറും 
ചുമടുതാങ്ങികള്‍  മാത്രമായിത്തീരുമ്പോള്‍ 
സൂചനകളിലും സ്വപ്‌നങ്ങളിലും 
പാമ്പിനെ  വളര്‍ത്തിയാല്‍  
 
ആവശ്യാനുസരണം 
കയറായോ വിഷമായോ 
ഉപയോഗിക്കാം 
 
വിഷമുള്ള കൂണൊന്നിനെ 
കണ്ണുകളില്‍ അഴുകാതെയിരുത്തിയാല്‍ 
ഭക്ഷ്യവിഷബാധയെന്നു
സ്വയം സമാധാനിക്കാം
 
മനസ് ലഘുവും 
ജീവിതം  ഗുരുവുമാകുമ്പോള്‍ 
വിദൂരഭാവിയിലൊരു 
ആത്മഹത്യക്കൊരുങ്ങേണ്ടതുണ്ട് 

2020 ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

കൂടൊരുക്കൽ

കൂടൊരുക്കൽ

ഒരു പ്രശ്നത്തെ നേരിടേണ്ടിവരുമ്പോൾ
അതിഥിയെപ്പോലെ സ്വീകരിക്കുക
പോരാളിയെപ്പോലെ നേരിടുക

തലച്ചോറിലൊ 
ഹൃദയത്തിലോ
കൂടുകൂട്ടാൻ 
അവസരം നൽകാതെയുമിരിക്കുക

സാഹര്യങ്ങളുടെ നിഴലിൽ
അതിനു സമാധിയൊരുക്കുക
സമയമെത്തുമ്പോൾ 
അതിനു ചിറകുമുളയ്ക്കുകയും
പറന്നു പോവുകയും ചെയ്യും



2020 ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

എയ്‌ റോമി

എയ്‌ റോമി

 2020 ആഗസ്റ്റ്‌ മാസം
ചിന്നിച്ചിതറിയ 
ബെയ്‌ റൂട്ടിൽ നിന്നും എയ്‌ റൊമി
ട്രിപ്പോളിയിലേക്കു കാറോടിച്ചു പോകുന്നു...
ശേഷം എനിക്കൊരു മെസ്സേജയക്കുന്നു..!!!

മുമ്പോട്ടു മാത്രം നോക്കി
 കടന്നു പോന്നതിനെ ഓർമ്മിക്കൂ!!!

1942 ഏപ്രിൽ മാസത്തിലെ
കറുത്തപുകയിൽ 
അന്നത്തെ സെയ്‌ലോണിൽ നിന്ന്
ഇന്നത്തേ ശ്രീലങ്കയിലേക്ക്‌
അതിജീവിച്ച അവളുടെ അമ്മ
ആഗസ്റ്റ്‌ പതിനഞ്ചിനു
എനിക്കൊരു സന്ദേശമയയ്ക്കുന്നു

അതെ, വളരാനും സ്നേഹിക്കാനുമുള്ള
സ്വാതന്ത്ര്യം
ഉള്ളിൽ നിന്നു നാം കണ്ടെത്തിയിരിക്കുന്നു!!!

എഡിറ്റിംഗ്‌

എഡിറ്റിംഗ്‌

അനധ്യാപകന്റെ ക്ലാസ്‌...

ആർട്ട്‌ ഓഫ്‌ ലിവിംഗ്‌

അതിൽ എഡിറ്റിംഗ്‌ ന്റെ ഭാഗം...

അനാദിയായൊരു കാലം,
ഉഗ്രമായൊരു സ്ഫോടനത്തിൽ നിന്ന്
കളിമണ്ണാൽ കുഴയ്ക്കപ്പെട്ട്‌
അതിസങ്കീർണ്ണവും
ബൃഹത്തായതുമായ ലോകം
അടുക്കിലും ചിട്ടയിലും ഉളവായിരിക്കുന്നു..

ദൈവം
മണ്ണായും , മരമായും, 
ശിലയായും, എഡിറ്റു ചെയ്യപ്പെടുന്നു

മനുഷ്യൻ
കോളറയാലും പ്ലേഗ്‌ കൊണ്ടും
കുഷ്ഠത്തിന്റെ സ്പർശനമേറ്റും
 കൊറോണയ്ക്കു മുൻപെന്നും പിൻപെന്നുമൊക്കെ
റീപ്രോഗ്രാം ചെയ്യപ്പെടുന്നു

ദൈവവും മനുഷ്യനും ചേർന്ന്
ശാസ്ത്രത്തെ എഡിറ്റു ചെയ്തുകൊണ്ടേയിരിക്കുന്നു.
ശാസ്ത്രം എതിരാളികളെ
ഡിലീറ്റ്‌ എന്ന ബട്ടണിൽ അമർത്തുന്നു