2019 ഓഗസ്റ്റ് 28, ബുധനാഴ്‌ച

കണ്ണുകൾ

കണ്ണുകളിലെ കാഴ്ചയെക്കുറിച്ച്‌
പുതിയ വെളിച്ചവുമായി വന്നവനെക്കുറിച്ച്‌
പറയാതിരിക്കുന്നതെങ്ങനെ ?

അവന്റെ കൈകളിൽ
ആശ്വാസത്തിന്റെ കാറ്റുണ്ടായിരുന്നു
കണ്ണുകളിൽ
ഇനിയും പെയ്യാതൊരു മഴയും..

മഴയ്ക്കു മുമ്പുള്ള
തണുത്ത കാറ്റാണു
ഞാൻ സ്വന്തമാക്കിയത്‌

ഒപ്പം നടന്ന്
ഞാനവന്റെ ചില്ലകളിലെ
ഉലച്ചിലായി...
അവന്റെ കണ്ണുകളിലെ
പെയ്യാത്ത മഴയുടെ പിടച്ചിലായി...

നാം എന്നാൽ എന്താണെന്നും
എന്തായിത്തീരുമെന്ന വ്യഥയാണെന്നും
മനുഷ്യൻ ഉരുകുന്നതിന്റെ ചൂട്‌
അവന്റെ ഹൃദയത്തിൽ നിന്നാണെന്നിലേക്കും
പടർന്നത്‌

കണ്ണുകൾ കാണുന്നതിലെ
കാഴ്ചയായി
മറ്റാർക്കാണുങ്ങനെ
തിളങ്ങാനാവുക !!!

2019 ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

പുതുമ

പുതിയൊരു വേരിന്റെ
ജനനത്തിൽ
ആഹ്ലാദിക്കുകയും

വസന്തത്തിന്റെ
വിരളടയാളം
തന്റെ പൂവിൽ
പതിക്കാനായി
പ്രഭാതത്തിലേക്കു
കണ്ണു തുറക്കുകയും
ചെയ്യുന്നൊരു
ചെറുചെടിയാണു ഞാൻ

വേരുകൾ
നീണ്ടുപോകാതിരിക്കുന്നതിന്റെ
കാരണങ്ങളെക്കുറിച്ചും
ഇനിയും വിടരാത്ത പൂവിന്റെ
വരാനിരിക്കുന്ന പുഴുക്കുത്തുകളെക്കുറിച്ചും
ആലോചിക്കാൻ എനിക്കു
സമയം തികയുന്നേയില്ല

2019 ഓഗസ്റ്റ് 21, ബുധനാഴ്‌ച

ശലഭകാലങ്ങൾ

ശലഭകാലങ്ങളിൽ
ചിറകുകൾ തിരഞ്ഞുപോകരുത്‌
അവ നമ്മിലേക്കു വന്ന് ഒട്ടിച്ചേരും

പക്ഷിശാസ്ത്രങ്ങളിലെ
കൊഞ്ചലുകളിലോ
ഭാവിപ്രവചനങ്ങളുടെ
വാചാലതയിലോ
ഭ്രമിച്ചുപോകാതെ
എത്ര ഉയരത്തിൽ പറക്കാനാവുമൊ
അത്രയും ഉയരത്തിലേക്കു
അവ നമ്മെ നയിച്ചു കൊള്ളും

ചിറകുകളിലെ വർണ്ണങ്ങളും
ചിറകടിയൊച്ചകളും
ലഘുവായിരിക്കട്ടെ  !!!

2019 ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

ചില തരത്തിലുള്ള ജീവിതങ്ങൾ

വളരെ താഴ്‌ന്ന അപരിചിതമായ ശബ്ദത്തിൽ
ആരൊക്കെയൊ സ്നേഹത്തെക്കുറിച്ച്‌ സംസാരിക്കുന്നു

അവരെന്തിനെക്കുറിച്ചാണു സംസാരിക്കുന്നതെന്ന്
ഒരു കാരണവുമില്ലാതെ കൊല്ലപ്പെട്ട മകന്റെ
പിതാവിനൊ
പിച്ചിക്കീറപ്പെട്ട മകളുടെ
അമ്മയ്ക്കൊ മനസിലാവുന്നില്ല

വിശാലവും  ഊഷരവുമായ
ഭൂമിയാണിതെന്ന്
അവർക്ക്‌ തൊന്നുന്നു
അവരുടെ വികാരങ്ങളുടെ
ആവൃതിക്ക്‌ പുറത്തു നിന്ന്
നാമെന്ന ജനക്കൂട്ടം
സ്നേഹത്തെക്കുറിച്ച്‌ സംസാരിക്കുന്നു

മൃഗങ്ങൾ സ്വയരക്ഷയ്ക്കു വേണ്ടി പലായനം
ചെയ്യുമ്പൊഴും
അതിനു പോലുമാകാതെ നിന്നു പോകുന്ന
വൃക്ഷങ്ങളെപ്പോലെ

നീതിക്കുവേണ്ടി നിലവിളിക്കാൻ പോലും
കഴിയാത്ത തരത്തിലുള്ള
ചില ജീവിതങ്ങളുണ്ട്‌
എന്റെ സ്വന്തം  രാജ്യത്ത്‌!!!