കവിതയെഴുതുന്ന
പെൺകുട്ടിയുടെ അഭാവത്തിൽ
എപ്പോഴാവും നിങ്ങൾ അവളെ ഓർമ്മിച്ചെടുക്കുക?
സന്ധ്യയ്ക്ക് വിഷാദഭാവവുമായി
രാത്രിയെത്തുമ്പോഴൊ ?
ശരത്കാല പുലരികളിലൊന്നിൽ
കുയിൽനാദമുണർത്തുമ്പോഴൊ?
ആർത്തലച്ചു പെയ്യുന്ന
മഴയിൽ നിങ്ങൾ തനിച്ചു നടക്കുമ്പോഴൊ?
വസന്തം വിടർത്തിയ
പൂക്കൾ നുള്ളി
കുട്ടികൾ ആഹ്ലാദിക്കുമ്പോഴൊ??
എപ്പോഴാവും ,
മുല്ലപ്പൂക്കളുടെ മണമായി
കടുത്ത കാപ്പിയുടെ
രുചിയായി
നിങ്ങളുടെ ചുണ്ടിലെ
നേർത്ത പുഞ്ചിരിയായി
ഒപ്പം ഇനം തിരിയാത്തൊരു
നോവായി
അവൾ നിങ്ങളിലേക്കെത്തി നിൽക്കുന്നത്???