2016, സെപ്റ്റംബർ 24, ശനിയാഴ്‌ച

ഗുലാരിയ 4 ആശ്രമജീവിതം


മതിമയീദേവി ആശ്രമാധിപയോട് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഗുലാരിയ പുറത്ത് മാര്‍ബിള്‍ തൂണില്‍ ചാരി നിന്നു.തറയ്ക്കും ഭിത്തിക്കും നല്ല തണുപ്പനുഭവപ്പെട്ടു. മരങ്ങളില്‍ ചാരി നിന്ന് മുകളിലേക്ക് നോക്കാറുള്ളത്പോലെ അവള്‍ തലയുയര്‍ത്തി നോക്കി. പച്ചയുടെ ഇലയനക്കങ്ങളോ, കുരുവികളുടെ കലപില കൂട്ടലുകളോ അവള്‍ക്ക് കാണാനോ കേള്‍ക്കാനോ കഴിഞ്ഞില്ല. ഇത് മനുഷ്യനിര്‍മ്മിതമായ ജീവനില്ലാത്ത തണുപ്പാണെന്ന് അവള്‍ക്കു ബോധ്യമായി.
അല്‍പനേരത്തിനകം മതിമയീദേവി നിറഞ്ഞകണ്ണുകളോടെ പുറത്തേക്കു വന്നു. പിന്നാലെ ആശ്രമത്തിലെ ഒരന്തേവാസിയും .അമ്മ സാരിത്തലപ്പ് വലിച്ചിട്ടു നടന്നു പോകുന്നത് നോക്കി നിന്ന ഗുലാരിയയെ പിറകില്‍ നിന്നവര്‍ വിളിച്ചു. നിശബ്ദത കുടിച്ചു കിടക്കുന്ന വലിയ ഹാളുകള്‍ കടന്ന് ചെറിയ മുറികളുടെ ഇടുങ്ങിയ വരാന്തകളിലേക്ക് അവളെത്തിച്ചേര്‍ന്നു. അവിടെ അവള്‍ക്കായി ഒരു ചെറിയ മുറി തുറക്കപ്പെട്ടു.
ആ വലിയ അങ്കണത്തിനുള്ളില്‍ ആരും ആരോടും കൂടുതലൊന്നും സംസാരിച്ചില്ല.ആരുടെ സ്വരവും ഉയര്‍ന്നു കേട്ടില്ല
നടക്കുമ്പോള്‍ ആരും മുഖമുയര്‍ത്തിയില്ല. മുണ്ഡനം ചെയ്ത തല മൂടി, ചെരുപ്പുകള്‍ ഇല്ലാത്തതിനാല്‍ പാദപതനം പോലും കേള്‍പ്പിക്കാതെ അവരാ മാര്‍ബിള്‍ പതിച്ച തറയിലൂടെ നടന്ന് ഓരോരുത്തര്‍ക്കും ഏല്‍പിക്കപ്പെട്ട ജോലികള്‍ ചെയ്തുകൊണ്ടേയിരുന്നു .
മുറ്റത്തൊരു വലിയ പൂന്തോട്ടം ഉണ്ടായിരുന്നെങ്കിലും അവിടേക്കു പോകാന്‍ പൂജയ്ക്കായി പൂ നുള്ളുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കും അനുവാദം ഉണ്ടായിരുന്നില്ല .
ആദ്യത്തെ രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഗുലാരിയ മണ്ണില്‍ ചവിട്ടുന്നതും , ചെടികള്‍ക്ക് വെള്ളമൊഴിക്കുന്നതും സ്വപ്നം കണ്ട് രാത്രികളില്‍ ഉണര്‍ന്നു തുടങ്ങി . വെകുന്നേരം ക്ഷേത്രത്തില്‍ പോകുന്നതും പൂജ കഴിഞ്ഞു മടങ്ങിവരുന്നതും മാത്രമായിരുന്നു അവള്‍ക്കാകെ ഒരു ചലനമായി തോന്നിയിരുന്നത് .
ആഹരത്തെക്കുറിച്ചും വസ്ത്രത്തെയും പാര്‍പ്പിടത്തെയും കുറിച്ചും ആകുലതകള്‍ ഇല്ലെങ്കില്‍ , അല്ലെങ്കില്‍ മറ്റാരെയും കുറിച്ചു ആകുലപ്പെടാനില്ലെങ്കില്‍ മനുഷ്യന് അത്രമേല്‍ യാന്ത്രികമായും യുക്തിക്കതീതമായ ഭാവനാലോകത്തിലും ജീവിക്കാന്‍ കഴിയുമെന്ന് അവള്‍ക്കു മനസിലായി . യമുനാനദിയുടെ കൈത്തോടുകളിലൊന്നില്‍ പാട്ടുപാടി കടത്തുവള്ളം തുഴയുന്ന ദേവയ്യന്റെ പാട്ടിന് ഓരോ ദിവസവും ഈ ജീവിതതെക്കാളും വൈവിധ്യം ഉണ്ടായിരിക്കുമെന്ന് അവള്‍ ചിന്തിച്ചു. ഉറക്കെ പാടാന്‍ തോന്നിയെങ്കിലും ആശ്രമത്തിന്റെ അച്ചടക്കം അതില്‍ നിന്നും അവളെ പിന്തിരിപ്പിച്ചു .(തുടരും

ഗുലാരിയ 3 - സന്യാസം

വെള്ളം ഉള്ളിലേക്ക്‌ ഒലിച്ചിറങ്ങുന്ന വീടിന്റെ ഭിത്തിയിലെ വിള്ളലിലേക്കു നോക്കിയിരുന്നുകൊണ്ട്‌ ഗുലാരിയ അമ്മയോടു സന്യാസിനിയാകാൻ അനുവാദം ചോദിച്ചു.അരുതാത്തതെന്തോ കേട്ടതുപോലെ മുത്തശ്ശി അവളെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.ഗുലാരിയയുടെ ആഗ്രഹമല്ല അവൾ ചോദിച്ചത്‌ എന്നു മതിമയീദേവിക്കറിയാമായിരുന്നു
എങ്കിലും പുറത്തെ ഇരുട്ടുപോലെ കട്ടിയിലുറഞ്ഞു നിൽക്കുന്ന ജീവിതത്തിനു സഞ്ചരിക്കാൻ ഒരു പാത കണ്ടെത്തിയെന്നേ അവർക്കു തോന്നിയുള്ളൂ. ആഗ്രഹങ്ങൾ , സന്തോഷങ്ങൾ ഇവയ്ക്കല്ല, ശരീരത്തിൽ ജീവൻ പിടിച്ചു നിർത്താൻ ആവശ്യമായ സുരക്ഷിതത്വം മാത്രമേ ജീവിതത്തോടു പുലർത്തുന്ന നീതിയാവുന്നുള്ളൂ എന്ന് എന്നോ കണ്ടുപിടിക്കപ്പെട്ടിരിക്കുകയാണു. ഗുലാരിയ പല നിറങ്ങളിലുള്ള കുപ്പിവളകൾ മുത്തശ്ശിയുടെ പെട്ടിയുടെ കോണിൽ അടുക്കിവച്ചു. മുറ്റത്തെ മുല്ലയിൽ നിന്ന് പിന്നീടുള്ള ദിവസങ്ങളിൽ അവൾ പൂക്കളിറുത്തില്ല. അവ വെളുത്തു വിടരുകയും മഞ്ഞച്ചു കൊഴിയുകയും
ചെയ്തു. അമ്മയോടൊപ്പം ആശ്രമത്തിന്റെ വലിയ കവാടം കടന്ന് ഉള്ളിലേക്കു നടക്കുമ്പോൾ ആ വലിയ കെട്ടിടത്തിന്റെ നിശബ്ദത ഗുലാരിയയെ പൊതിഞ്ഞു. ആളൊഴിഞ്ഞ വലിയ വരാന്തകളിലൂടെ നടക്കുമ്പോൾ ഓരോ തവണയും നനയാതിരിക്കാനും വീടിനു ഇടം കിട്ടാനുമായി മുത്തശ്ശി നീക്കി  നീക്കി വയ്ക്കാറുള്ള തകരപ്പെട്ടി അവളോർത്തു.ഈ വരാന്തയിൽ എത്ര തകരപ്പെട്ടികൾ അടുക്കി വയ്ക്കാനാവും എന്ന് കണ്ണുകൾ കൊണ്ടവൾ അളവെടുത്തു.  ( തുടരും )