2022, സെപ്റ്റംബർ 17, ശനിയാഴ്‌ച

അവകാശം

അവകാശം
-----------------
കുഞ്ഞുങ്ങളോട്
അവരുടെ അവകാശങ്ങളുടെ
നിര പറഞ്ഞു വയ്ക്കരുത്
ഭൂമി മുഴുവൻ അവരുടെ
അവകാശമാണ്!!

നിങ്ങളുടെ മുറിഞ്ഞ ചിറകുകളാൽ
അവരുടെ ആകാശം തുന്നരുത്...
ചിറകില്ലാതെ പറക്കാൻ
അവർക്കറിയാം!!!

പിഞ്ഞിതുടങ്ങിയ
നിങ്ങളുടെ സ്വപ്നങ്ങളുടെ
പുതപ്പ് അവർക്കുള്ളതല്ല...
അവരുടെ മഴവില്ലിൽ
നിങ്ങളുടെ നരച്ച നിറങ്ങളുമില്ല..
!!!

2021, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

മഹത്തായ പ്രത്യാശ

"പുറത്ത് വെളിച്ചമുണ്ട് "
എന്ന മഹത്തായ പ്രത്യാശയിലാണ്
മനുഷ്യരാശി!!!

ഒരു താക്കോലിന്റെ തിരിവിനപ്പുറം
പരിഹാരമുണ്ടെന്ന
അതിന്റെ മുൻപോട്ടുള്ള
നീക്കം തന്നെയാണ്
മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകതയും!!!!

2021, ജൂലൈ 17, ശനിയാഴ്‌ച

ഹോബി

ഹോബി
--------------
ജീവിക്കാൻ വേണ്ടി എഴുതുകയും
ഒഴിവു സമയങ്ങളിൽ തുന്നുകയും
ചെയ്യുന്നയൊരാൾ
എനിക്കു പരിചിതനായുണ്ടായിരുന്നു,

അയാളുടെ എഴുത്തുകൾ വായിച്ചു
മുറിയുന്നവരുടെ
ഹൃദയത്തെ എന്നവണ്ണം
അതീവ ശ്രദ്ധാലുവായി
അയാൾ എന്നും തുന്നിക്കൊണ്ടിരുന്നു...

ലോകത്തെ ഉണങ്ങാത്ത
എല്ലാ മുറിവുകളെയും
മറച്ചു വയ്ക്കുകയാണയാൾ
എഴുത്തിലൂടെയും
തുന്നലിലൂടെയും
ചെയ്യുന്നതെന്ന് ഞാൻ കരുതി....

ഹോബികൾ ഉള്ളിലാനന്ദവും
തൃപ്തിയും നിറയ്ക്കുന്നുണ്ടെങ്കിൽ,
എന്റെയോ, നിങ്ങളുടെയോ,
മറ്റാരുടെയോ,
ഏതോ പ്രവൃത്തികൾക്കുള്ള
പകരം വീട്ടലോ പകവീട്ടലോ
ആണത്.....

നരഭോജികൾ
മരം നടുന്നതുപോലെ
മനുഷ്യൻ മനുഷ്യനുവേണ്ടി മാത്രം
സഹതപിക്കുന്നതുപോലെ
അത്ര വിചിത്രമാണത്!!!!

2021, മേയ് 24, തിങ്കളാഴ്‌ച

സ്റ്റുഡിയോ

സ്റ്റുഡിയോ

പതിയുകയാണു ചിത്രങ്ങൾ
ഒരു നിമിഷം മാത്രമേ 
പകർത്തിവയ്ക്കാനാവുന്നുള്ളൂ,

ചലിക്കുന്ന ചിത്രങ്ങളിലും
ചിരിക്കുന്ന മുഖങ്ങളിലാണഴക്‌

വരകൾ തെറ്റിപ്പോയതുപോലെ
ചില ചിത്രങ്ങളുണ്ട്‌,
മഞ്ഞു പോലെ മാഞ്ഞു പോകുകയാണവ

തന്റെ തന്നെ ഭാവങ്ങളുടെ
മ്യുസിയത്തിൽ
കാലമറിയാതെ 
ഇടറാതെ നിൽക്കുകയാണിപ്പോഴും നമ്മൾ!!!

2021, ഏപ്രിൽ 7, ബുധനാഴ്‌ച

കഥകൾ പ്രജകളായൊരു

കഥകൾ പ്രജകളായൊരു 
രാജ്യത്ത്‌
കവിതയായൊരു രാജകുമാരി..

നിയമങ്ങളെല്ലാം
ആശയങ്ങളാകുമ്പോൾ,
രാജ്യസ്നേഹമെന്നത്‌
പുതിയ സാധ്യതകളാകുന്നു.

അസാധ്യമെന്നൊരു  വാക്കേയില്ലാത്ത
 രാജ്യത്ത്‌ പുതിയ കാര്യങ്ങൾ
വഴിത്തിരുവുകളാകുന്നു...

2021, ജനുവരി 11, തിങ്കളാഴ്‌ച

തെറ്റിദ്ധാരണ

തെറ്റിദ്ധാരണ

ലോകത്തിലാകെ
രണ്ടു മുട്ടകളെ 
ഉണ്ടായിരുന്നുള്ളൂ,

സ്നേഹവും സ്വാതന്ത്ര്യവും.!
സ്നേഹം വിരിഞ്ഞപ്പോൾ
സ്വാതന്ത്ര്യവും,
സ്വാതന്ത്ര്യം വിരിഞ്ഞപ്പോൾ
സ്നേഹവുമായി..!!!

ബാക്കിയെല്ലാം
പറന്നുപോയ പക്ഷിയുടെ
കൊഴിഞ്ഞുപോയ തൂവലുകളായിരുന്നു..!!!
നമ്മളവയെ നിബന്ധനകളായി
തെറ്റിദ്ധരിച്ചു പോയി..!!!

2020, ഡിസംബർ 5, ശനിയാഴ്‌ച

ഗന്ധം

ഞാൻ എഴുതിത്തുടങ്ങുന്നതിനും
എത്രയോ മുന്നേ
നിങ്ങളതറിഞ്ഞിരിക്കുന്നു...!!

എഴുത്തുകൾ
വായിക്കുമ്പോൾ
അതോർമ്മിച്ചെടുക്കുന്നുവെന്നേയുള്ളൂ,

ഒരു നിമിഷം ശ്രദ്ധിക്കുമ്പോൾ
ഓർമ്മയിൽ നിന്നൊരു സുഗന്ധം
തേടിയെത്തുമ്പോലെ
അക്ഷരങ്ങൾ നമുക്കിടയിലൂടെ
ഒഴുകിത്തുടങ്ങുന്നു..!!