2021, ജൂലൈ 17, ശനിയാഴ്‌ച

ഹോബി

ഹോബി
--------------
ജീവിക്കാൻ വേണ്ടി എഴുതുകയും
ഒഴിവു സമയങ്ങളിൽ തുന്നുകയും
ചെയ്യുന്നയൊരാൾ
എനിക്കു പരിചിതനായുണ്ടായിരുന്നു,

അയാളുടെ എഴുത്തുകൾ വായിച്ചു
മുറിയുന്നവരുടെ
ഹൃദയത്തെ എന്നവണ്ണം
അതീവ ശ്രദ്ധാലുവായി
അയാൾ എന്നും തുന്നിക്കൊണ്ടിരുന്നു...

ലോകത്തെ ഉണങ്ങാത്ത
എല്ലാ മുറിവുകളെയും
മറച്ചു വയ്ക്കുകയാണയാൾ
എഴുത്തിലൂടെയും
തുന്നലിലൂടെയും
ചെയ്യുന്നതെന്ന് ഞാൻ കരുതി....

ഹോബികൾ ഉള്ളിലാനന്ദവും
തൃപ്തിയും നിറയ്ക്കുന്നുണ്ടെങ്കിൽ,
എന്റെയോ, നിങ്ങളുടെയോ,
മറ്റാരുടെയോ,
ഏതോ പ്രവൃത്തികൾക്കുള്ള
പകരം വീട്ടലോ പകവീട്ടലോ
ആണത്.....

നരഭോജികൾ
മരം നടുന്നതുപോലെ
മനുഷ്യൻ മനുഷ്യനുവേണ്ടി മാത്രം
സഹതപിക്കുന്നതുപോലെ
അത്ര വിചിത്രമാണത്!!!!