കടൽ നീന്തിക്കടക്കുമ്പോൾ
നീയെന്നെ ഒരു പേരു വിളിക്കുന്നു
കരയെത്തുമ്പോൾ
വേറൊരു പേരിൽ അടയാളപ്പെടുത്തുന്നു
സായന്തനങ്ങളിൽ
ഞാൻ നിന്നിലേക്ക്
മറ്റൊരു രാജ്യത്തിന്റെ
പതാക വീശുന്നുവെന്ന് നീ പറയുന്നു
പ്രഭാതങ്ങളിൽ
നീയെന്നെ
നിനക്കുമാത്രം
പരിചയമുള്ള രാജ്യത്തിന്റെ
കിരീടമണിയിക്കുന്നു
ഇരുട്ടുവീണുതുടങ്ങുമ്പോൾ
നീയെനിക്ക് അലുക്കുകൾ
പിടിപ്പിച്ച വലിയ ഉടുപ്പുകൾ
സമ്മാനിക്കുന്നു
എന്റെ ചെരുപ്പുകളിൽ
ഭാഗ്യത്തിന്റെ അളവുകൾ
രേഖപ്പെടുത്തുന്നു
ഞാനാരെണെന്ന ചോദ്യത്തിനു
ഉത്തരങ്ങൾ നിരവധിയാകുമ്പോൾ
ഞാനൊരു നിമിഷം
ചെറിയൊരു പൂമ്പാറ്റയാകുന്നു
നീ വളർത്തുന്ന പൂക്കളിൽ
നിന്ന് തേൻ നുകരുന്നു