ഒരു സ്ഫടികപാത്രത്തിലേക്ക്
വെള്ളം ചൊരിയുന്നതുപോലെ
ഹൃദയത്തെ
പകർന്നുവയ്ക്കാൻ
കഴിയുന്നത് എപ്പോഴാവാം
അതിലെ വാക്കുകൾ
ഒരു ലായകത്തിലും ലയിക്കുന്നേയില്ല
സുഗന്ധമോ
മരിക്കുന്നേയില്ല
എനിക്കും നിങ്ങൾക്കുമിടയിലെ
വിശുദ്ധ ചാലകമായി
വാക്കുകൾ ചലിച്ചുകൊണ്ടേയിരിക്കുന്നു
അവയ്ക്ക് ഞാനൊരു ചിലങ്കയണിക്കുന്നുണ്ട്
നർത്തകരായിരിക്കാൻ
പരിശീലിപ്പിക്കുന്നുമുണ്ട്
എനിക്കെന്നെ കണ്ണാടിയിലെന്നപോലെ
നിങ്ങൾക്കെന്നെ വാക്കുകളുടെ സുതാര്യതയിലൂടെ
കാണാനാവും
അവയൊഴുകിപ്പോകുമ്പോൾ
എനിക്കൊപ്പം നിങ്ങളും ഒഴുകിപ്പോകും