ചിന്തകളിലെ അതിശയോക്തി കൊണ്ടുമാത്രം
കടൽകൊട്ടാരത്തിന്റെ അധിപയായൊരുവൾക്ക്,
സ്നേഹത്തിന്റെ യുക്തികൊണ്ടുമാത്രം
കടൽ നിർമ്മിച്ചു നൽകുന്ന ഒരുവൻ
വാക്കുകളുടെ സഞ്ചാരസ്വാതന്ത്ര്യം
മാത്രമെടുത്ത്
ഇരുവരും ചേർന്ന് കടലിനു
നീലനിറം നൽകുന്നു.
കൊട്ടാരത്തിന്റെ ഓരോ കല്ലിലും
നീലനിറം
പ്രതിഫലിച്ച്
അവൾ ആകാശത്തിന്റെയും
അധിപയെന്നു തോന്നിക്കുന്നു.
അവളുടെ സാമ്രാജ്യം
അവന്റെ സാന്നിദ്ധ്യംകൊണ്ടുമാത്രം
സമൃദ്ധമാകുന്നു
അവന്റെ ആകാശം
അവളായിരിക്കുകയും ചെയ്യുന്നു