കഴിഞ്ഞ കാലത്തുള്ളവരോടു
സംസാരിക്കുന്നതുപോലെ
അത്ര ആയാസരഹിതമോ,
അടുക്കുള്ളതായ കാര്യമോ അല്ല,
സമകാലികനായഒരാൾക്കൊപ്പം നടക്കാനിറങ്ങുന്നത്
കനത്ത മഞ്ഞുവീഴ്ചയിൽ
മാഞ്ഞുപോകാത്തവിധം
നിങ്ങളുടെ ജീവന്റെ
അപകടാവസ്ഥയുടെ
ഉച്ചസ്ഥായിയിൽ നിന്നുകൊണ്ട്
ഒരിലവരയ്ക്കുന്നതു
പോലെയാണത്,
മഞ്ഞിലും മഴയിലും
ഒഴുകിപ്പരക്കാവുന്ന
വെറും ചായത്തിന്റെ
സ്വാഭാവികഗുണങ്ങൾ ഓർക്കാത്തവിധം ഹൃദയവുമായി മാത്രം
നിങ്ങൾ സംസാരിക്കേണ്ടതുണ്ട്
ആദ്യവുമവസാനവുമായി
ചെയ്യുന്ന ഒരു കൊത്തുപണിയുടെ അനന്തഭംഗിയിൽ
കണ്ണുകൾ കൊരുത്തിരിക്കുന്നതുപോലെ
ഒരു ധ്യാനാവസ്ഥയിലായിരിക്കേണ്ടതുമുണ്ട്