2016, ഫെബ്രുവരി 27, ശനിയാഴ്‌ച

പറക്കൽ

എല്ലാവരുമൊരിക്കൽ മരിച്ചുപോകും
തിരിച്ചുവിളിക്കാനാകാതെ
എല്ലാവരും മടങ്ങിപ്പോകും

എത്തുമെന്നറിയുമ്പോൾ എന്നിലേക്കൊരുപിടി മണ്ണെറിഞ്ഞ്‌
മരണപ്പെട്ടു എന്നറിയിക്കുന്നവരോട്‌,

എനിക്കു രണ്ടു ചിറകുകൾ
കൂടി മുളച്ചിരിക്കുന്നു.

കടലിന്റെ ഒരല കീറിയെടുത്ത്‌
കാടിന്റെ ഇലകൾക്കിടയിൽ
ഞാൻ നട്ടുവളർത്തും.
കാഴ്ചയിൽ ഉറവയാണെന്നു തോന്നിക്കുമെങ്കിലും
രുചിക്കുമ്പോൾ കടലായിരിക്കും

കാലത്തിനു മുൻപേ ജനിച്ചുപോയതിനാൽ
മുൻപേ പറക്കുകയാണു ഞാൻ

2016, ഫെബ്രുവരി 18, വ്യാഴാഴ്‌ച

തോറ്റ കുട്ടി


സ്വയം ഒരു തോറ്റ കുട്ടിയാവുക;
പിന്നെയെല്ലാം എളുപ്പമാണ്
മാവിനു കല്ലെറിയാം
മീനിനു വല വിരിക്കാം
കൈനിറയെ ചെളിയും
ഉടുപ്പിലാകെ കറയും നിറയ്ക്കാം .
ടൈംടേബിളില്ലാതെ
ഉദയമോ അസ്തമയമോ കാണാം.
പള്ളിയിലോ അമ്പലത്തിലോ
പൂരമോ പെരുന്നാളോ കൂടാം .
ജയിക്കാനെളുപ്പമാണ്;
സ്വയമൊരു തോറ്റ കുട്ടിയായാല്‍
പിന്നെയെല്ലാം ജയമാണ്

സ്വരം


ഞാന്‍ നിങ്ങളെ സ്നേഹിക്കുമ്പോള്‍
എന്നില്‍നിന്നൊരു വേരുമുളപൊട്ടുന്നു
ഉപേക്ഷിക്കപ്പെടുമ്പോള്‍
ആകാശത്തിനും ഭൂമിക്കുമിടയില്‍
മരവും മണ്ണുമല്ലാതെ തങ്ങിനില്‍ക്കുന്ന വള്ളിയാകുന്നു.
ജാലകങ്ങളടയ്ക്കരുത്,
കുരുവികള്‍വരാനുണ്ട്
അവരുടെ സ്വരം മാത്രമേ
ഇപ്പോള്‍ ഞാന്‍ കേള്‍ക്കാറുള്ളൂ...!!

2016, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

കാലത്തിന്റെ വിത്ത്‌

ഭാവി പ്രവചിക്കുന്ന പക്ഷികൾ പറന്നുപോയിക്കഴിയുമ്പോൾ
മനുഷ്യൻ വിത്തുകളോടു സംസാരിക്കും

വിത്തുകൾ വിളകളിലൂടെ
മനുഷ്യന്റെ വർത്തമാനകാലങ്ങളെ വിരുന്നിനിരുത്തും

മുള്ളുകളാണു ജീവന്റെആദ്യപാഠമെന്ന് പൂക്കും മുൻപേ
ചെറുനാരകങ്ങൾ പോലും പറയുന്നു.

നാമിന്നു നട്ട,
ജീവന്റെ നനവിനെ
പ്രണയമെന്ന് പേരിട്ടുവിളിക്കുന്ന കാലത്തിന്റെ വിത്ത്‌ 
കേവലസ്നേഹത്തിന്റെ
ആർദ്ദ്രത തൂവി നാളെ സംസാരിക്കും

2016, ഫെബ്രുവരി 3, ബുധനാഴ്‌ച

പഴകാത്ത കഥ

വാക്കുകൾ കൊണ്ട്‌
വസന്തത്തെ വിളിച്ചു വരുത്തുകയും
നിശ്വാസങ്ങളാൽ പൂവുകൾക്കെല്ലാം
നിറം കൊടുക്കുകയും
ചെയ്യുന്ന രാജകുമാരിക്ക്‌
ഒരിക്കൽ വിഷബാധയേൽക്കുന്നു

അവളെ വരിക്കാനിരിക്കുന്ന രാജകുമാരന്റെ ചുംബനം
മാത്രമാണു പ്രതിവിധി

കഥയിങ്ങനെ തുടരുമ്പോൾ
കാറ്റും കാട്ടുപൂക്കളും നിലാവുമൊക്കെ
കുമാരനെ സഹായിക്കുന്നതു
നാം കാണും
നീലനിറം പടർന്ന
കുമാരിയുടെ കൺപോളകളിലേക്കു
നോക്കി ജനാലപ്പടിയിൽ
തുമ്പികളുണ്ടാവും

നൂറ്റാണ്ടുകൾക്ക്‌ മുൻപ്‌
നാടുകടത്തപ്പെട്ട രാജവംശത്തിലെ
അവസാനയവകാശി
ഒരു ചുംബനത്തിലൂടെ
തിരിച്ചറിയപ്പെടും

യുദ്ധത്തിലോ പ്രളയത്തിലോ
നശിച്ചു പോകാവുന്ന  രാജ്യം
വീണ്ടും ഗാനങ്ങൾ നിർമ്മിച്ചു തുടങ്ങും

കഥകൾ പറഞ്ഞു പഴകും
ഗാനങ്ങളിൽ എന്നും
ഈ  വരികളിലെന്ന പോലെ
രാഗങ്ങളുടെ പുതുമയുണ്ടാകും