2017 മേയ് 16, ചൊവ്വാഴ്ച

കവിയുടെ കുറിപ്പുകൾ

തനിച്ചിരിക്കുമ്പോൾ ഉറക്കെ പാടുന്നൊരാൾ
സ്വയം ആശ്വസിപ്പിക്കുകയാണു
ഏകാകിയായിരുന്നൊരാൾ
കുറിക്കുന്ന കുറിപ്പുകളുമങ്ങനെ തന്നെ

അത്രയാഴത്തിലേറ്റ
മുറിവുകൾ അയാൾ
സ്വയം വച്ചുകെട്ടുകയാണു
അതിന്റെ അലയൊലികൾ
നമ്മെ തൊടുന്നുവെന്നേയുള്ളൂ
  
സ്വയമാശ്ലേഷിച്ച്‌
അയാൾ ധൈര്യപ്പെടുകയാണു
നമുക്കത്‌ ആശ്വസിപ്പിക്കലെന്നേയറിയാനാവൂ

അയാളുറക്കെ ഉള്ളിലെ ചോദ്യങ്ങൾക്ക്‌
മറുപടി നൽകുകയാണു
നാമതിനെ കവിതകളെന്ന്
വിളിക്കുമ്പോഴും

പ്രണയി

പ്രണയിക്കൊപ്പമായിരിക്കുമ്പോഴാണു ഒരാത്മാവ്‌ ഏറ്റവും അഴകുള്ളതായിരിക്കുന്നത്‌.
അതിന്റെ ഭാരം ലഘൂകരിക്കപ്പെടുകയും
സാധ്യതകൾ അധികരിക്കപ്പെടുകയും
ചെയ്യുന്നതുമപ്പോൾ തന്നെ .

ഒരു മരത്തിനു
ആഴത്തിലോടുന്ന വേരുകളും
വിടർന്ന ഇലകളും
ധാരാളം ചില്ലകളും
അതിൽ നിറയെ കിളിപ്പാട്ടുകളും
ഉണ്ടായിരിക്കാം.

എങ്കിലും പൂക്കൾ വിരിയാൻ,
അതിൽ തേൻ നിറയാൻ,
പൂമ്പാറ്റകൾ വട്ടമിടാൻ
ഒരു വസന്തകാലം
ആഗമിക്കേണ്ടിയിരിക്കുന്നു

എന്നിലേക്കു നീയും
നിന്നിലേക്കു ഞാനും
എത്തിച്ചേരുന്ന
കാലം വരെ നാമെത്ര
തണൽമരങ്ങൾ താണ്ടിയിട്ടുണ്ടാവാം
എങ്കിലും പൂത്തിരുന്നില്ലല്ലൊ
അവയിലൊന്നും നാം

ഒ/ഒഅപ്പവും വീഞ്ഞും

ഞാനൊരു ദീർഘദൂരയാത്രയുടെയവസാനം
ക്ഷണിക്കപ്പെടാതെ
ഒരാളുടെയതിഥിയായിച്ചെന്നു.

എനിക്കപ്പവും വീഞ്ഞും
വേണ്ടിയിരുന്നു ,അത്രത്തോളം
ഞാൻ ക്ഷീണിച്ചിരുന്നു

അൽപം കുഴച്ച മാവും
മുന്തിരിയുടെ പഴുത്ത കുലയും
അയാളെനിക്കു തന്നു

ഞാനത്‌ നീരസത്തോടെ നിരസിച്ചു

നിന്റെ വാക്കുകളെന്തിനു
മറ്റുള്ളവർക്ക്‌
ചിന്തിക്കാനോ, ചിന്തിക്കാതിരിക്കാനോ
അധികബാദ്ധ്യതയായി
നൽകുന്നു???

ചിന്തകളത്രയും
തെളിവോടെ പകരുക
അൽപവും മിച്ചം
 വയ്ക്കാതെ പകർത്തുക
അവസാനവറ്റിൽ നിന്ന്
സദ്യയൊരുക്കാൻ ഭഗവാനാണു
വായിക്കുന്നതെന്നു
മാത്രം കരുതുക
 

2017 മേയ് 15, തിങ്കളാഴ്‌ച

കല്ല്

ഓർമ്മകളുമനുഭവങ്ങളും
ഭാരമേറിയ കല്ലുകളാണു
അവയെ ഭാണ്ഡത്തിൽ നിന്നിറക്കുക
അവയ്ക്കു മുകളിൽ ചുവടുറപ്പിക്കുക

സ്വപ്നങ്ങളും ഭാവിയും
വളരെ ദൂരേയ്ക്കെറിഞ്ഞു
കൊള്ളിക്കാൻ പാകത്തിൽ
ചെറുകല്ലുകളായി കൈയിൽ കരുതുക

വർത്തമാനകാലത്തിന്റെ
ഭാരം അങ്ങനെ ലഘൂകരിക്കുക

2017 മേയ് 9, ചൊവ്വാഴ്ച

പ്രണയം

പ്രണയിക്കപ്പെടുകയെന്നാൽ
അടിമയായി വിൽക്കപ്പെട്ട്‌ മറ്റൊരു ലോകത്തേക്ക്‌
നാടുകടത്തപ്പെടുകയാണെന്ന്
ആരാണു പറഞ്ഞു
പഠിപ്പിക്കുന്നത്‌

നിങ്ങൾ
നിങ്ങളായിരിക്കുമ്പോൾ മാത്രമേ
മറ്റൊരാൾക്ക്‌
നിങ്ങളെ പ്രണയിക്കാനാവൂ

നിങ്ങളുടെ
ആകാശം വിശാലവും
ഭൂമി തളിർപ്പുകൾ നിറഞ്ഞതും
ആക്കാൻ ആർക്കു കഴിയുന്നുവോ

വയലറ്റ്‌ പൂക്കളെ കാണാൻ
നിങ്ങൾക്കൊപ്പമാരു പുറപ്പെടുന്നുവോ
അപ്പൊഴല്ലാതെ പ്രണയത്തെ എപ്പോഴാണു തേടേണ്ടത്‌

അതൊരു നിഴലിലും
നിശബ്ദമായി ഉറങ്ങുന്നില്ല

പ്രണയിയുടെ തണൽ തേടുന്നത്‌
നിങ്ങളിലെ അലസനായ മനുഷ്യനാണു

അപ്പോൾ മാത്രം കോർത്തുകെട്ടിയ കൈവിരലുകൾക്കിടയിലൂടെ പ്രണയം ഒഴുകിപ്പോകുന്നു

അവൻ

ആരുടെയും സ്വന്തമല്ലാത്തപ്പോൾ
സ്വാതന്ത്ര്യമില്ലാത്ത
ജീവിയാണു പുരുഷൻ

ഭൂമിയുടെ
സാങ്കൽപികമായൊരു
അച്ചുതണ്ട്‌ പോലെ
അത്രയഗാധമായൊരു
സ്നേഹത്തിന്റെ ബലമില്ലാതെ
അവനു ഭ്രമണം സാധ്യമല്ല

അമ്മൂമ്മയുടെ ,
അമ്മയുടെ,
കാമുകിയുടെ ,
ഭാര്യയുടെ ,
മകളുടെ ,
സ്നേഹശാസനകളില്ലാത്തൊരു
ലോകത്തവൻ അനാഥനാകും

ഒരു കുഞ്ഞിനെപ്പോലെയാണവൻ
എപ്പോഴൊ മുതിർന്നുവെന്ന
തോന്നലിൽമാത്രം
ചുവടു തെറ്റുന്നവൻ

2017 മേയ് 8, തിങ്കളാഴ്‌ച

ചക്രവർത്തി

ഇന്നലെകളെ കൊണ്ട്‌ അഥവാ ചരിത്രം കൊണ്ട്‌
നിങ്ങൾക്കൊരു
പ്രസംഗം തയാറാക്കാനാവും

നാളെയുടെ അല്ലെങ്കിൽ ഭാവിയുടെ
ചിറകുകളുടെ ഭാരം പോലും
നിങ്ങളുടെ സ്വപ്നങ്ങൾ താങ്ങില്ല

ഇന്നിന്റെ , ഈ വർത്തമാനത്തിന്റെ
അതിരുകളിൽ നിങ്ങളാണു
ചക്രവർത്തി

2017 മേയ് 1, തിങ്കളാഴ്‌ച

ദൈർഘ്യം


അവനവനോടൊപ്പം
ആയിരിക്കുമ്പോഴാണു
മനുഷ്യൻ ഏറ്റവുംകൂടുതൽ
ആനന്ദമനുഭവിക്കുന്നത്‌;
ആ ആനന്ദത്തിൽ നിന്നാണു
പ്രതിഭകൾ ജനിക്കുന്നത്‌,

തനിക്കു പുറത്തും അവൻ അന്വേഷിക്കുന്നത്‌ സ്വന്തം അപരനെത്തന്നെയാണു.
ചിന്തകളിലും വ്യാപാരങ്ങളിലും താദാത്മ്യപ്പെടാനാവുന്നൊരാളെ

 തനിക്കുള്ളിരുന്നു മുഷിയുന്ന
ഇടവേളകളിലാണവൻ മറ്റുള്ളവരെ തിരയുന്നത്‌ .
ആ ഇടവേളകൾക്കാവശ്യമായ
ദൈർഘ്യമാണു
ഓരോരുത്തരെയും
നിർവ്വചിക്കുന്നത്‌

2017 ഏപ്രിൽ 27, വ്യാഴാഴ്‌ച

ഒരു പെണ്‍കുട്ടിയുടെ കഥ

നമ്മുടെ ഗ്രാമത്തിലൊരിക്കലും
ഇല്ലാത്ത ഒരു പെണ്‍കുട്ടിയുടെ
കഥ കേള്‍ക്കാനായി
നമുക്ക് മൂന്നു രാജ്യങ്ങള്‍
കടന്നുപോകേണ്ടതുണ്ട്

ആദ്യത്തെ രാജ്യം  അവിശ്വസനീയതയാണ്
കഥകള്‍ അങ്ങനെ ആയിരിക്കണമല്ലോ

അവള്‍ക്കായി ഒരുങ്ങിയ വഴികള്‍
അവള്‍ നടന്ന  പകലുകള്‍
ഉറങ്ങിയ രാവുകള്‍

രണ്ടാമത്തെ  രാജ്യവും അവിശ്വസനീയതയാണ്,
അവള്‍ ചെയ്ത ജോലികള്‍
നേടിയ അറിവുകള്‍
അവളുടെ സമ്പാദ്യങ്ങള്‍

മൂന്നാമത്തെ രാജ്യവും അവിശ്വസനീയത  തന്നെയാണ്
അവളുടെ വസ്ത്രങ്ങള്‍
അവളുടെ കണ്ണുകള്‍
അവളുടെ  വാക്കുകള്‍

ഈ മൂന്നു  രാജ്യവും
കടന്നെത്തുമ്പോള്‍
നാം സ്വന്തം ഗ്രാമത്തില്‍
എത്തിച്ചേര്‍ന്നിരിക്കുന്നതായി കാണും

കാടിന്റെ അരികിലായി
അവള്‍ അലസമായിരിക്കുന്നത് കാണുമ്പോള്‍
മേയാന്‍ വിട്ട കുതിരകളെ കാത്തിരിക്കുകയാണെന്ന്
അവള്‍ ചോദിക്കാതെ മറുപടി  പറഞ്ഞേക്കും

പതിവു നടത്തങ്ങള്‍ക്ക്
തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞു
താനൊരു നീണ്ട യാത്ര പോവുകയാണെന്ന്
അവള്‍ തോന്നിപ്പിച്ചേക്കും

ദൂര  യാത്രകള്‍ക്ക്
അയഞ്ഞ പഴകിയ വസ്ത്രങ്ങളണിഞ്ഞു
അവള്‍ ഗ്രാമീണതയെ ഓര്‍മിപ്പിക്കുകയും ചെയ്യും

അവള്‍ക്കൊപ്പം
ഒരിക്കലും സഞ്ചരിക്കാത്തവരുടെ
കൈകളില്‍  നിന്നൂര്‍ന്നു പോവുകയോ
അവള്‍ക്കൊപ്പമെത്താന്‍ കഴിയാത്തവരുടെ
കൈകളാല്‍ കൊല്ലപ്പെടുകയോ ചെയ്ത്

അവിശ്വസനീയതയുടെ രാജ്യത്ത്
ഒരു കഥയായി അവള്‍ തുടരുമ്പോഴും

മൂന്നു രാജ്യങ്ങള്‍ക്കപ്പുറമുള്ള
ഒരു പെണ്‍കുട്ടിയുടെ 
അതിസാഹസിക  കഥ കേള്‍ക്കാന്‍ നാം കാതു കൂര്‍പ്പിക്കുകയാവും

2017 ഏപ്രിൽ 23, ഞായറാഴ്‌ച

നാടുകടത്തൽ

ഗ്രാമവാസിയായ ഒരു പെൺകുട്ടി
നഗരഹൃദയത്തിലേക്ക്‌ നാടുകടത്തപ്പെടുന്നു

അവളൊട്ടും തിരക്കുകൂട്ടാതെ
നടക്കുമ്പോൾ
ആളുകൾ അത്ഭുതപ്പെടുന്നു.

ഇലകൊഴിച്ച്‌ മരങ്ങളും
പടം പൊഴിച്ച്‌ പാമ്പുകളും
പുതുമനേടുമെന്നറിയാവുന്ന അവൾ
നഗരം തന്റെ മുഷിഞ്ഞ വസ്ത്രം മാറാൻ എന്നും മറന്നുപോകുന്നതു കാണുന്നു.

ഒരു കാവൽക്കാരൻ അവളുടെ സഞ്ചി പരിശോധിക്കുന്നു
അടുക്കിവച്ച വസ്ത്രങ്ങളോ
പലനിറത്തിലുള്ള ചെരുപ്പുകളൊ
അതിലില്ലെന്നു കണ്ട്‌ അയാളിലൊരു പുശ്ചഭാവം നിറയുന്നു

ഈ നഗരത്തെ മുഴുവൻ
അയാളാണു
കാത്തു സൂക്ഷിക്കുന്നതെന്ന
മനോഭാവം കണ്ട്‌ പെൺകുട്ടി ചിരിക്കുന്നു

അവളുടെ സാവധാനതകൊണ്ട്‌
തന്റെ തിരക്കിൽ അവളെ അലിയിച്ചെടുക്കാൻ നഗരത്തിനാവുന്നതേയില്ല

നഗരം അതിന്റെ മതിലുകൾക്കപ്പുറമൊരു കാടതിർത്തിയായ ഗ്രാമത്തിലേക്ക്‌
അവളെ പുറന്തള്ളുന്നു

അവൾ തുന്നി നൽകിയ നിറങ്ങളിൽ
കാടും കടലും കനത്തു നിൽക്കുന്നതായി കാണുന്ന
നഗരവാസികൾ
അവളെ തിരഞ്ഞ്‌ നഗരത്തിനു പുറത്തേക്കു പോകുന്നു

ഇപ്പോൾ നഗരം ആളുകളുടെ
ഹൃദയപരിസരങ്ങളിൽ നിന്ന്
നാടുകടത്തപ്പെടുന്നു.

  

2017 ഏപ്രിൽ 22, ശനിയാഴ്‌ച

ഇലകൾ

ഇലകളെ ഞാനെത്രയിഷ്ടപ്പെടുന്നു,

പൂക്കൾ കണ്ണിനു ആനന്ദമേകുന്ന കാഴ്ച തന്നെയാണു

ഇലകളോ , ജീവന്റെ സാന്നിദ്ധ്യമറിയിക്കുന്നു.
വേരിൽ നിന്ന് തളിർപ്പിലേക്കൊരു
പാതയുണ്ടെന്ന് പുഞ്ചിരിക്കുന്നു.

ഒരില മറ്റൊന്നിനോടു
സംസാരിക്കുമ്പോൾ
കാറ്റെന്ന് നാമനുഭവിക്കുന്നു

ഇലകൾആഹാരം
പാകപ്പെടുത്തുമ്പോൾ
സർവ്വപ്രപഞ്ചവും
ആശ്വസിക്കുന്നു

ആഴത്തിലൊഴുകുന്ന
ജലവും
ഉയരത്തിലലയുന്ന വായുവും
ഇലകളുടെ തുടുപ്പിൽ
അടയാളപ്പെടുന്നു.

ഇലകൾ പുഞ്ചിരിക്കുന്നതാവാം
പൂക്കളായ്‌ നാം കാണുന്നത്‌.

വേരുകൾ വീഴുന്നതും
ആദ്യമറിയുന്നത്‌
ഇലകൾ തന്നെ

2017 ഏപ്രിൽ 20, വ്യാഴാഴ്‌ച

ഞങ്ങളുടെ ലോകം

ഞങ്ങൾക്ക്‌, സ്ത്രീകൾക്കു
ഒരു ലോകമുണ്ടായിരുന്നെങ്കിൽ.
ഒരു പുരുഷനെ പേടിച്ച്‌
മറ്റൊരു പുരുഷന്റെ ചിറകിൽ
ഞങ്ങൾ അഭയം തേടില്ലായിരുന്നു.

ഒരു പുരുഷന്റെ തലച്ചോറിനെ തൃപ്തമാക്കാൻ
ഞങ്ങളുടെ തലച്ചോർ
ഒരു പൊതിച്ചോറിൽ പൊതിഞ്ഞുവയ്ക്കില്ലായിരുന്നു.

ഞങ്ങൾ ഇഷ്ടമുള്ള വസ്ത്രം ധരിക്കുമായിരുന്നു,
കാടു മുതൽ കടലു വരെ
തനിച്ചും കൂട്ടമായും സഞ്ചരിക്കുമായിരുന്നു.

ഉറക്കെ ചിരിക്കുകയും
പാട്ടുപാടുകയും ചെയ്യുമായിരുന്നു.

ഒരു സ്ത്രീ തന്റെ അഭിനിവേശങ്ങളെക്കുറിച്ച്‌,
സങ്കടങ്ങളെക്കുറിച്ച്‌,
സ്വപ്നങ്ങളെക്കുറിച്ച്‌
മറ്റൊരു സ്ത്രീയോടു പങ്കുവയ്ക്കുന്നതിന്റെ ഊഷ്മളത ഒരു തീച്ചൂടിനു ചുറ്റുമിരുന്ന് ഞങ്ങൾ ആസ്വദിക്കുമായിരുന്നു

ഒരു സ്ത്രീക്ക്‌ കൂട്ടുപോകാൻ മറ്റൊരു സ്ത്രീയുടെ സ്നേഹം തന്നെ ധാരാളമാവുമായിരുന്നു.

സർവ്വോപരി ഒരു ലോകത്തിനുള്ളിൽ കുടുങ്ങിപ്പോയ മറ്റൊരു ലോകമായി ഞങ്ങൾ വ്യാഖ്യാനിക്കപ്പെടില്ലായിരുന്നു.
സ്ത്രീകൾ നിർവ്വചിക്കപ്പെടുകയേയില്ലായിരുന്നു

2017 ഏപ്രിൽ 16, ഞായറാഴ്‌ച

അലങ്കാരം

പുരാതനമായവയെ
മാറ്റിയെഴുണമെന്നു നിങ്ങൾക്കുണ്ട് ,
അതിനൊരവതാരകനെ 
കാത്തിരിക്കുകയാണ് നിങ്ങൾ .
ബലിയാടുണ്ടായിരുന്നെങ്കിൽ
അപ്പം മുറിക്കാമെന്ന് ,
കൂടാരത്തിനുള്ളിൽ
വിശ്രമത്തിലാണു നിങ്ങൾ
ഒരു പുതിയവാക്കു പറയുന്നവനോട്
അതിദുര്ബലമായൊരഭിപ്രായം കൊണ്ട്
അടുത്തുകൂടുമ്പോഴും,
സുരക്ഷിതമായ അകലത്തിൽ വിരുന്നുമേശ
പഴയതും പുതിയതുമായ വീഞ്ഞിനാൽ
അലങ്കരിക്കപ്പെട്ടുമിരിക്കുന്നു

2017 ഏപ്രിൽ 15, ശനിയാഴ്‌ച

വഴി തേടുന്നവർ

നിങ്ങൾക്കെപ്പോഴെങ്കിലും വഴി തെറ്റിയിട്ടുണ്ടോ ?
അറിയുന്ന  നഗരത്തിൽ ....
 അറിയുന്ന  ഗ്രാമത്തിൽ ......

 നിങ്ങൾക്കെവിടെയെങ്കിലും സമയം  തെറ്റിയിട്ടുണ്ടോ ?
സ്വന്തം കാലത്തിൽ....
സ്വന്തം കൂട്ടത്തിൽ ....

നിങ്ങൾക്കെന്നെങ്കിലും കാലം തെറ്റിയിട്ടുണ്ടോ ?
സ്വന്തം വീട്ടിൽ ...
സ്വന്തമിടത്തിൽ .....

അതിഥികളായി വരുമ്പോഴാണ്
വഴി  ചോദിക്കേണ്ടി വരുന്നത്
വരേണ്ട സമയം അന്വേഷിക്കേണ്ടിവരുന്നത്

സ്വന്തം രാജ്യത്തിലേക്ക് ,
സ്വന്തം ദേശത്തിലേക്ക് ,
സ്വന്തം വീട്ടിലേക്ക് ,
ഇപ്പോൾ  വരേണ്ടിയിരുന്നില്ലെന്ന്,
വഴിയോ , കാലമോ , സമയമോ
തെറ്റിപ്പോകാറുള്ള അതിഥികളാണ്
പലപ്പോഴും നമ്മൾ 

ലഘുവിവരണം


നിലാവുദിച്ച  രാത്രിയായിരുന്നു  . അവരൊന്നിച്ചിരുന്നപ്പോൾ   അവൾ  പാടിക്കൊണ്ടിരുന്നു . നിറങ്ങളെക്കുറിച്ച്........., പൂക്കളുടെ  ,ഇലകളുടെ , കുട്ടികളുടെ കണ്ണുകളുടെ ..........
ഒരിടവേളയിൽ എല്ലാവരും  മറ്റെന്തിലോ മുഴുകിയിരുന്നപ്പോൾ  അവൾ  താൻ  വന്ന  വഴിയിലേക്ക്  തിരിഞ്ഞു നോക്കി .അതു മാഞ്ഞുപോയിരിക്കുന്നു ആകെ  കടലിന്റെ ഒറ്റനിറം മാത്രം .ആ  നീലയിൽ  നിന്ന്  കുറച്ചെടുത്ത് അവളൊരു വീട് നിർമ്മിച്ചു . അതിലൊരു മുറി നിറയെ സംഗീതോപകരണങ്ങൾ . രാഗങ്ങൾ ഇഷ്ടപ്പെടുന്ന , സ്വരങ്ങളുടെ ആരോഹണ അവരോഹണങ്ങൾ ആസ്വദിക്കുന്ന  ഒരു വീട്  .

നീയിപ്പോൾ  എന്താണ് കാണാൻ ആഗ്രഹിക്കുന്നത് ? ചുറ്റും  കടലും  മുകളിൽ  നക്ഷത്രങ്ങളുടെ തിളക്കവും  മാത്രമുള്ള രാത്രിയുടെ ഒരു  കറുത്ത പാളിയിൽ  ചാരി നിന്നുകൊണ്ട് അയാൾ ചോദിച്ചു . ചെറിയ കാറ്റത്തു പറന്നിറങ്ങുന്ന ഒരില . ഒട്ടും  സംശയമില്ലാതെ അവൾ മറുപടി  പറഞ്ഞു


ഒരു  മജീഷ്യന്റെ  അംഗചലനങ്ങളോടെ  അയാൾ  കൈകൾ  വിടർത്തി . കൈക്കുള്ളിൽ അയാൾ  അപ്പോൾ  കഴിച്ച  മുന്തിരിയുടെ  ഒരു  കുരുവുണ്ടായിരുന്നു . അതിൽ നിന്ന് പതിയെ  ഒരു  മുള വന്നു , ഇലകൾ  വിരിഞ്ഞു . വള്ളി വീശി  അത്  മുകളിലേക്ക്  വളർന്നു . മജീഷ്യന്റെ തൊപ്പിയുടെ ഉയരമെത്തിയപ്പോൾ  അതിൽ  ഒരിലയോടു  ചേർന്ന് മുന്തിരിക്കുല  വന്നു .ആ  കുല പാകമെത്തും മുന്നേ ഇല  പഴുത്തു . അതിന്റെ ഞെട്ടിൽ  നിന്ന്  ഇല  വേർപെട്ട  നിമിഷത്തിൽ കൈയിലൊരു  വലിയ  കോപ്പയിൽ  നിറയെ  ചൂടുള്ള  ചായ ഊതിക്കുടിച്ചുകൊണ്ട് കപ്പിത്താൻ  അവർക്കടുത്തേക്കു  നടന്നു വന്നു . അയാൾ ചായയിലേക്കു  ഊതിയ കാറ്റിന്റെ  പാതി  ഇലയ്ക്കടുത്തേക്കു  നീങ്ങി  വന്നു . ഇല  സാവധാനം  പറന്നു തുടങ്ങി .

ഈ  ഇലയെ  എവിടെ  നിക്ഷേപിക്കാനാവും  ? അവൾ  ഉറക്കെ  ചോദിച്ച  ചോദ്യം  കേട്ട്  ദൂരദർശിനിയിലൂടെ ആകാശത്തെ  വീക്ഷിച്ചുകൊണ്ടിരുന്ന  നീളൻ കുപ്പായക്കാരൻ തല തിരിച്ച് മറുപടി  പറഞ്ഞു . അതിനു അതിന്റേതായ  ഇടമുണ്ടാവും  . അതവിടെ തന്നെ  പതിക്കുകയും  ചെയ്യും . ആ മറുപടിയിൽ  അവൾ തൃപ്തയായതായി  തോന്നിയില്ല . വളരെ  വേഗം  മുറിക്കകത്തേക്കു  ഓടിപ്പോവുകയും  ചെയ്തു .

ഓടിപ്പോകുന്ന  ഇടനാഴിയിൽ ഒരു സഞ്ചാരി കുട്ടികളോട്‌ യാത്രക്കാരന്റെ കഥ പറയുന്നുണ്ടായിരുന്നു. ആ യാത്രക്കാരൻ  നടന്നു ക്ഷീണിച്ചപ്പോൾ തന്റെ തോൾ സഞ്ചി ഒരു പുഴക്കരയിൽ ഉപേക്ഷിച്ചു. പുഴ അനായാസമായി ഒഴുകുകയായിരുന്നു .  ഭാരമേതും വഹിക്കാനില്ലാത്തതിന്റെ ആശ്വാസത്തിൽ അയാളാ പുഴ നീന്തിക്കടന്നു . കൂട്ടുകാരന്റെ വീട്ടിലേക്കുള്ള വഴിയിൽ വച്ച്‌ അയാളൊരു വൃദ്ധനെ ചുമടെടുക്കാൻ സഹായിച്ചു
ഒരു കുന്നിന്റെ മുകളിൽ    രണ്ടിടവഴികൾ പിരിയുന്ന ഇടത്തുവച്ച്‌  വൃദ്ധൻ തന്റെ ചുമടിൽ നിന്നൊരുപിടി വറുത്ത പയർ യാത്രക്കാരനു നൽകി. അത്ര നേരം താൻ ചുമന്നത്‌ താനുപേക്ഷിച്ച ഭാരങ്ങളാണെന്ന് അപ്പോൾ അയാൾതിരിച്ചറിഞ്ഞു. സ്വന്തം ആഗ്രഹങ്ങളും അനർത്ഥങ്ങളുമല്ലാതെ ഒരു മനുഷ്യനു മറ്റെന്താണ്     ചുമക്കാനാവുക, 

സഞ്ചാരി മറ്റൊരു കഥയാരംഭിക്കുന്നതിനു മുൻപ്‌ അവളോടി   ഒരു അറയ്ക്കകത്തെത്തി.   ഉയരത്തിൽ    സൂക്ഷിച്ചിരുന്ന ഒരു വലിയ ബുക്കുമായി തിരികെയെത്തിയപ്പോഴേക്കും,  കപ്പിത്താൻ സംഗീതത്തെ സ്നേഹിക്കുന്നതുകൊണ്ടു മാത്രം ഒരു പാട്ടുകാരിയാകാൻ ആഗ്രഹിച്ച അവളെ  വിവാഹത്തിന്റെ തലേന്ന് കപ്പലിൽ കടക്കാൻ അനുവദിച്ചതിനെക്കുറിച്ച്‌ മജീഷ്യനോടു പറയുന്നത്‌ കേൾക്കാമായിരുന്നു.  മജീഷ്യൻ മുകളിലേക്കുയർത്തിയിരുന്ന കൈ വേദനിച്ചു തുടങ്ങിയിരുന്നു. അയാളാ കൈ കുടഞ്ഞു.പറന്നുവന്ന ഇല അവൾ നിവർത്തിയ ബുക്കിന്റെ ഉള്ളിലെ    ശൂന്യമായ കോളത്തിൽ വന്നിരുന്നു. അതിനു താഴെ മുന്തിരിയിലയുടെ  പ്രത്യേകതകളെക്കുറിച്ച്    ഒരു ലഘുവിവരണമുണ്ടായിരുന്നു 




   

2017 ഏപ്രിൽ 6, വ്യാഴാഴ്‌ച

മുറിവ്‌

മരണകാരണമായൊരു മുറിവ്‌
ജീവിതം രക്ഷിക്കുന്നതുപോലെ
ആഴത്തിലേൽക്കുകയാണു നീ

അദൃശ്യയായൊരു പക്ഷിയുടെ പാട്ട്‌
പുലർച്ചെ    ജീവന്റെ സാന്നിദ്ധ്യമറിയിക്കുന്നതു
പോലെയുമാണത്‌

ആശയങ്ങളുടെ വിശാലതയിലേക്ക്‌
 പടരുന്ന  എന്റെ
ചില്ലകളിലിരുന്നാണാ കിളി
പാടുന്നത്‌
  
എന്നിലേക്കു തന്നെ വേരുറയ്ക്കുന്ന
എന്റെ നിയമങ്ങളാണവളുടെ പാട്ട്‌

2017 മാർച്ച് 30, വ്യാഴാഴ്‌ച

gulariya

വീട്  പഴയതുപോലെ തന്നെ  നനഞ്ഞൊലിച്ചു നിന്നു. ഒരു സ്‌കൂൾ കുട്ടിയുടെ കൗതുകത്തോടെ  ഗുലാരിയ വീടിനെ നോക്കി നിന്നു . 'ഇത് നിന്റെ വിവാഹവസ്ത്രങ്ങളാണ് ' കൈകളിൽ മൂന്നോ നാലോ സാരികളുമായി മതിമയീ ദേവി അവൾക്കടുത്തേക്കു വന്നു . വിവാഹ ..... ഒരുതരം അമ്പരപ്പോടെ  ഗയ പറഞ്ഞു വന്നതവിടെ നിർത്തി . അതെ ഇവയെല്ലാം നിനക്കുള്ളതാണ് , മുത്തശ്ശി ഒരു വിവരണത്തോടെ മുന്നോട്ടു വന്നു ,പൂജാദിവസങ്ങളിൽ ഹരിചന്ദിന്റെ   'അമ്മ നിന്നെ കണ്ടിരുന്നു , അവർ വലിയ പണക്കാരാണ് . നിന്നെ അവർക്കു വലിയ ഇഷ്ടമായി .ഹരിചന്ദിന് നിന്നെ  വിവാഹം  ചെയ്തു കൊടുക്കാമെന്നു ഞങ്ങൾ സമ്മതിച്ചിട്ടുണ്ട് .
മനസിലാവാത്ത  ഏതോ  പുതിയ  ഭാഷ കേൾക്കുന്ന  തരത്തിൽ  ഗുലാരിയ  നിന്നു, അവർ പണക്കാരായതിനു  എനിക്കെന്താണ് ? എന്റെ  സമ്മതം ചോദിക്കാതെ  നിങ്ങൾ എന്തിനിത് .......

അവർ ഈ  വീട്  വിലയ്ക്കു വാങ്ങി സഹായിക്കും   , അങ്ങനെയെങ്കിൽ എനിക്കും  അമ്മയ്ക്കും  ഗ്രാമത്തിലേക്ക് മടങ്ങിപ്പോകാമല്ലോ, മതിമയീ ദേവി  ഒരു മറുപടിക്കു കാത്തു നിൽക്കാതെ  പുറത്തേക്കിറങ്ങി .
'കച്ചവടം '  . ഗുലാരിയ  പതിയെ  പറഞ്ഞു , തനിക്കു തന്നെ  അത്  മന്സിലാവേണ്ടതുണ്ട് എന്ന  രീതിയിൽ  അവൾ ആ  വാക്ക്  വീണ്ടും  വീണ്ടും  ആവർത്തിച്ചു 

2017 മാർച്ച് 21, ചൊവ്വാഴ്ച

തോൽ വി

നമ്മൾ  ഒരായിരം തവണ മരണപ്പെടാൻ സാധ്യതയുള്ളവരാകുന്നു,
പ്രിയപ്പെട്ട ഓരൊ ആളിന്റെ മരണത്തിലും അയാളുടെ ലോകത്തിൽ നിന്ന് നാമും മരണപ്പെടുന്നുണ്ട്‌.

എന്നാൽ ആർക്കെങ്കിലും നമ്മെ കൊല്ലാനാവുന്നത്‌ ഒരിക്കൽ മാത്രമാണു.
അവരുടെ ലോകത്തിൽ നിന്ന് നമ്മെ വേർപ്പെടുത്തുമ്പോൾ മാത്രം.

ഒരായിരം തവണകൾ ജയിക്കാനുള്ള സാധ്യതകളും നമുക്കു മുന്നിലുണ്ട്‌,
തോൽ വി ഒരിക്കലേ ഉണ്ടാവൂ
തോറ്റെന്നു നമ്മൾ കരുതുമ്പോൾ മാത്രം

2017 മാർച്ച് 20, തിങ്കളാഴ്‌ച

പ്രത്യാശയുടെ ഗന്ധം

ജീവിതം നിന്നുപോകുമെന്നു തോന്നിച്ചിടത്തു വച്ച്‌
ഞാൻ എന്റെ വാക്കുകളെ കണ്ടുമുട്ടി.

കൈ നിറയെ
പ്രതാശയുടെ ഗന്ധവുമായി
അവയെന്നെ  നീർച്ചാലിനരികിലൂടെ നടത്തി

2017 ജനുവരി 6, വെള്ളിയാഴ്‌ച

ഇല വരയ്ക്കുന്നവർ.

കഴിഞ്ഞ കാലത്തുള്ളവരോടു
സംസാരിക്കുന്നതുപോലെ
അത്ര ആയാസരഹിതമോ,
അടുക്കുള്ളതായ കാര്യമോ അല്ല,
സമകാലികനായഒരാൾക്കൊപ്പം നടക്കാനിറങ്ങുന്നത്‌

കനത്ത മഞ്ഞുവീഴ്ചയിൽ
മാഞ്ഞുപോകാത്തവിധം
നിങ്ങളുടെ ജീവന്റെ
അപകടാവസ്ഥയുടെ
ഉച്ചസ്ഥായിയിൽ നിന്നുകൊണ്ട്‌
  ഒരിലവരയ്ക്കുന്നതു
  പോലെയാണത്‌, 

മഞ്ഞിലും മഴയിലും
ഒഴുകിപ്പരക്കാവുന്ന
വെറും ചായത്തിന്റെ
സ്വാഭാവികഗുണങ്ങൾ ഓർക്കാത്തവിധം ഹൃദയവുമായി മാത്രം
നിങ്ങൾ സംസാരിക്കേണ്ടതുണ്ട്‌

ആദ്യവുമവസാനവുമായി
ചെയ്യുന്ന ഒരു കൊത്തുപണിയുടെ അനന്തഭംഗിയിൽ
കണ്ണുകൾ കൊരുത്തിരിക്കുന്നതുപോലെ
ഒരു ധ്യാനാവസ്ഥയിലായിരിക്കേണ്ടതുമുണ്ട്‌