2016 ഫെബ്രുവരി 27, ശനിയാഴ്‌ച

പറക്കൽ

എല്ലാവരുമൊരിക്കൽ മരിച്ചുപോകും
തിരിച്ചുവിളിക്കാനാകാതെ
എല്ലാവരും മടങ്ങിപ്പോകും

എത്തുമെന്നറിയുമ്പോൾ എന്നിലേക്കൊരുപിടി മണ്ണെറിഞ്ഞ്‌
മരണപ്പെട്ടു എന്നറിയിക്കുന്നവരോട്‌,

എനിക്കു രണ്ടു ചിറകുകൾ
കൂടി മുളച്ചിരിക്കുന്നു.

കടലിന്റെ ഒരല കീറിയെടുത്ത്‌
കാടിന്റെ ഇലകൾക്കിടയിൽ
ഞാൻ നട്ടുവളർത്തും.
കാഴ്ചയിൽ ഉറവയാണെന്നു തോന്നിക്കുമെങ്കിലും
രുചിക്കുമ്പോൾ കടലായിരിക്കും

കാലത്തിനു മുൻപേ ജനിച്ചുപോയതിനാൽ
മുൻപേ പറക്കുകയാണു ഞാൻ

2016 ഫെബ്രുവരി 18, വ്യാഴാഴ്‌ച

തോറ്റ കുട്ടി


സ്വയം ഒരു തോറ്റ കുട്ടിയാവുക;
പിന്നെയെല്ലാം എളുപ്പമാണ്
മാവിനു കല്ലെറിയാം
മീനിനു വല വിരിക്കാം
കൈനിറയെ ചെളിയും
ഉടുപ്പിലാകെ കറയും നിറയ്ക്കാം .
ടൈംടേബിളില്ലാതെ
ഉദയമോ അസ്തമയമോ കാണാം.
പള്ളിയിലോ അമ്പലത്തിലോ
പൂരമോ പെരുന്നാളോ കൂടാം .
ജയിക്കാനെളുപ്പമാണ്;
സ്വയമൊരു തോറ്റ കുട്ടിയായാല്‍
പിന്നെയെല്ലാം ജയമാണ്

സ്വരം


ഞാന്‍ നിങ്ങളെ സ്നേഹിക്കുമ്പോള്‍
എന്നില്‍നിന്നൊരു വേരുമുളപൊട്ടുന്നു
ഉപേക്ഷിക്കപ്പെടുമ്പോള്‍
ആകാശത്തിനും ഭൂമിക്കുമിടയില്‍
മരവും മണ്ണുമല്ലാതെ തങ്ങിനില്‍ക്കുന്ന വള്ളിയാകുന്നു.
ജാലകങ്ങളടയ്ക്കരുത്,
കുരുവികള്‍വരാനുണ്ട്
അവരുടെ സ്വരം മാത്രമേ
ഇപ്പോള്‍ ഞാന്‍ കേള്‍ക്കാറുള്ളൂ...!!

2016 ഫെബ്രുവരി 12, വെള്ളിയാഴ്‌ച

കാലത്തിന്റെ വിത്ത്‌

ഭാവി പ്രവചിക്കുന്ന പക്ഷികൾ പറന്നുപോയിക്കഴിയുമ്പോൾ
മനുഷ്യൻ വിത്തുകളോടു സംസാരിക്കും

വിത്തുകൾ വിളകളിലൂടെ
മനുഷ്യന്റെ വർത്തമാനകാലങ്ങളെ വിരുന്നിനിരുത്തും

മുള്ളുകളാണു ജീവന്റെആദ്യപാഠമെന്ന് പൂക്കും മുൻപേ
ചെറുനാരകങ്ങൾ പോലും പറയുന്നു.

നാമിന്നു നട്ട,
ജീവന്റെ നനവിനെ
പ്രണയമെന്ന് പേരിട്ടുവിളിക്കുന്ന കാലത്തിന്റെ വിത്ത്‌ 
കേവലസ്നേഹത്തിന്റെ
ആർദ്ദ്രത തൂവി നാളെ സംസാരിക്കും

2016 ഫെബ്രുവരി 3, ബുധനാഴ്‌ച

പഴകാത്ത കഥ

വാക്കുകൾ കൊണ്ട്‌
വസന്തത്തെ വിളിച്ചു വരുത്തുകയും
നിശ്വാസങ്ങളാൽ പൂവുകൾക്കെല്ലാം
നിറം കൊടുക്കുകയും
ചെയ്യുന്ന രാജകുമാരിക്ക്‌
ഒരിക്കൽ വിഷബാധയേൽക്കുന്നു

അവളെ വരിക്കാനിരിക്കുന്ന രാജകുമാരന്റെ ചുംബനം
മാത്രമാണു പ്രതിവിധി

കഥയിങ്ങനെ തുടരുമ്പോൾ
കാറ്റും കാട്ടുപൂക്കളും നിലാവുമൊക്കെ
കുമാരനെ സഹായിക്കുന്നതു
നാം കാണും
നീലനിറം പടർന്ന
കുമാരിയുടെ കൺപോളകളിലേക്കു
നോക്കി ജനാലപ്പടിയിൽ
തുമ്പികളുണ്ടാവും

നൂറ്റാണ്ടുകൾക്ക്‌ മുൻപ്‌
നാടുകടത്തപ്പെട്ട രാജവംശത്തിലെ
അവസാനയവകാശി
ഒരു ചുംബനത്തിലൂടെ
തിരിച്ചറിയപ്പെടും

യുദ്ധത്തിലോ പ്രളയത്തിലോ
നശിച്ചു പോകാവുന്ന  രാജ്യം
വീണ്ടും ഗാനങ്ങൾ നിർമ്മിച്ചു തുടങ്ങും

കഥകൾ പറഞ്ഞു പഴകും
ഗാനങ്ങളിൽ എന്നും
ഈ  വരികളിലെന്ന പോലെ
രാഗങ്ങളുടെ പുതുമയുണ്ടാകും

2016 ജനുവരി 22, വെള്ളിയാഴ്‌ച

ചെയ്യാനാവുന്നത്


കരിമഷിയാലല്ല;
കരിഞ്ഞ സ്വപ്‌നങ്ങളാലെഴുതിയ
കണ്ണുകള്‍ കൊണ്ട്
ആശയങ്ങളുടെ
അപകടചുവപ്പാല്‍
ചുവന്ന ചുണ്ടുകളിലൂടെ
എന്‍റെ സ്വപ്നങ്ങളില്‍
വേരാഴ്ത്തിയവനിലേക്ക്....
എനിക്കു ചെയ്യാനാവുന്നത് ...
പ്രകൃതിയുടെ പ്രണയത്തില്‍
ഒരു വിത്തില്‍നിന്നു കാടുമുളയ്ക്കും പോലെ
വര്‍ദ്ധിച്ച സ്നേഹത്തിന്റെ മുനയാഴ്ത്തി
ജീവിക്കാന്‍ പ്രേരിപ്പിക്കലാണ്.!!

2016 ജനുവരി 9, ശനിയാഴ്‌ച

പുഞ്ചിരി

പുഞ്ചിരി

ലോകത്തിനാകെയും തണലിനായി
ഗയയില്‍ നടാന്‍  
ബോധിത്തൈ  തിരയുന്ന
ബുദ്ധശിഷ്യനും 
മനുഷ്യകുലത്തിന്‌
സമാധാനം ആശംസിക്കാനയയ്ക്കാന്‍   
മാലാഖയെ  അന്വേഷിക്കുന്ന  
ക്രിസ്തുശിഷ്യനും 
തുല്യദുഖിതരായി   കണ്ടുമുട്ടുന്നു

അവരെയാശ്വസിപ്പിക്കാന്‍  
രണ്ടു  സ്ത്രീകള്‍ മുന്നോട്ടു  വരുന്നു 

 കൈ  കൊണ്ടു  കുഴി  കുത്തി
 ജീവനുറങ്ങുന്നവയെല്ലാം  നട്ട്
ഒരുവള്‍ ഗയ   മുളപ്പിക്കുന്നു  

ചിറകുകള്‍  പോലെ  കൈകള്‍  വിടര്‍ത്തി
സമാധാനമെന്നു സ്നേഹ പൂര്‍വ്വം 
രണ്ടാമത്തെവള്‍ മനുഷ്യരെ  ആശ്ലേഷിക്കുന്നു 

സല്‍പ്രവൃത്തികളുടെ പുസ്തകത്തിലെ 
പേരെഴുത്തിനു പകരമായി 
കുട്ടികളുടെ    പുഞ്ചിരി അവരാവശ്യപ്പെടുന്നു 
ദൈവം  നിസഹായനാകുന്നു

വിജനദേശത്തു  നിന്ന് മുറിവേറ്റൊരുവള്‍
 ചന്ദ്രനെ നോക്കി  പുഞ്ചിരിക്കുന്നു 
അതിന്‍റെ  പ്രതിഫലനത്തില്‍  
ഭൂമിയാകെ  നിലാവില്‍ കുളിരണിയുന്നു 

തെരുവ്


നക്ഷത്രവിളക്കുകള്‍ തൂക്കുന്ന കാലത്ത് 
ഞാനെന്‍റെ ജനാല തുറക്കുമ്പോള്‍ മാത്രം 
വെളിയില്‍ ഒരു തെരുവു തെളിയുന്നു 

വീടു തേടി അലയുന്നവരുടെ  
വഴിയില്‍ മഞ്ഞു പെയ്യുന്നത്‌ കാണുന്നു.

അപ്പത്തിനു വേണ്ടി പാടുന്ന 
കുട്ടികളുടെ സ്വരം 
 തണുത്തുവിറയ്ക്കുന്നതു കേൾക്കുന്നു.  

സാന്താക്ലോസിന്റെ   വേഷം മുഷിഞ്ഞതും
താടിമീശ അലസമായ് വളര്‍ന്നതുമായിരിക്കുന്നു

തെരുവിലെ മനുഷ്യരോട്
സുവിശേഷം പ്രസംഗിക്കുമ്പോള്‍ 
പുല്‍ക്കൂട്ടിലെ നക്ഷത്രങ്ങള്‍ക്കു 
ജീവിതത്തിന്റെ തീ പിടിക്കുന്നു ` `

2016 ജനുവരി 5, ചൊവ്വാഴ്ച

ശബ്ദമില്ലാതിരിക്കുക


പെണ്‍പാമ്പ്‌ തലയുയര്‍ത്തി
ചീറ്റുന്നില്ലെങ്കില്‍ 
പെണ്ണട്ട ചുരുണ്ടുപോകുന്നില്ലെങ്കില്‍ 
പെണ്‍ കിളി പറക്കുയോ, പാടുകയോ 
ചെയ്യുന്നില്ലെങ്കില്‍,
എങ്കില്‍ മാത്രം 
നീ നിശബ്ദയായിരിക്കുക !!!

2016 ജനുവരി 1, വെള്ളിയാഴ്‌ച

ഒളിവിലിരിക്കുന്ന വാക്കുകള്‍


ഒളിവിലിരിക്കുന്ന  വാക്കുകള്‍ക്ക്  
മുയല്‍ക്കുഞ്ഞുങ്ങളുടെ  ഭംഗിയാണ് .

ഉരുണ്ട്,
കണ്ണു  ചുവന്ന്,
വെളുത്ത്,
പുല്ലാരിനിറത്തില്‍ ,
കറുത്ത്.

കാണാതായ  അമ്മ മുയലിനൊപ്പം 
തറ തുരന്നുപോയ  മാളത്തില്‍  നിന്ന്
വരിവരിയായി  ഇറങ്ങി വരുമ്പോലെ

ജീവിതത്തിന്റെ  ചില  ഭാഗങ്ങളില്‍ 
നിന്നമ്മ മുയല്‍  കടിച്ചെടുത്ത  
രോമകൂപങ്ങളുടെ കൂടൊഴിഞ്ഞിറങ്ങുമ്പോലെ 

ഒളിവിലിരിക്കുന്ന  വാക്കുകള്‍ക്ക്  
മുയല്‍ക്കുഞ്ഞുങ്ങളുടെ  ഭംഗിയാണ് 

2015 ഡിസംബർ 24, വ്യാഴാഴ്‌ച

മരം


മനുഷ്യനെന്നൊരു വന്മരം
പൂക്കള്‍ കാണുന്നവര്‍
സൌന്ദര്യം ഞങ്ങളാണെന്നഹങ്കരിക്കുന്നു
ഇലകള്‍ കാണുന്നവര്‍
സമൃദ്ധി ഞങ്ങളെന്നു പറയുന്നു
ചില്ലകള്‍ കാണുന്നവര്‍
വിശാലതയുണ്ട് ഞങ്ങളിലെന്ന്‍ പിറുപിറുക്കുന്നു
തായ്ത്തടി കാണുന്നവര്‍
എല്ലാം താങ്ങി നിര്‍ത്തുന്നവരാണെന്ന്
കൈകള്‍ വിരിക്കുന്നു

വേരുകള്‍ കാണുന്നവര്‍ സംസാരിക്കുന്നേയില്ല
അവരൊരുപിടി മണ്ണാകുന്നു .
വേരുകള്‍ക്ക് മീതെ കിടക്കുന്നു .
അവരൊരു മഴയാകുന്നു
ഇലകള്‍ക്ക് മുകളില്‍ പെയ്യുന്നു
അവരൊഴുകുന്ന ജലമാകുന്നു
വേരുകളിലേക്ക് വലിയുന്നു
മാതാവെന്നോ , പിതാവെന്നോ
ഭാഷയില്ലാതെ സുഗന്ധം കൊണ്ടവരടയാളപ്പെടുന്നു .
തേന്‍ പോലെ നാം രുചിക്കുന്നു 

2015 ഡിസംബർ 23, ബുധനാഴ്‌ച

പായല്‍ പച്ച


പുരാവസ്തുക്കളെക്കുറിച്ചു
പഠിക്കാനല്ലാതെ
പഴകിയൊരു കൊട്ടാരത്തില്‍ 
തങ്ങുന്നവളെ കാണുക .
മഴ പെയ്തു വഴുക്കുന്ന ഭിത്തികളിലെ
പായലും പറ്റിവളരുന്ന ചെടികളും
മുകളിലെ ചെറു മരങ്ങളുടെ വേരുകളും
കൈയില്‍ തടയുന്നുണ്ടെങ്കിലും
വെള്ളമൊഴുകി തെറ്റിക്കിടക്കുന്ന
മുറ്റത്താണവളുടെ കണ്ണുകള്‍
കടുപ്പം കൂടിയും കുറഞ്ഞും
പായല്‍ പച്ച നിറമാണാകെയും
ഇലകൊഴിഞ്ഞ മരത്തിന്റെയരികില്‍
ഏകാന്തതയുടെ കയ്പുകുടിച്ചു നില്‍ക്കുന്ന
ഒരാളെക്കൂടി അവിടെക്കണ്ടെത്തുകയും
പായലിന്റെ നിറം കനം വയ്ക്കുകയും ചെയ്യുന്നു
രണ്ടു പേരുടെ രണ്ടു കാലങ്ങളിലെ
രണ്ടുനേരങ്ങളിലെ ,രണ്ടു ദേശങ്ങളിലെ
രണ്ടു ഭാഷകളിലെ മഴകള്‍ ഒന്നിച്ചു പെയ്യുകയാണ്
മഴയില്‍ പായല്‍ ഒലിച്ചുപോവുകയും
പച്ച കനത്തുവരികയും കൊട്ടാരം കാടാവുകയും
കാടു കാറ്റിനെയും കിളികളെയും
വിരുന്നിനു ക്ഷണിക്കുകയും ചെയ്യുമ്പോള്‍
ഇനി ഞങ്ങളെ പച്ചയായി കാണുക
പച്ച പഴയ നിറമാകുന്നു .
പഴകാത്ത നിറവും .!!!

2015 ഡിസംബർ 21, തിങ്കളാഴ്‌ച

അസ്ഥിക്കുഴി


പള്ളിപ്പെരുന്നാളിന്റെ  കൊടിയിറക്ക്‌ ദിവസം  രാവിലെ  മരിച്ചവര്‍ക്ക് വേണ്ടിയുള്ള  കുര്‍ബാനയ്ക്ക്  ശേഷം സെമിത്തേരിയിലെ ഒപ്പീസിനു ആരുടെയോ  കല്ലറയ്ക്ക്  മുകളില്‍ കാലന്‍ കുട  കുത്തി  നിവര്‍ന്നു നില്‍ക്കുമ്പോഴാണ് അസ്ഥിക്കുഴിയുടെ ഓര്‍മ്മ    കുര്യച്ചനിലേക്ക് അച്ചന്‍  തളിച്ച  ഹന്നാന്‍  വെള്ളത്തോടൊപ്പം  പ്രവേശിച്ചത്‌ .

സെമിത്തേരിയുടെ  മതിലിനപ്പുറത്തെ   അസ്ഥിക്കുഴിയിലേക്ക്  പുരാതന കുടുംബക്കാരുടെ  പ്രമാണിത്വം  തിരിച്ചറിയാന്‍  ഒരെത്തിനോട്ടം നടത്തി   പണ്ടൊരിക്കല്‍   അയാള്‍  പരാജയപ്പെട്ടിരുന്നു .തലയോടുകളെല്ലാം ഒന്നുപോലെ വെളുത്തിരുന്നു , പല്ലുള്ളതും ഇല്ലാത്തതുമായ എല്ലാ  മുഖരൂപങ്ങളും ഇളിച്ചു  കാണിച്ചു കൊണ്ടേയിരുന്നു . മുടന്തന്റെയോ  പൊക്കം കൂടിയവന്റെയോ  അസ്ഥികളില്‍  വ്യത്യാസമൊന്നും  കാണാന്‍  ആ  എത്തി നോട്ടത്തിനു  പ്രായം എത്തിയിരുന്നുമില്ല .
തെമ്മാടിക്കുഴിയില്‍  അടക്കിയ  ഔതക്കുട്ടിയുടെയും  കുടുംബക്കല്ലറയിലെ  ഔസേപ്പുചേട്ടന്റെയും അസ്ഥികള്‍  തമ്മില്‍  എന്ത്  വ്യത്യാസം ഉണ്ടാവും  എന്ന്  ചിന്തിച്ചു മൂന്നു ദിവസം പനിച്ചു കിടന്നു  എന്നല്ലാതെ വേറെ പ്രത്യേക  ഗുണമൊന്നും  എത്തിനോട്ടം  സമ്മാനിച്ചതുമില്ല .
 വിപ്ലവകാരിയായ  അപ്പനെ  തിരുസ്സഭ  മഹറോന്‍ ചൊല്ലിയ  ദിവസം കുര്യച്ചന്‍ വളരെ  ശ്രദ്ധയോടെ  അപ്പനെ  നോക്കിയിരുന്നതാണ് . പ്രത്യേകിച്ച്  ഒരു  മാറ്റവും  ഉള്ളതായി  തോന്നിയില്ല , അപ്പന്റെ  മുടി  നരച്ചതും ,പല്ല് കൊഴിഞ്ഞതും  കാഴ്ച  മങ്ങിയതും  പിന്നെയും  ഒരുപാടു  കൊല്ലങ്ങള്‍  കഴിഞ്ഞാണ് .

അപ്പന്‍  കര്‍ത്താവിനു  നിരക്കാത്ത  ഒന്നും  ചെയ്തിട്ടില്ലെടാ  , കുര്യച്ചന്‍  നെടുവീര്‍പ്പിട്ടുകൊണ്ടു ചുട്ടിത്തോര്‍ത്തു  കുടഞ്ഞു  തോളത്തിട്ടു  . 

അതിനു  കര്‍ത്താവു  പോലും  കര്‍ത്താവിനു നിരക്കാഴിക  ചെയ്തിട്ടില്ല  ചേട്ടായീ , നിങ്ങളില്‍  പാപം  ചെയ്യാത്തവര്‍  കല്ലെറിയട്ടെ  എന്നുപറഞ്ഞു  തല കുമ്പിട്ടിരുന്നില്ലയോ ?കുഞ്ഞച്ചന്‍  മുറുക്കാന്‍  ഒന്നുകൂടി ചവച്ചു  നീട്ടിത്തുപ്പി .

വിപ്ലവകാരിയും  പരിസ്ഥിതി പ്രവര്‍ത്തകനും  ഒക്കെ  ആരുന്നു  .  പറഞ്ഞിട്ടെന്താ  പള്ളിയ്ക്ക്  പുറത്തല്ലായിരുന്നോ ?

അതെന്നാ  പറച്ചിലാ  ചേട്ടായീ  , മാര്‍ബിള്‍  വിരിച്ച  പള്ളിയ്ക്കകത്ത്  പിന്നെ  പരിസ്ഥിതി പ്രവര്‍ത്തനം  പറ്റുവോ ?

''മരണം  ലാഭമുള്ള  കച്ചോടം  തന്നെയാ   ചേട്ടായീ '',  .''ആണ്ടു കുടിശ്ശിക തീര്‍ത്താ   അപ്പനെ  അടക്കിയത്‌ ''കുഞ്ഞച്ചന്റെ  മുഖത്ത്  ഒരു  കടം ഉരുണ്ടു കൂടി  നിന്നു .

പള്ളിക്കു  പുറത്താകാതെ  , ആത്മഹത്യ ചെയ്യാതെ  , കുടിശ്ശിക വരുത്താതെ   വാങ്ങിയിട്ട  കുടുംബക്കല്ലറയില്‍ മരിച്ചു കിടക്കേണ്ടതിന്റെ  ആവശ്യകത കുര്യച്ചന്  മുന്‍പേ  ബോധ്യമുണ്ടായിരുന്നു  

2015 ഡിസംബർ 17, വ്യാഴാഴ്‌ച

മനസുകൊണ്ടൂതുന്നവന്‍


അമ്പതിലും അരിച്ചെത്തുന്ന
കീറിയ ഉടുപ്പിന്‍റെ തണുപ്പ് 

നിറഞ്ഞ വയറിനു മുകളില്‍ 
ആശയങ്ങള് മാത്രം
 നിറഞ്ഞ ആമാശയം 

ആഘോഷങ്ങള്‍ക്കിടയിലും 
ജീവിതം പിന്തുടരുന്ന 
വായനശാലയിലെ മൗനം

അടുത്തിരിക്കുന്നവന്‍റെ
പൊള്ളല്‍പ്പാടുകളില്‍
മനസുകൊണ്ടൂതുന്നവന് 

ഓര്‍മ്മകള്‍ മുറിവുകളും 
അനുഭവങ്ങള്‍ അറിവുകളും കൂടിയാണ് 

ഇരകള്‍


കണ്ണു കിട്ടാതിരിക്കാന്‍
കരികൊണ്ടടയാളമില്ലാതെ
അവള്‍ക്കമ്മ വീണ്ടും പേരിട്ടു 
കെടുത്തിക്കളഞ്ഞ നാളത്തിന്‍റെ ജ്യോതി

ഓരോ ഞെട്ടലിനുമൊടുവില്‍
താങ്ങിയ മുറിവ്
വീണ്ടും സൃഷ്ടിക്കപ്പെട്ട്
ചോര വാര്‍ന്നു മരിക്കുമ്പോള്‍
ഇരകളുടെ രക്തം
കട്ടപിടിക്കാത്തതും
മുറിവുകള്‍ ഉണങ്ങാത്തതുമായിരിക്കണം
അല്ലാതെങ്ങനെ
എന്നുമെന്നും അതില്‍
വിരല്‍ മുക്കി കവിത എഴുതാനാവും ?

2015 ഡിസംബർ 14, തിങ്കളാഴ്‌ച

സ്വര്‍ണ മകുടം

കൂണുപോലെ നനഞ്ഞു വിളര്‍ത്ത
മനുഷ്യനെ പുതുക്കിപണിയാനാവാതെ
സ്വര്‍ണമകുടങ്ങള്‍ക്കു താഴെ
പ്രാര്‍ത്ഥനകള്‍ വിളഞ്ഞുപഴുത്തു.!!

2015 ഡിസംബർ 13, ഞായറാഴ്‌ച

കൌതുകം


നിധി തേടി
 ഗുഹ തുരക്കുന്നവര്‍
മറുദേശത്തെത്തിപ്പെടുന്ന
 കൌതുകം പോലെ 

ഒരു  ശ്വാസത്തിന്‍റെയവസാനം 
കെട്ടുപോകാവുന്ന
മെഴുതിരിയുമായി 
ഇരുട്ടു മുറിക്കാന്‍ ശ്രമിക്കുന്നവനെ 
മിന്നാമിനുങ്ങായി
അനുഗമിക്കുകയാണ്  പ്രണയം 

2015 ഡിസംബർ 9, ബുധനാഴ്‌ച

ചൂടും തണുപ്പും


ഞാന്‍  നിനക്കെഴുതുന്ന 
വാക്കുകളില്‍ 
ഒരു  മെഴുകുതിരിയുടെ 
ഉരുകിവീഴലും 
അവസാനയാളലും കണ്ടേക്കാം 

എന്നോ  മാനത്തു നിന്നു 
വീണുപോയ  
മണ്ണു കുടിച്ച 
മഴത്തുള്ളികള്‍  
കൂജയില്‍  ഒളിച്ചു പാര്‍ത്തതിന്റെ
തണുപ്പും  തോന്നിയേക്കാം 

ഒരു  നാളത്തിന്റെ  ചൂടും 
ഒരു മഴത്തുള്ളിയുടെ  തണുപ്പും 
ചുമക്കുന്ന  വാക്കുകള്‍ക്ക് 
എന്‍റെ  കണ്ണുകളുടെ  രൂപസാമ്യമുണ്ട് .
ഉരുകി വീണു  നനയ്ക്കുന്ന സ്വഭാവ സാദൃശ്യവും 

2015 ഡിസംബർ 7, തിങ്കളാഴ്‌ച

വാള്‍


ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍
കാലടികള്‍ക്കടിയില്‍ ഒരു ചാക്ക്
അയാള്‍ ചവിട്ടിയമര്‍ത്തി വയ്ക്കുന്നു
പേരക്കുട്ടിയെ ആദ്യമിറക്കി
സാവധാനം ഇറങ്ങിപ്പോകുമ്പോള്‍
അറക്കവാള്‍ അല്പം അകറ്റി പിടിക്കുന്നു
ആത്മാവില്‍ വാള്‍ കൊണ്ടുനടക്കുന്നവരിലേക്ക്
ഒരു മുറിവ് പടരുന്നത് കണ്ടു
അയാള്‍ക്കടുത്ത് അത്ര നേരമിരുന്ന ഞാന്‍
റഷ്യന്‍ ഭാഷയില്‍ ചില ചോദ്യങ്ങള്‍ ഓര്‍ക്കുന്നു
രാജ്യങ്ങള്‍ക്ക് വേണ്ടി മരിക്കുന്നവര്‍
ഏതു രാജ്യത്താണ് പോകുന്നത് ?
മതത്തിനു വേണ്ടി പൊട്ടിത്തെറിക്കുന്നവരെ
ഏതത്ഭുതം ഒന്നിച്ചു ചേര്‍ക്കും ?

2015 ഡിസംബർ 4, വെള്ളിയാഴ്‌ച

നക്ഷത്രങ്ങളും പൂക്കളും


എനിക്കു നക്ഷത്രങ്ങളെയും 
പൂക്കളെയും  പരിചയമുണ്ട് .

നക്ഷത്രങ്ങളുടെ  തിളക്കത്തെ
കാണുകയും 
പൂക്കളുടെ  സുഗന്ധത്തെ 
നുകരുകയും ചെയ്യാറുണ്ട് 

നക്ഷത്രങ്ങളുടെ  ആകൃതി
വരയ്ക്കുകയും 
പൂക്കളുടെ  നിറങ്ങളെ 
അണിയുകയുമാണ് പതിവ് 

നക്ഷത്രങ്ങളെ  നോക്കാന്‍ 
തല ഉയര്‍ത്തുകയും 
പൂക്കളെ  നുള്ളാന്‍ 
കൈ നീട്ടുകയുമാണ്  വേണ്ടത് 

നക്ഷത്രങ്ങളെ  ആഗ്രഹിക്കുമ്പോള്‍ 
എനിക്ക്  ചുറ്റും  രാത്രിയും 
പൂക്കളെ  പ്രണയിക്കുമ്പോള്‍ 
എനിക്കെന്നെ തന്നെ  കാണാവുന്ന  പകലുമാണുള്ളത്‌