2015 ഒക്‌ടോബർ 1, വ്യാഴാഴ്‌ച

ആരാവാം


കാല്‍ ചിലമ്പുകള്‍
കടലിരമ്പുന്ന താളം പോലെ

കണ്ണിണകള്‍
കല്‍ വിളക്കിന്റെ നാളം പോലെ ..

കൈവളകള്‍ 
കാറ്റിന്റെ വേഗം പോലെ ...

നിശ്വാസങ്ങള്‍
നിലാവിന്‍റെ പെയ്ത്തു പോലെ .. ..

നീര്‍ മിഴികള്‍
നീര്‍ചോലയുടെ ഒഴുക്കു പോലെ ..

നാള്‍വഴികള്‍
നന്മയുടെ തുരുത്ത് പോലെ ...

കാല്‍ തെറ്റി വീണ കവിതകള്‍


കുത്തുന്നു കണ്ണില്‍
ചവിട്ടുന്നു കരളില്‍ 
മുട്ടി വിളിക്കുന്നു
തട്ടിയുണര്‍ത്തുന്നു ..
അതി ശൈത്യമുറയുന്ന
ശൈലശ്രുംന്ഗങ്ങളില്‍
ഉഷ്ണം വിതയ്ക്കുന്നു
ഉരുകി പരക്കുന്നു
നൊടിയിടയിലോഴുകുന്നു
പുഴകളായി..
വരികളില്‍ ഉതിരുന്ന
ജലകണങ്ങള്‍
വസന്തം വിരിക്കുന്നു
വാസ്തവം ചൊല്ലുന്നു
ഒരു നേര്‍ത്ത മൌനത്തില്‍
ഇടവേളയില്‍
വൃത്താലങ്കാര വിഭൂഷകളില്ലാതെ
കാല്‍ തട്ടി വീണ കവിതകളെ ..
പുസ്തക ത്താളില്‍ ഉറങ്ങാന്‍
മടിച്ചെന്റെ മാനസ താരില്‍
മയങ്ങുന്നു നിശ്ചയം

തൂലികകളോട്


തിരികെ മടങ്ങാറില്ല തൂവുന്ന മഴ
തേന്‍കണമായി പൂവിന്നുള്ളിലും ..
പുണ്യ തീര്‍ഥമായി പമ്പാനദിയിലും 
പുനര്‍ജജനി നേടുന്നു പ്രതലാനുസൃതം
പെയ്യാറില്ല വെള്ളമേഘങ്ങള്‍ ...
അതിജീവന ,ആത്മ താപത്തിന്റെ
ബാഷ്പ കണങ്ങള്‍ ഘനീഭവിച്ച്
കരിമുകിലുകളിലുറങ്ങുന്നല്ലോ ..
കൂട്ടില്ലെങ്കിലും കുറവില്ലാതെ
തൂവലുകളായ് പോഴിയണം
മഷി മഴ നനഞ്ഞു,കുളിര്‍ന്നു
മൃദുലമായ് തീരട്ടെ മാനസങ്ങള്‍

അതിശയം


ഞാനൊരു  വയല്‍പ്പൂവായിരിക്കാം 
നീയെന്‍റെ  സൂര്യനാണെന്നോര്‍മ്മിക്കുക

ഞാനൊരു  കണവയെങ്കിലും
നീയെന്‍റെ  കടലാണെന്നറിയുക

എന്നെയൊരു  നക്ഷത്രമെന്നു കരുതിയാല്‍ 
നിന്നെയെന്‍ രാത്രിയെന്നെഴുതുക 

പ്രകൃതി പുരുഷനോട് 
അതിജീവിക്കുക  എന്നു പറയുന്നു  

ഒരു പ്രണയം മറ്റൊരു  പ്രണയത്തില്‍
കുരുങ്ങുന്നു
അഴിച്ചെടുക്കാന്‍ ശ്രമിക്കാതെ   
അതിശയിപ്പിക്കുന്നു

2015 സെപ്റ്റംബർ 29, ചൊവ്വാഴ്ച

തുന്നല്‍പ്പാടുകള്‍


ഇന്നലെ തുന്നിയ 
കാടിനുള്ളിലെ
വേനല്‍ തെളിഞ്ഞാണ് 
ഇന്നടുപ്പെരിഞ്ഞത്

വേഗേന തുന്നിയ  
കടല്‍പ്പതയാണ്
കഞ്ഞിക്കു മുകളില്‍ നുരച്ചത് 

തുന്നിത്തീരാത്ത 
മെഴുതിരിയിലാണ് 
നാളത്തെ വെളിച്ചത്തിന്‍റെ
ജീവന്‍ കത്തുന്നത്

വളരെ ശ്രദ്ധിച്ച്  
വിരലുകള്‍ അകറ്റിവച്ച്
 ഞാനൊരു കുഞ്ഞുമുഖം തുന്നുകയാണ് 

തുന്നല്‍പ്പാടുകള്‍ക്കിടയില്‍ 
ചോര പൊടിഞ്ഞ
അടയാളങ്ങളുണ്ടായാല്‍ 
അവയ്ക്കു ജീവന്‍ വയ്ക്കുമത്രേ ..!

2015 സെപ്റ്റംബർ 26, ശനിയാഴ്‌ച

മരണപ്പെട്ടവര്‍ വില്‍പനയ്ക്ക്


ദാനം ചെയ്യപ്പെട്ട 
കണ്ണുകളുടെ നോട്ടങ്ങള്‍ 

മരണം സംഭവിച്ച 
മസ്തിഷ്കത്തിന്‍റെ  
ആശയങ്ങള്‍ 

ചിത  തിന്ന  
ചിന്തയുടെ അവശിഷ്ടങ്ങള്‍

പറഞ്ഞുപോയ  
വാക്കുകളുടെ  വാലുകള്‍ 

കടന്ന വഴികളിലെ
മുള്ളുകള്‍, മുറിവുകള്‍ 

മരണപ്പെട്ടവരെ
വില്‍പനയ്ക്ക് വയ്ക്കാന്‍  
എളുപ്പമാണ്

2015 സെപ്റ്റംബർ 23, ബുധനാഴ്‌ച

ജീവിതമെന്നെ പിന്തുടരുകയാണ്


അത്രമേല്‍  ശാന്തമായി 
പ്രണയിക്കപ്പെടുകയെന്നാല്‍ 
മരുഭൂമിയില്‍ നിന്നു 
കടലിനെക്കുറിച്ചു പാടുകയെന്നാണ് 

ശരീരത്തിന്‍റെയും  ,
മനസിന്‍റെയും 
ഭാരങ്ങളെല്ലാം 
അഴിച്ചുവാങ്ങി 
ആത്മാവിനെ 
നടക്കാന്‍ പഠിപ്പിക്കലാണത്

കപ്പലില്‍  യാത്ര ചെയ്യുന്നവന്റെ 
കൈയിലെ മരത്തൈ  പോലെ ,
ഏതു ഭൂഖണ്ഡത്തിലും 
പടരാവുന്ന വേരുകളാണതിനുള്ളത് 

ജനിക്കുമ്പോള്‍ നുകരുന്ന 
അമ്മപ്പാല്  പോലെ 
മരണത്തെ ദൂരെ  നിര്‍ത്തി 
ജീവിതത്തെ  നിവര്‍ത്തിയിടുകയാണത് 

പട്ടുപോയാലും 
പൊട്ടിമുളയ്ക്കാമെന്നും 
എത്ര വസന്തസ്തനങ്ങളിലും 
തേന്‍ ചുരത്താമെന്നുമുള്ള
 അലംഘനീയ വാഗാദനമാണത്‌ 

ആവര്‍ത്തിച്ചാശ്ലേഷിക്കുന്ന 
പ്രണയത്തിരകളാല്‍ 
ജീവിതമെന്നെ 
പിന്തുടരുകയാണ് .!!

അമലമായ അഭയസ്ഥാനം


കൊല്ലപ്പെട്ടവരെ 
കൊന്നവര്‍ 
ഭയക്കുന്ന കാലമാണിത് 

അല്ലെങ്കില്‍ 
മരിച്ചവര്‍ ഇത്രയുറക്കെ
മരിച്ച മാര്‍ഗ്ഗം    പറയുന്നതെങ്ങിനെ ?

ആയുധങ്ങളുടെ മൂര്‍ച്ച ,
വലിച്ചിഴച്ചു പോയ വഴി 
തുന്നാതെ  മൂടിയ  മുറിവുകള്‍.

നിങ്ങള്‍ക്കുമെനിക്കുമിടയില്‍
മൂന്നു ദിനങ്ങളുടെയകലമില്ല 
അമലമായ ഒരഭയസ്ഥാനവും 

ശവക്കുഴികളെക്കാള്‍ 
ഉയര്‍ന്ന പ്രസംഗപീഠങ്ങളില്ല ;
 മൃദുവായി പറഞ്ഞവയ്ക്ക് 
ഉച്ചഭാഷിണികളും വേണ്ട .!

2015 സെപ്റ്റംബർ 21, തിങ്കളാഴ്‌ച

മാവ്


പ്രണയിക്കുകയെന്നാല്‍ 
പൂക്കാത്ത മാവായിരിക്കുക 
എന്നുകൂടിയാണ് 

തെക്കോട്ടുള്ള കൊമ്പില്‍ 
അവനിലുള്ള എല്ലാ  ഭാരങ്ങളും 
തൂങ്ങിപ്പിടയുന്നത്  
അറിയേണ്ടിവരും .

കൊത്തിക്കീറാതെ
ഒരു ചിതയായി 
നിന്നു കത്തേണ്ടിവരും 

വേരുകളിലൂടെ
ഭൂമിയെ അറിയേണ്ടിവരും 

നനഞ്ഞ   മഴയെ  ഓര്‍ത്ത് 
അവനായി  വീണ്ടും പെയ്യേണ്ടി വരും 

2015 സെപ്റ്റംബർ 20, ഞായറാഴ്‌ച

സന്ദര്‍ശനം


മരിച്ചവരുടെ 
സന്ദര്‍ശനദിവസം 
വാതിലടയ്ക്കാന്‍ 
നാം മറന്നു പോയിട്ടുണ്ടാവും

നിദ്രയില്‍
ആരോ വന്നുപോകുന്നതായി
ഒരു സ്വപ്നവുമുണ്ടാകും

ഉമിനീരുവിക്കി
ഉണര്‍ന്നു പോകുമ്പോള്‍
അസ്വഭാവികമായി
ഒന്നും  ശ്രദ്ധയില്‍പെടില്ല  

പുലര്‍ച്ചെ 
നെഞ്ചു നീറ്റുന്ന
ഓര്‍മ്മയുമായി
കണ്ണു തുറക്കുമ്പോള്‍ മാത്രം 
അവര്‍ വന്നുപോയെന്നു 
നാമറിയും 

നിറങ്ങളുടെ അമ്മ


പെയ്തു വീഴുന്ന
മഴത്തുള്ളിയുടെ
അരികുകള്‍ 
മറ്റേതു വര്‍ണ്ണം കൊണ്ടാണ്
ഇത്രമേല്‍ വ്യക്തമായി കാണാനാവുക
വര്‍ഗ്ഗീകരണത്തിലെ
വിലാപജന്യവസ്തുവായി
കാലം കോറിയിടുന്ന
വാക്ശരങ്ങളുടെ ഉറവിടവും
ഇതു തന്നെ
അതിര്‍ത്തികളെ
കടുപ്പിച്ചു വേര്‍തിരിക്കുമ്പോഴും
മഞ്ഞു മലകളവസാനിക്കുമ്പോഴും
കൂര്‍മിച്ച ഒരു പെന്‍സില്‍
വരകളില്‍ അതിനെ പെറ്റുവയ്ക്കുന്നു
കറുപ്പിലല്ലാതെ
വെളുപ്പിലെവിടെയാണ്
തിളക്കം അടയാളപ്പെടുക
ഈ നിറങ്ങളെല്ലാം
ഇത്ര സൂക്ഷ്മമായി
മറ്റെവിടെയാണ് ഒളിച്ചു വയ്ക്കാനാവുക

2015 സെപ്റ്റംബർ 16, ബുധനാഴ്‌ച

മരണപ്പെട്ട രണ്ടു പക്ഷികള്‍ സംസാരിക്കുമ്പോള്‍


ചെരിഞ്ഞു വീണ
പുസ്തക അലമാരയില്‍
നിന്നായിരുന്നു
മരണപ്പെട്ട രണ്ടു പക്ഷികളുടെ
സംസാരം ഞാന്‍ കേട്ടത്
ജെര്‍മനില്‍ ചോദ്യങ്ങളും
കന്നടയില്‍ ഉത്തരങ്ങളും
ഒരു പക്ഷി സൂര്യപ്രകാശം
തിരയുകയും മറ്റൊന്ന്
മണ്ണെണ്ണ വിളക്ക് തെളിക്കുകയും ചെയ്തു .
ഈ പക്ഷികള്‍
ചിറകടിക്കാത്തതെന്തേയെന്നു
ഞാന്‍ അതിശയിക്കുമ്പോള്‍ തന്നെ
പോകാന്‍ ദൂരങ്ങളില്ലെന്നു
അവ ചിറകു കുടഞ്ഞു .
തെറിച്ചു വീണ പക്ഷിപ്പേനുകള്‍
നാസിസം അച്ചുകുത്തിയ
പച്ച അക്കങ്ങളായും
ഫാസിസം വെടിയുതിര്‍ത്ത
ചുവന്ന വെടിയുണ്ടകളായും കാണപ്പെട്ടു
മരണം ശരീരത്തെയൊഴിച്ചു
മറ്റെല്ലാത്തിനെയും
അനന്തസ്വാതന്ത്ര്യത്തിലേക്ക്
കുടഞ്ഞിടുകയാണെന്ന്
ആ പക്ഷികള്‍ ചിറകുരുമ്മിയിരുന്നു 

2015 സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

നക്ഷത്രം


ഒരു ദേശത്തിനാകെ ഇരുട്ട് 
കൂട്ടിനുണ്ടാവുകയെന്നാല്‍

ചുവരുകള്‍ക്കിടയില്‍ 
തങ്ങിപ്പോയവര്‍ക്ക്
 സ്വയം തിരി തെളിക്കാതിരിക്കലും 

വിജനപ്രദേശത്തെ സഞ്ചാരിക്ക് 
നിലാവിനു മേഘങ്ങള്‍ തുന്നിയ 
നീണ്ടയങ്കിയാല്‍ മൂടപ്പെടുകയുമാണ് 

ഒരര്‍ദ്ധരാത്രിയില്‍ 
ആ  ദേശത്തിനാകെ  
നക്ഷത്രങ്ങള്‍ നല്‍കപ്പെട്ടു 

വീട്ടമ്മയരിക്കലത്തിലടച്ച 
നക്ഷത്രത്തെ 
അരിമണിയെന്ന പോലെ 
ഓട്ടുവിളക്ക് തെളിച്ചു വീക്ഷിച്ചു 

ഒരു സുന്ദരി 
കിരീടത്തില്‍  ചാര്‍ത്തി 
താരമായ്  തിളങ്ങി 
വ്യക്തമായ മുദ്രയായി 

മാധ്യമങ്ങള്‍  നക്ഷത്രത്തില്‍ 
മഷിയോഴിച്ചു കറ പിടിച്ച
തൂവല്‍  തൊട്ടെഴുതി 


പുരോഹിത വര്‍ഗ്ഗം 
ആഘോഷങ്ങള്‍ക്കായി 
നക്ഷത്രത്തെ  വിളക്കായി  തൂക്കി
അരിച്ചെത്തുന്ന പ്രകാശമാക്കി  

അധികാരം നക്ഷത്രത്തിലുരച്ചു 
വടിവാളുകള്‍ക്ക് മൂര്‍ച്ച  കൂട്ടി 
തിളങ്ങുന്ന അക്രമമാക്കി 


ഒരു കുട്ടി  അവളുടെ 
കണ്ണുകളില്‍  സൂക്ഷിക്കുകയും 
കവി അക്ഷരങ്ങളാലൊരു 
ഏണി പണിതു താമസിക്കുകയും  
ചെയ്ത  നക്ഷത്രങ്ങള്‍ക്കു
  പേരിടാന്‍   ഇനിയും 
നമുക്ക്  കഴിഞ്ഞിട്ടില്ല 

2015 സെപ്റ്റംബർ 9, ബുധനാഴ്‌ച

കെട്ടുപോകും മുന്‍പ്


കെട്ടുപോകും മുന്‍പൊരു 
വട്ടമെങ്കിലും 
പ്രണയിക്കപ്പെടുക  ജീവിതമേ 

പൂക്കള്‍ പൊതിഞ്ഞ  മണ്ണ്
തല തെല്ലുമുയര്‍ത്താതെ 
വാക പൂത്തെന്നു ചൊല്ലും പോലെ 

അസ്തമിക്കും മുന്‍പരുണന്‍
ചുവപ്പിച്ച  
ആകാശകവിള്‍ത്തടങ്ങള്‍ പോലെ 

മഴ നനയ്ക്കും മുന്‍പെത്തി
പുണരുന്ന 
തണുത്ത കാറ്റെന്ന പോലെ  

പ്രണയിക്കുമ്പോഴും 
പ്രണയിക്കുന്നുവെന്നു മറന്ന 
പ്രണയികളെപ്പോലെ  


കെട്ടുപോകും മുന്‍പൊരു 
വട്ടമെങ്കിലും 
പ്രണയിക്കപ്പെടുക  ജീവിതമേ

2015 സെപ്റ്റംബർ 7, തിങ്കളാഴ്‌ച

ഈയാംപാറ്റകളുടെ ഈശ്വരസംവാദം


സ്വര്‍ഗ്ഗത്തിന്‍റെ ഇടനാഴികളില്‍
ഭൂമിയിലേക്കുള്ള വഴിയില്‍
അസ്ഥിയില്‍ പൂക്കുന്ന
പൂവുകളെ കാണാം
അവ
ഈയാംപാറ്റകളുടെ
ഈശ്വരസംവാദം കേള്‍ക്കുകയാണ്
തിരികള്‍ കെടുമ്പോള്‍
മടങ്ങുന്ന നാളങ്ങള്‍
പ്രകാശ പ്രേമികളായി ജനിക്കുമത്രേ
അദൃശ്യമായ ശക്തിയുടെ
ദൃശ്യമായ അടയാളങ്ങളായി
ഓരോ ജീവിതത്തിലും തുളകള്‍ വീഴ്ത്തി
വിഷാദരാഗങ്ങള്‍ മൂളുമത്രേ

സംവാദങ്ങളവസാനിച്ചു
തമ്മില്‍ പുണര്‍ന്നു
ചിറകുകളും തിരിയും കരിഞ്ഞു
മരണം മണക്കുമ്പോള്‍
പ്രണയിക്കുന്ന എന്റെയാത്മാവേ
കാലം നിന്നോടു പാടാന്‍ പറയുന്നു
നീയോ അസ്ഥിയില്‍ പൂത്ത
പൂവിന്നുള്ളില്‍ തേനായി ഉരുകിവീഴുന്നു

2015 ഓഗസ്റ്റ് 29, ശനിയാഴ്‌ച

ആത്മഹത്യ


യാത്രകള്‍ വെറും
ചുമടുതാങ്ങികള്‍ മാത്രമായിത്തീരുമ്പോള്‍
സൂചനകളിലും സ്വപ്‌നങ്ങളിലും 
പാമ്പിനെ വളര്‍ത്തിയാല്‍
ആവശ്യാനുസരണം
കയറായോ വിഷമായോ
ഉപയോഗിക്കാം
വിഷമുള്ള കൂണൊന്നിനെ
കണ്ണുകളില്‍ അഴുകാതെയിരുത്തിയാല്‍
ഭക്ഷ്യവിഷബാധയെന്നു
സ്വയം സമാധാനിക്കാം
മനസ് ലഘുവും
ജീവിതം ഗുരുവുമാകുമ്പോള്‍
വിദൂരഭാവിയിലൊരു
ആത്മഹത്യക്കൊരുങ്ങേണ്ടതുണ്ട്

2015 ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

അടക്കം


ഇണപ്രാവുകള്‍
കൊക്കിലൊതുക്കിയ
ചുള്ളിക്കമ്പുകളില്‍
ഒരുമയുടെ തളിര്‍പ്പുണ്ടെന്നു
ഞാന്‍ പറയുമ്പോള്‍

കൂടില്ലാതെ പോയതിനെ
ചിറകു വിരുത്താനുള്ള
സ്വാതന്ത്ര്യമെന്നും
വിരുത്തിയ ചിറകിനെ
വീടു വിട്ടവന്റെ
വീര്യമെന്നും നിങ്ങള്‍ വ്യാഖ്യാനിക്കുന്നു

യുദ്ധമുഖങ്ങളില്‍ അവനെന്നെ
ചതിച്ചു കൊന്നപ്പോഴും .
നിങ്ങളെന്‍റെമരണമൊഴി
മാറ്റിയെഴുതുമ്പോഴും
ഞാന്‍ നിങ്ങളില്‍ മരിച്ചിരിക്കുന്നുവെന്ന്
എന്നെ എന്നിലേക്കു തന്നെ അടക്കം ചെയ്യുന്നു 

2015 ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

പകരം


നാടുകടത്തപ്പെട്ടപ്പോള്‍
അവസാനയാഗ്രഹമെന്തെന്ന
ചോദ്യത്തിന്
ഒരു കൈക്കുടന്ന മണ്ണോപ്പം
പിഴുതെടുത്ത ഈരില
വിരിഞ്ഞ മരത്തൈയാണുത്തരം
മരുഭൂമിയിലെക്കോ
മഞ്ഞാരണ്യത്തിലെക്കോ
എവിടേയ്ക്കാണെന്നറിയാത്തപ്പോഴും
ഞാന്‍ കുടിക്കുന്ന വെള്ളത്തിന്‍റെ
രണ്ടുതുള്ളി പങ്കു മാത്രമേ
വേണ്ടതുള്ളൂ എന്നൊരുറപ്പില്‍
കൂടെക്കൂട്ടിയതാണ്
അതിന്‍റെ വേരുകളില്‍നിന്നു
പായലും പന്നല്‍ച്ചെടികളും
പറ്റിവളര്‍ന്നു ജീവിതം
കാടുപിടിക്കുകയാണ് .
എന്നോ പെയ്തുപോയ മഴയുടെ
മാറാപ്പില്‍ നിന്നിപ്പോഴും
ഇറ്റുവീഴുന്നു പച്ചമണങ്ങള്‍
ഒരു കരയുടെയുമടയാളം
കാണാത്തപ്പോഴും
സ്വാതന്ത്ര്യത്തിന്‍റെ കഥ പറയുന്ന
തടവുകാരെപ്പോലെ
നാമിപ്പോഴും
ഒരേ മരത്തിന്റെ
വേരുകളുമായി നാടോടികളായി
തുടരുകയാണ്
നീ നല്‍കിയ
പ്രതീക്ഷകളുടെ
തൂവല്‍ മുളയ്ക്കുന്ന
ചിറകുകള്‍ക്ക്പകരമായി
ഒരുള്‍ക്കടലിന്‍റെ
അനന്തസാധ്യതകളുടെ
ശാന്തതയാണെനിക്ക്
പകരാനുള്ളത്‌ ..!!

2015 ജൂലൈ 26, ഞായറാഴ്‌ച

കാലം കുഴിച്ചെടുക്കുന്ന സ്വപ്‌നങ്ങള്‍


നിനക്കു  ഞാനൊരു  
സ്വപ്നത്തിന്‍റെ
കടുകുമണിയോളം ചെറിയ 
വിത്തു തരാം 
ഓരോ മഴയിലും ചിറകു മുളയ്ക്കുന്നത്‌  

ഒരു സ്വപ്നത്തിന്‍റെ ഗന്ധം പകരാം 
ഇലഞ്ഞിമരത്തിന്‍റെ വേരോളം 
തങ്ങി നില്‍ക്കുന്നത് 

ഒരു സ്വപ്നത്തിന്‍റെ ഹരിതമുണ്ട് 
പൂക്കളെ ക്കാള്‍  നീ പ്രണയിക്കുന്ന 
ഇലപ്പച്ചകളുടെ ആത്മാവു നിറഞ്ഞത്


എന്‍റെ നാടോടിക്കഥയുടെ 
നട്ടെല്ലിന്റെ ഫോസിലില്‍
നിനക്കെഴുതാന്‍ 
നിദ്രയിലില്ലാത്ത 
നേരിന്‍റെ സ്വപ്നസ്വരത്തിന്‍റെ 
നേരിയ ഒരടയാളം തരാം 


നിന്‍റെ കൈവെള്ളയിലെ
എന്‍റെ പ്രണയത്തിന്റെ 
പവിഴരേഖകളെ   
നിയമം തെറ്റിച്ചെഴുതുന്ന 
 അപൂര്‍വ്വ സ്വപ്നങ്ങളിലൊന്നായി
കാലം കുഴിച്ചെടുക്കട്ടെ

2015 ജൂലൈ 7, ചൊവ്വാഴ്ച

ഇലാമ


ചുവര്‍ഘടികാരങ്ങള്‍
ഇലാമ പഴങ്ങള്‍ 
പൊഴിക്കുന്നുവെന്നാദ്യം 
പറഞ്ഞത് നീയാണ് ..

ഇരുള്‍ നിഴല്‍ വീഴ്ത്തിയ
സമയചലനങ്ങളില്‍   
നീയെനിക്കത് കാട്ടിത്തരുന്നു 

ഓരോ തവണ 
കണ്ണിമ ചിമ്മുമ്പോഴും
പുതിയ വാതിലുകള്‍ തുറന്ന്
കഥകളുടെയവസാനവാക്കില്‍നിന്ന് 
എല്ലായ്പ്പോഴും 
നീയൊരു  കഥ തുടങ്ങി വയ്ക്കുന്നു 

സമയചക്രങ്ങളെയതിജീവിച്ച
സെക്കന്റ് സൂചിയുടെ 
ഏതോ ഒരു ചലനവേളയിലാണ് 
ഞാന്‍ പ്രണയിക്കപ്പെടുന്നുവെന്ന
ഇലാമ പഴം എന്നിലേക്ക്‌ പൊഴിഞ്ഞത് 

അതില്‍  നിന്‍റെ പേരു വായിച്ചശേഷം 
ഞാന്‍ നിനക്കൊപ്പം 
ഘടികാരങ്ങളില്ലാത്ത   പ്രണയത്തിന്‍റെ
അന്ധലോകത്തേക്കു കടക്കുന്നു,....!!

ഉണങ്ങിയ കവിത


ഊഞ്ഞാലാടിയ മാങ്കോമ്പ് മുറിച്ചു
ചിതയൊരുക്കി കവിത കാഞ്ഞവനെ
നീയെഴുതുന്ന ചോരത്തുള്ളികളില്‍ 
ജിവിതം കനത്തൊരു പെയ്ത്താണ്
കത്തുന്ന കോലമാണ്.
ഒറ്റയ്ക്ക് പോകുമ്പോള്‍
കൈകൊട്ടി വിളിച്ച്
അക്കരെ കടത്താമെന്നു
കവിത തോണി തുഴയുന്നവനെ
നീയോഴുക്കുന്ന കഥപ്പോക്കില്‍
മുങ്ങി മരിയ്ക്കുകയാണ് കാലം
ഒരു പട്ടത്തിന്റെ നൂല്‍
കാട്ടി കൊതിപ്പിച്ചു
കവിത പറത്തുന്നവനെ
ഒളിപ്പോരിന്‍റെ വിഷയമ്പേറ്റു
വെള്ള പുതയ്ക്കുകയാണ് ഞങ്ങള്‍ .!
വരിയെ തിരിയാക്കി
കവിത കത്തിക്കുന്ന
കടല്‍ക്കൊള്ളക്കാരുടെ കാലത്ത്
ഉപ്പിലും കവിതയുണങ്ങിയേ പറ്റൂ ..!!

2015 ജൂൺ 23, ചൊവ്വാഴ്ച

യാത്രാനുബന്ധങ്ങൾ

നഗ്നപാദങ്ങളില്‍
മഴയുടഞ്ഞു ചുംബിക്കുമ്പോള്‍ 
തിബറ്റിന്റെ താന്തോന്നിക്കാറ്റ്
വന്നു  വിളിക്കും ,

വിളികളെ  വഴിയിലുപേക്ഷിച്ച്
തെക്കിന്‍റെ മലനിരകളെ തേടി
യാത്രാവിവരണങ്ങളില്ലാതെ
തോണികളില്‍  മാറി മാറി 
തനിച്ചങ്ങനെ  പോകും

മഞ്ഞുമലനിരകള്‍
മനസിനെ  ശുഭ്രവര്‍ണ്ണം പുതപ്പിക്കും
തണുപ്പിന്‍റെയാര്‍ദ്രത
നിശയുടെ നിശബ്ദതയിലലിഞ്ഞു
നിസ്സംഗതയെ  ജനിപ്പിക്കും

ശാന്തി മന്ത്രങ്ങളില്‍
മിഴികള്‍ പൂട്ടി
ഒരിറ്റു ശ്വാസമെടുക്കുമ്പോള്‍
തുളസീമണമുതിര്‍ന്നു പടരും
അടുത്ത നിമിഷം യാത്രാദൂരങ്ങളഴിഞ്ഞ് 
നീയെന്‍റെ മാറിലേക്കു തന്നെ  മടങ്ങും

ഡെല്ലോറയുടെ പൂക്കള്‍


മുത്തശ്ശന്‍റെ മരണശേഷമാണ് 
മുത്തശ്ശിയവളോട് 
പ്രണയത്തെക്കുറിച്ചു
പറയുന്നത്


അതുവരെ അവര്‍
കഥകളില്ലാത്ത രാജ്യമായിരുന്നു
അഥവാ കടം വാങ്ങിയ
അച്ചടക്കത്തിന്റെ
യുദ്ധാനന്തര കഥകള്‍ മാത്രം  

ഇപ്പോള്‍  ഓരോ  പൂവിന്റെയും 
ഇതളുകളില്‍ ആയിരം 
കഥകള്‍  വിരിയുന്നു 
അവ  ഇലകളുടെ  
പച്ചയിലേക്ക് കുതിക്കുമ്പോള്‍ തന്നെ 
മറവിയുടെ രാജ്യത്തിലേക്ക് 
നാടുകടത്തപ്പെടുന്നു .

കഥകള്‍ മുഴുമിപ്പിക്കാന്‍ 
ഓരോ  തവണയും 
ഡെല്ലോറയ്ക്ക്  കടം  വാങ്ങേണ്ടി വരുന്നു 

ഗതിവേഗമുള്ള 
വെള്ളക്കുതിരകളെ ,
ഉയര്‍ത്തിക്കെട്ടിയ 
കപ്പല്‍പ്പായയെ,
വെള്ള നിറമുള്ള 
മുയല്‍ക്കുഞ്ഞിനെ.....

കഥകള്‍  ചേര്‍ത്തുവയ്ക്കുമ്പോള്‍ 
മുത്തശ്ശന്‍റെ കല്ലറയുടെ  
ഓരത്തു കൂടി 
മുത്തശ്ശി മടങ്ങിയെത്തുന്നു 
അവരുടെ  കണ്ണുനീര്‍  
നക്ഷത്രങ്ങളായും
പുഞ്ചിരി  പൂക്കളായും  കാണപ്പെടുന്നു ,

നക്ഷത്രങ്ങളെ  ആകാശത്തിനു  വിറ്റ്‌ 
ഡെല്ലോറ  ഭൂമി  വാങ്ങുന്നു .
പൂക്കളെ  നിരത്തിയിടുമ്പോള്‍ 
ഭൂമി  ശ്മശാനമെന്നു  തോന്നിക്കുന്നു .
മരണം നിറങ്ങളെ  കൊണ്ടുവരുമെന്ന് 
മുത്തശ്ശി വീണ്ടുമൊരു  കഥ തുടങ്ങുന്നു ...!!

2015 ജൂൺ 21, ഞായറാഴ്‌ച

ഒഴുക്ക്


നിന്‍റെ പ്രണയം 
അക്ഷരങ്ങളുടെയാകാശവും 
സ്വപ്നങ്ങളുടെ ഭൂമിയുമളന്നു
എന്‍റെയേകാന്തതയെ
മൂന്നാം ചുവടായെണ്ണുന്നു

നീ ചോദിച്ച 
യാത്രാമൊഴിയ്ക്കൊപ്പം 
ഇരുട്ടിന്‍റെയാത്മാവും 
ഇടനാഴികളുടെ നിശബ്ദതയും 
എന്നിലേക്കിഴയുന്നു .

നനഞ്ഞ കാല്പാടുകള്‍ പതിച്ച്
ഉറക്കത്തിലുമതെന്നില്‍   
മരണത്തിന്‍റെ ഭീമാകാരം 
കൈവരിച്ചു നില്‍ക്കുന്നു 

അടഞ്ഞ ജാലകങ്ങള്‍ 
വെളിച്ചക്കീറുകളെ
സ്വപ്നം കണ്ടുണരുന്ന
ഓരോ പുലരിയിലും
എനിക്കൊപ്പം  
ഇരുള്‍  മുറിഞ്ഞു മരിക്കുന്നു
ഞാന്‍ ആഴമറിയാതെ 
നിന്നിലേക്കൊഴുകുന്നു 

2015 ജൂൺ 17, ബുധനാഴ്‌ച

നിനക്കു മുൻപും പിൻപും


നിനക്കു മുൻപ്‌
ശൂന്യതയുടെ കൂടാരമായിരുന്നിവിടം

നിനക്കു  ശേഷംഎന്നൊന്നില്ല.

ജനാലച്ചില്ലിലലയ്ക്കുന്ന 
നീ  നനഞ്ഞു വന്ന  മഴ 
കനത്തു നില്‍ക്കുന്ന 
ഉള്ളില്‍ വഹിക്കുന്ന  കാട് 


അവയില്‍ നിന്നു തല നീട്ടുന്ന 
നീല ശംഖ്പുഷ്പങ്ങള്‍ ,
വെളുത്ത കോളാമ്പിപ്പൂവുകള്‍ ,

വിള്ളലുകള്‍  നിറഞ്ഞ 
ഭിത്തിയിലെ പേരറിയാ 
പൂവുകളുടെ 
തേന്‍ കുടിക്കാനെത്തുന്ന 
ചിത്ര ശലഭങ്ങള്‍

നീ  പറയുന്ന  കഥകള്‍ കേട്ട്
മേശമേല്‍ രാത്രി തോറും 
ഞാന്‍ പകര്‍ന്നു വയ്ക്കുന്ന 
വിഷക്കുപ്പി  മറിച്ചിടുന്ന 
ചെറുകുരുവികള്‍ 

 നാം  തെളിച്ച 
ചില്ലുവിളക്കില്‍
ചിറകുതല്ലുന്ന  പ്രാണികള്‍ ,

ഇനിയിവിടെ  ശൂന്യതയ്ക്കിടം നല്‍കുന്നേയില്ല 

2015 ജൂൺ 16, ചൊവ്വാഴ്ച

ഇരുവരുടെയുമമ്മ


നീയിലപൊഴിച്ച കാടാവുമ്പോള്‍
ഓര്‍മ്മയിലെഴുതുക 
ഈറന്‍ കാറ്റായല്ല ;
കാട്ടുതീയായി
നിന്നില്‍ പിറന്നു നിന്നിലൊടുങ്ങുമീയെന്നെ 

പ്രാണന്റെ പ്രണയക്ഷേത്ര 
പ്രതിഷ്ഠാവിഗ്രഹം 
ഇളക്കിയോഴുക്കി നിന്നെയും  

മണ്ണിനടിയിലൂടോഴുകി 
മാഞ്ഞയെന്നെയും
പിന്നെയും  പെറ്റിട്ട 

മഹാകാല പ്രളയപ്രവാഹമാണി-
രുവരുടെയുമമ്മ 

2015 ജൂൺ 4, വ്യാഴാഴ്‌ച

ഇരന്നു വാങ്ങുന്നു ഞാന്‍


പ്രണയപര്‍വ്വതഹൃദയഗഹ്വരങ്ങളില്‍
വേരുപടലങ്ങളുടല്‍
പിണഞ്ഞീറന്‍ ഇരുള്‍
പൂത്തു  നില്പൂ 

ഇരു കര്‍മ്മകാണ്ഡങ്ങളിണ 
തിരഞ്ഞീ ഹിമയമല ശാഖികള്‍
ചുമലില്‍ ചുമപ്പൂ ..!!

ലവണജലകണികയില്‍ 
ജീവന്‍ തിരയുന്ന 
നാഗരയാത്രയില്‍ 
മമ ജീവനതിജീവനം നേടുവാന്‍ 
ഈ പ്രണയമിരുകാലങ്ങളോടിരന്നു 
വാങ്ങുന്നു  ഞാന്‍ ..!!

2015 മേയ് 13, ബുധനാഴ്‌ച

അടയാളം


ആദ്യയാത്ര എന്റേതെങ്കില്‍
ഹൃദയം പാതി മുറിച്ച്
സ്വര്‍ഗ്ഗത്തിലേക്കുള്ള
വഴിയോരത്തടയാളമായി നടും
ഒരു നിമിഷം കൊണ്ടതു
മുളച്ച് പടര്‍ന്നു നില്‍ക്കും
രക്തവര്‍ണ്ണഹൃദയാകാരയിലകളില്‍
സ്നേഹത്തിന്റെ നനവുണ്ടാകും
മറുപാതി ഹൃദയം
എത്രാം ലോകത്തിന്‍റെ
ഏതു കാലത്തിലാകിലും
യാമവിനാഴികാഭേദമില്ലാതെ
നിന്‍റെ സ്വരശ്രവണ മാത്രയില്‍
വീണ്ടും തുടിക്കും

2015 മേയ് 11, തിങ്കളാഴ്‌ച

അത്താഴമേശ


ദൈവമേ !
നിന്‍റെയത്താഴമേശയില്‍
ഒരു പാത്രം
സ്നേഹത്തിന്‍റെ ഭ്രാന്തും
വിളമ്പിവച്ച്
നീയെന്തിനെന്നെ കാത്തിരിക്കുന്നു .!!
ഭൂമിയിലെങ്ങും മഴയാണ്
ആവി പറക്കുന്ന
ഒരത്താഴത്തിന്‍റെ സ്വപ്നത്തിലാണ്
കണ്ണുകള്‍ ...!!


ഞാനോ 
നിന്‍റെയവസാനയത്താഴത്തിലെ
അപ്പത്തരികള്‍ ശേഖരിച്ച
കുട്ടിയോടൊപ്പം
ഒരു നുള്ളുപ്പാവാന്‍
 വേഷം മാറുകയാണ് .!!

2015 മേയ് 9, ശനിയാഴ്‌ച

ഒരേ ചില്ലയിലെ പൂക്കള്‍


അനാഥമായൊരു 
മഴയേറ്റു 
വാങ്ങിയ  വൃക്ഷഹൃദയം  തുറന്ന്
മഴുവേല്‍ക്കാതെ കാടുണരുന്നു .

മണമുള്ളയിലകള്‍ 
കൂട്ടിത്തുന്നി 
ഏതോ പക്ഷിയൊരു 
കൂടു നെയ്യുന്നു .

വൃക്ഷായുസ്സിന്റെ 
വക്ഷസ്സില്‍ ചാരി 
കിളിക്കുഞ്ഞിന്റെ
കാടുണര്‍ന്നു ചിലയ്ക്കുന്നു 

മഴമണം  നിറഞ്ഞ 
വേരുകളിലൂടെ അരിച്ചിറങ്ങി
ഭൂതകാലത്തിന്‍റെയകത്തെക്കു 
മരുഭൂമി  പിന്‍വാങ്ങുന്നു .

കാട്ടുമഴയെ ഞാനെന്നും 
വൃക്ഷഹൃദയത്തെ നീയെന്നും 
പേരിട്ടു  വിളിച്ച്
നാം പ്രണയമെന്ന  കാടാകുന്നു .
ഒരേ  ചില്ലയില്‍   പൂക്കുന്നു .

2015 ഏപ്രിൽ 19, ഞായറാഴ്‌ച

ശൂന്യത


ശൂന്യതയൊരളവാണ്,
ഒന്നുമില്ലാത്തതിന്റെ 
ആര്‍ഭാടത്തെയളക്കുന്ന
വളഞ്ഞു പോയോരളവ്

ശൂന്യതയൊരടയാളമാണ്
അകത്തുനിന്നും 
പുറത്തു നിന്നും
കൈമാറ്റങ്ങളില്ലെന്നു
 ഓര്‍മിപ്പിക്കുന്ന 
ചുറ്റടയാളം 

ശൂന്യതയൊരക്കമാണ് 
കൂട്ടിയാലും  കുറച്ചാലും 
കൂടെ നില്‍ക്കുന്നതിനു 
സ്ഥിരത നല്‍കുന്ന 
എണ്ണത്തില്‍ പെടാത്തയക്കം

ശൂന്യതയൊരു  വാക്കാണ് 
പറഞ്ഞതിനും 
പറയാത്തതിനുമപ്പുറം
''പൂജ്യ'' മായിപ്പോയ 
വികാരങ്ങളുടെ 
മാപ്പെഴുതിയ വാക്ക് 

2015 ഏപ്രിൽ 18, ശനിയാഴ്‌ച

അഞ്ജലി .


കാവ്യകവചങ്ങളില്‍
കനല്‍ക്കയര്‍
ചുട്ടെടുത്തുത്തരീയം ചുറ്റി
ചിതല്‍പ്പുറ്റുകുത്തി
വാക്കുലഞ്ഞെത്തി
ബാഷ്പ ബിന്ദുക്കളില്‍
ചകിതരേണുക്കളായ്
ചിരമാല്യമണിയുന്ന കവിതേ,
അഞ്ജലി ,കാവ്യാഞ്ജലി ...!!

സുതാര്യവൃക്ഷം


എന്‍റെ വാക്കുകളിലൂടെ സുതാര്യമായൊരു  
വൃക്ഷത്തെ നിങ്ങള്‍ക്ക് 
സങ്കല്പിക്കാമെങ്കില്‍,

ഞരമ്പുരേഖകള്‍ പോലെയുള്ള 
ഇലകള്‍ക്കിടയില്‍ നിന്നും 
അനാഥമായൊരു
കിളിപ്പാട്ടും കേള്‍ക്കേണ്ടി വരും .

ഉറുമ്പുകള്‍ പ്രതിച്ഛായ കണ്ടു  പതറും 
ചിതലുകള്‍ ചിതറിയോടും 
അസ്ഥിപോലെ നേര്‍ത്തുപോകുന്ന 
ചില്ലകളില്‍ കടന്നല്‍ക്കൂട് കൂട്ടം വിട്ടു  നില്‍ക്കും 

അറിവുകൊണ്ട്‌ കനപ്പെട്ടുപോയവര്‍ക്കും  
അലോസരങ്ങളാല്‍  കറുത്തു പോയവര്‍ക്കും വ്യഗ്രതയുടെ  വ്യാപാരങ്ങളില്‍
 വീണു പോയവര്‍ക്കുമിടയില്‍ 

തായ്ത്തടിയിലേക്ക്
ചേര്‍ന്നു നില്ക്കാന്‍  കൊതിക്കുന്നയെനിക്ക് 
ഈ  വൃക്ഷസുതാര്യതയുടെ 
ഇലച്ചിലുകള്‍ക്കിടയില്‍ 
അദൃശ്യമായൊരു കൂടു കണ്ടെത്തും  വരെ 
അനാഥമായ പാട്ടായി  ജീവിക്കേണ്ടി വരും 

2015 ഏപ്രിൽ 15, ബുധനാഴ്‌ച

ഒരേ ഭാഷയുടെ ദീര്‍ഘദൂരയാത്രകള്‍


നമുക്കിടയില്‍
മഞ്ഞിന്‍റെ നേര്‍ത്തപാളിയുരുകി
മൗനസാന്ത്വനമുണരുമ്പോള്‍
നിനക്കൊപ്പം നടക്കാന്‍
തണുത്ത കാറ്റത്ത്‌
ഞാന്‍ വരും .

വഴിപോക്കരുടെ
മുറിവായകള്‍
സ്വന്തം ഞരമ്പിട്ടു കൂട്ടിത്തുന്നി
വലിയൊരു മുറിവായ നിന്നില്‍
ഞാനൊരിലമുളച്ചിയായ്,
മുറിവുണക്കിയായ് തളിര്‍ക്കും
നീയിടം കണ്ടെത്തുന്ന
കാടിന്‍റെ മാറിടങ്ങളില്‍
കാട്ടുപൂക്കളായ് ഞാന്‍ തേന്‍ ചുരത്തും
നീ കേട്ടിരിക്കുന്ന
പ്രണയഗാനങ്ങളില്‍
പ്രാണരാഗമായിരിക്കും ഞാന്‍
തീ തുപ്പുന്ന വാക്കുകളെ
മാറ്റി നിര്‍ത്തി
നാം ഒരേ മഴയുടെ
ഇരുകൈകളില്‍ കുട്ടികളായി
തൂങ്ങി നടക്കും
എനിക്കു മാത്രമറിയാവുന്ന
നിന്‍റെ ഭാഷയെ
ഞാനുള്ളില്‍ കൊത്തിവയ്ക്കും ..
അതിന്റെ പുത്തന്‍ ലിപികളാല്‍
കാടിനും കടലിനുമിടയില്‍
നാം ദീര്‍ഘദൂരയാത്രകളെ അടയാളപ്പെടുത്തും

സ്വപ്നത്തെയുണര്‍ത്താതെ


മഴയത്തിറങ്ങി നടക്കുന്നോരാളെ
സ്വപ്നം കാണുമ്പോള്‍ 
ഞാനേതോ  ഉറക്കത്തിലായിരുന്നു ,

ഓരോ  ചോദ്യങ്ങള്‍ക്കുമൊടുവില്‍
അയാള്‍  വീണ്ടുമോരോ  മഴ  നനഞ്ഞു ,


പിഞ്ഞിയ നിറങ്ങളില്‍ 
പകലുരുളുമ്പോള്‍ 
ഉത്തരങ്ങളില്ലാതെ 
വേനലും  ഞാനും 
പകച്ചുറങ്ങുന്നു ..!!


വര്‍ണശബളമായൊരു  
വര്‍ഷകാലത്തിന്‍റെ മടിയില്‍ 
 ഒരു  പൂമ്പാറ്റയായി  
ഞാനുണരും,

മഴനനയുന്ന  എന്‍റെ  സ്വപ്നത്തെയുണര്‍ത്താതെ....!!

2015 ഏപ്രിൽ 12, ഞായറാഴ്‌ച

നിറമില്ലാത്ത മഴവില്ലുകള്‍


ശബ്ദകോശങ്ങള്‍  പെരുകി 
ജീവന്റെ മര്‍മ്മസ്തരം ഭേദിച്ചു
എന്നെ  വിഭജിച്ചുകൊണ്ടിരിക്കുന്നു 

ഓരോ  കാല്‍വയ്പിലും 
മണ്‍തരികളുടെ  ഹൃദയമിടിപ്പുകള്‍
തുടിക്കുന്നതറിഞ്ഞു 
കൈരേഖയുടെ  നേര്‍ത്ത പാടുകളില്‍  
ജീവിതത്തിന്റെ  തിരിവുകള്‍ 
നിശ്ചലമാകുമ്പോള്‍ 

ഒരു  നിമിഷനേരത്തിന്റെ  
നിശബ്ദതയില്‍ നിന്നു കേള്‍ക്കുന്ന 
ആയിരത്തൊന്നു  രാവുകളില്‍ നിന്നു 

നിറങ്ങളില്ലാത്ത മഴവില്ലുകള്‍ 
നിശ്ചയിക്കപ്പെട്ടയാവൃതികളുടെ 
ആകാരങ്ങളില്‍  നിന്നു 
അനന്തതഭംഗിയിലേക്കു വളയുന്നു  

കണ്ണിന്റെ  കറുപ്പില്‍  
കലരുന്ന  നിറങ്ങളുരുകി 
കണ്ണിന്റെ  വെളുപ്പിനെ 
കഴുകുന്നു 
.എന്‍റെ  കാഴ്ചകള്‍  തെളിയുന്നു 

2015 ഏപ്രിൽ 11, ശനിയാഴ്‌ച

ചുവന്ന നഗരം


പൊട്ടു തൊട്ടു 
പട്ടു  ചുറ്റിയ
അമ്മന്‍ കല്ലുകള്‍  
ചുവന്ന  പൊട്ടും  
ചുവന്ന പട്ടുമുള്ള
അമ്മ നഗരം 

നീയൊരു  ഗ്രാമത്തിന്റെ 
ഹൃദയച്ചുവപ്പാകുമ്പോള്‍  
ആലുകള്‍ ആടയണിഞ്ഞു തുള്ളുന്നു  
ആഗ്നേയാക്ഷികളില്‍ 
അമ്മയുലകം  നിറയുന്നു 

2015 ഏപ്രിൽ 10, വെള്ളിയാഴ്‌ച

മരണലേഖനങ്ങള്‍


മരണമൊഴി മുറിഞ്ഞൊഴുകുന്ന
പുഴകളില്‍
മിഴികള്‍ വായുവിലെഴുതിയ 
അദൃശ്യവിസ്മയപ്രവാഹങ്ങളുണ്ട്
നിറഞ്ഞ കണ്ണുനീര്‍ത്തുള്ളികളില്‍
വിശ്വാസവൃക്ഷങ്ങള്‍
തളിരില നീട്ടിയെത്തുന്നുമുണ്ട്
സ്ഥലകാലദേശത്തിന്‍റെയതിരുകള്‍ക്കപ്പുറം
മരണത്തിന്‍റെ മൗനലേഖനങ്ങളില്‍
എല്ലാ മുഖങ്ങള്‍ക്കുമൊരേച്ഛായ തന്നെ
സ്നേഹത്തിന്‍റെയവസാന പത്രികയിലെ
ചില്ലക്ഷരങ്ങളുടെ ചിലമ്പലുകള്‍ക്കൊരേ താളവും ...!!!

2015 മാർച്ച് 17, ചൊവ്വാഴ്ച

നിധി വയല്‍


ആ വൃദ്ധനൊരു വയലായിരുന്നു
നിധിയൊളിച്ചിരുന്ന വയല്‍ ,
വെടിയുണ്ടകൊണ്ടാഴത്തില്‍
കുഴിച്ചു നോക്കിയവനു
ത്രേതായുഗത്തിന്റെ
ഒറ്റപ്പേരു മാത്രമേ
തെളിവായി ലഭിച്ചുള്ളൂ .

കടല്‍ വറ്റിച്ചുപ്പുപരലുകളില്‍
ദേശസ്നേഹത്തിന്‍റെ കണികകള്‍
കണ്ടെത്തിയ ശാസ്ത്രത്തിന്‍റെ
പഴയ മുഖമായിരുന്നയാള്‍ക്ക്

കലിയുഗത്തിലെ
കലിയടങ്ങാത്തവര്‍
നെടുകെയും കുറുകെയും
കുഴിച്ചു നോക്കുമ്പോള്‍
രക്തം വറ്റിച്ചുപ്പു
നോക്കുന്നുണ്ട്
പുതിയ ചര്‍ക്കനൂലുകള്‍
ഓം ശാന്തി എന്നയൊറ്റ
മന്ത്രത്തെ
അയാള്‍ക്കൊപ്പം കുഴിച്ചു മൂടി
അതു മുളയ്ക്കുന്നതും
കാത്തിരിക്കുന്ന നമ്മെ
ഈ മണ്ണ് തിന്നാലും തികട്ടി വരും ...!!!

2015 മാർച്ച് 6, വെള്ളിയാഴ്‌ച

കാലത്തിന്‍ കാലൊച്ചകള്‍


വാക്കുകള്‍ തന്‍ 
കുഴിമാടത്തില്‍
കാലം 
കത്തിച്ച  വിളക്കുകളല്ലേ
കവിതകള്‍

വിലക്കില്ലാതെ  വിളി 
കേട്ട  
വിലങ്ങു  പൊട്ടിച്ച 
വിചിത്രവിരൂപികളല്ലേയവ  

കവിക്കണ്ണില്‍ നിന്നു
 മണ്ണില്‍  വീണ 
വിണ്ണിന്റെ  വിത്തുകളുമാവാം 

വിപത്തുകള്‍
വിലയ്ക്ക്  വാങ്ങിയ 
കാലത്തിന്‍   കാലൊച്ചകളായും കേള്‍ക്കാം 

അതിലെന്‍റെ  ചിറകുണ്ട്  ;
ചിത്തുമുണ്ട്  
ചില്ലിട്ടു  നേദിച്ച  ചിത്രമുണ്ട് .

മഷിത്തണ്ടുകള്‍


എല്ലാം പൊയ്പ്പോയിരിക്കുന്നു ..!!
സംശുദ്ധരാഷ്ട്രീയം,
ആനന്ദം നിറയുന്ന
അറിവാലയങ്ങള്‍ ,
സ്നേഹമാരാധിക്കപ്പെടുന്ന
ധ്യാനാലയങ്ങള്‍
ആരോഗ്യമേകുന്ന
കരുണാലയങ്ങള്‍
എങ്കിലും ,
ഇരട്ടക്കുഴല്‍ തോക്കിനപ്പുറം
വീര്യം തുപ്പുന്ന
ഹൃദയമിടിപ്പുകള്‍
ചേരുന്ന നാട്ടുവഴികളുടെ
വേരുകള്‍ നാരായി പിരിഞ്ഞു
ഭൂഗോളം ചുറ്റുമ്പോള്‍
ഞാനൊരു കാഴ്ച കാണുന്നു .
ഭൂമിയിലെ പച്ചയെല്ലാം
മഷിത്തണ്ടുകളായത്രേ ..!!
അവ
ഉപ്പു കുടഞ്ഞു കടല്‍ നിറച്ചത്രേ..!

തീവ്രവാദിയുടെ സ്വര്‍ഗ്ഗം


തീവ്രവാദിയും തോക്കും
മരിച്ചു സ്വര്‍ഗ്ഗത്തിലെത്തി
വിചാരണാവേദിയിലേക്ക്
ചിറകുള്ളോരു സ്ത്രീ
വഴി കാണിച്ചു .
ഭൂമിയിലെ
എല്ലാ വിത്തുകളും
നീലിച്ചു കിടന്ന
ഗര്‍ഭപാത്രമവളുടെ
കൈയിലുണ്ടായിരുന്നു
മതനിന്ദയ്ക്ക്
തൂക്കിലേറ്റിയ
കവി ഹൃദയങ്ങള്‍
അറിവിന്‍റെ വൃക്ഷത്തില്‍
പഴുത്തു ചുവന്നു കിടന്നു
ക്രുദ്ധനായി അയാള്‍
ദൈവത്തിനു നേര്‍ക്ക്‌ നിറയൊഴിച്ചു
പ്രകാശം കണ്ട തോക്കു തലകുനിച്ചു
വെടിയുണ്ട  ദിശ  മറന്നു
ആത്മഹത്യചെയ്തതിനാല്‍
സ്വര്‍ഗം അയാള്‍ക്ക് നരകം വിധിച്ചു

ഉലകസഞ്ചാരം


മഴ പെയ്തു വെള്ളം നിറഞ്ഞ
ചെടിച്ചട്ടിയില്‍
കവിത കൊണ്ടു ഞാനൊരു 
വഴിയിടും ,

വേനല്‍ കനക്കുമ്പോള്‍
തൊടിയില്‍
കവിത കൊണ്ടു
തടമെടുത്തു വെള്ളം തേവും.
ഇരുട്ട് മൂടുമ്പോള്‍
കവിത കൊണ്ടൊരു
തിരി തെളിക്കും
ഒരു നുള്ളുപ്പില്‍,
തീയില്‍
തിളപ്പില്‍
കവിതയിട്ടു വറ്റിക്കും ,
അങ്ങനെ വരികളില്‍
നിന്നു വേര്‍പെടുത്തി
കവിതയില്‍ ഞാനൊരു
ഉലകസഞ്ചാരം നടത്തും

2015 മാർച്ച് 4, ബുധനാഴ്‌ച

നക്ഷത്രങ്ങളില്ലാത്ത രാത്രി


ഈ തെരുവുകളില്‍
ജീവിതമടയാളപ്പെടുകയും
കാല്‍ പാടുകള്‍ 
പാടേ മാഞ്ഞുപോവുകയും
ചെയ്യുമ്പോഴവള്‍
പാടുകയാണ് .

നക്ഷത്രവിളക്കുകളിലെ
കടലാസു ദ്വാരങ്ങളുടെ
വെളിപ്പെടല്‍ പോലെ
മുറിഞ്ഞു മുറിഞ്ഞു
കേള്‍ക്കുന്നൊരു ഗാനം ..!!
വിണ്ടുപോയൊരാകാശവും
വിരല്‍തുമ്പകന്നുപോയ ഭൂമിയും
എന്‍റെ ഹൃദയവേരുകളും
നക്ഷത്രങ്ങളില്ലാത്ത രാത്രിയിലും
ചിരിക്കുന്ന ഈ കണ്ണുകളും
നിങ്ങള്‍ക്ക് കൂട്ടായിരിക്കട്ടെ ...!!

2015 മാർച്ച് 2, തിങ്കളാഴ്‌ച

രംഗപ്രവേശം


ഒടുവിലെത്തിപ്പെടേണ്ട
വരികളുടെ  
ആദ്യരംഗ പ്രവേശം ..!!

പറഞ്ഞു 
പഴക്കമേറുന്ന   
വാക്കുകളിലെ  വിറയലായ്

പിഞ്ചിപ്പോകുന്ന
നിശ്വാസങ്ങളുടെ
ആവര്‍ത്തനങ്ങളായ്


ആഴത്തില്‍
പതിയുന്ന 
നൈരന്തര്യഭാഷാപ്രയോഗത്തിലെ
മൗനമായ് 

അവസാനമെഴുതിയ 
രംഗങ്ങള്‍  
പ്രഭാതശാഖയില്‍ 
നോട്ടങ്ങളുടെ 
വ്യക്തമല്ലാത്തയിഴകളായ്  
ചേക്കേറി 

ജയില്‍ പക്ഷി


ഞാന്‍ 
 എന്‍റെ  കഥകളുടെ  
പടം പൊഴിക്കുന്ന 
കാവല്‍നാഗം 

കാല്പനികതയുടെ
സ്വൈര്യവിഹാരത്തിലെ 
ജയില്‍ പക്ഷി 

കാലഹരണപ്പെട്ട
വെളിച്ചത്തുള്ളികളുടെ
അമ്മത്തണുപ്പ്  

നേര്‍ത്തു പോകുന്ന 
നേര്‍രേഖ 

2015 ഫെബ്രുവരി 24, ചൊവ്വാഴ്ച

എന്ന് മാത്രം


അത്മഗതങ്ങളുടെ ഗതികിട്ടാത്ത
ഉരുവമാണെന്റെ  കവിതകള്‍ .

എരിഞ്ഞുതീര്‍ന്ന 
നാളത്തിനുള്ളിലെയാളലുകള്‍ 

കണ്ണീരുപ്പുചേര്‍ത്ത് 
ഞാനെഴുതിയ  മഷിപ്പാടുകള്‍ 
ഹൃദയങ്ങളില്‍ ഉണങ്ങിപ്പിടിക്കട്ടെ .!!

 പൊക്കിള്‍ക്കൊടിയടയാളം  
അവശേഷിപ്പിച്ചു പിന്‍വാങ്ങട്ടെയവ 

സന്ധ്യക്ക്‌  പെയ്തൊഴിയുന്ന 
മഴത്തുള്ളിയുടെ മുഖം പോല്‍
 ഓര്‍മകളുടെ  വൃത്തത്തിനുള്ളില്‍  
കുടിയിരുത്തുകയെന്നെ  എന്ന്  മാത്രം !!