2015 ജൂൺ 23, ചൊവ്വാഴ്ച

ഡെല്ലോറയുടെ പൂക്കള്‍


മുത്തശ്ശന്‍റെ മരണശേഷമാണ് 
മുത്തശ്ശിയവളോട് 
പ്രണയത്തെക്കുറിച്ചു
പറയുന്നത്


അതുവരെ അവര്‍
കഥകളില്ലാത്ത രാജ്യമായിരുന്നു
അഥവാ കടം വാങ്ങിയ
അച്ചടക്കത്തിന്റെ
യുദ്ധാനന്തര കഥകള്‍ മാത്രം  

ഇപ്പോള്‍  ഓരോ  പൂവിന്റെയും 
ഇതളുകളില്‍ ആയിരം 
കഥകള്‍  വിരിയുന്നു 
അവ  ഇലകളുടെ  
പച്ചയിലേക്ക് കുതിക്കുമ്പോള്‍ തന്നെ 
മറവിയുടെ രാജ്യത്തിലേക്ക് 
നാടുകടത്തപ്പെടുന്നു .

കഥകള്‍ മുഴുമിപ്പിക്കാന്‍ 
ഓരോ  തവണയും 
ഡെല്ലോറയ്ക്ക്  കടം  വാങ്ങേണ്ടി വരുന്നു 

ഗതിവേഗമുള്ള 
വെള്ളക്കുതിരകളെ ,
ഉയര്‍ത്തിക്കെട്ടിയ 
കപ്പല്‍പ്പായയെ,
വെള്ള നിറമുള്ള 
മുയല്‍ക്കുഞ്ഞിനെ.....

കഥകള്‍  ചേര്‍ത്തുവയ്ക്കുമ്പോള്‍ 
മുത്തശ്ശന്‍റെ കല്ലറയുടെ  
ഓരത്തു കൂടി 
മുത്തശ്ശി മടങ്ങിയെത്തുന്നു 
അവരുടെ  കണ്ണുനീര്‍  
നക്ഷത്രങ്ങളായും
പുഞ്ചിരി  പൂക്കളായും  കാണപ്പെടുന്നു ,

നക്ഷത്രങ്ങളെ  ആകാശത്തിനു  വിറ്റ്‌ 
ഡെല്ലോറ  ഭൂമി  വാങ്ങുന്നു .
പൂക്കളെ  നിരത്തിയിടുമ്പോള്‍ 
ഭൂമി  ശ്മശാനമെന്നു  തോന്നിക്കുന്നു .
മരണം നിറങ്ങളെ  കൊണ്ടുവരുമെന്ന് 
മുത്തശ്ശി വീണ്ടുമൊരു  കഥ തുടങ്ങുന്നു ...!!

2015 ജൂൺ 21, ഞായറാഴ്‌ച

ഒഴുക്ക്


നിന്‍റെ പ്രണയം 
അക്ഷരങ്ങളുടെയാകാശവും 
സ്വപ്നങ്ങളുടെ ഭൂമിയുമളന്നു
എന്‍റെയേകാന്തതയെ
മൂന്നാം ചുവടായെണ്ണുന്നു

നീ ചോദിച്ച 
യാത്രാമൊഴിയ്ക്കൊപ്പം 
ഇരുട്ടിന്‍റെയാത്മാവും 
ഇടനാഴികളുടെ നിശബ്ദതയും 
എന്നിലേക്കിഴയുന്നു .

നനഞ്ഞ കാല്പാടുകള്‍ പതിച്ച്
ഉറക്കത്തിലുമതെന്നില്‍   
മരണത്തിന്‍റെ ഭീമാകാരം 
കൈവരിച്ചു നില്‍ക്കുന്നു 

അടഞ്ഞ ജാലകങ്ങള്‍ 
വെളിച്ചക്കീറുകളെ
സ്വപ്നം കണ്ടുണരുന്ന
ഓരോ പുലരിയിലും
എനിക്കൊപ്പം  
ഇരുള്‍  മുറിഞ്ഞു മരിക്കുന്നു
ഞാന്‍ ആഴമറിയാതെ 
നിന്നിലേക്കൊഴുകുന്നു 

2015 ജൂൺ 17, ബുധനാഴ്‌ച

നിനക്കു മുൻപും പിൻപും


നിനക്കു മുൻപ്‌
ശൂന്യതയുടെ കൂടാരമായിരുന്നിവിടം

നിനക്കു  ശേഷംഎന്നൊന്നില്ല.

ജനാലച്ചില്ലിലലയ്ക്കുന്ന 
നീ  നനഞ്ഞു വന്ന  മഴ 
കനത്തു നില്‍ക്കുന്ന 
ഉള്ളില്‍ വഹിക്കുന്ന  കാട് 


അവയില്‍ നിന്നു തല നീട്ടുന്ന 
നീല ശംഖ്പുഷ്പങ്ങള്‍ ,
വെളുത്ത കോളാമ്പിപ്പൂവുകള്‍ ,

വിള്ളലുകള്‍  നിറഞ്ഞ 
ഭിത്തിയിലെ പേരറിയാ 
പൂവുകളുടെ 
തേന്‍ കുടിക്കാനെത്തുന്ന 
ചിത്ര ശലഭങ്ങള്‍

നീ  പറയുന്ന  കഥകള്‍ കേട്ട്
മേശമേല്‍ രാത്രി തോറും 
ഞാന്‍ പകര്‍ന്നു വയ്ക്കുന്ന 
വിഷക്കുപ്പി  മറിച്ചിടുന്ന 
ചെറുകുരുവികള്‍ 

 നാം  തെളിച്ച 
ചില്ലുവിളക്കില്‍
ചിറകുതല്ലുന്ന  പ്രാണികള്‍ ,

ഇനിയിവിടെ  ശൂന്യതയ്ക്കിടം നല്‍കുന്നേയില്ല 

2015 ജൂൺ 16, ചൊവ്വാഴ്ച

ഇരുവരുടെയുമമ്മ


നീയിലപൊഴിച്ച കാടാവുമ്പോള്‍
ഓര്‍മ്മയിലെഴുതുക 
ഈറന്‍ കാറ്റായല്ല ;
കാട്ടുതീയായി
നിന്നില്‍ പിറന്നു നിന്നിലൊടുങ്ങുമീയെന്നെ 

പ്രാണന്റെ പ്രണയക്ഷേത്ര 
പ്രതിഷ്ഠാവിഗ്രഹം 
ഇളക്കിയോഴുക്കി നിന്നെയും  

മണ്ണിനടിയിലൂടോഴുകി 
മാഞ്ഞയെന്നെയും
പിന്നെയും  പെറ്റിട്ട 

മഹാകാല പ്രളയപ്രവാഹമാണി-
രുവരുടെയുമമ്മ 

2015 ജൂൺ 4, വ്യാഴാഴ്‌ച

ഇരന്നു വാങ്ങുന്നു ഞാന്‍


പ്രണയപര്‍വ്വതഹൃദയഗഹ്വരങ്ങളില്‍
വേരുപടലങ്ങളുടല്‍
പിണഞ്ഞീറന്‍ ഇരുള്‍
പൂത്തു  നില്പൂ 

ഇരു കര്‍മ്മകാണ്ഡങ്ങളിണ 
തിരഞ്ഞീ ഹിമയമല ശാഖികള്‍
ചുമലില്‍ ചുമപ്പൂ ..!!

ലവണജലകണികയില്‍ 
ജീവന്‍ തിരയുന്ന 
നാഗരയാത്രയില്‍ 
മമ ജീവനതിജീവനം നേടുവാന്‍ 
ഈ പ്രണയമിരുകാലങ്ങളോടിരന്നു 
വാങ്ങുന്നു  ഞാന്‍ ..!!

2015 മേയ് 13, ബുധനാഴ്‌ച

അടയാളം


ആദ്യയാത്ര എന്റേതെങ്കില്‍
ഹൃദയം പാതി മുറിച്ച്
സ്വര്‍ഗ്ഗത്തിലേക്കുള്ള
വഴിയോരത്തടയാളമായി നടും
ഒരു നിമിഷം കൊണ്ടതു
മുളച്ച് പടര്‍ന്നു നില്‍ക്കും
രക്തവര്‍ണ്ണഹൃദയാകാരയിലകളില്‍
സ്നേഹത്തിന്റെ നനവുണ്ടാകും
മറുപാതി ഹൃദയം
എത്രാം ലോകത്തിന്‍റെ
ഏതു കാലത്തിലാകിലും
യാമവിനാഴികാഭേദമില്ലാതെ
നിന്‍റെ സ്വരശ്രവണ മാത്രയില്‍
വീണ്ടും തുടിക്കും

2015 മേയ് 11, തിങ്കളാഴ്‌ച

അത്താഴമേശ


ദൈവമേ !
നിന്‍റെയത്താഴമേശയില്‍
ഒരു പാത്രം
സ്നേഹത്തിന്‍റെ ഭ്രാന്തും
വിളമ്പിവച്ച്
നീയെന്തിനെന്നെ കാത്തിരിക്കുന്നു .!!
ഭൂമിയിലെങ്ങും മഴയാണ്
ആവി പറക്കുന്ന
ഒരത്താഴത്തിന്‍റെ സ്വപ്നത്തിലാണ്
കണ്ണുകള്‍ ...!!


ഞാനോ 
നിന്‍റെയവസാനയത്താഴത്തിലെ
അപ്പത്തരികള്‍ ശേഖരിച്ച
കുട്ടിയോടൊപ്പം
ഒരു നുള്ളുപ്പാവാന്‍
 വേഷം മാറുകയാണ് .!!

2015 മേയ് 9, ശനിയാഴ്‌ച

ഒരേ ചില്ലയിലെ പൂക്കള്‍


അനാഥമായൊരു 
മഴയേറ്റു 
വാങ്ങിയ  വൃക്ഷഹൃദയം  തുറന്ന്
മഴുവേല്‍ക്കാതെ കാടുണരുന്നു .

മണമുള്ളയിലകള്‍ 
കൂട്ടിത്തുന്നി 
ഏതോ പക്ഷിയൊരു 
കൂടു നെയ്യുന്നു .

വൃക്ഷായുസ്സിന്റെ 
വക്ഷസ്സില്‍ ചാരി 
കിളിക്കുഞ്ഞിന്റെ
കാടുണര്‍ന്നു ചിലയ്ക്കുന്നു 

മഴമണം  നിറഞ്ഞ 
വേരുകളിലൂടെ അരിച്ചിറങ്ങി
ഭൂതകാലത്തിന്‍റെയകത്തെക്കു 
മരുഭൂമി  പിന്‍വാങ്ങുന്നു .

കാട്ടുമഴയെ ഞാനെന്നും 
വൃക്ഷഹൃദയത്തെ നീയെന്നും 
പേരിട്ടു  വിളിച്ച്
നാം പ്രണയമെന്ന  കാടാകുന്നു .
ഒരേ  ചില്ലയില്‍   പൂക്കുന്നു .

2015 ഏപ്രിൽ 19, ഞായറാഴ്‌ച

ശൂന്യത


ശൂന്യതയൊരളവാണ്,
ഒന്നുമില്ലാത്തതിന്റെ 
ആര്‍ഭാടത്തെയളക്കുന്ന
വളഞ്ഞു പോയോരളവ്

ശൂന്യതയൊരടയാളമാണ്
അകത്തുനിന്നും 
പുറത്തു നിന്നും
കൈമാറ്റങ്ങളില്ലെന്നു
 ഓര്‍മിപ്പിക്കുന്ന 
ചുറ്റടയാളം 

ശൂന്യതയൊരക്കമാണ് 
കൂട്ടിയാലും  കുറച്ചാലും 
കൂടെ നില്‍ക്കുന്നതിനു 
സ്ഥിരത നല്‍കുന്ന 
എണ്ണത്തില്‍ പെടാത്തയക്കം

ശൂന്യതയൊരു  വാക്കാണ് 
പറഞ്ഞതിനും 
പറയാത്തതിനുമപ്പുറം
''പൂജ്യ'' മായിപ്പോയ 
വികാരങ്ങളുടെ 
മാപ്പെഴുതിയ വാക്ക് 

2015 ഏപ്രിൽ 18, ശനിയാഴ്‌ച

അഞ്ജലി .


കാവ്യകവചങ്ങളില്‍
കനല്‍ക്കയര്‍
ചുട്ടെടുത്തുത്തരീയം ചുറ്റി
ചിതല്‍പ്പുറ്റുകുത്തി
വാക്കുലഞ്ഞെത്തി
ബാഷ്പ ബിന്ദുക്കളില്‍
ചകിതരേണുക്കളായ്
ചിരമാല്യമണിയുന്ന കവിതേ,
അഞ്ജലി ,കാവ്യാഞ്ജലി ...!!

സുതാര്യവൃക്ഷം


എന്‍റെ വാക്കുകളിലൂടെ സുതാര്യമായൊരു  
വൃക്ഷത്തെ നിങ്ങള്‍ക്ക് 
സങ്കല്പിക്കാമെങ്കില്‍,

ഞരമ്പുരേഖകള്‍ പോലെയുള്ള 
ഇലകള്‍ക്കിടയില്‍ നിന്നും 
അനാഥമായൊരു
കിളിപ്പാട്ടും കേള്‍ക്കേണ്ടി വരും .

ഉറുമ്പുകള്‍ പ്രതിച്ഛായ കണ്ടു  പതറും 
ചിതലുകള്‍ ചിതറിയോടും 
അസ്ഥിപോലെ നേര്‍ത്തുപോകുന്ന 
ചില്ലകളില്‍ കടന്നല്‍ക്കൂട് കൂട്ടം വിട്ടു  നില്‍ക്കും 

അറിവുകൊണ്ട്‌ കനപ്പെട്ടുപോയവര്‍ക്കും  
അലോസരങ്ങളാല്‍  കറുത്തു പോയവര്‍ക്കും വ്യഗ്രതയുടെ  വ്യാപാരങ്ങളില്‍
 വീണു പോയവര്‍ക്കുമിടയില്‍ 

തായ്ത്തടിയിലേക്ക്
ചേര്‍ന്നു നില്ക്കാന്‍  കൊതിക്കുന്നയെനിക്ക് 
ഈ  വൃക്ഷസുതാര്യതയുടെ 
ഇലച്ചിലുകള്‍ക്കിടയില്‍ 
അദൃശ്യമായൊരു കൂടു കണ്ടെത്തും  വരെ 
അനാഥമായ പാട്ടായി  ജീവിക്കേണ്ടി വരും 

2015 ഏപ്രിൽ 15, ബുധനാഴ്‌ച

ഒരേ ഭാഷയുടെ ദീര്‍ഘദൂരയാത്രകള്‍


നമുക്കിടയില്‍
മഞ്ഞിന്‍റെ നേര്‍ത്തപാളിയുരുകി
മൗനസാന്ത്വനമുണരുമ്പോള്‍
നിനക്കൊപ്പം നടക്കാന്‍
തണുത്ത കാറ്റത്ത്‌
ഞാന്‍ വരും .

വഴിപോക്കരുടെ
മുറിവായകള്‍
സ്വന്തം ഞരമ്പിട്ടു കൂട്ടിത്തുന്നി
വലിയൊരു മുറിവായ നിന്നില്‍
ഞാനൊരിലമുളച്ചിയായ്,
മുറിവുണക്കിയായ് തളിര്‍ക്കും
നീയിടം കണ്ടെത്തുന്ന
കാടിന്‍റെ മാറിടങ്ങളില്‍
കാട്ടുപൂക്കളായ് ഞാന്‍ തേന്‍ ചുരത്തും
നീ കേട്ടിരിക്കുന്ന
പ്രണയഗാനങ്ങളില്‍
പ്രാണരാഗമായിരിക്കും ഞാന്‍
തീ തുപ്പുന്ന വാക്കുകളെ
മാറ്റി നിര്‍ത്തി
നാം ഒരേ മഴയുടെ
ഇരുകൈകളില്‍ കുട്ടികളായി
തൂങ്ങി നടക്കും
എനിക്കു മാത്രമറിയാവുന്ന
നിന്‍റെ ഭാഷയെ
ഞാനുള്ളില്‍ കൊത്തിവയ്ക്കും ..
അതിന്റെ പുത്തന്‍ ലിപികളാല്‍
കാടിനും കടലിനുമിടയില്‍
നാം ദീര്‍ഘദൂരയാത്രകളെ അടയാളപ്പെടുത്തും

സ്വപ്നത്തെയുണര്‍ത്താതെ


മഴയത്തിറങ്ങി നടക്കുന്നോരാളെ
സ്വപ്നം കാണുമ്പോള്‍ 
ഞാനേതോ  ഉറക്കത്തിലായിരുന്നു ,

ഓരോ  ചോദ്യങ്ങള്‍ക്കുമൊടുവില്‍
അയാള്‍  വീണ്ടുമോരോ  മഴ  നനഞ്ഞു ,


പിഞ്ഞിയ നിറങ്ങളില്‍ 
പകലുരുളുമ്പോള്‍ 
ഉത്തരങ്ങളില്ലാതെ 
വേനലും  ഞാനും 
പകച്ചുറങ്ങുന്നു ..!!


വര്‍ണശബളമായൊരു  
വര്‍ഷകാലത്തിന്‍റെ മടിയില്‍ 
 ഒരു  പൂമ്പാറ്റയായി  
ഞാനുണരും,

മഴനനയുന്ന  എന്‍റെ  സ്വപ്നത്തെയുണര്‍ത്താതെ....!!

2015 ഏപ്രിൽ 12, ഞായറാഴ്‌ച

നിറമില്ലാത്ത മഴവില്ലുകള്‍


ശബ്ദകോശങ്ങള്‍  പെരുകി 
ജീവന്റെ മര്‍മ്മസ്തരം ഭേദിച്ചു
എന്നെ  വിഭജിച്ചുകൊണ്ടിരിക്കുന്നു 

ഓരോ  കാല്‍വയ്പിലും 
മണ്‍തരികളുടെ  ഹൃദയമിടിപ്പുകള്‍
തുടിക്കുന്നതറിഞ്ഞു 
കൈരേഖയുടെ  നേര്‍ത്ത പാടുകളില്‍  
ജീവിതത്തിന്റെ  തിരിവുകള്‍ 
നിശ്ചലമാകുമ്പോള്‍ 

ഒരു  നിമിഷനേരത്തിന്റെ  
നിശബ്ദതയില്‍ നിന്നു കേള്‍ക്കുന്ന 
ആയിരത്തൊന്നു  രാവുകളില്‍ നിന്നു 

നിറങ്ങളില്ലാത്ത മഴവില്ലുകള്‍ 
നിശ്ചയിക്കപ്പെട്ടയാവൃതികളുടെ 
ആകാരങ്ങളില്‍  നിന്നു 
അനന്തതഭംഗിയിലേക്കു വളയുന്നു  

കണ്ണിന്റെ  കറുപ്പില്‍  
കലരുന്ന  നിറങ്ങളുരുകി 
കണ്ണിന്റെ  വെളുപ്പിനെ 
കഴുകുന്നു 
.എന്‍റെ  കാഴ്ചകള്‍  തെളിയുന്നു 

2015 ഏപ്രിൽ 11, ശനിയാഴ്‌ച

ചുവന്ന നഗരം


പൊട്ടു തൊട്ടു 
പട്ടു  ചുറ്റിയ
അമ്മന്‍ കല്ലുകള്‍  
ചുവന്ന  പൊട്ടും  
ചുവന്ന പട്ടുമുള്ള
അമ്മ നഗരം 

നീയൊരു  ഗ്രാമത്തിന്റെ 
ഹൃദയച്ചുവപ്പാകുമ്പോള്‍  
ആലുകള്‍ ആടയണിഞ്ഞു തുള്ളുന്നു  
ആഗ്നേയാക്ഷികളില്‍ 
അമ്മയുലകം  നിറയുന്നു 

2015 ഏപ്രിൽ 10, വെള്ളിയാഴ്‌ച

മരണലേഖനങ്ങള്‍


മരണമൊഴി മുറിഞ്ഞൊഴുകുന്ന
പുഴകളില്‍
മിഴികള്‍ വായുവിലെഴുതിയ 
അദൃശ്യവിസ്മയപ്രവാഹങ്ങളുണ്ട്
നിറഞ്ഞ കണ്ണുനീര്‍ത്തുള്ളികളില്‍
വിശ്വാസവൃക്ഷങ്ങള്‍
തളിരില നീട്ടിയെത്തുന്നുമുണ്ട്
സ്ഥലകാലദേശത്തിന്‍റെയതിരുകള്‍ക്കപ്പുറം
മരണത്തിന്‍റെ മൗനലേഖനങ്ങളില്‍
എല്ലാ മുഖങ്ങള്‍ക്കുമൊരേച്ഛായ തന്നെ
സ്നേഹത്തിന്‍റെയവസാന പത്രികയിലെ
ചില്ലക്ഷരങ്ങളുടെ ചിലമ്പലുകള്‍ക്കൊരേ താളവും ...!!!

2015 മാർച്ച് 17, ചൊവ്വാഴ്ച

നിധി വയല്‍


ആ വൃദ്ധനൊരു വയലായിരുന്നു
നിധിയൊളിച്ചിരുന്ന വയല്‍ ,
വെടിയുണ്ടകൊണ്ടാഴത്തില്‍
കുഴിച്ചു നോക്കിയവനു
ത്രേതായുഗത്തിന്റെ
ഒറ്റപ്പേരു മാത്രമേ
തെളിവായി ലഭിച്ചുള്ളൂ .

കടല്‍ വറ്റിച്ചുപ്പുപരലുകളില്‍
ദേശസ്നേഹത്തിന്‍റെ കണികകള്‍
കണ്ടെത്തിയ ശാസ്ത്രത്തിന്‍റെ
പഴയ മുഖമായിരുന്നയാള്‍ക്ക്

കലിയുഗത്തിലെ
കലിയടങ്ങാത്തവര്‍
നെടുകെയും കുറുകെയും
കുഴിച്ചു നോക്കുമ്പോള്‍
രക്തം വറ്റിച്ചുപ്പു
നോക്കുന്നുണ്ട്
പുതിയ ചര്‍ക്കനൂലുകള്‍
ഓം ശാന്തി എന്നയൊറ്റ
മന്ത്രത്തെ
അയാള്‍ക്കൊപ്പം കുഴിച്ചു മൂടി
അതു മുളയ്ക്കുന്നതും
കാത്തിരിക്കുന്ന നമ്മെ
ഈ മണ്ണ് തിന്നാലും തികട്ടി വരും ...!!!

2015 മാർച്ച് 6, വെള്ളിയാഴ്‌ച

കാലത്തിന്‍ കാലൊച്ചകള്‍


വാക്കുകള്‍ തന്‍ 
കുഴിമാടത്തില്‍
കാലം 
കത്തിച്ച  വിളക്കുകളല്ലേ
കവിതകള്‍

വിലക്കില്ലാതെ  വിളി 
കേട്ട  
വിലങ്ങു  പൊട്ടിച്ച 
വിചിത്രവിരൂപികളല്ലേയവ  

കവിക്കണ്ണില്‍ നിന്നു
 മണ്ണില്‍  വീണ 
വിണ്ണിന്റെ  വിത്തുകളുമാവാം 

വിപത്തുകള്‍
വിലയ്ക്ക്  വാങ്ങിയ 
കാലത്തിന്‍   കാലൊച്ചകളായും കേള്‍ക്കാം 

അതിലെന്‍റെ  ചിറകുണ്ട്  ;
ചിത്തുമുണ്ട്  
ചില്ലിട്ടു  നേദിച്ച  ചിത്രമുണ്ട് .

മഷിത്തണ്ടുകള്‍


എല്ലാം പൊയ്പ്പോയിരിക്കുന്നു ..!!
സംശുദ്ധരാഷ്ട്രീയം,
ആനന്ദം നിറയുന്ന
അറിവാലയങ്ങള്‍ ,
സ്നേഹമാരാധിക്കപ്പെടുന്ന
ധ്യാനാലയങ്ങള്‍
ആരോഗ്യമേകുന്ന
കരുണാലയങ്ങള്‍
എങ്കിലും ,
ഇരട്ടക്കുഴല്‍ തോക്കിനപ്പുറം
വീര്യം തുപ്പുന്ന
ഹൃദയമിടിപ്പുകള്‍
ചേരുന്ന നാട്ടുവഴികളുടെ
വേരുകള്‍ നാരായി പിരിഞ്ഞു
ഭൂഗോളം ചുറ്റുമ്പോള്‍
ഞാനൊരു കാഴ്ച കാണുന്നു .
ഭൂമിയിലെ പച്ചയെല്ലാം
മഷിത്തണ്ടുകളായത്രേ ..!!
അവ
ഉപ്പു കുടഞ്ഞു കടല്‍ നിറച്ചത്രേ..!

തീവ്രവാദിയുടെ സ്വര്‍ഗ്ഗം


തീവ്രവാദിയും തോക്കും
മരിച്ചു സ്വര്‍ഗ്ഗത്തിലെത്തി
വിചാരണാവേദിയിലേക്ക്
ചിറകുള്ളോരു സ്ത്രീ
വഴി കാണിച്ചു .
ഭൂമിയിലെ
എല്ലാ വിത്തുകളും
നീലിച്ചു കിടന്ന
ഗര്‍ഭപാത്രമവളുടെ
കൈയിലുണ്ടായിരുന്നു
മതനിന്ദയ്ക്ക്
തൂക്കിലേറ്റിയ
കവി ഹൃദയങ്ങള്‍
അറിവിന്‍റെ വൃക്ഷത്തില്‍
പഴുത്തു ചുവന്നു കിടന്നു
ക്രുദ്ധനായി അയാള്‍
ദൈവത്തിനു നേര്‍ക്ക്‌ നിറയൊഴിച്ചു
പ്രകാശം കണ്ട തോക്കു തലകുനിച്ചു
വെടിയുണ്ട  ദിശ  മറന്നു
ആത്മഹത്യചെയ്തതിനാല്‍
സ്വര്‍ഗം അയാള്‍ക്ക് നരകം വിധിച്ചു

ഉലകസഞ്ചാരം


മഴ പെയ്തു വെള്ളം നിറഞ്ഞ
ചെടിച്ചട്ടിയില്‍
കവിത കൊണ്ടു ഞാനൊരു 
വഴിയിടും ,

വേനല്‍ കനക്കുമ്പോള്‍
തൊടിയില്‍
കവിത കൊണ്ടു
തടമെടുത്തു വെള്ളം തേവും.
ഇരുട്ട് മൂടുമ്പോള്‍
കവിത കൊണ്ടൊരു
തിരി തെളിക്കും
ഒരു നുള്ളുപ്പില്‍,
തീയില്‍
തിളപ്പില്‍
കവിതയിട്ടു വറ്റിക്കും ,
അങ്ങനെ വരികളില്‍
നിന്നു വേര്‍പെടുത്തി
കവിതയില്‍ ഞാനൊരു
ഉലകസഞ്ചാരം നടത്തും

2015 മാർച്ച് 4, ബുധനാഴ്‌ച

നക്ഷത്രങ്ങളില്ലാത്ത രാത്രി


ഈ തെരുവുകളില്‍
ജീവിതമടയാളപ്പെടുകയും
കാല്‍ പാടുകള്‍ 
പാടേ മാഞ്ഞുപോവുകയും
ചെയ്യുമ്പോഴവള്‍
പാടുകയാണ് .

നക്ഷത്രവിളക്കുകളിലെ
കടലാസു ദ്വാരങ്ങളുടെ
വെളിപ്പെടല്‍ പോലെ
മുറിഞ്ഞു മുറിഞ്ഞു
കേള്‍ക്കുന്നൊരു ഗാനം ..!!
വിണ്ടുപോയൊരാകാശവും
വിരല്‍തുമ്പകന്നുപോയ ഭൂമിയും
എന്‍റെ ഹൃദയവേരുകളും
നക്ഷത്രങ്ങളില്ലാത്ത രാത്രിയിലും
ചിരിക്കുന്ന ഈ കണ്ണുകളും
നിങ്ങള്‍ക്ക് കൂട്ടായിരിക്കട്ടെ ...!!

2015 മാർച്ച് 2, തിങ്കളാഴ്‌ച

രംഗപ്രവേശം


ഒടുവിലെത്തിപ്പെടേണ്ട
വരികളുടെ  
ആദ്യരംഗ പ്രവേശം ..!!

പറഞ്ഞു 
പഴക്കമേറുന്ന   
വാക്കുകളിലെ  വിറയലായ്

പിഞ്ചിപ്പോകുന്ന
നിശ്വാസങ്ങളുടെ
ആവര്‍ത്തനങ്ങളായ്


ആഴത്തില്‍
പതിയുന്ന 
നൈരന്തര്യഭാഷാപ്രയോഗത്തിലെ
മൗനമായ് 

അവസാനമെഴുതിയ 
രംഗങ്ങള്‍  
പ്രഭാതശാഖയില്‍ 
നോട്ടങ്ങളുടെ 
വ്യക്തമല്ലാത്തയിഴകളായ്  
ചേക്കേറി 

ജയില്‍ പക്ഷി


ഞാന്‍ 
 എന്‍റെ  കഥകളുടെ  
പടം പൊഴിക്കുന്ന 
കാവല്‍നാഗം 

കാല്പനികതയുടെ
സ്വൈര്യവിഹാരത്തിലെ 
ജയില്‍ പക്ഷി 

കാലഹരണപ്പെട്ട
വെളിച്ചത്തുള്ളികളുടെ
അമ്മത്തണുപ്പ്  

നേര്‍ത്തു പോകുന്ന 
നേര്‍രേഖ 

2015 ഫെബ്രുവരി 24, ചൊവ്വാഴ്ച

എന്ന് മാത്രം


അത്മഗതങ്ങളുടെ ഗതികിട്ടാത്ത
ഉരുവമാണെന്റെ  കവിതകള്‍ .

എരിഞ്ഞുതീര്‍ന്ന 
നാളത്തിനുള്ളിലെയാളലുകള്‍ 

കണ്ണീരുപ്പുചേര്‍ത്ത് 
ഞാനെഴുതിയ  മഷിപ്പാടുകള്‍ 
ഹൃദയങ്ങളില്‍ ഉണങ്ങിപ്പിടിക്കട്ടെ .!!

 പൊക്കിള്‍ക്കൊടിയടയാളം  
അവശേഷിപ്പിച്ചു പിന്‍വാങ്ങട്ടെയവ 

സന്ധ്യക്ക്‌  പെയ്തൊഴിയുന്ന 
മഴത്തുള്ളിയുടെ മുഖം പോല്‍
 ഓര്‍മകളുടെ  വൃത്തത്തിനുള്ളില്‍  
കുടിയിരുത്തുകയെന്നെ  എന്ന്  മാത്രം !!

സ്വേറ

പുറത്തു വീണ ചാട്ടയടികള്‍  എണ്ണാതെ  സ്വേറ കണ്ണുകള്‍  പൂട്ടി  നിന്നു , അവള്‍  കരഞ്ഞില്ല പകരം  മുഖം  ചുവന്നു  തുടുത്തിരുന്നു , ഒരു  ഭടന്‍  മുന്നോട്ടു  വന്നു  അവളെ  പിടിച്ചു  വലിച്ചു കൊണ്ടുപോയി  ഇരുമ്പഴികള്‍ വാതിലെന്നു തോന്നിച്ച  ഒരറയിലേക്ക്  തള്ളി. ആ  ഇരുട്ടറയുടെ  മൂലയില്‍  ഒരു  പഴന്തുണിക്കെട്ടുപോലെ  അവള്‍  കിടന്നു ,   ഏതൊക്കെയോ  നേരത്ത്   ആരൊക്കെയോ  വരും  ,  ആഹാരവസ്തുക്കള്‍  അവള്‍ക്കടുത്തു  വയ്ക്കും  ബോധത്തിന്റെയും  അബോധത്തിന്റെയും  ഇടവേളകളില്‍  അതെടുത്തു  കഴിച്ചു  വീണ്ടും  ഇരുട്ടിനോടും  ഭിത്തിയോടും  ചേര്‍ന്ന് അവളുറങ്ങും  .അഞ്ചു  ദിവസങ്ങള്‍  കഴിഞ്ഞിരിക്കുന്നു ,രാവിലെ ആരോ  വന്നു  ഇരുമ്പഴികളില്‍  തട്ടി  ശബ്ദമുണ്ടാക്കി ''കുമാരിയുടെ  മേലാകെ  തിണര്‍പ്പ്  പൊങ്ങിയിരിക്കുന്നു,നിന്നെ  ദ്വീപിലേക്ക്  നാടുകടത്താന്‍  ഉത്തരവായി '' . സ്വേറ ഞെട്ടിയതായി  തോന്നിയില്ല എപ്പോഴും  കാണുന്ന  നിസംഗത നിര്‍വികാരതയുടെ  അകമ്പടിയോടെ  മനുഷ്യരൂപം  പൂണ്ടു  നില്‍ക്കുന്നുവെന്നു  തോന്നിച്ചുവെന്നു മാത്രം .  

ആ  ഭടന്റെ  മുഖത്ത്  നിസഹായത  വ്യക്തമായിരുന്നു ,കല്പന നടപ്പിലാക്കിയില്ലെങ്കില്‍ അയാള്‍ക്കും  മരണമായിരിക്കും  വിധി ,   അസ്ഥികള്‍  കൂടിക്കിടക്കുന്ന  മരണത്തിന്റെ  മണമുള്ള ആ ദ്വീപിലേക്ക് ഈ  പെണ്കുട്ടിയെ  കൊണ്ടുവിടുന്ന കാര്യം  ഓര്‍ത്തിട്ടെന്ന പോലെ അയാളുടെ  മുഖം  വിളറിയിരുന്നു . അയാളും  മറ്റൊരു  ഭടനും അവളെ  ഒരു  തോണിയിലേക്ക്‌ നടത്തി  , അതില്‍  കയറ്റിയിരുത്തി  മരണത്തിന്റെ  ദ്വീപിലേക്ക്  തുഴഞ്ഞു ,  അര ദിവസത്തെ  യാത്രയുണ്ട്  കടലിലൂടെ ,
സ്വേറയുടെ  കണ്ണുകള്‍  തോണിയുടെ   അടിത്തട്ടില്‍  തറഞ്ഞു നിന്നു , ഭടന്മാര്‍  അല്‍പനേരം  അവളെ  ശ്രദ്ധിച്ചു  നോക്കിക്കൊണ്ട്‌  തോണി  തുഴഞ്ഞു , ശിലാവിഗ്രഹം  പോലെ  അനക്കമറ്റിരിക്കുന്ന അവളില്‍  നിന്നു  അവരുടെ  ശ്രദ്ധ മാറാന്‍  അധിക നേരം വേണ്ടി വന്നില്ല  ,അവര്‍  എന്തൊക്കെയോ  സംസാരിച്ചു  കൊണ്ടിരുന്നു , അവള്‍  എപ്പോഴോ  ഓര്‍മകളിലേക്ക്  തെന്നി വീഴുകയും ചെയ്തു  ,,!!

വളരെ  ശ്രദ്ധിച്ചു  തന്നെയാണ്  അവള്‍  അന്നും  കുമാരിയുടെ  സൌന്ദര്യക്കൂട്ടുകള്‍  അരച്ചെടുത്തത്,അത്  നന്നായി  ശരീരത്തില്‍  പുരട്ടിക്കൊടുക്കുകയും  ചെയ്തു ,  ഉച്ചയ്ക്ക് ശേഷം  കുമാരിക്ക്  പനി തുടങ്ങിയെന്നു  കണ്ടെത്തിയതോടെ  അവളെ  തുറുങ്കിലടയ്ക്കാന്‍  കുമാരി തന്നെ  ആജ്ഞാപിക്കുകയായിരുന്നു . എല്ലാവര്ക്കും  അറിയാവുന്ന  ഒരു  സത്യമായിരുന്നു  കുമാരിക്ക്  അവളോടുള്ള  വിദ്വേഷം , വിടര്‍ന്ന കണ്ണുകളും  നീണ്ട  മുടിയും  ആകാരഭംഗിയും  ഒത്തു ചേര്‍ന്ന  ആ  അനാഥബാലികയോട്  രാജകുമാരിക്കുണ്ടായ  അസൂയയാണ്  ഈ  യാത്രക്ക്  നിദാനം, 

അലസമായി  തോണി  തുഴഞ്ഞു  പോകുകയായിരുന്ന  ഭടന്മാരെ  ഞെട്ടിച്ചു  കൊണ്ട്  കടലിലെ  ഓളത്തിലേക്ക്  അവളൊന്നു  പുളഞ്ഞു , അപ്രതീക്ഷിതമായ  ആ  നീക്കത്തില്‍  അവര്‍  പകച്ചു  നിന്നു ,കുറുനരികള്‍  കൂട്ടമായെത്തുന്ന ആ  ദ്വീപില്‍  അസ്വാഭിവകമായി  സ്വീകരിക്കാനിരിക്കുന്ന മരണത്തെക്കാള്‍ ആത്മഹത്യ  ധീരത തന്നെയായിരുന്നു  ,കുറഞ്ഞ പക്ഷം  ആ  ശിക്ഷയിലേക്കുള്ള   എളുപ്പവഴി എന്ന  പേരിലെങ്കിലും  , 

കടലിലേക്ക്‌  ഊളിയിട്ടു പോകുമ്പോള്‍  അവളൊന്നും  ചിന്തിച്ചില്ല , മുന്നില്‍  പത്തിവിടര്‍ത്തി  നില്‍ക്കുന്ന  മരണത്തോട്  പോലും  ക്രിയാത്മകമായി  പ്രതികരിക്കാന്‍  കഴിഞ്ഞതോര്‍ത്തു   ഉള്ളില്‍  ചിരിച്ചു ,  ചാട്ടയടിയേറ്റു കീറിമുറിഞ്ഞിരുന്ന  പുറം  ഉപ്പുവെള്ളത്തില്‍  മുങ്ങിയപ്പോള്‍ നീറിത്തുടങ്ങി . സ്വാതന്ത്ര്യത്തിന്‍റെ  അവസാനവഴികളിലേക്ക്  സര്‍വ്വശക്തിയുമെടുത്തു  നീന്തി  ,അബോധാവസ്ഥയിലെത്തും വരെ 


കാലുകള്‍  മണലില്‍ പുതഞ്ഞു കിടന്നു  , വലതു കൈയിലെ മുറിവില്‍ നിന്നോഴുകിയ ചോര കട്ട പിടിച്ചു ,ഉപ്പുവെള്ളത്തില്‍ കുതിര്‍ന്ന മുടി  ചകിരിപോലെ  പിണഞ്ഞുകിടന്നു .രാത്രിയുടെ ഹൃദയത്തിലേക്ക്  സ്വേറ കണ്ണു  തുറന്നു ,കടലിന്റെ  സ്വരം  മാത്രം ഇടതടവില്ലാതെ  കേള്‍ക്കാം ,ഉണര്‍ന്നു  വന്ന ബോധം  ഭയത്തെ  വിളിച്ചു വരുത്തി .കടലില്‍ നിന്നോ  കരയില്‍ നിന്നോ  വന്നേക്കാവുന്ന ഏതൊരു  അപകടത്തെയും  അവള്‍  കാതോര്‍ത്തു കിടന്നു ,വിധിക്കപ്പെട്ട  ശിക്ഷ ഏതു  രൂപത്തില്‍  കടന്നു വരുമെന്നും  എപ്പോള്‍ നടപ്പിലാകുമെന്നും മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ ,അതിനെയാവട്ടെ ഒരു  നോട്ടം കൊണ്ട്പോലും എതിര്‍ക്കാനുള്ള കരുത്തു അവളില്‍ അവശേഷിച്ചിരുന്നുമില്ല , തെളിഞ്ഞ  ആകാശത്തു ചന്ദ്രിക  വിധിയുടെ കരാളഹസ്തങ്ങളില്‍ പെട്ട  ആ പെണ്‍കുട്ടിയെ  ഇമവെട്ടാതെ  നോക്കിയെന്ന വണ്ണം തെളിഞ്ഞു തന്നെ നിന്നു ,
വിശപ്പും ദാഹവും പകലിന്റെ  ചൂടും  ഒന്നുചേര്‍ന്ന്  നിന്നു  അവളെ കുലുക്കി വിളിച്ചു ,നീലക്കടലിന്റെയും  കടലിന്റെ  നടുവില്‍  പൊട്ടു പോലെ  കാണപ്പെടുന്ന  ദ്വീപിന്റെയുമിടയില്‍ ഭാവിയുടെ  കറുത്ത കണ്ണുകളിലേക്കു  ദയനീയതയോടെ നോക്കി  ആ  രൂപം  എണീറ്റ്‌ നിന്നു .പച്ച നിറഞ്ഞ ഒരു ചുറ്റുപാടിലേക്ക്  എന്തൊക്കെ  അപകടങ്ങള്‍ തന്നെ കാത്തിരിക്കുന്നുണ്ടാവുമെന്നു അവള്‍  ചുഴിഞ്ഞു നോക്കി ,വേനലില്‍  വിരുന്നെത്തുന്ന  ഒരു കൂട്ടം  പക്ഷികളുടെ  ശബ്ദം മാത്രം  അവിടമാകെ മുഴങ്ങിക്കേട്ടു ,അതില്‍  നിന്നും  തീര്‍ച്ചയായും അടുത്തെവിടെയെങ്കിലും  പഴവര്‍ഗ്ഗങ്ങള്‍  ഉണ്ടാവുമെന്ന്  അവള്‍  തീര്‍ച്ചയാക്കി ,കിളികള്‍  കൂട്ടമായി  പറന്ന ദിക്കിലേക്ക്  അവള്‍  ഏന്തി വലിഞ്ഞു നടന്നു .വീണു പോയേക്കും എന്ന്  തോന്നിയപ്പോഴൊക്കെ നേരം  വൈകുന്തോറും ജീവന്‍  അപകടപ്പെടാനുള്ള ഒട്ടേറെ  സാദ്ധ്യതകള്‍ മുന്നോട്ടു  തള്ളുന്നുവെന്ന് തോന്നി , അവളുടെ  അനുമാനം തെറ്റായിരുന്നില്ല ,നിറയെ  പഴങ്ങള്‍ ഉള്ള ധാരാളം  വൃക്ഷങ്ങളും അവയ്ക്കിടയില്‍ തെളിഞ്ഞ നീരുറവയും പ്രതീക്ഷയുടെ  പുതിയ ഉദയമായിരുന്നു .
നീരുറവ പുറപ്പെടുന്ന പാറയിടുക്ക് വിള്ളലുകള്‍  നിറഞ്ഞ ഒരു  വലിയ പാറക്കൂട്ടത്തിന്‍റെ ഒത്ത മദ്ധ്യത്തിലായിരുന്നു .ഉച്ചസൂര്യന്‍റെ സഹായത്തോടെ ഇരുള് വന്നു വിളിക്കുമ്പോള്‍ തല ചായ്ക്കാന്‍  ഒരിടം തിരഞ്ഞ് സ്വേറ നടന്നു  ,ഒടുവില്‍ അകത്തേക്ക് കടക്കും  തോറും വലിപ്പം  കൂടി  വരുന്ന ഒരു  ഗുഹയുടെ മുന്നിലെ  കാടും  പടര്‍പ്പും  വകഞ്ഞു മാറ്റി  അവള്‍ അകത്തു കടന്നു .മണല്‍ വിരിച്ച അതിന്റെ  ഉള്‍വശത്തു  പാറയില്‍  തല ചായ്ച്ചിരുന്നു 

..............................................................................................................................................
ചെണ്ടയുടെ  ശബ്ദം  ദിക്കുകളിലേക്ക്  ഒഴുകിക്കൊണ്ടിരുന്നു ,ഗോത്രവര്‍ഗ്ഗത്തിന്റെ സംസ്കാരചടങ്ങുകള്‍ അങ്ങിനെയാണ് , കാട്ടാന ചവിട്ടിക്കൊന്ന അപ്പന്റെയും അമ്മയുടെയും വേര്‍പാടില്‍  ഒരു മരത്തണലത്ത് ആ  ചെറിയ പെണ്‍കുട്ടി വിറങ്ങലിച്ചു നിന്നു , ഉയര്‍ന്നു നിന്ന രണ്ടു മണ്കൂനകള്‍ക്ക് മുന്നില്‍  നിന്നു  മുത്തച്ഛന്റെ കൂടെ  കുടിലിലേക്കു  നടക്കുമ്പോള്‍ വിതറാതെ കൈയില്‍  പിടിച്ച  പൂക്കള്‍ തല കുനിച്ചു  അവളുടെ  കൈത്തണ്ടയില്‍  വീണു  കിടന്നു ,
ഒറ്റപ്പെടല്‍  എപ്പോള്‍  വേണമെങ്കിലും  സംഭവിക്കാവുന്ന ഒന്നാണ് ,അല്ലെങ്കിലും  ജനനം മുതല്‍  മരണം  വരെ  ആര്‍ക്ക്  ആരു  കൂട്ടിരിക്കുന്നു ?
വെറുതെയിരുന്നാല് അന്നം കിട്ടോ ? തന്തേം  തള്ളേം  പോയ കുഴീല്  ഇട്ടു  മൂടാനും കഴിയോ ?
കുടിലും  കണ്ണും  ചോര്‍ന്നൊലിച്ചു  ബാല്യം ഇരുണ്ടു  പെയ്തു , കാടിന്റെ  മക്കള്‍ക്ക്‌  കരുത്തു  കൂടുതല്‍ എന്നത്രേ  ചൊല്ല് , അതിജീവനം പ്രപഞ്ചത്തിലെ ഓരോ  സൃഷ്ടിയുടെയും  കടമയാണ്
ഒടിച്ചുകൂട്ടുന്ന  ചുള്ളിക്കമ്പുകളില്‍  അവളുടെ  അന്നം വിളഞ്ഞു.ഏറു മാടങ്ങളില്‍  ഉറക്കമൊഴിഞ്ഞ്  കുഞ്ഞുങ്ങളെ  നോക്കി ജീവിതത്തിന്‍റെ  പുലരി കണ്ടു ,
കാറ്റും  മഴയും മഞ്ഞും പുഴയും  കടന്നു  മനസും  ശരീരവും  ഉറച്ച  ആ  ഗോത്ര വര്ഗ്ഗക്കാരിക്ക്  കാടിന്റെ  ഓരോ  ഈണവും കാലം  മനപാഠമാക്കി ക്കൊടുത്തു  .
വര്‍ഷ കാലത്തിന്‍റെ  ആരംഭം അറിയിച്ചു  കൊണ്ട്  മഴത്തുള്ളികള്‍  മണ്ണിനെ  ചുംബിച്ചുടഞ്ഞു.പൊടിമണ്ണ്  നക്കാന്‍  നാഗന്മാര്‍ പുതുമഴയില്‍ ഇഴഞ്ഞു  നടന്നു ,കാടാകെ മഴയിലുലഞ്ഞു നിന്നു . അന്നാണ്  നാടോടിശീലുകളും പാടി  ഒരു  യാത്രാസംഘം മല കടന്നെത്തിയത്.അവര്‍ക്കിടയില്‍  സര്‍ക്കസ്  കാട്ടി ജീവിക്കുന്ന  ഒരു  കുടുംബത്തിനു  അവളെ  വില്‍ക്കുമ്പോള്‍  വൃദ്ധന്‍ പറഞ്ഞു ‘’പട്ടിണി  ഇടരുത് . ‘’ഈ  കാട്  എത്ര  കാലമിവളെ  പോറ്റും,    ,  , ഒട്ടിച്ചേരാന്‍  ശ്രമിക്കുമ്പോള്‍  പറിച്ചു മാറ്റപ്പെടുന്ന  ഒരു  ജീവന്റെ  നിസഹായതയോടെ  നഗരത്തിന്റെ  കാഴ്ച വസ്തുവായി  അവള്‍ അലഞ്ഞു നടന്നു .
പൊതു നിരത്തിന്‍റെയരികില്‍ വീണു  കിടന്ന  കുട്ടിക്ക്  വെള്ളം കൊടുത്ത്  കൂടെ  കൊണ്ടുപോകുന്ന കൊട്ടാരം  തൂപ്പുകാരിയാണ്  കൈമാറ്റ ത്തിന്‍റെ  അവസാന ചിത്രം. 
.................................................................................................................................................
അടുത്തെവിടെ നിന്നോ വന്ന അപരിചിതമായ ഗന്ധത്തിന്‍റെ രൂക്ഷതയില്‍ സ്വേറയുണര്‍ന്നു ,കണ്‍ മുന്നില്‍ വിരിഞ്ഞു നിന്ന കാഴ്ച കണ്ടു അവള്‍ ഞടുങ്ങി .

മുന്നില്‍  തലയുയര്‍ത്തി  നില്‍ക്കുന്നു  കറുത്ത  പത്തിയോടു കൂടെ  ഒരു  ഇരുതല നാഗം .ചുവന്ന  കണ്ണുകളിലൂടെ  മരണം  ഒഴുകിയിറങ്ങുന്നുവെന്നു തോന്നി , തീപ്പൊള്ളല്‍ ഏറ്റ  കുട്ടിയെ പ്പോലെ അവള്‍ പിറകിലേക്ക് വലിഞ്ഞു , ഇഴഞ്ഞ് വരുന്ന നാഗത്തിന്റെ ലക്‌ഷ്യം  താനല്ലെന്ന്  മനസിലായപ്പോഴേക്കും  സ്വേറ ഗുഹയുടെ  ഉള്ളിലെ ഭിത്തിയില്‍  ചെന്നുതൊട്ടു കഴിഞ്ഞിരുന്നു .
ഇഴഞ്ഞു  നടന്ന കണ്ണുകള്‍  നാഗത്തിലും  കൈകള്‍  ഗുഹാ ഭിത്തിയില്‍ ചാരിയിരുന്ന  ഒരു  മരക്കൊമ്പിലും ഉടക്കി  നിന്നു . ഗുഹാമുഖത്തു  നിന്നും  അല്പം  ഉള്ളില്‍  ഇടത്തേക്ക്  തിരിയുന്ന  ഭാഗത്ത്‌  മുട്ടകള്‍ക്ക്  മുകളില്‍  അടയിരിക്കുന്ന  ഒരു  പക്ഷി  അപ്പോഴാണ്  അവളുടെ  ശ്രദ്ധയില്‍  പെട്ടത് . വല്ലാത്ത  ചീറ്റലോടെ  വെള്ള  നിറമുള്ള  ആ  വലിയ  പക്ഷിയെ  നാഗം  ആഞ്ഞു കൊത്തി .ഒന്ന്  പിടച്ച  പക്ഷി   അല്‍പ നേരത്തിനുള്ളില്‍  നീല  നിറത്തില്‍  ഇരുന്നയിരുപ്പില്‍  തന്നെ  ചത്തിരുന്നു . ഒരു പക്ഷെ  അടുത്ത  ഇര  താന്‍  ആയേക്കാം  എന്ന്  ഒരു  മുന്നറിയിപ്പ്  ഒരു  അവസാന പ്രതിരോധത്തിന്  അവളെ  പ്രേരിപ്പിച്ചു . കൈയില്‍  തടഞ്ഞിരുന്ന  കമ്പിന്റെ  കൂര്‍ത്ത  അഗ്രം  വിടര്‍ന്നു  നിന്ന  പാമ്പിന്റെ  പത്തിയിലേക്കു  അവള്‍  ആഞ്ഞു കുത്തി .ആക്രമണത്തെക്കാള്‍  രക്ഷപെടാനുള്ള ശക്തി ആര്‍ജ്ജിച്ച  ആ  പ്രവൃത്തിയില്‍ പാമ്പിന്റെ  തല തുളച്ചു    കമ്പ്  മണലില്‍  ആഴ്ന്നിറങ്ങി  . അതിന്റെ  അവസാന  പിടച്ചില്‍  നിലച്ചെന്നു ഉറപ്പു  വന്നിട്ടും പിടി  വിടാന്‍  കൈകളുടെ  വിറയനുവദിച്ചില്ല .ഒടുവിലെപ്പോഴോ തളര്‍ച്ച  ബാധിച്ച  ശരീരം  അതിനു  മോചനം  അനുവദിച്ചെങ്കിലും  മനസ് മറ്റൊരു  പ്രക്രിയയ്ക്ക്  തയാര്‍ എടുത്തിരുന്നു കുത്തിക്കോര്‍ത്ത കമ്പില്‍  തന്നെ  അവളതിനെ   ഗുഹാമുഖത്ത്‌  വിടര്‍ന്ന  പത്തിയോടെ  ചാരി  നിര്‍ത്തി , ഇഴജീവികളും  പക്ഷികളും  ചെറു മൃഗങ്ങളും  മാത്രമുണ്ടായിരുന്ന  ആ  ദ്വീപില്‍  അതൊരു  അനാവശ്യമുന്‍കരുതല്‍  ആയിരുന്നുവെങ്കിലും .
ചുള്ളിക്കമ്പുകളും  കരിയിലകളും  കൂട്ടിയിട്ട്  പാറക്കഷണങ്ങള്‍  ഉരസി  അവള്‍  തീ പൂട്ടി  അതിനരുകില്‍  ഇരുന്നു   ഭയം  മടുപ്പിന്  വഴിമാറിയ  നിമിഷങ്ങളില്‍ നിദ്രയിലേക്ക്  വഴുതി ,
ഉറക്കമുണര്‍ന്നു ആദ്യം  നോക്കിയത്  ചത്തിരിക്കുന്ന  വലിയ  പക്ഷിയെയും അതിനടുത്തു ഊര്‍ന്നു  വീണു  കിടക്കുന്ന  പാമ്പിനെയും  ആയിരുന്നു  .കമ്പു കുത്തിയ മുറിപ്പാടിലേക്കു  ഉറുമ്പുകള്‍ വന്നു തുടങ്ങിയിരുന്നു ,അവ  വലിപ്പം  കൂടിയ   തവിട്ടു  നിറമുള്ള  ശവംതീനിയുറുമ്പുകള്‍   ആണെന്ന്  മനസിലായപ്പോള്‍  തന്നെ  അവയെ  നീക്കം  ചെയ്യാന്‍  അവള്‍  തീരുമാനിച്ചു . പാമ്പിനെ  നീക്കം  ചെയ്യുന്നത് അത്ര  ഭാരപ്പെട്ട  ഒന്നായിരുന്നില്ല ,പക്ഷി  വളരെ  വലിയ  ഒന്നായിരുന്നു .വല്ല വിധേനയും അതിനെ  വലിച്ചു  നീക്കാന്‍  ശ്രമിച്ചപ്പോഴേക്കും  അതടയിരുന്ന നാലു  മുട്ടകളില്‍  മൂന്നും  ഉരുണ്ടു വീണു  ഉടഞ്ഞുപോയിരുന്നു  , ബാക്കി  വന്ന  ഒരു  മുട്ട  സ്വേറ  ശ്രദ്ധാപൂര്‍വ്വം കൈയിലെടുത്തു  തീ  കൊണ്ട്  ചൂടുപിടിച്ചിരുന്ന  ഗുഹയുടെ  ഉള്ളില്‍  അധികം  ചൂട്  തട്ടാത്ത  വിധത്തില്‍  കൊണ്ടുചെന്നു  വച്ചു,  പകല്‍  ഇറങ്ങി  നടന്നു  വിറകും പഴങ്ങളും  ശേഖരിച്ചു . ചത്തു കിടന്ന  ഒരു  മുയലിന്റെ  തോലുരിച്ച്  അതില്‍ വെള്ളം  ശേഖരിക്കാം  എന്ന്  കരുതിയെങ്കിലും  ആ  ജീവിയുടെ  ദുര്‍ഗന്ധം  അസഹ്യമായി  തോന്നിയതിനാല്‍  അത്  വേണ്ടെന്നു  വച്ച്  അവള്‍  വാസസ്ഥലത്തേക്കു മടങ്ങിപ്പോന്നു , രാത്രിയില്‍  വീണ്ടും  തീപൂട്ടി  .പുലരും  മുന്‍പേ  ഏതോ  ജീവിയുടെ  ചലനമറിഞ്ഞു  അവള്‍  ജാഗരൂകയായി , കെട്ടുപോകാറയിരുന്ന കനലിന്റെയും എത്തി നോക്കിത്തുടങ്ങിയ പകലിന്റെയും  സാന്നിധ്യത്തില്‍    തലേന്ന്  മാറ്റിവച്ച  മുട്ട  വിരിഞ്ഞതായി  അവള്‍  കണ്ടു  . അതോരു  വലിയ  കോഴിയുടെ  വലിപ്പമുള്ള  പക്ഷിക്കുഞ്ഞായിരുന്നു  ,വെള്ള നിറം  ,പുറത്തു  നെടുകെ  കരികൊണ്ട്  വരച്ചാലെന്നത്  പോലെ നീണ്ട  കറുത്ത  പാട്  ,  പരിചിതമല്ലാത്ത  ലോകത്തില്‍  സ്വന്തം  വര്‍ഗത്തെ  എന്നത് പോലെ  ജീവന്റെ  ആ  പുതിയ  തുടിപ്പിനെ  അവള്‍  സാകൂതം  നോക്കിയിരുന്നു . അതാകട്ടെ  കൊക്ക്  പിളര്‍ത്തി  വിശപ്പിന്റെയോ  അനാഥത്തത്തിന്റെയോ  എന്ന്  വേര്‍തിരിക്കാനാവാത്ത
ഒരു അപരിചിത ശബ്ദം  പുറപ്പെടുവിച്ചു  കൊണ്ടിരുന്നു .

ഉറുമ്പുകള്‍  കൂട്ടം  കൂട്ടമായി  ആഹാരശേഖരണം  നടത്തുന്ന കാഴ്ച  അവളെ  മഴക്കാലത്തിന്റെ  വരവ്  ഓര്‍മിപ്പിച്ചു ,  അതൊരു  മുന്നറിയിപ്പായിരുന്നു  അവശ്യവസ്തുക്കളുടെ  അഭാവത്തെ ക്കുറിച്ച് ,വിറകു  ശേഖരിക്കുകയും  ,കമ്പും കല്ലും  ഉപയോഗിച്ച്  ചെറിയ  മൃഗങ്ങളെ  വേട്ടയാടുകയും  ചെയ്തപ്പോഴെല്ലാം  അവളുടെ  വെള്ളക്കൊറ്റി  ഇടവിടാതെ  അവളെ  പിന്‍തുടര്‍ന്നിരുന്നു ,അവള്‍  പറയുന്നതെല്ലാം  മനസിലാക്കുന്ന  ഒരു  ജീവിയെന്ന പോലെ  അവള്‍  അതിനോട്  സംസാരിക്കുക  പോലും ചെയ്തിരുന്നു ,  മഴ  തുടങ്ങും  മുന്‍പേ  വെള്ളം  അകത്തേക്ക്  കടക്കാതെ  ഗുഹമുഖം  അടയ്ക്കപ്പെട്ടു ,അതിനുള്ളില്‍  രണ്ടു  വര്‍ഗ്ഗത്തില്‍  പെട്ട 
ചെറിയ  രണ്ടു  ജീവികള്‍  ചൂടുകാഞ്ഞു  ഒരു   ലോകത്തില്‍  ജീവിതം നയിച്ചു.

മഴ  കനത്ത  ഒരു  രാത്രിയില്‍    ,ഒരു  വലിയ  മരം  പാറ ക്കെട്ടിനു  മുകളിലേക്ക്  കട പുഴകി  വീണു  ,  അതിന്റെ  ആഘാതത്തില്‍  പാറയിളകി  പല  വിള്ളലുകളും ഇല്ലാതാവുകയും  പുതിയവ  സൃഷ്ടിക്കപ്പെടുകയും  ചെയ്തു , ആ  ചെറിയ  ഗുഹയുടെ  ഉള്ളില്‍ ഭിത്തിയില്‍   നിന്നും  ഉരുളന്‍  കല്ലുകള്‍  അടര്‍ന്നു  പതിച്ചു ,  ഒരു മൂലയില്‍  വിറങ്ങലിച്ചിരുന്ന  സ്വേറയുടെ  മുന്നിലേക്ക്‌  ഒരു  കൂട്ടം  തുകല്‍ച്ചുരുളുകള്‍ തുറന്നു പോയ  ഒരു  ദ്വാരത്തില്‍  നിന്നും  വന്നു  വീണു      

ആകാശം  കണ്ണുതുടച്ചു  പുഞ്ചിരി  പൊഴിച്ചു  തുടങ്ങിയ  പകലുകളിലൊന്നില്‍ വെളിച്ചത്തിലേയ്ക്കു സ്വേറ  ചുരുളുകള്‍  അഴിച്ചു  തുറന്നു , അവ രണ്ടു  കെട്ടുകളായി  സൂക്ഷിക്കപ്പെട്ടിരുന്നു  ,  ഒരു  കെട്ടില്‍ ഒന്നും   രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല, നിരവധി   കാര്യങ്ങള്‍  എഴുതിയ   ചുരുളുകളുടെ   കൂട്ടമായിരുന്നു  മറ്റൊന്ന് , നിറഞ്ഞ  ആകാംഷയോടെ  അവള്‍  ഓരോന്നായി  വായിച്ചു  തുടങ്ങി ;

ചുരുള്‍  ഒന്ന്  
പാലിക്കേണ്ട    ഏഴു ശീലങ്ങള്‍ 
...................................................
 1.പ്രഭാതത്തിനു  നല്‍കേണ്ട പ്രത്യഭിവാദനം.
രാത്രിക്കു ശേഷം  വന്നുണര്‍ത്തുന്ന പുലരി  നല്‍കുന്ന  അഭിവാദനത്തിനു  പക്ഷി മൃഗാദികളും
സസ്യലതാദികളും  പ്രത്യഭിവാദനം നല്‍കുന്നുണ്ട് 

2,ഉണര്ന്നിരിക്കേണ്ടുന്ന  ധ്യാനാത്മകത
 .....................................................................
ചെടികളില്‍  പൂക്കള്‍  വിരിയുന്നതും  സസ്യങ്ങളില്‍  ധാന്യങ്ങള്‍  വിളയുന്നതും  ജന്തുക്കളിലെ
ജാഗ്രതാ ഭാവവും  സദാഉണര്‍ന്നിരിക്കുന്ന ധ്യാനാത്മകതയെ  കുറിക്കുന്നു 

3,നിദ്രയെ  നിറഞ്ഞ  മനസോടെ  പുല്കുക .
......................................................................
വേനലിന്റെ  ഒഴിവിലേക്ക്  വന്നെത്തുന്ന  മഴയും  വസന്തം  വിശ്രമിക്കുമ്പോള്‍  വരുന്ന  ഋതുഭേദങ്ങളും  ഈ  അനിവാര്യമായ  വിശ്രമത്തെ  ഓര്‍മിപ്പിക്കുന്നു .

4.ആവശ്യമായ  അധ്വാനശീലങ്ങളുടെ  ആവര്‍ത്തനം 
.......................................................................................
ജീവിതത്തിനാവശ്യമായ  അധ്വാനശീലങ്ങളാണ് ആരോഗ്യത്തെ  നിലനിര്‍ത്തുന്നത് .

5,ആഗ്നേയസ്വഭാവങ്ങളെ   ശാന്തഭാവങ്ങളില്‍   സൂക്ഷിക്കുക
..................................................................................................
ആവര്‍ത്തിക്കുന്ന  തിരകളും  വീശുന്ന  കാറ്റും   അപകടകാരിയാവുന്നത് അശാന്തിയുടെ  ആവേശത്തിലാണ്  ,  കോപം  ,താപം , തീക്ഷ്ണത  ,ജാഗ്രത ,പ്രതികരണം ഇവയെല്ലാം  ശാന്തതയുടെ  അകമ്പടിയോടെ  അഗ്നി  കെടാതെ  സൂക്ഷിക്കേണ്ടതാവശ്യമാണ് .

6. മറവിയെ  മറക്കാതിരിക്കുക .
......................................................
അനാവശ്യകാര്യങ്ങളെ  മറവിക്ക്  കൊടുക്കുക  ,  വലിയ  ഭാരങ്ങള്‍  ചുമന്നു  തളരാതെ പോകുവാന്‍  ഇതൊരു  അവശ്യനിയമം  തന്നെ .

7,അതിജീവനത്തിനു  സഹായിക്കാത്ത വെല്ലുവിളികളെ  ഒഴിവാക്കുക 
......................................................................................................................
ഊര്‍ജ്ജനഷ്ടം  ,  ബലപരീക്ഷണം  ഇവയൊന്നും  അതിജീവനത്തെ  സഹായികുന്നില്ലെങ്കില്‍  നിരര്‍ത്ഥകമാണ്.

ചുരുള്‍  രണ്ട് 
,,,,,,,,,,,,,,,,,,,,,,,,,,,,
ഏഴു  തീര്‍ഥാടനകേന്ദ്രങ്ങള്‍ 
..........................................
1 കടലിന്റെയഗാധ നീലിമ  
2,മലനിരകളുടെ  ഹരിത ശോഭ
 ,3മഞ്ഞുപ്രദേശങ്ങളുടെ  തൂവെണ്മ  ,
4മരുഭൂമികളുടെ  ഏകാന്തത  ,
5കാടിന്റെ   അലകള്‍ ,
6സ്വഹൃദയത്തിന്‍റെ  തുടിപ്പുകള്‍ 
7അടുത്തിരിക്കുന്നവന്റെ  കണ്ണുകളുടെ  തിളക്കം  .

അത്ഭുതത്താല്‍  വിടര്‍ന്ന  കണ്ണുകളോടെ  അവളതു  വായിച്ചു  കൊണ്ടിരുന്നു ,  ബാക്കിയുള്ള  ചുരുളുകളില്‍  ആ  ദ്വീപിന്റെ  വിവരണമായിരുന്നു , അതിന്റെ  ഭൂമിശാസ്ത്രപരമായ  പ്രത്യേകതകള്‍ ,അതിലുള്ള  ജീവജാലങ്ങള്‍ , അവയുടെ  സവിശേഷതകള്‍, അമൂല്യമായ  ഔഷധങ്ങളുടെ  ദ്വീപിലെ  സാന്നിധ്യം ....!!
അവസാന ചുരുളില്‍ ഉണ്ടായിരുന്ന    കപ്പലിന്റെ  ചിത്രത്തിലെ   ,  ചില  ഭാഗങ്ങള്‍  പ്രത്യേകം  അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു .

വളരെ  വൈകാതെ  വരാന്‍  പോകുന്ന  ഒരു  പ്രളയത്തിന്റെ  മുന്നറിയിപ്പോടെ  അവസാനിച്ച ആ  തുകല്‍ച്ചുരുളുകള്‍  സ്വേറ  വായിച്ചു  തീര്‍ന്ന  ദിവസം  നീലയായ് പരന്നു  കിടന്ന  കടലിന്റെ  മാറിലൂടെ  വെള്ളി നൂലിഴകള്‍ പോലെ   നീണ്ടു വളര്‍ന്ന  താടിയും  മുടിയുമായി  ശാന്തഗംഭീരനായ  ഒരു  അതികായന്‍  അയാളുടെ  ചെറിയ  തോണിയില്‍  ദ്വീപിലെത്തിച്ചേര്‍ന്നു 

സ്വേറ 4
......................
ആള്‍ താമസമില്ലാതിരുന്ന ദ്വീപില്‍ നിന്നും പുക ആകാശ ത്തെയ്ക്കുയരുന്നത് കണ്ട് തിളക്കമുള്ള ആ കണ്ണുകളില്‍ ഒരു ചോദ്യഭാവം നിഴലിച്ചു , ഗുഹാമുഖത്തെക്കുള്ള വഴിയരികില്‍ സര്‍പ്പത്തിന്റെ അസ്ഥികൂടവും പക്ഷിയുടെ തൂവലുകളും കണ്ട അദേഹത്തിന്‍റെ നെറ്റിത്തടം ആലോചനാ ഭാവം വിളിച്ചോതുന്ന ചുളിവുകളെ സ്വീകരിച്ചു . അദേഹം കടന്നു ചെല്ലുമ്പോള്‍ സ്വേറ തന്റെ വലിയ കൊറ്റിയുടെ മുട്ടകള്‍ വിരിഞ്ഞത് നോക്കി നില്‍ക്കുകയായിരുന്നു ,പൂവന്‍ കൊറ്റി അവയ്ക്ക് ചുറ്റും ഒരു സുരക്ഷിത വലയം തീര്‍ത്ത്‌ ചിറകു വിരുത്തി നിന്നു , വിരിഞ്ഞിറങ്ങിയ ഓരോ പക്ഷിക്കുഞ്ഞിന്റെയും കാല്‍ നഖങ്ങള്‍ വെള്ളി പോലെ തിളക്കമുള്ളവയായിരുന്നു ,
അവയെ വീക്ഷിച്ചു കൊണ്ടുനിന്ന സ്വേറ തനിച്ചായി പ്പോയ ഒരു ജീവിയുടെ സഹജവാസന എന്നവണ്ണം തിരിഞ്ഞു നോക്കി , കടല്‍ തീരത്തുനിന്നും നരച്ച താടിയും മുടിയുമായി നീണ്ട കുപ്പായം ധരിച്ച ഒരതികായന്‍ അവള്‍ക്കു നേരെ നടന്നു വരുന്നു .
,
അവള്‍ക്കടുത്തെത്തി അദേഹം നിന്നു, ഗുഹയുടെ ഉള്‍വശത്തു അവള്‍ സൂക്ഷിച്ചിരുന്ന ചുരുളുകളെക്കുറിച്ച് ഗാംഭീര്യമാര്‍ന്ന ശബ്ദത്തോടെ സാവധാനം ചോദിച്ചു , തന്നെ ഉത്തരവാദിത്വപൂര്‍വ്വം സൂക്ഷിക്കാന്‍ ഏല്പിച്ചിരുന്ന ഒരു വസ്തു കേടുപാടുകള്‍ കൂടാതെ തിരിച്ചേല്‍പിക്കുന്ന ഭാവത്തോടെ അവള്‍ അതെടുത്തു നല്‍കി . ഗുഹയുടെ വാതിലില്‍ ചാരി വച്ചിരുന്ന സര്‍പ്പത്തെ കൊല്ലാന്‍ ഉപയോഗിച്ചിരുന്ന ഗോഫെര്‍ മരത്തിന്‍റെ കമ്പ് അദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു , ആ ചുണ്ടുകളില്‍ ഒരു പുഞ്ചിരി വിരിഞ്ഞു .
''ഞാന്‍ നോഹ , നമുക്ക് പോകാം '' സ്വേറയുടെ കാതുകളില്‍ അനുവാദത്തിനു കാത്തു നില്‍ക്കാതെയുള്ള ആജ്ഞാ സ്വരം വന്നു വീണു . ഒരു വിശദീകരണം കാത്തു നില്‍ക്കുന്ന അവളുടെ മുന്നിലേക്ക്‌ അവസാന ചുരുള്‍ തുറന്നു വരാനിരിക്കുന്ന പ്രളയത്തെക്കുറിച്ചുള്ള വരികളിലൂടെ അദേഹം ചൂണ്ടുവിരല്‍ ഓടിച്ചു .ഒപ്പം അടയാളപ്പെടുത്തപ്പെട്ട പെട്ടകവും കാണിച്ചു .അനന്തമായി നീങ്ങിക്കൊണ്ടിരുന്ന ഏകാന്തവാസത്തില്‍ നിന്ന് ഉറച്ച കാല്‍ വയ്പുകളോടെ ആ വനവാസി നോഹയുടെ ചെറിയ തോണിയിലേക്ക്‌ കയറി .
കരുത്തനായ ഒരു യുവാവെന്നപോലെ കാഴ്ചയില്‍ പടുവൃദ്ധന്‍ എന്ന് തോന്നിച്ച നോഹ അതിവേഗം തോണി തുഴഞ്ഞു പോയി . ഒരു ദിവസത്തെ യാത്രയ്ക്ക് ശേഷം കടലില്‍ നങ്കൂരമിട്ടു കിടന്ന ഒരു ഭീമന്‍ കപ്പലിലേക്ക് അവര്‍ തോണിയടുപ്പിച്ചു.
''എല്ലാവരും വന്നെത്തിയോ ''? അക്ഷമയും ഒപ്പം ഉത്കണ്ഠയും നിറഞ്ഞ ചോദ്യം കപ്പല്‍ ജോലിക്കാരോടയിരുന്നു , ഹാം , ഷേം, ഇരുവരും അകത്തുണ്ട് , പുറത്തേക്കിറങ്ങി വന്ന യാഫെത്ത് മറുപടി പറഞ്ഞു , നോഹയുടെ ഇളയ പുത്രനായിരുന്നു അവന്‍ . അപ്പന്റെ ഒപ്പം കണ്ട സുന്ദരിയായ പെണ്‍കുട്ടി അവനില്‍ ആശ്ചര്യം ഉളവാക്കിയെങ്കിലും യാതൊരു അന്വേഷണത്തിനും മുതിരാതെ സ്വേറയെ ഒരു അതിഥിയെന്ന പോലെ അവന്‍ സ്വീകരിച്ചു .

 അവര്‍ തിരക്കിലായിരുന്നു , വരുന്ന പ്രളയത്തിനു മുന്പ് ഉണ്ടാക്കേണ്ടിയിരുന്ന പെട്ടകത്തിന്‍റെ അളവുകളെക്കുറിച്ചും ഗോഫെര്‍ മരം ദ്വീപില്‍ നിന്നു കൊണ്ടുവരുന്നതിനെക്കുറിച്ചും
സംസാരിച്ചപ്പോഴോക്കെയും യാഫെത്തിന്‍റെ കണ്ണുകള്‍ അസാമാന്യധൈര്യത്തോടെ നോഹയ്ക്കൊപ്പം വന്നു കയറിയ പെണ്‍കുട്ടിയെ ആരാധനാഭാവത്തോടെ ഉഴിഞ്ഞു കൊണ്ടിരുന്നു .
വെള്ളാരം കല്ലുകള്‍  പോലെയുള്ള  കണ്ണുകളും  തോളൊപ്പം ഇറങ്ങിക്കിടക്കുന്ന  സ്വര്‍ണച്ചുരുള്‍ മുടിയും  ഉറച്ച മാംസപേശികളുമുള്ള ആ  സുന്ദരനില്‍ നിന്നു  തന്റെ  ഹൃദയഭാവങ്ങളെ  ഒളിപ്പിച്ചു  വയ്ക്കുക  അവള്‍ക്കും  എളുപ്പമായിരുന്നില്ല ,
ആകാശത്തിന്‍റെ ജാലകങ്ങള്‍ തുറന്നു ഭൂമിയിലേക്ക്‌ മഴ പെയ്തു തുടങ്ങി ,പ്രളയ ജലം ഭൂമിയെ മുക്കിത്തുടങ്ങിപ്പോള്‍ യാഫെത്തിന്റെ ഹൃദയത്തിലും സ്വേറ പെയ്തു നിറഞ്ഞുകൊണ്ടിരുന്നു , അവരുടെ  പ്രണയ ഭാവങ്ങളിലേക്ക്  പ്രളയം  പതഞ്ഞുയര്‍ന്നുകൊണ്ടിരുന്നു 


പെട്ടകത്തിന്റെ പണി പൂര്‍ത്തിയായപ്പോള്‍ നോഹയും പുത്രന്മാരും സകുടുംബം അതിനുള്ളിലേക്ക്‌ കയറി , ഏറ്റവും പിറകില്‍ യാഫെത്തിന്റെ കൈ പിടിച്ചു സ്വേറയുമുണ്ടായിരുന്നു ,നൂറ്റിയന്‍പത് ദിവസം നീണ്ടു നിന്ന പ്രളയജലം പത്തു മാസത്തിനു ശേഷം ഇറങ്ങിത്തുടങ്ങിയപ്പോള്‍ നോഹ പറത്തി വിട്ട വെള്ളരിപ്രാവ് കൊത്തിയെടുത്ത ഒലിവിലയുമായി മടങ്ങിവന്നു ഗര്‍ഭാലസ്യത്തോടെ യാഫെത്തിനെ ചാരിയിരുന്ന സ്വേറയുടെ കൈകളില്‍ ഇരുന്നു , അവള്‍ സൂര്യനെ നോക്കി പുഞ്ചിരിച്ചു ,,,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

2015 ഫെബ്രുവരി 22, ഞായറാഴ്‌ച

ചെളി


വാതില്‍പ്പടിയില്‍  ചവിട്ടിതേച്ച  ചെളിയോ ,
ചെരിപ്പിന്റെ  പാടുകളോ  
അയാള്‍ എന്നും   കണ്ടെത്തും ,!!

അതെങ്ങനെ
 തന്റെ  കണ്ണില്‍  പെട്ടില്ലെന്ന്  
അവള്‍  അത്ഭുതപ്പെടും ,

തന്നെക്കാണാന്‍  ആരും
വന്നില്ലെന്ന്   ആണയിടും  ,
പുറം നിറയെ  തല്ലുകൊള്ളും ,
പിറ്റേന്നും  വീടു കഴുകും  ,
എവിടെയും  ചെളി  പതിയരുതെയേന്നു
ദൈവത്തോട്  പ്രാര്‍ത്ഥിക്കും 

 കുടുംബകലഹത്തിനു  കാരണം
 ''അവള്‍ക്കു  വൃത്തിയില്ല.

  അവളിറങ്ങിപ്പോയ ശേഷം  
  ചെളി  കണ്ടെത്തപ്പെട്ടില്ല ,

മനസിലുള്ള  ചെളി
മറ്റുള്ളവര്‍ക്ക്  കണ്ടെത്താന്‍ കഴിയില്ലെന്ന്  
അവള്‍ക്കു മനസിലായ ദിവസം
 അയാള്‍ക്കൊരു  കത്തു  വന്നു ,
 വരാന്തയില്‍ കിടന്ന്
ആ  കത്താകെ  ചെളി  പുരണ്ടു  ...!!

2015 ഫെബ്രുവരി 21, ശനിയാഴ്‌ച

കൃഷിക്കാരന്റെ മകള്‍


ഡോക്ടര്‍  സൂര്യശോഭ കുട്ടികളുടെ  ക്യാന്‍സര്‍ വാര്‍ഡില്‍  നിന്നു  പുറത്തേക്കു നടന്നു , കണ്‍സള്‍ട്ടിംഗ്   സമയം  ആയിരുന്നില്ലയെങ്കിലും  അവര്‍  രോഗികളുടെ  പരിശോധനമുറിയില്‍  പോയിരുന്നു , വിടര്‍ത്തിയ  കൈപ്പത്തികളില്‍ മുഖം  ചേര്‍ത്ത്നെടുതായോന്നു നിശ്വസിച്ചു .മേശപ്പുറത്ത്  വിരിച്ചിരുന്ന സുതാര്യമായ  വിരിപ്പിലൂടെ  കണ്ട  പഴയൊരു  ചിത്രം അവരുടെ  ശ്രദ്ധയാകര്‍ഷിച്ചു.  

വിടര്‍ന്നു നില്‍ക്കുന്ന സൂര്യകാന്തിപ്പൂവ്,
അതിന്റെ  ദളങ്ങള്‍ക്ക്  മഞ്ഞനിറമായിരുന്നില്ല ,അസ്തമയസൂര്യന്‍റെ  ചുവപ്പ്  ,
വങ്ങളിലേക്ക്ശ  നീട്ടിവരച്ചയിലകളില്‍   മഞ്ഞയും  പച്ചയും  കലര്‍ന്ന  വാടിയ നിറം

ചുവടെ  കറുത്ത മഷിയില്‍  ഇങ്ങനെ  കുറിച്ചിരുന്നു

''വിടര്‍ന്നാല്‍    കൊഴിഞ്ഞേ തീരൂ , സഹതാപമര്‍ഹിക്കുന്ന  നിസഹായത  സൂര്യനെ നോക്കുന്നവര്‍ക്കുള്ളതല്ല''

പന്ത്രണ്ടു  വര്‍ഷങ്ങള്‍ക്കു മുന്‍പൊരു  സായാഹ്നം അവരിലേക്ക്‌ കടന്നു വന്നു .പേരറിയാത്ത  മരുന്നുകളുടെ കടുപ്പത്തിലൊരു  പെണ്‍കുട്ടി  കട്ടിലില്‍  തളര്‍ന്നു മയങ്ങുന്നു , പേനയോ  പുസ്തകങ്ങളോ  ,എന്തിനു  ഒരു  പൂവ് പോലുമില്ലാത്ത  മുറി വല്ലാതെ  വിളര്‍ത്തു  കാണപ്പെട്ടു ,
നിറഞ്ഞ കണ്ണുകളുമായി കൈത്തലം  തലോടിക്കൊണ്ട്  അമ്മയെപ്പോഴും  അടുത്തിരുന്നു , വളരെ  വൈകാതെ  യാത്ര  പോകാനുള്ള ഒരു  ചോദനയുമായി  അവളെപ്പോഴും  കണ്ണുകള്‍ പൂട്ടിക്കിടന്നു .
തലമുടി  ഒരുപാടു  കൊഴിഞ്ഞുപോയിരുന്നു , കണ്ണുകള്‍ക്ക്‌  ചുറ്റും  വീണുകിടന്ന  കറുത്ത പാട്  വളര്‍ന്നു  കൃഷ്ണമണികളെ  ബാധിച്ചെന്നു  തോന്നുമാറു  അവയുടെ  തിളക്കം  തീരെ  മങ്ങിയിരുന്നു   .

ദൂരെയൊരു  ഗ്രാമത്തില്‍  നിന്നു  അവളെക്കാണാന്‍ അച്ഛന്റെ സുഹൃത്തിന്റെ    കൂടെയെത്തിയ പെണ്‍കുട്ടി അവളുടെ  മെല്ലിച്ച  കരങ്ങള്‍  പിടിച്ചു  ഒരു  കാര്‍ഡ്  സമ്മാനിച്ചു , വീട്ടുമുറ്റത്തും  പാടത്തും  വിരിഞ്ഞു  നില്‍ക്കുന്ന സൂര്യകാന്തിയുടെ  നിറം  വരയ്ക്കാന്‍  കഴിയാത്തത്  കളര്‍ പെന്‍സില്‍  തീര്‍ന്നു പോയതിനാല്‍  ആണെന്ന്  ക്ഷമാപണം  പറഞ്ഞു ,

മുറ്റത്ത്‌  ചെടിച്ചട്ടിയില്‍  വിരിഞ്ഞ  ഒരേയൊരു  സൂര്യകാന്തിയുടെ  നിറം  കാണണമെന്നു   കരുതി  ദിവസങ്ങള്‍ക്ക്  ശേഷം  അവള്‍  മുറ്റത്തിറങ്ങി  , ആ പൂവ്  ഉച്ചസൂര്യനെ  നോക്കുന്നതുപോലെ  തലയുയര്‍ത്തി  നിന്നു ,  ചെറിയ  കാറ്റ് എന്തോ  സ്വകാര്യം  പറഞ്ഞെന്ന പോലെ  ഇളകിച്ചിരിച്ചു , 

പിന്നീടുള്ള  ദിവസങ്ങളില്‍ മുറ്റം  നിറഞ്ഞ്  സൂര്യകാന്തിച്ചെടികള്‍  വളര്‍ന്നു , സൂര്യശോഭയുടെ കണ്ണുകളില്‍  നിറങ്ങള്‍  വര്‍ണം  ചാലിച്ച്  കാത്തു നിന്നു , വിളര്‍ച്ച  ബാധിച്ച മുറിയില്‍  പുസ്തകങ്ങള്‍  തിങ്ങി വളര്‍ന്നു ,

തലയില്‍ നിന്നൂര്‍ന്നു  പോയ  വിഗ്ഗെടുത്തു  വച്ച്  ഡോക്ടര്‍  ആശുപത്രി  വരാന്തയിലൂടെ  നടന്നു പോകുമ്പോള്‍  പിന്നില്‍  നിന്നുമൊരു  കുട്ടി ഭിത്തിയില്‍ വലിയതായി  എഴുതിയ     അക്ഷരങ്ങളെ  പെറുക്കിയെടുത്തു   വായിക്കുന്നുണ്ടായിരുന്നു ,   
''സഹതാപമര്‍ഹിക്കുന്ന  നിസഹായത  സൂര്യനെ നോക്കുന്നവര്‍ക്കുള്ളതല്ല''

വിടര്‍ന്നാല്‍  കൊഴിഞ്ഞേ  തീരൂ  ,  ഡോക്ടര്‍  സൂര്യശോഭ  പുഞ്ചിരിച്ചു ,

2015 ഫെബ്രുവരി 18, ബുധനാഴ്‌ച

സ്വര്‍ണ്ണപ്പാദുകം


വയല്‍ച്ചെളിയുടെ
വിവരാവകാശ നിയമങ്ങളില്‍ 
ഉറങ്ങാന്‍ കിടക്കുന്നു 
 കാലത്തിന്റെ  
ബഹിരാകാശസ്വപ്‌നങ്ങള്‍ 


പാറമടയുടെ     ;
കഠിനാധ്വാനധ്വനികളില്‍ 
വേരുപിടിക്കുന്നു   വിപ്ലവം

പുറം പോക്കിന്റെ 
ഇല്ലാത്ത  കണക്കില്‍
പെരുകുന്നു  
മാനവവിഭവശേഷി  

കരിഞ്ഞ  കണ്ണുകള്‍ 
വിണ്ട  പാദങ്ങള്‍
പൊട്ടിയ  കയ്യുകള്‍ 
തഴമ്പിച്ച തോളെല്ലുകള്‍
ഇവ കൊണ്ടൊക്കെ
സ്വര്‍ണ്ണപ്പാദുകം തുന്നുന്നു 
രാഷ്ട്രങ്ങള്‍  ...!!

2015 ഫെബ്രുവരി 15, ഞായറാഴ്‌ച

എഴുതാത്തവ


സങ്കടങ്ങള്‍ 
അഴിച്ചുപകുക്കാനാവാത്തവര്‍ 
 കടലെന്നു കാലനിര്‍വചനം .

പങ്കുവയ്ക്കപ്പെടാത്ത
സന്തോഷങ്ങള്‍
ചുമക്കുന്നവര്‍   
ദ്വീപുകളെന്നു ഞാനും

കടലിലാണ് ദ്വീപുകള്‍ പൊന്തുക, 
എഴുതാതെ   മാറ്റിവച്ച  
വരികളെയാണ് 
പ്രണയമെന്നു 
രേഖപ്പെടുത്തുക  ...!!

ചിത്രകാരന്‍


ദളശോഭ മങ്ങിയ  
ചിത്രങ്ങളെന്നില്‍
ചോദ്യചിഹ്നമായുണരുന്നു 
തല കുനിച്ചെന്നിലേക്കു
കൊഴിയുന്നു  .
വാടിയയലങ്കാരപ്പൂവുകള്‍

നീലയല്ലാതൊരു  
കടല്‍  നീ  വരയ്ക്കുമ്പോള്‍ 
ജലമില്ലാ കൂജതന്‍ 
വാ പിളര്‍ന്നുരുളുന്നു 
ദാഹത്തിന്നവസാന കണികകള്‍ 

ഒഴുകാത്ത
പുഴയെന്നൊരടിക്കുറിപ്പില്‍ 
ഞാനുറയുന്നു ,ഉരുകാത്ത
മഞ്ഞായ്ത്തറയുന്നു

ഇലപൊഴിയും  
മരങ്ങളില്‍ 
വേനലെന്നെഴുതുമ്പോഴീ   
വിതറുന്ന   ചായങ്ങളില്‍  
ചാറുന്നുവെന്‍ കാഴ്ചകള്‍ 

പൂവുകളില്ലാ 
പുല്‍മേടുകളെന്നു നീ 
വരകളെ  ചൂണ്ടുന്നു 
കുഞ്ഞുങ്ങളില്ലാ വീടിന്റെ
വെടിപ്പേറും 
ഭിത്തികളായവയെന്നില്‍   
കോറുന്നു

മഴത്തുള്ളി തന്‍ മാതൃക 
തേടുന്നു നിന്‍  കണ്ണുകള്‍ 
ഇറ്റുന്ന  കണ്ണീര്‍  
പിടച്ചു നില്‍ക്കുന്നു
പുഞ്ചിരിക്കുന്നു  ഞാന്‍  

നീ  നീണ്ട നിഴലായ്
പതിയുന്നു ചുമരില്‍
നിറങ്ങളില്‍  തട്ടി വീണു
ഞാനന്ധയായ്ത്തീരുന്നു