2015 ഫെബ്രുവരി 24, ചൊവ്വാഴ്ച

സ്വേറ

പുറത്തു വീണ ചാട്ടയടികള്‍  എണ്ണാതെ  സ്വേറ കണ്ണുകള്‍  പൂട്ടി  നിന്നു , അവള്‍  കരഞ്ഞില്ല പകരം  മുഖം  ചുവന്നു  തുടുത്തിരുന്നു , ഒരു  ഭടന്‍  മുന്നോട്ടു  വന്നു  അവളെ  പിടിച്ചു  വലിച്ചു കൊണ്ടുപോയി  ഇരുമ്പഴികള്‍ വാതിലെന്നു തോന്നിച്ച  ഒരറയിലേക്ക്  തള്ളി. ആ  ഇരുട്ടറയുടെ  മൂലയില്‍  ഒരു  പഴന്തുണിക്കെട്ടുപോലെ  അവള്‍  കിടന്നു ,   ഏതൊക്കെയോ  നേരത്ത്   ആരൊക്കെയോ  വരും  ,  ആഹാരവസ്തുക്കള്‍  അവള്‍ക്കടുത്തു  വയ്ക്കും  ബോധത്തിന്റെയും  അബോധത്തിന്റെയും  ഇടവേളകളില്‍  അതെടുത്തു  കഴിച്ചു  വീണ്ടും  ഇരുട്ടിനോടും  ഭിത്തിയോടും  ചേര്‍ന്ന് അവളുറങ്ങും  .അഞ്ചു  ദിവസങ്ങള്‍  കഴിഞ്ഞിരിക്കുന്നു ,രാവിലെ ആരോ  വന്നു  ഇരുമ്പഴികളില്‍  തട്ടി  ശബ്ദമുണ്ടാക്കി ''കുമാരിയുടെ  മേലാകെ  തിണര്‍പ്പ്  പൊങ്ങിയിരിക്കുന്നു,നിന്നെ  ദ്വീപിലേക്ക്  നാടുകടത്താന്‍  ഉത്തരവായി '' . സ്വേറ ഞെട്ടിയതായി  തോന്നിയില്ല എപ്പോഴും  കാണുന്ന  നിസംഗത നിര്‍വികാരതയുടെ  അകമ്പടിയോടെ  മനുഷ്യരൂപം  പൂണ്ടു  നില്‍ക്കുന്നുവെന്നു  തോന്നിച്ചുവെന്നു മാത്രം .  

ആ  ഭടന്റെ  മുഖത്ത്  നിസഹായത  വ്യക്തമായിരുന്നു ,കല്പന നടപ്പിലാക്കിയില്ലെങ്കില്‍ അയാള്‍ക്കും  മരണമായിരിക്കും  വിധി ,   അസ്ഥികള്‍  കൂടിക്കിടക്കുന്ന  മരണത്തിന്റെ  മണമുള്ള ആ ദ്വീപിലേക്ക് ഈ  പെണ്കുട്ടിയെ  കൊണ്ടുവിടുന്ന കാര്യം  ഓര്‍ത്തിട്ടെന്ന പോലെ അയാളുടെ  മുഖം  വിളറിയിരുന്നു . അയാളും  മറ്റൊരു  ഭടനും അവളെ  ഒരു  തോണിയിലേക്ക്‌ നടത്തി  , അതില്‍  കയറ്റിയിരുത്തി  മരണത്തിന്റെ  ദ്വീപിലേക്ക്  തുഴഞ്ഞു ,  അര ദിവസത്തെ  യാത്രയുണ്ട്  കടലിലൂടെ ,
സ്വേറയുടെ  കണ്ണുകള്‍  തോണിയുടെ   അടിത്തട്ടില്‍  തറഞ്ഞു നിന്നു , ഭടന്മാര്‍  അല്‍പനേരം  അവളെ  ശ്രദ്ധിച്ചു  നോക്കിക്കൊണ്ട്‌  തോണി  തുഴഞ്ഞു , ശിലാവിഗ്രഹം  പോലെ  അനക്കമറ്റിരിക്കുന്ന അവളില്‍  നിന്നു  അവരുടെ  ശ്രദ്ധ മാറാന്‍  അധിക നേരം വേണ്ടി വന്നില്ല  ,അവര്‍  എന്തൊക്കെയോ  സംസാരിച്ചു  കൊണ്ടിരുന്നു , അവള്‍  എപ്പോഴോ  ഓര്‍മകളിലേക്ക്  തെന്നി വീഴുകയും ചെയ്തു  ,,!!

വളരെ  ശ്രദ്ധിച്ചു  തന്നെയാണ്  അവള്‍  അന്നും  കുമാരിയുടെ  സൌന്ദര്യക്കൂട്ടുകള്‍  അരച്ചെടുത്തത്,അത്  നന്നായി  ശരീരത്തില്‍  പുരട്ടിക്കൊടുക്കുകയും  ചെയ്തു ,  ഉച്ചയ്ക്ക് ശേഷം  കുമാരിക്ക്  പനി തുടങ്ങിയെന്നു  കണ്ടെത്തിയതോടെ  അവളെ  തുറുങ്കിലടയ്ക്കാന്‍  കുമാരി തന്നെ  ആജ്ഞാപിക്കുകയായിരുന്നു . എല്ലാവര്ക്കും  അറിയാവുന്ന  ഒരു  സത്യമായിരുന്നു  കുമാരിക്ക്  അവളോടുള്ള  വിദ്വേഷം , വിടര്‍ന്ന കണ്ണുകളും  നീണ്ട  മുടിയും  ആകാരഭംഗിയും  ഒത്തു ചേര്‍ന്ന  ആ  അനാഥബാലികയോട്  രാജകുമാരിക്കുണ്ടായ  അസൂയയാണ്  ഈ  യാത്രക്ക്  നിദാനം, 

അലസമായി  തോണി  തുഴഞ്ഞു  പോകുകയായിരുന്ന  ഭടന്മാരെ  ഞെട്ടിച്ചു  കൊണ്ട്  കടലിലെ  ഓളത്തിലേക്ക്  അവളൊന്നു  പുളഞ്ഞു , അപ്രതീക്ഷിതമായ  ആ  നീക്കത്തില്‍  അവര്‍  പകച്ചു  നിന്നു ,കുറുനരികള്‍  കൂട്ടമായെത്തുന്ന ആ  ദ്വീപില്‍  അസ്വാഭിവകമായി  സ്വീകരിക്കാനിരിക്കുന്ന മരണത്തെക്കാള്‍ ആത്മഹത്യ  ധീരത തന്നെയായിരുന്നു  ,കുറഞ്ഞ പക്ഷം  ആ  ശിക്ഷയിലേക്കുള്ള   എളുപ്പവഴി എന്ന  പേരിലെങ്കിലും  , 

കടലിലേക്ക്‌  ഊളിയിട്ടു പോകുമ്പോള്‍  അവളൊന്നും  ചിന്തിച്ചില്ല , മുന്നില്‍  പത്തിവിടര്‍ത്തി  നില്‍ക്കുന്ന  മരണത്തോട്  പോലും  ക്രിയാത്മകമായി  പ്രതികരിക്കാന്‍  കഴിഞ്ഞതോര്‍ത്തു   ഉള്ളില്‍  ചിരിച്ചു ,  ചാട്ടയടിയേറ്റു കീറിമുറിഞ്ഞിരുന്ന  പുറം  ഉപ്പുവെള്ളത്തില്‍  മുങ്ങിയപ്പോള്‍ നീറിത്തുടങ്ങി . സ്വാതന്ത്ര്യത്തിന്‍റെ  അവസാനവഴികളിലേക്ക്  സര്‍വ്വശക്തിയുമെടുത്തു  നീന്തി  ,അബോധാവസ്ഥയിലെത്തും വരെ 


കാലുകള്‍  മണലില്‍ പുതഞ്ഞു കിടന്നു  , വലതു കൈയിലെ മുറിവില്‍ നിന്നോഴുകിയ ചോര കട്ട പിടിച്ചു ,ഉപ്പുവെള്ളത്തില്‍ കുതിര്‍ന്ന മുടി  ചകിരിപോലെ  പിണഞ്ഞുകിടന്നു .രാത്രിയുടെ ഹൃദയത്തിലേക്ക്  സ്വേറ കണ്ണു  തുറന്നു ,കടലിന്റെ  സ്വരം  മാത്രം ഇടതടവില്ലാതെ  കേള്‍ക്കാം ,ഉണര്‍ന്നു  വന്ന ബോധം  ഭയത്തെ  വിളിച്ചു വരുത്തി .കടലില്‍ നിന്നോ  കരയില്‍ നിന്നോ  വന്നേക്കാവുന്ന ഏതൊരു  അപകടത്തെയും  അവള്‍  കാതോര്‍ത്തു കിടന്നു ,വിധിക്കപ്പെട്ട  ശിക്ഷ ഏതു  രൂപത്തില്‍  കടന്നു വരുമെന്നും  എപ്പോള്‍ നടപ്പിലാകുമെന്നും മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ ,അതിനെയാവട്ടെ ഒരു  നോട്ടം കൊണ്ട്പോലും എതിര്‍ക്കാനുള്ള കരുത്തു അവളില്‍ അവശേഷിച്ചിരുന്നുമില്ല , തെളിഞ്ഞ  ആകാശത്തു ചന്ദ്രിക  വിധിയുടെ കരാളഹസ്തങ്ങളില്‍ പെട്ട  ആ പെണ്‍കുട്ടിയെ  ഇമവെട്ടാതെ  നോക്കിയെന്ന വണ്ണം തെളിഞ്ഞു തന്നെ നിന്നു ,
വിശപ്പും ദാഹവും പകലിന്റെ  ചൂടും  ഒന്നുചേര്‍ന്ന്  നിന്നു  അവളെ കുലുക്കി വിളിച്ചു ,നീലക്കടലിന്റെയും  കടലിന്റെ  നടുവില്‍  പൊട്ടു പോലെ  കാണപ്പെടുന്ന  ദ്വീപിന്റെയുമിടയില്‍ ഭാവിയുടെ  കറുത്ത കണ്ണുകളിലേക്കു  ദയനീയതയോടെ നോക്കി  ആ  രൂപം  എണീറ്റ്‌ നിന്നു .പച്ച നിറഞ്ഞ ഒരു ചുറ്റുപാടിലേക്ക്  എന്തൊക്കെ  അപകടങ്ങള്‍ തന്നെ കാത്തിരിക്കുന്നുണ്ടാവുമെന്നു അവള്‍  ചുഴിഞ്ഞു നോക്കി ,വേനലില്‍  വിരുന്നെത്തുന്ന  ഒരു കൂട്ടം  പക്ഷികളുടെ  ശബ്ദം മാത്രം  അവിടമാകെ മുഴങ്ങിക്കേട്ടു ,അതില്‍  നിന്നും  തീര്‍ച്ചയായും അടുത്തെവിടെയെങ്കിലും  പഴവര്‍ഗ്ഗങ്ങള്‍  ഉണ്ടാവുമെന്ന്  അവള്‍  തീര്‍ച്ചയാക്കി ,കിളികള്‍  കൂട്ടമായി  പറന്ന ദിക്കിലേക്ക്  അവള്‍  ഏന്തി വലിഞ്ഞു നടന്നു .വീണു പോയേക്കും എന്ന്  തോന്നിയപ്പോഴൊക്കെ നേരം  വൈകുന്തോറും ജീവന്‍  അപകടപ്പെടാനുള്ള ഒട്ടേറെ  സാദ്ധ്യതകള്‍ മുന്നോട്ടു  തള്ളുന്നുവെന്ന് തോന്നി , അവളുടെ  അനുമാനം തെറ്റായിരുന്നില്ല ,നിറയെ  പഴങ്ങള്‍ ഉള്ള ധാരാളം  വൃക്ഷങ്ങളും അവയ്ക്കിടയില്‍ തെളിഞ്ഞ നീരുറവയും പ്രതീക്ഷയുടെ  പുതിയ ഉദയമായിരുന്നു .
നീരുറവ പുറപ്പെടുന്ന പാറയിടുക്ക് വിള്ളലുകള്‍  നിറഞ്ഞ ഒരു  വലിയ പാറക്കൂട്ടത്തിന്‍റെ ഒത്ത മദ്ധ്യത്തിലായിരുന്നു .ഉച്ചസൂര്യന്‍റെ സഹായത്തോടെ ഇരുള് വന്നു വിളിക്കുമ്പോള്‍ തല ചായ്ക്കാന്‍  ഒരിടം തിരഞ്ഞ് സ്വേറ നടന്നു  ,ഒടുവില്‍ അകത്തേക്ക് കടക്കും  തോറും വലിപ്പം  കൂടി  വരുന്ന ഒരു  ഗുഹയുടെ മുന്നിലെ  കാടും  പടര്‍പ്പും  വകഞ്ഞു മാറ്റി  അവള്‍ അകത്തു കടന്നു .മണല്‍ വിരിച്ച അതിന്റെ  ഉള്‍വശത്തു  പാറയില്‍  തല ചായ്ച്ചിരുന്നു 

..............................................................................................................................................
ചെണ്ടയുടെ  ശബ്ദം  ദിക്കുകളിലേക്ക്  ഒഴുകിക്കൊണ്ടിരുന്നു ,ഗോത്രവര്‍ഗ്ഗത്തിന്റെ സംസ്കാരചടങ്ങുകള്‍ അങ്ങിനെയാണ് , കാട്ടാന ചവിട്ടിക്കൊന്ന അപ്പന്റെയും അമ്മയുടെയും വേര്‍പാടില്‍  ഒരു മരത്തണലത്ത് ആ  ചെറിയ പെണ്‍കുട്ടി വിറങ്ങലിച്ചു നിന്നു , ഉയര്‍ന്നു നിന്ന രണ്ടു മണ്കൂനകള്‍ക്ക് മുന്നില്‍  നിന്നു  മുത്തച്ഛന്റെ കൂടെ  കുടിലിലേക്കു  നടക്കുമ്പോള്‍ വിതറാതെ കൈയില്‍  പിടിച്ച  പൂക്കള്‍ തല കുനിച്ചു  അവളുടെ  കൈത്തണ്ടയില്‍  വീണു  കിടന്നു ,
ഒറ്റപ്പെടല്‍  എപ്പോള്‍  വേണമെങ്കിലും  സംഭവിക്കാവുന്ന ഒന്നാണ് ,അല്ലെങ്കിലും  ജനനം മുതല്‍  മരണം  വരെ  ആര്‍ക്ക്  ആരു  കൂട്ടിരിക്കുന്നു ?
വെറുതെയിരുന്നാല് അന്നം കിട്ടോ ? തന്തേം  തള്ളേം  പോയ കുഴീല്  ഇട്ടു  മൂടാനും കഴിയോ ?
കുടിലും  കണ്ണും  ചോര്‍ന്നൊലിച്ചു  ബാല്യം ഇരുണ്ടു  പെയ്തു , കാടിന്റെ  മക്കള്‍ക്ക്‌  കരുത്തു  കൂടുതല്‍ എന്നത്രേ  ചൊല്ല് , അതിജീവനം പ്രപഞ്ചത്തിലെ ഓരോ  സൃഷ്ടിയുടെയും  കടമയാണ്
ഒടിച്ചുകൂട്ടുന്ന  ചുള്ളിക്കമ്പുകളില്‍  അവളുടെ  അന്നം വിളഞ്ഞു.ഏറു മാടങ്ങളില്‍  ഉറക്കമൊഴിഞ്ഞ്  കുഞ്ഞുങ്ങളെ  നോക്കി ജീവിതത്തിന്‍റെ  പുലരി കണ്ടു ,
കാറ്റും  മഴയും മഞ്ഞും പുഴയും  കടന്നു  മനസും  ശരീരവും  ഉറച്ച  ആ  ഗോത്ര വര്ഗ്ഗക്കാരിക്ക്  കാടിന്റെ  ഓരോ  ഈണവും കാലം  മനപാഠമാക്കി ക്കൊടുത്തു  .
വര്‍ഷ കാലത്തിന്‍റെ  ആരംഭം അറിയിച്ചു  കൊണ്ട്  മഴത്തുള്ളികള്‍  മണ്ണിനെ  ചുംബിച്ചുടഞ്ഞു.പൊടിമണ്ണ്  നക്കാന്‍  നാഗന്മാര്‍ പുതുമഴയില്‍ ഇഴഞ്ഞു  നടന്നു ,കാടാകെ മഴയിലുലഞ്ഞു നിന്നു . അന്നാണ്  നാടോടിശീലുകളും പാടി  ഒരു  യാത്രാസംഘം മല കടന്നെത്തിയത്.അവര്‍ക്കിടയില്‍  സര്‍ക്കസ്  കാട്ടി ജീവിക്കുന്ന  ഒരു  കുടുംബത്തിനു  അവളെ  വില്‍ക്കുമ്പോള്‍  വൃദ്ധന്‍ പറഞ്ഞു ‘’പട്ടിണി  ഇടരുത് . ‘’ഈ  കാട്  എത്ര  കാലമിവളെ  പോറ്റും,    ,  , ഒട്ടിച്ചേരാന്‍  ശ്രമിക്കുമ്പോള്‍  പറിച്ചു മാറ്റപ്പെടുന്ന  ഒരു  ജീവന്റെ  നിസഹായതയോടെ  നഗരത്തിന്റെ  കാഴ്ച വസ്തുവായി  അവള്‍ അലഞ്ഞു നടന്നു .
പൊതു നിരത്തിന്‍റെയരികില്‍ വീണു  കിടന്ന  കുട്ടിക്ക്  വെള്ളം കൊടുത്ത്  കൂടെ  കൊണ്ടുപോകുന്ന കൊട്ടാരം  തൂപ്പുകാരിയാണ്  കൈമാറ്റ ത്തിന്‍റെ  അവസാന ചിത്രം. 
.................................................................................................................................................
അടുത്തെവിടെ നിന്നോ വന്ന അപരിചിതമായ ഗന്ധത്തിന്‍റെ രൂക്ഷതയില്‍ സ്വേറയുണര്‍ന്നു ,കണ്‍ മുന്നില്‍ വിരിഞ്ഞു നിന്ന കാഴ്ച കണ്ടു അവള്‍ ഞടുങ്ങി .

മുന്നില്‍  തലയുയര്‍ത്തി  നില്‍ക്കുന്നു  കറുത്ത  പത്തിയോടു കൂടെ  ഒരു  ഇരുതല നാഗം .ചുവന്ന  കണ്ണുകളിലൂടെ  മരണം  ഒഴുകിയിറങ്ങുന്നുവെന്നു തോന്നി , തീപ്പൊള്ളല്‍ ഏറ്റ  കുട്ടിയെ പ്പോലെ അവള്‍ പിറകിലേക്ക് വലിഞ്ഞു , ഇഴഞ്ഞ് വരുന്ന നാഗത്തിന്റെ ലക്‌ഷ്യം  താനല്ലെന്ന്  മനസിലായപ്പോഴേക്കും  സ്വേറ ഗുഹയുടെ  ഉള്ളിലെ ഭിത്തിയില്‍  ചെന്നുതൊട്ടു കഴിഞ്ഞിരുന്നു .
ഇഴഞ്ഞു  നടന്ന കണ്ണുകള്‍  നാഗത്തിലും  കൈകള്‍  ഗുഹാ ഭിത്തിയില്‍ ചാരിയിരുന്ന  ഒരു  മരക്കൊമ്പിലും ഉടക്കി  നിന്നു . ഗുഹാമുഖത്തു  നിന്നും  അല്പം  ഉള്ളില്‍  ഇടത്തേക്ക്  തിരിയുന്ന  ഭാഗത്ത്‌  മുട്ടകള്‍ക്ക്  മുകളില്‍  അടയിരിക്കുന്ന  ഒരു  പക്ഷി  അപ്പോഴാണ്  അവളുടെ  ശ്രദ്ധയില്‍  പെട്ടത് . വല്ലാത്ത  ചീറ്റലോടെ  വെള്ള  നിറമുള്ള  ആ  വലിയ  പക്ഷിയെ  നാഗം  ആഞ്ഞു കൊത്തി .ഒന്ന്  പിടച്ച  പക്ഷി   അല്‍പ നേരത്തിനുള്ളില്‍  നീല  നിറത്തില്‍  ഇരുന്നയിരുപ്പില്‍  തന്നെ  ചത്തിരുന്നു . ഒരു പക്ഷെ  അടുത്ത  ഇര  താന്‍  ആയേക്കാം  എന്ന്  ഒരു  മുന്നറിയിപ്പ്  ഒരു  അവസാന പ്രതിരോധത്തിന്  അവളെ  പ്രേരിപ്പിച്ചു . കൈയില്‍  തടഞ്ഞിരുന്ന  കമ്പിന്റെ  കൂര്‍ത്ത  അഗ്രം  വിടര്‍ന്നു  നിന്ന  പാമ്പിന്റെ  പത്തിയിലേക്കു  അവള്‍  ആഞ്ഞു കുത്തി .ആക്രമണത്തെക്കാള്‍  രക്ഷപെടാനുള്ള ശക്തി ആര്‍ജ്ജിച്ച  ആ  പ്രവൃത്തിയില്‍ പാമ്പിന്റെ  തല തുളച്ചു    കമ്പ്  മണലില്‍  ആഴ്ന്നിറങ്ങി  . അതിന്റെ  അവസാന  പിടച്ചില്‍  നിലച്ചെന്നു ഉറപ്പു  വന്നിട്ടും പിടി  വിടാന്‍  കൈകളുടെ  വിറയനുവദിച്ചില്ല .ഒടുവിലെപ്പോഴോ തളര്‍ച്ച  ബാധിച്ച  ശരീരം  അതിനു  മോചനം  അനുവദിച്ചെങ്കിലും  മനസ് മറ്റൊരു  പ്രക്രിയയ്ക്ക്  തയാര്‍ എടുത്തിരുന്നു കുത്തിക്കോര്‍ത്ത കമ്പില്‍  തന്നെ  അവളതിനെ   ഗുഹാമുഖത്ത്‌  വിടര്‍ന്ന  പത്തിയോടെ  ചാരി  നിര്‍ത്തി , ഇഴജീവികളും  പക്ഷികളും  ചെറു മൃഗങ്ങളും  മാത്രമുണ്ടായിരുന്ന  ആ  ദ്വീപില്‍  അതൊരു  അനാവശ്യമുന്‍കരുതല്‍  ആയിരുന്നുവെങ്കിലും .
ചുള്ളിക്കമ്പുകളും  കരിയിലകളും  കൂട്ടിയിട്ട്  പാറക്കഷണങ്ങള്‍  ഉരസി  അവള്‍  തീ പൂട്ടി  അതിനരുകില്‍  ഇരുന്നു   ഭയം  മടുപ്പിന്  വഴിമാറിയ  നിമിഷങ്ങളില്‍ നിദ്രയിലേക്ക്  വഴുതി ,
ഉറക്കമുണര്‍ന്നു ആദ്യം  നോക്കിയത്  ചത്തിരിക്കുന്ന  വലിയ  പക്ഷിയെയും അതിനടുത്തു ഊര്‍ന്നു  വീണു  കിടക്കുന്ന  പാമ്പിനെയും  ആയിരുന്നു  .കമ്പു കുത്തിയ മുറിപ്പാടിലേക്കു  ഉറുമ്പുകള്‍ വന്നു തുടങ്ങിയിരുന്നു ,അവ  വലിപ്പം  കൂടിയ   തവിട്ടു  നിറമുള്ള  ശവംതീനിയുറുമ്പുകള്‍   ആണെന്ന്  മനസിലായപ്പോള്‍  തന്നെ  അവയെ  നീക്കം  ചെയ്യാന്‍  അവള്‍  തീരുമാനിച്ചു . പാമ്പിനെ  നീക്കം  ചെയ്യുന്നത് അത്ര  ഭാരപ്പെട്ട  ഒന്നായിരുന്നില്ല ,പക്ഷി  വളരെ  വലിയ  ഒന്നായിരുന്നു .വല്ല വിധേനയും അതിനെ  വലിച്ചു  നീക്കാന്‍  ശ്രമിച്ചപ്പോഴേക്കും  അതടയിരുന്ന നാലു  മുട്ടകളില്‍  മൂന്നും  ഉരുണ്ടു വീണു  ഉടഞ്ഞുപോയിരുന്നു  , ബാക്കി  വന്ന  ഒരു  മുട്ട  സ്വേറ  ശ്രദ്ധാപൂര്‍വ്വം കൈയിലെടുത്തു  തീ  കൊണ്ട്  ചൂടുപിടിച്ചിരുന്ന  ഗുഹയുടെ  ഉള്ളില്‍  അധികം  ചൂട്  തട്ടാത്ത  വിധത്തില്‍  കൊണ്ടുചെന്നു  വച്ചു,  പകല്‍  ഇറങ്ങി  നടന്നു  വിറകും പഴങ്ങളും  ശേഖരിച്ചു . ചത്തു കിടന്ന  ഒരു  മുയലിന്റെ  തോലുരിച്ച്  അതില്‍ വെള്ളം  ശേഖരിക്കാം  എന്ന്  കരുതിയെങ്കിലും  ആ  ജീവിയുടെ  ദുര്‍ഗന്ധം  അസഹ്യമായി  തോന്നിയതിനാല്‍  അത്  വേണ്ടെന്നു  വച്ച്  അവള്‍  വാസസ്ഥലത്തേക്കു മടങ്ങിപ്പോന്നു , രാത്രിയില്‍  വീണ്ടും  തീപൂട്ടി  .പുലരും  മുന്‍പേ  ഏതോ  ജീവിയുടെ  ചലനമറിഞ്ഞു  അവള്‍  ജാഗരൂകയായി , കെട്ടുപോകാറയിരുന്ന കനലിന്റെയും എത്തി നോക്കിത്തുടങ്ങിയ പകലിന്റെയും  സാന്നിധ്യത്തില്‍    തലേന്ന്  മാറ്റിവച്ച  മുട്ട  വിരിഞ്ഞതായി  അവള്‍  കണ്ടു  . അതോരു  വലിയ  കോഴിയുടെ  വലിപ്പമുള്ള  പക്ഷിക്കുഞ്ഞായിരുന്നു  ,വെള്ള നിറം  ,പുറത്തു  നെടുകെ  കരികൊണ്ട്  വരച്ചാലെന്നത്  പോലെ നീണ്ട  കറുത്ത  പാട്  ,  പരിചിതമല്ലാത്ത  ലോകത്തില്‍  സ്വന്തം  വര്‍ഗത്തെ  എന്നത് പോലെ  ജീവന്റെ  ആ  പുതിയ  തുടിപ്പിനെ  അവള്‍  സാകൂതം  നോക്കിയിരുന്നു . അതാകട്ടെ  കൊക്ക്  പിളര്‍ത്തി  വിശപ്പിന്റെയോ  അനാഥത്തത്തിന്റെയോ  എന്ന്  വേര്‍തിരിക്കാനാവാത്ത
ഒരു അപരിചിത ശബ്ദം  പുറപ്പെടുവിച്ചു  കൊണ്ടിരുന്നു .

ഉറുമ്പുകള്‍  കൂട്ടം  കൂട്ടമായി  ആഹാരശേഖരണം  നടത്തുന്ന കാഴ്ച  അവളെ  മഴക്കാലത്തിന്റെ  വരവ്  ഓര്‍മിപ്പിച്ചു ,  അതൊരു  മുന്നറിയിപ്പായിരുന്നു  അവശ്യവസ്തുക്കളുടെ  അഭാവത്തെ ക്കുറിച്ച് ,വിറകു  ശേഖരിക്കുകയും  ,കമ്പും കല്ലും  ഉപയോഗിച്ച്  ചെറിയ  മൃഗങ്ങളെ  വേട്ടയാടുകയും  ചെയ്തപ്പോഴെല്ലാം  അവളുടെ  വെള്ളക്കൊറ്റി  ഇടവിടാതെ  അവളെ  പിന്‍തുടര്‍ന്നിരുന്നു ,അവള്‍  പറയുന്നതെല്ലാം  മനസിലാക്കുന്ന  ഒരു  ജീവിയെന്ന പോലെ  അവള്‍  അതിനോട്  സംസാരിക്കുക  പോലും ചെയ്തിരുന്നു ,  മഴ  തുടങ്ങും  മുന്‍പേ  വെള്ളം  അകത്തേക്ക്  കടക്കാതെ  ഗുഹമുഖം  അടയ്ക്കപ്പെട്ടു ,അതിനുള്ളില്‍  രണ്ടു  വര്‍ഗ്ഗത്തില്‍  പെട്ട 
ചെറിയ  രണ്ടു  ജീവികള്‍  ചൂടുകാഞ്ഞു  ഒരു   ലോകത്തില്‍  ജീവിതം നയിച്ചു.

മഴ  കനത്ത  ഒരു  രാത്രിയില്‍    ,ഒരു  വലിയ  മരം  പാറ ക്കെട്ടിനു  മുകളിലേക്ക്  കട പുഴകി  വീണു  ,  അതിന്റെ  ആഘാതത്തില്‍  പാറയിളകി  പല  വിള്ളലുകളും ഇല്ലാതാവുകയും  പുതിയവ  സൃഷ്ടിക്കപ്പെടുകയും  ചെയ്തു , ആ  ചെറിയ  ഗുഹയുടെ  ഉള്ളില്‍ ഭിത്തിയില്‍   നിന്നും  ഉരുളന്‍  കല്ലുകള്‍  അടര്‍ന്നു  പതിച്ചു ,  ഒരു മൂലയില്‍  വിറങ്ങലിച്ചിരുന്ന  സ്വേറയുടെ  മുന്നിലേക്ക്‌  ഒരു  കൂട്ടം  തുകല്‍ച്ചുരുളുകള്‍ തുറന്നു പോയ  ഒരു  ദ്വാരത്തില്‍  നിന്നും  വന്നു  വീണു      

ആകാശം  കണ്ണുതുടച്ചു  പുഞ്ചിരി  പൊഴിച്ചു  തുടങ്ങിയ  പകലുകളിലൊന്നില്‍ വെളിച്ചത്തിലേയ്ക്കു സ്വേറ  ചുരുളുകള്‍  അഴിച്ചു  തുറന്നു , അവ രണ്ടു  കെട്ടുകളായി  സൂക്ഷിക്കപ്പെട്ടിരുന്നു  ,  ഒരു  കെട്ടില്‍ ഒന്നും   രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല, നിരവധി   കാര്യങ്ങള്‍  എഴുതിയ   ചുരുളുകളുടെ   കൂട്ടമായിരുന്നു  മറ്റൊന്ന് , നിറഞ്ഞ  ആകാംഷയോടെ  അവള്‍  ഓരോന്നായി  വായിച്ചു  തുടങ്ങി ;

ചുരുള്‍  ഒന്ന്  
പാലിക്കേണ്ട    ഏഴു ശീലങ്ങള്‍ 
...................................................
 1.പ്രഭാതത്തിനു  നല്‍കേണ്ട പ്രത്യഭിവാദനം.
രാത്രിക്കു ശേഷം  വന്നുണര്‍ത്തുന്ന പുലരി  നല്‍കുന്ന  അഭിവാദനത്തിനു  പക്ഷി മൃഗാദികളും
സസ്യലതാദികളും  പ്രത്യഭിവാദനം നല്‍കുന്നുണ്ട് 

2,ഉണര്ന്നിരിക്കേണ്ടുന്ന  ധ്യാനാത്മകത
 .....................................................................
ചെടികളില്‍  പൂക്കള്‍  വിരിയുന്നതും  സസ്യങ്ങളില്‍  ധാന്യങ്ങള്‍  വിളയുന്നതും  ജന്തുക്കളിലെ
ജാഗ്രതാ ഭാവവും  സദാഉണര്‍ന്നിരിക്കുന്ന ധ്യാനാത്മകതയെ  കുറിക്കുന്നു 

3,നിദ്രയെ  നിറഞ്ഞ  മനസോടെ  പുല്കുക .
......................................................................
വേനലിന്റെ  ഒഴിവിലേക്ക്  വന്നെത്തുന്ന  മഴയും  വസന്തം  വിശ്രമിക്കുമ്പോള്‍  വരുന്ന  ഋതുഭേദങ്ങളും  ഈ  അനിവാര്യമായ  വിശ്രമത്തെ  ഓര്‍മിപ്പിക്കുന്നു .

4.ആവശ്യമായ  അധ്വാനശീലങ്ങളുടെ  ആവര്‍ത്തനം 
.......................................................................................
ജീവിതത്തിനാവശ്യമായ  അധ്വാനശീലങ്ങളാണ് ആരോഗ്യത്തെ  നിലനിര്‍ത്തുന്നത് .

5,ആഗ്നേയസ്വഭാവങ്ങളെ   ശാന്തഭാവങ്ങളില്‍   സൂക്ഷിക്കുക
..................................................................................................
ആവര്‍ത്തിക്കുന്ന  തിരകളും  വീശുന്ന  കാറ്റും   അപകടകാരിയാവുന്നത് അശാന്തിയുടെ  ആവേശത്തിലാണ്  ,  കോപം  ,താപം , തീക്ഷ്ണത  ,ജാഗ്രത ,പ്രതികരണം ഇവയെല്ലാം  ശാന്തതയുടെ  അകമ്പടിയോടെ  അഗ്നി  കെടാതെ  സൂക്ഷിക്കേണ്ടതാവശ്യമാണ് .

6. മറവിയെ  മറക്കാതിരിക്കുക .
......................................................
അനാവശ്യകാര്യങ്ങളെ  മറവിക്ക്  കൊടുക്കുക  ,  വലിയ  ഭാരങ്ങള്‍  ചുമന്നു  തളരാതെ പോകുവാന്‍  ഇതൊരു  അവശ്യനിയമം  തന്നെ .

7,അതിജീവനത്തിനു  സഹായിക്കാത്ത വെല്ലുവിളികളെ  ഒഴിവാക്കുക 
......................................................................................................................
ഊര്‍ജ്ജനഷ്ടം  ,  ബലപരീക്ഷണം  ഇവയൊന്നും  അതിജീവനത്തെ  സഹായികുന്നില്ലെങ്കില്‍  നിരര്‍ത്ഥകമാണ്.

ചുരുള്‍  രണ്ട് 
,,,,,,,,,,,,,,,,,,,,,,,,,,,,
ഏഴു  തീര്‍ഥാടനകേന്ദ്രങ്ങള്‍ 
..........................................
1 കടലിന്റെയഗാധ നീലിമ  
2,മലനിരകളുടെ  ഹരിത ശോഭ
 ,3മഞ്ഞുപ്രദേശങ്ങളുടെ  തൂവെണ്മ  ,
4മരുഭൂമികളുടെ  ഏകാന്തത  ,
5കാടിന്റെ   അലകള്‍ ,
6സ്വഹൃദയത്തിന്‍റെ  തുടിപ്പുകള്‍ 
7അടുത്തിരിക്കുന്നവന്റെ  കണ്ണുകളുടെ  തിളക്കം  .

അത്ഭുതത്താല്‍  വിടര്‍ന്ന  കണ്ണുകളോടെ  അവളതു  വായിച്ചു  കൊണ്ടിരുന്നു ,  ബാക്കിയുള്ള  ചുരുളുകളില്‍  ആ  ദ്വീപിന്റെ  വിവരണമായിരുന്നു , അതിന്റെ  ഭൂമിശാസ്ത്രപരമായ  പ്രത്യേകതകള്‍ ,അതിലുള്ള  ജീവജാലങ്ങള്‍ , അവയുടെ  സവിശേഷതകള്‍, അമൂല്യമായ  ഔഷധങ്ങളുടെ  ദ്വീപിലെ  സാന്നിധ്യം ....!!
അവസാന ചുരുളില്‍ ഉണ്ടായിരുന്ന    കപ്പലിന്റെ  ചിത്രത്തിലെ   ,  ചില  ഭാഗങ്ങള്‍  പ്രത്യേകം  അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു .

വളരെ  വൈകാതെ  വരാന്‍  പോകുന്ന  ഒരു  പ്രളയത്തിന്റെ  മുന്നറിയിപ്പോടെ  അവസാനിച്ച ആ  തുകല്‍ച്ചുരുളുകള്‍  സ്വേറ  വായിച്ചു  തീര്‍ന്ന  ദിവസം  നീലയായ് പരന്നു  കിടന്ന  കടലിന്റെ  മാറിലൂടെ  വെള്ളി നൂലിഴകള്‍ പോലെ   നീണ്ടു വളര്‍ന്ന  താടിയും  മുടിയുമായി  ശാന്തഗംഭീരനായ  ഒരു  അതികായന്‍  അയാളുടെ  ചെറിയ  തോണിയില്‍  ദ്വീപിലെത്തിച്ചേര്‍ന്നു 

സ്വേറ 4
......................
ആള്‍ താമസമില്ലാതിരുന്ന ദ്വീപില്‍ നിന്നും പുക ആകാശ ത്തെയ്ക്കുയരുന്നത് കണ്ട് തിളക്കമുള്ള ആ കണ്ണുകളില്‍ ഒരു ചോദ്യഭാവം നിഴലിച്ചു , ഗുഹാമുഖത്തെക്കുള്ള വഴിയരികില്‍ സര്‍പ്പത്തിന്റെ അസ്ഥികൂടവും പക്ഷിയുടെ തൂവലുകളും കണ്ട അദേഹത്തിന്‍റെ നെറ്റിത്തടം ആലോചനാ ഭാവം വിളിച്ചോതുന്ന ചുളിവുകളെ സ്വീകരിച്ചു . അദേഹം കടന്നു ചെല്ലുമ്പോള്‍ സ്വേറ തന്റെ വലിയ കൊറ്റിയുടെ മുട്ടകള്‍ വിരിഞ്ഞത് നോക്കി നില്‍ക്കുകയായിരുന്നു ,പൂവന്‍ കൊറ്റി അവയ്ക്ക് ചുറ്റും ഒരു സുരക്ഷിത വലയം തീര്‍ത്ത്‌ ചിറകു വിരുത്തി നിന്നു , വിരിഞ്ഞിറങ്ങിയ ഓരോ പക്ഷിക്കുഞ്ഞിന്റെയും കാല്‍ നഖങ്ങള്‍ വെള്ളി പോലെ തിളക്കമുള്ളവയായിരുന്നു ,
അവയെ വീക്ഷിച്ചു കൊണ്ടുനിന്ന സ്വേറ തനിച്ചായി പ്പോയ ഒരു ജീവിയുടെ സഹജവാസന എന്നവണ്ണം തിരിഞ്ഞു നോക്കി , കടല്‍ തീരത്തുനിന്നും നരച്ച താടിയും മുടിയുമായി നീണ്ട കുപ്പായം ധരിച്ച ഒരതികായന്‍ അവള്‍ക്കു നേരെ നടന്നു വരുന്നു .
,
അവള്‍ക്കടുത്തെത്തി അദേഹം നിന്നു, ഗുഹയുടെ ഉള്‍വശത്തു അവള്‍ സൂക്ഷിച്ചിരുന്ന ചുരുളുകളെക്കുറിച്ച് ഗാംഭീര്യമാര്‍ന്ന ശബ്ദത്തോടെ സാവധാനം ചോദിച്ചു , തന്നെ ഉത്തരവാദിത്വപൂര്‍വ്വം സൂക്ഷിക്കാന്‍ ഏല്പിച്ചിരുന്ന ഒരു വസ്തു കേടുപാടുകള്‍ കൂടാതെ തിരിച്ചേല്‍പിക്കുന്ന ഭാവത്തോടെ അവള്‍ അതെടുത്തു നല്‍കി . ഗുഹയുടെ വാതിലില്‍ ചാരി വച്ചിരുന്ന സര്‍പ്പത്തെ കൊല്ലാന്‍ ഉപയോഗിച്ചിരുന്ന ഗോഫെര്‍ മരത്തിന്‍റെ കമ്പ് അദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു , ആ ചുണ്ടുകളില്‍ ഒരു പുഞ്ചിരി വിരിഞ്ഞു .
''ഞാന്‍ നോഹ , നമുക്ക് പോകാം '' സ്വേറയുടെ കാതുകളില്‍ അനുവാദത്തിനു കാത്തു നില്‍ക്കാതെയുള്ള ആജ്ഞാ സ്വരം വന്നു വീണു . ഒരു വിശദീകരണം കാത്തു നില്‍ക്കുന്ന അവളുടെ മുന്നിലേക്ക്‌ അവസാന ചുരുള്‍ തുറന്നു വരാനിരിക്കുന്ന പ്രളയത്തെക്കുറിച്ചുള്ള വരികളിലൂടെ അദേഹം ചൂണ്ടുവിരല്‍ ഓടിച്ചു .ഒപ്പം അടയാളപ്പെടുത്തപ്പെട്ട പെട്ടകവും കാണിച്ചു .അനന്തമായി നീങ്ങിക്കൊണ്ടിരുന്ന ഏകാന്തവാസത്തില്‍ നിന്ന് ഉറച്ച കാല്‍ വയ്പുകളോടെ ആ വനവാസി നോഹയുടെ ചെറിയ തോണിയിലേക്ക്‌ കയറി .
കരുത്തനായ ഒരു യുവാവെന്നപോലെ കാഴ്ചയില്‍ പടുവൃദ്ധന്‍ എന്ന് തോന്നിച്ച നോഹ അതിവേഗം തോണി തുഴഞ്ഞു പോയി . ഒരു ദിവസത്തെ യാത്രയ്ക്ക് ശേഷം കടലില്‍ നങ്കൂരമിട്ടു കിടന്ന ഒരു ഭീമന്‍ കപ്പലിലേക്ക് അവര്‍ തോണിയടുപ്പിച്ചു.
''എല്ലാവരും വന്നെത്തിയോ ''? അക്ഷമയും ഒപ്പം ഉത്കണ്ഠയും നിറഞ്ഞ ചോദ്യം കപ്പല്‍ ജോലിക്കാരോടയിരുന്നു , ഹാം , ഷേം, ഇരുവരും അകത്തുണ്ട് , പുറത്തേക്കിറങ്ങി വന്ന യാഫെത്ത് മറുപടി പറഞ്ഞു , നോഹയുടെ ഇളയ പുത്രനായിരുന്നു അവന്‍ . അപ്പന്റെ ഒപ്പം കണ്ട സുന്ദരിയായ പെണ്‍കുട്ടി അവനില്‍ ആശ്ചര്യം ഉളവാക്കിയെങ്കിലും യാതൊരു അന്വേഷണത്തിനും മുതിരാതെ സ്വേറയെ ഒരു അതിഥിയെന്ന പോലെ അവന്‍ സ്വീകരിച്ചു .

 അവര്‍ തിരക്കിലായിരുന്നു , വരുന്ന പ്രളയത്തിനു മുന്പ് ഉണ്ടാക്കേണ്ടിയിരുന്ന പെട്ടകത്തിന്‍റെ അളവുകളെക്കുറിച്ചും ഗോഫെര്‍ മരം ദ്വീപില്‍ നിന്നു കൊണ്ടുവരുന്നതിനെക്കുറിച്ചും
സംസാരിച്ചപ്പോഴോക്കെയും യാഫെത്തിന്‍റെ കണ്ണുകള്‍ അസാമാന്യധൈര്യത്തോടെ നോഹയ്ക്കൊപ്പം വന്നു കയറിയ പെണ്‍കുട്ടിയെ ആരാധനാഭാവത്തോടെ ഉഴിഞ്ഞു കൊണ്ടിരുന്നു .
വെള്ളാരം കല്ലുകള്‍  പോലെയുള്ള  കണ്ണുകളും  തോളൊപ്പം ഇറങ്ങിക്കിടക്കുന്ന  സ്വര്‍ണച്ചുരുള്‍ മുടിയും  ഉറച്ച മാംസപേശികളുമുള്ള ആ  സുന്ദരനില്‍ നിന്നു  തന്റെ  ഹൃദയഭാവങ്ങളെ  ഒളിപ്പിച്ചു  വയ്ക്കുക  അവള്‍ക്കും  എളുപ്പമായിരുന്നില്ല ,
ആകാശത്തിന്‍റെ ജാലകങ്ങള്‍ തുറന്നു ഭൂമിയിലേക്ക്‌ മഴ പെയ്തു തുടങ്ങി ,പ്രളയ ജലം ഭൂമിയെ മുക്കിത്തുടങ്ങിപ്പോള്‍ യാഫെത്തിന്റെ ഹൃദയത്തിലും സ്വേറ പെയ്തു നിറഞ്ഞുകൊണ്ടിരുന്നു , അവരുടെ  പ്രണയ ഭാവങ്ങളിലേക്ക്  പ്രളയം  പതഞ്ഞുയര്‍ന്നുകൊണ്ടിരുന്നു 


പെട്ടകത്തിന്റെ പണി പൂര്‍ത്തിയായപ്പോള്‍ നോഹയും പുത്രന്മാരും സകുടുംബം അതിനുള്ളിലേക്ക്‌ കയറി , ഏറ്റവും പിറകില്‍ യാഫെത്തിന്റെ കൈ പിടിച്ചു സ്വേറയുമുണ്ടായിരുന്നു ,നൂറ്റിയന്‍പത് ദിവസം നീണ്ടു നിന്ന പ്രളയജലം പത്തു മാസത്തിനു ശേഷം ഇറങ്ങിത്തുടങ്ങിയപ്പോള്‍ നോഹ പറത്തി വിട്ട വെള്ളരിപ്രാവ് കൊത്തിയെടുത്ത ഒലിവിലയുമായി മടങ്ങിവന്നു ഗര്‍ഭാലസ്യത്തോടെ യാഫെത്തിനെ ചാരിയിരുന്ന സ്വേറയുടെ കൈകളില്‍ ഇരുന്നു , അവള്‍ സൂര്യനെ നോക്കി പുഞ്ചിരിച്ചു ,,,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

2015 ഫെബ്രുവരി 22, ഞായറാഴ്‌ച

ചെളി


വാതില്‍പ്പടിയില്‍  ചവിട്ടിതേച്ച  ചെളിയോ ,
ചെരിപ്പിന്റെ  പാടുകളോ  
അയാള്‍ എന്നും   കണ്ടെത്തും ,!!

അതെങ്ങനെ
 തന്റെ  കണ്ണില്‍  പെട്ടില്ലെന്ന്  
അവള്‍  അത്ഭുതപ്പെടും ,

തന്നെക്കാണാന്‍  ആരും
വന്നില്ലെന്ന്   ആണയിടും  ,
പുറം നിറയെ  തല്ലുകൊള്ളും ,
പിറ്റേന്നും  വീടു കഴുകും  ,
എവിടെയും  ചെളി  പതിയരുതെയേന്നു
ദൈവത്തോട്  പ്രാര്‍ത്ഥിക്കും 

 കുടുംബകലഹത്തിനു  കാരണം
 ''അവള്‍ക്കു  വൃത്തിയില്ല.

  അവളിറങ്ങിപ്പോയ ശേഷം  
  ചെളി  കണ്ടെത്തപ്പെട്ടില്ല ,

മനസിലുള്ള  ചെളി
മറ്റുള്ളവര്‍ക്ക്  കണ്ടെത്താന്‍ കഴിയില്ലെന്ന്  
അവള്‍ക്കു മനസിലായ ദിവസം
 അയാള്‍ക്കൊരു  കത്തു  വന്നു ,
 വരാന്തയില്‍ കിടന്ന്
ആ  കത്താകെ  ചെളി  പുരണ്ടു  ...!!

2015 ഫെബ്രുവരി 21, ശനിയാഴ്‌ച

കൃഷിക്കാരന്റെ മകള്‍


ഡോക്ടര്‍  സൂര്യശോഭ കുട്ടികളുടെ  ക്യാന്‍സര്‍ വാര്‍ഡില്‍  നിന്നു  പുറത്തേക്കു നടന്നു , കണ്‍സള്‍ട്ടിംഗ്   സമയം  ആയിരുന്നില്ലയെങ്കിലും  അവര്‍  രോഗികളുടെ  പരിശോധനമുറിയില്‍  പോയിരുന്നു , വിടര്‍ത്തിയ  കൈപ്പത്തികളില്‍ മുഖം  ചേര്‍ത്ത്നെടുതായോന്നു നിശ്വസിച്ചു .മേശപ്പുറത്ത്  വിരിച്ചിരുന്ന സുതാര്യമായ  വിരിപ്പിലൂടെ  കണ്ട  പഴയൊരു  ചിത്രം അവരുടെ  ശ്രദ്ധയാകര്‍ഷിച്ചു.  

വിടര്‍ന്നു നില്‍ക്കുന്ന സൂര്യകാന്തിപ്പൂവ്,
അതിന്റെ  ദളങ്ങള്‍ക്ക്  മഞ്ഞനിറമായിരുന്നില്ല ,അസ്തമയസൂര്യന്‍റെ  ചുവപ്പ്  ,
വങ്ങളിലേക്ക്ശ  നീട്ടിവരച്ചയിലകളില്‍   മഞ്ഞയും  പച്ചയും  കലര്‍ന്ന  വാടിയ നിറം

ചുവടെ  കറുത്ത മഷിയില്‍  ഇങ്ങനെ  കുറിച്ചിരുന്നു

''വിടര്‍ന്നാല്‍    കൊഴിഞ്ഞേ തീരൂ , സഹതാപമര്‍ഹിക്കുന്ന  നിസഹായത  സൂര്യനെ നോക്കുന്നവര്‍ക്കുള്ളതല്ല''

പന്ത്രണ്ടു  വര്‍ഷങ്ങള്‍ക്കു മുന്‍പൊരു  സായാഹ്നം അവരിലേക്ക്‌ കടന്നു വന്നു .പേരറിയാത്ത  മരുന്നുകളുടെ കടുപ്പത്തിലൊരു  പെണ്‍കുട്ടി  കട്ടിലില്‍  തളര്‍ന്നു മയങ്ങുന്നു , പേനയോ  പുസ്തകങ്ങളോ  ,എന്തിനു  ഒരു  പൂവ് പോലുമില്ലാത്ത  മുറി വല്ലാതെ  വിളര്‍ത്തു  കാണപ്പെട്ടു ,
നിറഞ്ഞ കണ്ണുകളുമായി കൈത്തലം  തലോടിക്കൊണ്ട്  അമ്മയെപ്പോഴും  അടുത്തിരുന്നു , വളരെ  വൈകാതെ  യാത്ര  പോകാനുള്ള ഒരു  ചോദനയുമായി  അവളെപ്പോഴും  കണ്ണുകള്‍ പൂട്ടിക്കിടന്നു .
തലമുടി  ഒരുപാടു  കൊഴിഞ്ഞുപോയിരുന്നു , കണ്ണുകള്‍ക്ക്‌  ചുറ്റും  വീണുകിടന്ന  കറുത്ത പാട്  വളര്‍ന്നു  കൃഷ്ണമണികളെ  ബാധിച്ചെന്നു  തോന്നുമാറു  അവയുടെ  തിളക്കം  തീരെ  മങ്ങിയിരുന്നു   .

ദൂരെയൊരു  ഗ്രാമത്തില്‍  നിന്നു  അവളെക്കാണാന്‍ അച്ഛന്റെ സുഹൃത്തിന്റെ    കൂടെയെത്തിയ പെണ്‍കുട്ടി അവളുടെ  മെല്ലിച്ച  കരങ്ങള്‍  പിടിച്ചു  ഒരു  കാര്‍ഡ്  സമ്മാനിച്ചു , വീട്ടുമുറ്റത്തും  പാടത്തും  വിരിഞ്ഞു  നില്‍ക്കുന്ന സൂര്യകാന്തിയുടെ  നിറം  വരയ്ക്കാന്‍  കഴിയാത്തത്  കളര്‍ പെന്‍സില്‍  തീര്‍ന്നു പോയതിനാല്‍  ആണെന്ന്  ക്ഷമാപണം  പറഞ്ഞു ,

മുറ്റത്ത്‌  ചെടിച്ചട്ടിയില്‍  വിരിഞ്ഞ  ഒരേയൊരു  സൂര്യകാന്തിയുടെ  നിറം  കാണണമെന്നു   കരുതി  ദിവസങ്ങള്‍ക്ക്  ശേഷം  അവള്‍  മുറ്റത്തിറങ്ങി  , ആ പൂവ്  ഉച്ചസൂര്യനെ  നോക്കുന്നതുപോലെ  തലയുയര്‍ത്തി  നിന്നു ,  ചെറിയ  കാറ്റ് എന്തോ  സ്വകാര്യം  പറഞ്ഞെന്ന പോലെ  ഇളകിച്ചിരിച്ചു , 

പിന്നീടുള്ള  ദിവസങ്ങളില്‍ മുറ്റം  നിറഞ്ഞ്  സൂര്യകാന്തിച്ചെടികള്‍  വളര്‍ന്നു , സൂര്യശോഭയുടെ കണ്ണുകളില്‍  നിറങ്ങള്‍  വര്‍ണം  ചാലിച്ച്  കാത്തു നിന്നു , വിളര്‍ച്ച  ബാധിച്ച മുറിയില്‍  പുസ്തകങ്ങള്‍  തിങ്ങി വളര്‍ന്നു ,

തലയില്‍ നിന്നൂര്‍ന്നു  പോയ  വിഗ്ഗെടുത്തു  വച്ച്  ഡോക്ടര്‍  ആശുപത്രി  വരാന്തയിലൂടെ  നടന്നു പോകുമ്പോള്‍  പിന്നില്‍  നിന്നുമൊരു  കുട്ടി ഭിത്തിയില്‍ വലിയതായി  എഴുതിയ     അക്ഷരങ്ങളെ  പെറുക്കിയെടുത്തു   വായിക്കുന്നുണ്ടായിരുന്നു ,   
''സഹതാപമര്‍ഹിക്കുന്ന  നിസഹായത  സൂര്യനെ നോക്കുന്നവര്‍ക്കുള്ളതല്ല''

വിടര്‍ന്നാല്‍  കൊഴിഞ്ഞേ  തീരൂ  ,  ഡോക്ടര്‍  സൂര്യശോഭ  പുഞ്ചിരിച്ചു ,

2015 ഫെബ്രുവരി 18, ബുധനാഴ്‌ച

സ്വര്‍ണ്ണപ്പാദുകം


വയല്‍ച്ചെളിയുടെ
വിവരാവകാശ നിയമങ്ങളില്‍ 
ഉറങ്ങാന്‍ കിടക്കുന്നു 
 കാലത്തിന്റെ  
ബഹിരാകാശസ്വപ്‌നങ്ങള്‍ 


പാറമടയുടെ     ;
കഠിനാധ്വാനധ്വനികളില്‍ 
വേരുപിടിക്കുന്നു   വിപ്ലവം

പുറം പോക്കിന്റെ 
ഇല്ലാത്ത  കണക്കില്‍
പെരുകുന്നു  
മാനവവിഭവശേഷി  

കരിഞ്ഞ  കണ്ണുകള്‍ 
വിണ്ട  പാദങ്ങള്‍
പൊട്ടിയ  കയ്യുകള്‍ 
തഴമ്പിച്ച തോളെല്ലുകള്‍
ഇവ കൊണ്ടൊക്കെ
സ്വര്‍ണ്ണപ്പാദുകം തുന്നുന്നു 
രാഷ്ട്രങ്ങള്‍  ...!!

2015 ഫെബ്രുവരി 15, ഞായറാഴ്‌ച

എഴുതാത്തവ


സങ്കടങ്ങള്‍ 
അഴിച്ചുപകുക്കാനാവാത്തവര്‍ 
 കടലെന്നു കാലനിര്‍വചനം .

പങ്കുവയ്ക്കപ്പെടാത്ത
സന്തോഷങ്ങള്‍
ചുമക്കുന്നവര്‍   
ദ്വീപുകളെന്നു ഞാനും

കടലിലാണ് ദ്വീപുകള്‍ പൊന്തുക, 
എഴുതാതെ   മാറ്റിവച്ച  
വരികളെയാണ് 
പ്രണയമെന്നു 
രേഖപ്പെടുത്തുക  ...!!

ചിത്രകാരന്‍


ദളശോഭ മങ്ങിയ  
ചിത്രങ്ങളെന്നില്‍
ചോദ്യചിഹ്നമായുണരുന്നു 
തല കുനിച്ചെന്നിലേക്കു
കൊഴിയുന്നു  .
വാടിയയലങ്കാരപ്പൂവുകള്‍

നീലയല്ലാതൊരു  
കടല്‍  നീ  വരയ്ക്കുമ്പോള്‍ 
ജലമില്ലാ കൂജതന്‍ 
വാ പിളര്‍ന്നുരുളുന്നു 
ദാഹത്തിന്നവസാന കണികകള്‍ 

ഒഴുകാത്ത
പുഴയെന്നൊരടിക്കുറിപ്പില്‍ 
ഞാനുറയുന്നു ,ഉരുകാത്ത
മഞ്ഞായ്ത്തറയുന്നു

ഇലപൊഴിയും  
മരങ്ങളില്‍ 
വേനലെന്നെഴുതുമ്പോഴീ   
വിതറുന്ന   ചായങ്ങളില്‍  
ചാറുന്നുവെന്‍ കാഴ്ചകള്‍ 

പൂവുകളില്ലാ 
പുല്‍മേടുകളെന്നു നീ 
വരകളെ  ചൂണ്ടുന്നു 
കുഞ്ഞുങ്ങളില്ലാ വീടിന്റെ
വെടിപ്പേറും 
ഭിത്തികളായവയെന്നില്‍   
കോറുന്നു

മഴത്തുള്ളി തന്‍ മാതൃക 
തേടുന്നു നിന്‍  കണ്ണുകള്‍ 
ഇറ്റുന്ന  കണ്ണീര്‍  
പിടച്ചു നില്‍ക്കുന്നു
പുഞ്ചിരിക്കുന്നു  ഞാന്‍  

നീ  നീണ്ട നിഴലായ്
പതിയുന്നു ചുമരില്‍
നിറങ്ങളില്‍  തട്ടി വീണു
ഞാനന്ധയായ്ത്തീരുന്നു 

2015 ഫെബ്രുവരി 14, ശനിയാഴ്‌ച

തൂലികാ ഹൃദയം


ചലിക്കാന്‍ 
തൂലികയ്ക്കൊരു
ഹൃദയമാവശ്യമുണ്ട് .

രക്തമോഴുക്കു നിലച്ചു
തീരെയുണങ്ങിയത്  
പൊള്ളയായ അറകളോടെ

അനുഭവങ്ങളും
സ്വപ്നങ്ങളുമെന്നും 
തീക്ഷണതയും
മൃദുലതയെന്നും  
നാലു  വാല്‍വുകള്‍ 

അടുത്ത   വളവിലേക്കു 
തിരിയുന്ന  ജീവിതഗോവണിയുടെ 
അഞ്ജാതപാതകളവ
നേരിട്ടുകൊള്ളും.

പഞ്ചഭൂതങ്ങളില്‍ 
ആകാശത്തിനു  കണ്ണും
മണ്ണിനു മനസും 
വായുവിനീ  പ്രണയവും 
ജലത്തിനെന്‍റെയൊഴുക്കും
അഗ്നിക്കെന്നെയും മടക്കിനല്‍കിയാലും 

കാലികവര്‍ത്തമാനങ്ങള്‍
നിറയുമ്പോള്‍  
വാക്കുകളായി മിടിച്ചു  
വരികളായൊഴുകുവാന്‍ 

നിങ്ങള്‍ക്കുമെനിക്കും വേണ്ടി
തൂലികയ്ക്കു വേണ്ടി    
മരണമില്ലാത്തൊരു
ഹൃദയം  ആവശ്യമുണ്ട് 

നിസഹായതയുടെ കൂട്ടുകാരി


മരണത്തിന്റെ മടയിലേക്കു
മിടിക്കുന്ന നിസാരതയുടെ
കൂട്ടമാണ്‌ നാം .
മരണപ്പെട്ടവരെ
കണ്ടെത്തുമെന്ന്
പ്രതീക്ഷിച്ചു
ഞാനിപ്പോള്‍ സന്ധ്യയില്‍
നടക്കാനിറങ്ങുന്നു ,
സൂര്യാസ്തമയവും
ചന്ദ്രോദയവും
ചേര്‍ന്നു വരുന്ന
ആ നേരങ്ങളില്‍
നിഴലുകള്‍ രണ്ടുണ്ടാവും .
ജീവിതത്തിന്റെ
കടുപ്പിച്ച പ്രതിരൂപവും
പിന്തുടര്‍ന്നു വരുന്ന
മരണത്തിന്റെ അര്‍ദ്ധതാര്യവുമായ
ഇരുരൂപഭേദങ്ങള്‍

ഇരുള്‍ കനക്കുമ്പോള്‍
ഞാനേകാന്തതയുടെ മാളത്തിലേക്ക്
മടങ്ങുന്നു .
നിഴലും നഷ്ടമായ
നിസഹായതയുടെ കൂട്ടുകാരിയായി

2015 ഫെബ്രുവരി 10, ചൊവ്വാഴ്ച

ഇസ മൊഴികള്‍

 1.  ഒരു പ്രതിഭയെ കണ്ടെത്തുന്നതിനെക്കാൾ പ്രധാനമാണു ആ പ്രതിഭയുടെ ദിശ തിരിച്ചുവിടൽ;
വഴിമാറിപ്പോകുന്ന ഓരൊ ഒഴുക്കും കനത്ത നാശം സൃഷ്ടിക്കും
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


2,  'സമാധാനകാംക്ഷികള്‍  എപ്പോഴും  ഒരു  യുദ്ധത്തിനു  തയാറായിരിക്കണം'

3,ഭാഷ സംസ്കാരമാണ് ; സംസ്കരിക്കരുത് ,!!

4.അദൃശ്യമായ കൊലപാതകമാണു മറന്നുകളയൽ.!!!

5ചെടികളെ പോലെ ആത്മഹത്യ ചെയ്യാന്‍ പഠിക്കണം .....എന്നിട്ട് ആരുമറിയാതെ വീണ്ടും മുളയ്ക്കണം!!

6.സ്നേഹത്തിന്റെയവസാനയാഘോഷമത്രേ, മരണം!!

 7.ഈറനാണെന്നും പൂക്കാലങ്ങള്‍ ..!!!

8.ആത്മവിശ്വാസത്തോളം നിലനില്‍ക്കുന്ന മൂലധനമില്ല ..!!
......................................................................................................
ഒരു പാട് സ്നേഹിച്ചവര്‍ ഒപ്പം ജീവിക്കാറില്ല 
ഒപ്പം ജീവിക്കുന്നവര്‍ ഒരുപാടു സ്നേഹിക്കാറില്ല 
ഒരുപാടു സ്നേഹിച്ചു ഒപ്പം ജീവിക്കുന്നവര്‍ ഒരുപാടു നാള്‍ ജീവിക്കാറില്ല!!
..........................................................................................................................................
ആകാശം ഇരുള്‍ മൂടുമ്പോഴാണ് താരകള്‍ തെളിയുക ;
പ്രതിസന്ധികളിലാണ് നാം ആരെന്നറിയുക


സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ഭയവും സംഭവങ്ങളുടെ കാരണങ്ങളെക്കുറിച്ചുള്ള അജ്ഞതയും മതങ്ങളെ മനുഷ്യർക്കിടയിൽ നിലനിർത്തുന്നു.!!

2015 ഫെബ്രുവരി 9, തിങ്കളാഴ്‌ച

സ്വപ്നബാക്കി


ആശുപത്രിവരാന്തകളുടെ
അര്‍ത്ഥഗര്‍ഭമായ
നിശബ്ദതയില്‍പ്പെട്ടു 
നില്‍ക്കുമ്പോള്‍
ദൈവാലയങ്ങളുടെ
തണുപ്പെന്നിലേക്കരിച്ചെത്താറുണ്ട്
തെരുവുകളില്‍
കാരുണ്യരൂപത്തില്‍
മാലാഖമാരെ
കാണാറുണ്ട് ഞാന്‍ .
ഇരുണ്ടുകിടക്കുന്ന
മുറിച്ചുവരുകള്‍
പൊടുന്നനെ
മഞ്ഞുമൂടിയ മരമാകുന്നതും
പൊഴിയുന്നയിലകള്‍ വീണു
മുറിയാകെ നനയുന്നതും
ഒരു തണുത്ത വെളുപ്പാന്‍ കാലത്തെ
തനിച്ചുള്ള നടത്തത്തിലേക്ക്
ഞാനുറങ്ങിപ്പോകുന്നതും
ഈ സ്വപ്നത്തിലാവാം .
കുറുകുന്ന ചിലയക്ഷരങ്ങള്‍
എന്നിലേക്കു കൂടു കൂട്ടുമ്പോള്‍
ഞാന്‍ അവസാനിക്കുന്നു .
ബാക്കിയാവുന്ന സ്വപ്നങ്ങളും

2015 ഫെബ്രുവരി 7, ശനിയാഴ്‌ച

സൂര്യകാന്തി


എന്‍റെ മുറിച്ചുവരുകളില്‍
സൌരചിത്രങ്ങള്‍ മാത്രം
ഭൌമാന്തരീക്ഷത്തെ വേറിട്ടു നിന്നു

മഞ്ഞയുദയ  സൂര്യന്‍ ..!!

അഗ്നിവര്‍ണ്ണമാര്‍ന്ന
ഉച്ച സൂര്യന്‍ ..!!

അസ്തമയ ചുവപ്പു  സൂര്യന്‍...!!

ഇരുള്‍വിഴുങ്ങുന്ന
ഗ്രഹണ സൂര്യന്‍ ...!!

അവിടെയിരുന്നു
ഞാന്‍ കരഞ്ഞപ്പോഴെല്ലാം

 രാത്രി
വാല്‍ നക്ഷത്രങ്ങള്‍
കൊണ്ട്  കണ്ണെഴുതി
അമ്പിളിക്കല കൊണ്ട്
കുറിവരച്ചു .

മുറിക്കു പുറത്തു
ഞാന്‍ ചിരിച്ചപ്പോഴോ

നിലാവിന്‍റെ നെഞ്ചിലെ
നീലഞരമ്പുകള്‍
പാല്‍ക്കുഴലുകളായ്
വിഷം വമിച്ചു.
എന്റെ കൈത്തണ്ടയിലെ
ചോരത്തുള്ളികള്‍ തേന്‍ രുചിച്ചു . 

ചതി


മരവും തണലും
ഞാന്‍ തന്നെയെന്നറിഞ്ഞിട്ടും
ചതുരംഗപലകയില്‍
ഇരയും  കരുവുമായി
നീയെന്നെ   നീക്കുന്നു   ..!!


ഞാന്‍ കവിതയിലേക്ക്
മുടന്തിക്കയറുന്നു...!!
മൗനത്തിലേക്കിറങ്ങി
ജീവിതം നാടുവിടുന്നു  ...!!

ചതിയുടെ  ചൂതുകളിയില്‍
നീ  തോല്‍ക്കുന്നു ..!!
ഏകാകിയായി  ഞാന്‍ ജയിക്കുന്നു ..!!

കണ്ടെടുക്കല്‍


 



ചുരുള്‍മുടികളുള്ള    

തവിട്ടു നിറമാര്‍ന്ന മിഴികളുള്ള

അതിരുകളജ്ഞാതമായ 

ശാന്തസാമ്രാജ്യത്തിന്റെ
 രാജ്യഭാരമേറ്റ
കുമാരിയായിരുന്നു ഞാന്‍
കഴിഞ്ഞ ജന്മത്തില്‍

നൂറായിരം കൊല്ലം പിറകില്‍
 യുദ്ധം ജയിച്ചയെനിക്കൊപ്പം
 സമുദ്രം വിഴുങ്ങിപ്പോയയെന്റെ
സാമ്രാജ്യമേ നിന്നെ

സ്വരലേശമില്ലാതെ
നനഞ്ഞ മണ്ണിലുരുളുന്ന
രഥചക്രങ്ങളുടെ വേഗതയിലോ
ചിന്തകളുടെ  ചെപ്പുകുടങ്ങളിലോ
കണ്ടെടുക്കാറുണ്ട് ഞാന്‍

മഴ

ചിരിയോളിപ്പിച്ച പകലിന്
കണ്ണീരൊളിപ്പിച്ചു കരിമുകില്‍
കാടായ കാടും വീടായ വീടും
കണ്ണും തിരുമ്മി കൂട്ടുപോയി
ഇണങ്ങിയും പിണങ്ങിയും
പിന്നിലൊളിച്ചും ,...
പയ്യെചിരിച്ചും
തെല്ലു മറഞ്ഞും
മുകളിലോ സൂര്യ ഗായത്രി
മുത്തശ്ശി രാമായണം
പാരായണം ചെയ്യുന്നു
വാക്കുപാലിക്കാത്ത വികൃതിക്കുട്ടിയെ
വിരുന്നു കാക്കുന്നു വീട്ടുകാര്
മുറ്റത്തൊരു തുളസി
കുളിച്ചു കുറി തൊടുന്നു
ഭൂമിയുടെ മനം തുടിക്കുന്നു ..
മാനം മുഖം തുടച്ചത്രേ

2015 ഫെബ്രുവരി 2, തിങ്കളാഴ്‌ച

ചോക്കുവര


സമകാലികരുടെ , 
വര്‍ത്തമാനങ്ങളില്‍   
ഭൂതകാലത്തിലാണ് ഞാന്‍ , 

സ്നേഹത്തിന്‍റെ 
വ്യവഹാരത്തില്‍ 
വഴിയാത്രക്കാരി

വ്യാഖ്യാനത്തിലെ 
വ്യാകരണത്തില്‍  
വികലാംഗ 

സംസാര  ഭാഷയില്‍
വാക്കുകളുടെ   
കാഞ്ഞിരക്കയ്പ്  

ഒരിക്കലാരംഭിച്ച്  
എന്നോ അവസാനിച്ചു പോയ 
ചോക്കുവര ..!!

ആരായിരുന്നു ഞാന്‍ ?

കൊഴിയുന്നയിലകളിഴ
ചേര്‍ന്നിടമൊരുക്കുന്നു 
ആളൊഴിഞ്ഞ മുറ്റത്തേതോ-
യിതള്‍ പൊഴിഞ്ഞ 
സംസ്കൃതി പിറക്കുന്നു

ഞാനൊറ്റയ്ക്കിരുട്ടു പൂക്കുമീ-
യിടനാഴികള്‍ താണ്ടുന്നു 
കാറ്റൊച്ച വയ്ക്കുന്നു 
മണല്‍ ചിരിക്കുന്നു
കരിയിലകള്‍ കരയുന്നു  
മടക്കം  കൊതിച്ചെന്റെ  
പൂര്‍വ്വജന്മത്തിന്നകത്തളങ്ങള്‍ 
 പാടുന്നു 

കിളി മൊഴിചൊല്ലിപ്പോയ  
പാടത്തെന്റെയാത്മാവു 
കത്തുന്നു പന്തമായ്
കാലം  വിളക്കു വയ്ക്കുന്നു
നാഗന്‍ പടം പൊഴിക്കുമീ  
അസ്ഥിത്തറകളില്‍ 

ആരായിരുന്നു ഞാന്‍ ?
ഹൃദയപൂര്‍വ്വം  കൊഴിഞ്ഞയിലകളില്‍
കാറ്റെഴുതിയ  പ്രണയമര്‍മ്മരങ്ങളെ 
വെയില്‍വരും മുന്നേ
പകര്‍ത്തിയെഴുതാന്‍  കൊതിച്ച  
ഇടനെഞ്ചിലിടവം  കണ്ട  പെണ്മ  
അക്ഷരങ്ങളെയെണ്ണിപ്പെറ്റയമ്മ 

സമവാക്യം


വിഷുക്കൈനീട്ടമാണോര്‍മിപ്പിക്കുന്നത്
അധികാരവും നിലനില്പും
സൂചിപ്പിക്കുന്ന 
നാണയത്തിനിരു വശങ്ങളെ
യാത്രകള്‍
തുറന്നു കിടക്കുന്ന
ജീവിതത്തിന്റെ
എതിര്‍ ദിശകളെ കാട്ടിത്തരുന്നു
അക്ഷരങ്ങള്‍
ഉയരവുമാഴവും
ഉള്ളിലാണെന്ന് വിളക്കിച്ചേര്‍ക്കുന്നു
പരിചയപ്പെടലുകള്‍
അത്യഹ്ലാദവും അകല്‍ച്ചയും
ഒളിപ്പിച്ചു വയ്ക്കുന്നു
നാണയത്തെ നിരീക്ഷിച്ച്.
ജീവിതത്തെ നേര്‍രേഖയിലൂടെ വരച്ച്
അക്ഷരങ്ങളെ വായിച്ചു
ഇരുവശങ്ങളെ കൂടെ കൂട്ടുമ്പോള്‍
സ്വയമൊരു സൂത്രവാക്യമാകണം
സന്തുലനത്തിന്റെ സമവാക്യം ....!!

നമ്മുടെ കുട്ടികള്‍


വിത്തിനിട്ട വിള പെറുക്കി
നാം ചോറു വച്ചു.
ഊണു കഴിഞ്ഞു
വയലു കണ്ടോയെന്നു
മകനോട്...
ആണ്ട മരത്തിന്‍റെ
വേരു നാം പൊട്ടിച്ചു
തണലറിഞ്ഞോയെന്നു
മകളോട് ....
ആഴം കടക്കുവാന്‍ പാലം പണിതിട്ടു
പുഴ മുറിച്ചു
നീന്താനറിയുമോ
എന്നവരോട് ....
ജനാലയ്ക്കലേക്ക്
നീണ്ട കൊമ്പുകള്‍ വെട്ടി നാം
കിളിക്കൊഞ്ചല്‍
കേട്ടുവോയെന്ന്.....
ഇരുട്ടും മുന്‍പേ
വീടടച്ചിട്ടു,
സന്ധ്യ വന്നുപോയതറിഞ്ഞുവോ
നീയെന്ന്...
നമ്മുടെ കുറ്റബോധത്തെ
സഹതാപത്തില്‍ പൊതിഞ്ഞ്
പുശ്ചത്തില്‍ കോട്ടി
പരിഹാസമാക്കി
പുതിയ തലമുറയോട്
ഇതൊക്കെ നിങ്ങളുടെ
നഷ്ടങ്ങളാണത്രെ,,..!!

സംസാരം


ആത്മാവിന്‍റെയനന്തതയിലേക്ക്
തീര്‍ത്ഥയാത്രയ്ക്കുള്ള
മുന്നൊരുക്കത്തില്‍
കടലല്ല ;
കക്കയുടെ രൂപകല്പനയാണെന്നെ
ഭ്രമിപ്പിക്കുന്നത്
നിറങ്ങളല്ല ;
നിശബ്ദതയാണെന്നെ
വശീകരിക്കുന്നത് ,
കുറ്റകൃത്യങ്ങളല്ല ;
സ്വയം ബോധമില്ലാത്തവരുടെ
ചപലതയാണെന്നെ
പ്രകോപിപ്പിക്കുന്നത് ,

ഓര്‍മകളില്‍ നിന്നെന്നെ
പുറത്തെടുത്ത്
സ്വപ്നങ്ങളെയെന്നിന്‍ നിന്നു
കുടഞ്ഞു കളഞ്ഞ്

നിങ്ങളോടല്ല ;
ഒരു പരേതതനോടാണ്
ഞാന്‍ സംസാരിക്കുന്നത്

2015 ജനുവരി 28, ബുധനാഴ്‌ച

എനിക്കറിയാവുന്ന ചില വഴികള്‍


എനിക്ക് നിശ്ചയമുള്ള 
ചില  വഴികളുണ്ട്  

കിണറ്റിന്‍ കരയില്‍  
 കുടങ്ങള്‍ക്കൊപ്പം  നിറയുന്ന 
 തച്ചനും ഞാനും  
തമ്മിലുള്ള  വര്‍ത്തമാനങ്ങള്‍  

മുറ്റത്ത്
തൈച്ചെടി  നടുമ്പോളെന്നിലേക്കു   വളരുന്ന
ആത്മജ്ഞാനത്തിന്‍റെ   ബോധിത്തണല്‍  

പുഴക്കരയില്‍  
തുണി  നനയ്ക്കുന്ന താളത്തിനൊപ്പമിളകുന്ന 
നര്‍ത്തന മുദ്രകള്‍   
അഹംഭാവത്തിനു  മുകളിലേല്‍ക്കുന്ന
പാദമര്‍ദ്ദനങ്ങള്‍ ..!!


മൈലാഞ്ചിയിലയരയ്ക്കുമ്പോള്‍
 നഖങ്ങളില്‍ പറ്റിച്ചേരുന്ന 
നിസ്ക്കാരനിറത്തിന്‍റെ കടുപ്പം 

ജോവാന്‍ ഓഫ്  ആര്‍ക്കിന്റെ  
യുദ്ധമുഖത്തെക്കോടി പോകുന്ന
 അടുക്കള നേരങ്ങള്‍ 

കൂടെയുള്ളവരുടെ  ഹ്രസ്വദൂരയാത്രകളുടെ 
വെളിച്ചം മങ്ങാതിരിക്കുവാന്‍
ഞാനും  എന്‍റെയാഴമുള്ള  വഴികളും
 തമ്മില്‍   
പരിചയമില്ലെന്ന് നടിക്കുകയാണ്  
 സരസ്വതീനദി പോലെയുള്ളിലേക്ക്
മാത്രമായൊഴുകുകയാണ്...!!

2015 ജനുവരി 26, തിങ്കളാഴ്‌ച

ജയം

മൃദുലനാവ്
ചിലരുടെ  
ചെറിയ ആകാശങ്ങളുടെ  
എല്ലൊടിക്കുമ്പോള്‍ 

മൗനം സ്വരസ്ഥാനങ്ങളുടെ  
ഉച്ചസ്ഥായി  പ്രാപിച്ച്
കേള്‍വിയുടെ ആവൃതിക്ക്  
പുറത്തു കടക്കാറുണ്ട് .

അപവാദങ്ങള്‍ക്കും 
പാഴ്വാക്കുകള്‍ക്കും  മുന്നില്‍ 
ഒരമ്പിന്‍റെ ഉയരത്തിലാണ് ഞാന്‍  
വാക്ശരങ്ങളെന്നും  ശയ്യ തന്നെ ..!!

എങ്കിലും  
 തോല്‍പിക്കാനാവില്ല 
യുദ്ധങ്ങളിലെന്നും 
മരണത്തെ ജയമെന്നാണ് 
രേഖപ്പെടുത്തുക ..!!

2015 ജനുവരി 24, ശനിയാഴ്‌ച

ഒരു വൃക്ഷത്തിന്‍റെ ആത്മകഥ


നനവുണങ്ങിപ്പോയ 
മണ്ണിലാരോ  കുഴിച്ചിട്ട  
കാരിരുമ്പിന്‍ കരുത്തുറ്റ
കാട്ടുവൃക്ഷത്തിന്റെ 
കാതലില്‍ കോതിയ
 കഴുമര തൂണായിരുന്നു ഞാന്‍ 

കാലത്തു നിങ്ങളില്‍ 
സൂര്യനുദിക്കുമ്പോഴെന്‍റെ  ചങ്കിലേതോ 
സൂര്യന്‍റെ മരണമുദിക്കുന്നു,
ഞാനിരുട്ടിന്റെ മാറത്തു  പാര്‍ക്കുന്നു
മൂകമായ്  കരിയുന്നു  

എന്‍റെ തായ് വേരുകള്‍  
തളിര്‍ത്തു പൂത്തെങ്ങോ
സുഗന്ധം  പൊഴിക്കുന്നു 
എന്നിലോ   മണക്കുന്നു  മരണം 

എത്രയാണ്ടുകളെത്രകഴുത്തുകള്‍ ,
എത്ര  മുരള്‍ച്ചകളെത്ര മിടിപ്പുകള്‍ 
എണ്ണാതെകണ്ണടച്ചത്രകാലത്തോളം 
എന്നുമെന്നില്‍  കുരുങ്ങി  ഞാന്‍  

ഇന്നുപുലര്‍ച്ചെ ;
കവിതയിറ്റും  കരളുമായ്‌ 
കാവിയുടുക്കാത്ത  നിസ്വനാം  പഥികനെന്‍ 
വൃക്ഷഹൃദയം വരിച്ചു ഗംഭീരമായ് .

വാളില്ല,ഓര്‍മ തന്‍  മൂര്‍ച്ച  മാത്രം
 തീയില്ല  ; വിപ്ലവജ്വാല  മാത്രം  
നിണമില്ല ; നേരിന്‍റെ ചൂരു  മാത്രം
 മുറിവില്ല ; മൂകസംഗീതമല്‍പം 

കണ്ണില്ല ; കത്തുന്ന  കാഴ്ചവട്ടം  
കൈയില്ല ; നിരാസക്കുറിപ്പ്‌ മാത്രം 
കാലില്ല;കാലത്തിന്‍  പൊട്ടിച്ച  വേരു മാത്രം 
കവിയില്ല ;കാവ്യക്കരുത്തു മാത്രം 

ഇലകള്‍ ,പൂവുകള്‍ ,ചില്ലകള്‍ 
മുളച്ചു ഞാന്‍ 
മഴയേറ്റുവാങ്ങുമൊരു  വൃക്ഷമായി 
കാണാതെയോഴുകുമൊരാത്മനദിയെന്റെ 
നിലപാടുതറയിലൂടരികിലെത്തി 


ഈ പാഴ് മരം  
പൂക്കുന്നു  ,പാടുന്നു 
വസന്തത്തെ  വിളിക്കുന്നു 
വീണ്ടും  തളിര്‍ക്കുന്നു 
കഴുമരം  കായ്ക്കുന്നു
കായകള്‍  ചവര്‍ക്കുന്നു

തൂക്കുകയറഴിച്ചവരെന്റെ, കാലമേ 
അര്‍ദ്ധ പ്രാണനു മുക്തി  നല്‍കി
ഞാനെന്‍ കാടിന്നു  ജീവനേകി 
കവിഹൃദയത്തിന്നു  മോക്ഷമേകി  

തീ


''ചെല്ലമ്മാ ''

കത്തുന്ന  വെയിലില്‍  വിയര്‍ത്തൊലിച്ചു  അയാള്‍  തല കുനിച്ചു  ഉള്ളിലേക്ക്   കയറി . ആ വീടിന്റെ  വാതിലിനു  ഉയരം  കുറവായിരുന്നതുകൊണ്ട്   തല കുനിക്കല്‍ അയാള്‍ക്കൊരു ശീലമായിരുന്നു .

ചെല്ലമ്മ തറയിലിരുന്നു കായ്‌കറികള്‍  നുറുക്കുന്നു , തറപ്പൊക്കത്തില്‍  തന്നെയുള്ള  അടുപ്പിലേക്ക്  ഇടയ്ക്ക്  വിറകുന്തി  തീ  കൂട്ടുന്നുണ്ട് ,അടുപ്പത്തു  അരി  തിളയ്ക്കുന്നു . അടുപ്പിന്‍റെയടുത്തു കിടന്ന   പാതി കത്തിയ  കടലാസുകഷണത്തിലേക്ക്  അയാളൊന്നു കൂടി  നോക്കി .

''  അന്ത  കാഗിതം    എങ്കിറുന്ത്   കിടച്ചത്‌ ? ''  കിതയ്ക്കും  മട്ടിലുള്ള  അയാളുടെ ചോദ്യം  കേട്ടു ചെല്ലമ്മ  തലയുയര്‍ത്തി  ,  

''അന്ത  മേശമേല്‍  ഇരുന്തത് , തീ  പത്ത വയ്ക്ക  ഒന്നുമേ  കിടയ്ക്കലൈ'' ''ഇന്ത  പിള്ളൈ  എതുക്ക്‌  അഴുകിറത്?''   ചേല വാരിച്ചുറ്റി  അവള്‍  എഴുന്നേറ്റു തൊട്ടിയില്‍ കിടന്നു  കരയുന്ന കുഞ്ഞിനരികിലേക്ക്  പോയി .

ഒരു  നിമിഷം കൊണ്ട്  തണുത്തുറഞ്ഞു പോയ  കൈകളോടെ  അയാള്‍  ചായ്പിന്റെ മൂലയില്‍  കിടന്ന  മേശയ്ക്കരികിലെത്തി  എഴുതി വച്ചിരുന്ന കടലാസുകളിലേക്ക് നോക്കി .അതില്‍  ചിലവ  നഷ്ടപ്പെട്ടിരിക്കുന്നു . അയാള്‍ക്ക്  കടുത്ത ദുഖം തോന്നി . എഴുതിക്കഴിഞ്ഞവ വീണ്ടും  അതുപോലെ എഴുതാന്‍ കഴിയില്ല , 

''ഉനക്ക്  ഒന്നുമേ  കിടയ്ക്കലേയാ  തീ  പത്ത  വയ്ക്ക  ?  എന്നാച്ച്‌  ഉനക്ക്  ?''ഉയര്‍ന്ന കോപത്തെ  നിയന്ത്രിച്ചു കൊണ്ടാണ്  ആ  ചോദ്യം  പുറത്തേക്ക്  വന്നത് .

''അപ്പടി  അതിലെ  എന്ന  ഇരുക്ക്‌ ?'' കാഗിതം  അങ്കെ  നിറയാ  ഇരുക്ക്‌  ''  നിസാരമായ  അവളുടെ  മറുപടി കെട്ടു  അയാള്‍  നിശ്ചലനായി .

പട്ടണത്തില്‍  അന്നു  നടന്ന  അയാളുടെ  പുസ്തകനിരോധനറാലിയിലെ ആത്മജ്ഞാനമില്ലാത്തവരുടെ  സ്വരങ്ങളിലേക്ക്   അക്ഷരജ്ഞാനമില്ലാത്ത  ചെല്ലമ്മയുടെ സ്വരവും  കലരുന്നതായി  അയാള്‍ക്ക് തോന്നി .  അവരുടെ  ഭാവങ്ങളിലെ  നിസംഗത  അയാളുടെ  എഴുത്തിലേക്ക്‌  മെല്ലെ  പടര്‍ന്നു  കയറി 

2015 ജനുവരി 18, ഞായറാഴ്‌ച

താഴ്വാരങ്ങളിലെ പെണ്‍കുട്ടികള്‍


മഞ്ഞുതുള്ളികള്‍ 
പുലരിക്കും  പൂക്കള്‍ക്കും 
പൊട്ടുതൊടുന്ന 
നാട്ടില്‍  ജനിച്ചിട്ടും 
മൂടല്‍മഞ്ഞിനെ 
അവരിന്നും  പ്രണയിക്കുന്നു 

അധിക പരിചയം 
അരോചകമാവേണ്ടതാണ്;
അതില്ലെന്നു മാത്രമല്ല 
പൊഴിഞ്ഞയിലകള്‍ 
ഉറഞ്ഞ മഞ്ഞിന് മീതെയെന്നത് പോലെ 
അവരുടെ പ്രണയം 
മഞ്ഞില്‍  മിഴിവാര്‍ന്നു 
കിടക്കുന്നു 

തനിച്ചായി പോകുന്ന 
ദിനങ്ങളില്‍ 
അവരുടെ മനസ് 
മഞ്ഞു വീണ വഴികളിലൂടെ  
അലസം നടക്കുന്നു 
നിശബ്ദരായി ...

ഞാന്‍  അവരില്‍ ഒരാളായി 
പോയതിനാല്‍ 
മഞ്ഞിനെയെന്നും പ്രണയിക്കുന്നു ...!!

2015 ജനുവരി 17, ശനിയാഴ്‌ച

ഭ്രാന്തന്‍ മഴത്തുള്ളി


ഞാനൊരു  ഭ്രാന്തന്‍ മഴത്തുള്ളി ..!!

മഴയ്ക്കൊപ്പം പെയ്യുമെങ്കിലും
ഇലത്തുമ്പിലിറ്റുനേരമിറ്റി നില്‍ക്കും 


ഒരു പക്ഷേ ,

നന്മകളുടെ  മൂര്‍ദ്ധാവില്‍
നനവായ്
പതിച്ചേക്കാം

കൂര്‍ത്തൊരു കല്ലില്‍വീണു
വെള്ള മുത്തുകളായ്‌  
ചിതറിയേക്കാം

മണ്ണിന്‍റെ മനസിലേക്ക്
മരവിപ്പോടെ  
മിണ്ടാതെ  പോയേക്കാം 

മരിച്ചയിലയുടെ മാറില്‍
തീര്‍ഥമായ്
വീണു  വറ്റിയുണങ്ങിയേക്കാം

ഇനിയുമോരീറന്‍ തുള്ളിക്കൊപ്പം 
ഇഴഞ്ഞിഴഞ്ഞു 
ജനാലച്ചില്ലില്‍ ചിത്രമെഴുതിയേക്കാം

നഗ്നപാദങ്ങളില്‍ നേര്‍രേഖയായി
നീണ്ടു  നീണ്ടു വന്നു 
നിങ്ങളില്‍  പൊള്ളലായേക്കാം.

ഞാനൊരു  ഭ്രാന്തന്‍ മഴത്തുള്ളി 
എന്നെ എന്‍റെ  പെയ്ത്തിനു വിട്ടേക്കുക  .....!!!

2015 ജനുവരി 15, വ്യാഴാഴ്‌ച

തര്‍പ്പണം

വലതു കൈവിരലില്‍
ദര്‍ഭയ്ക്ക് പകരമൊരു
നെല്‍ക്കതിര്‍  ചുറ്റുക 

സമകാലികരുടെ 
സായാഹ്നങ്ങളിലേക്ക്
മിഴികള്‍  പൂട്ടുക

ശാന്തിമന്ത്രമോതും 
മുന്നേ  മണലില്‍ 
മുട്ടുമടക്കി
കടലാരവങ്ങളേറ്റുവാങ്ങുക

 മണ്ണിനും മനുഷ്യനുമായി 
എഴുതപ്പെട്ടയരിമണികള്‍
നീക്കിവയ്ക്കുക 

നിങ്ങളുടെയത്താഴമേശയില്‍ 
ഒരു ഇരിപ്പിടവും 
അവസാനയുരുള ചോറും 
എനിക്കായി  മാറ്റി വയ്ക്കുക 

 മരിക്കും മുന്നേ  
ബലിച്ചോറിന്റെ
രുചിയറിഞ്ഞവര്‍ക്കുള്ള
തര്‍പ്പണമാണത് ..!!! 

സ ''മരങ്ങള്‍ ''


സമരങ്ങള്‍  
ചക്രവ്യൂഹം പോലെ...
അകപ്പെടുന്ന  അഭിമന്യുമാര്‍ 
മടങ്ങി വരുന്നേയില്ല 

പട്ടിണി  കിടക്കുന്നവര്‍ 
മെലിഞ്ഞു പോകുന്നു  
വ്യവസ്ഥിതി  കൊഴുക്കുന്നു 

സ്വയം കത്തുന്നവര്‍  
ചാരമാകുന്നു 
ആള്‍ ദൈവങ്ങളതാകാശ-
ഭസ്മമാക്കുന്നു .

പുഴുവരിക്കുന്ന 
സദാചാരമുറിവുകളിലേക്ക് .
നടാതെ  മുളയ്ക്കുന്ന  മരങ്ങള്‍ 
മുനയില്ലാത്ത കത്തിയാഴ്ത്തി ചിരിക്കുന്നു 

ജീവ ന്റെയടയാളക്കൊടിയില്‍ 
പ്രതികരണം പച്ചകുത്തിയിട്ടുണ്ടെന്നു 
സര്‍വ്വ ജീവ ജാലങ്ങളും
ഒപ്പം മുരളുന്നു....

ഞാന്‍ വെറുമൊരു മരമാകുന്നു 
ആരും നടാത്ത  മരം ..!!

2015 ജനുവരി 7, ബുധനാഴ്‌ച

അവള്‍ കണ്ട കടല്‍


അവളെയൊരിക്കല്‍  കടലെടുത്തു .
കടലാസും പേനയും 
കണ്ടെടുക്കും  മുന്‍പ്
കരയിലുപേക്ഷിച്ചു.

മുടിയിഴകള്‍  പിഴുത് 
അവളൊരു  വല നെയ്തു 
അതിലക്ഷരങ്ങള്‍ പിടഞ്ഞുണര്‍ന്നു 

ഇപ്പോള്‍  
കടലുകള്‍  കണ്ണാവുന്നു 
അല്ലെങ്കില്‍  
കണ്ണുകള്‍ കടലാവുന്നു .

ഞാന്‍ കാണുന്ന  കടലുകള്‍  
ഞാനാകുന്നു 

2015 ജനുവരി 6, ചൊവ്വാഴ്ച

ഒറ്റ ഫ്രെയിമില്‍ ഒരു ജീവിതം വരയ്ക്കുമ്പോള്‍


ഒരു ജീവിതം
ഒറ്റ ഫ്രെയിമില്‍
വരയ്ക്കുമ്പോള്‍
ഒറ്റയാനെ വരയ്ക്കണം
ആഴ്ന്നു പോകുന്ന വേരുകളോ
ഉയര്‍ന്നു പിരിയുന്ന
ശാഖകളോയില്ലാതെ
നിലത്തുറയ്ക്കാത്ത
ചലനങ്ങളോടെ
യാത്രകള്‍ക്ക്
വായുരൂപത്തിലടയാളംകൊടുക്കണം
അവയുടെ വേഗത
ആരുമറിയാതെ പോകട്ടെ
മഴയോ വേനലോ
വരച്ചെടുക്കാന്‍
നിന്റെയോ അവന്റെയോ
കരള്‍ കീറി
ചായമെടുക്കണം
കരയുന്നവരെയല്ല
കാണുന്നവരുടെ കണ്ണില്‍
പൊടിക്കാറ്റു നിറയ്ക്കുന്നവരെ
വാക്കുകളില്ലാതെ എഴുതി നിറയ്ക്കുക
ഒടുവില്‍ പ്രത്യാശയുടെ
അവസാന ഇല വരയ്ക്കുക
ശുഭം എന്നെഴുതാതെ പോവുക 

ആഗോളഭാരം


മനസുകളിലേക്ക്‌
മതമെന്നയുരുളന്‍
കല്ലുകളുരുട്ടുകയാണിസങ്ങള്‍
കാഴ്ചയില്‍ വീഴ്ചയുടെ
അഗാധതയദൃശ്യമായി
നിലനില്‍ക്കുന്നു
വിലാപ കാവ്യങ്ങളാല്‍
നൂറ്റാണ്ടുകളുടെ
മസ്തകത്തിലൊരു നോവും
കടവായിലൊരു കല്ലും
തിരുകുന്ന
ഗജകൌശലമാണത്
ഇതിഹാസങ്ങളാല്‍
മനോസഞ്ചാരങ്ങള്‍ക്ക്
കുതിരവേഗം നല്‍കുന്ന
ഭാവനാ ലോകത്തിന്‍റെ
ഭാവിയുമതു നിശ്ചയിക്കും
വര്‍ത്ത‍മാന കാലങ്ങളില്‍
ആഗോള ഭാരം ചുമക്കുന്ന കഴുതയും
തുണിച്ചൂടു തേടുന്ന ഗര്‍ഭിണിപ്പൂച്ചയുമെന്നു
തോന്നിപ്പിച്ചു കൊണ്ട് ..............!!

2015 ജനുവരി 1, വ്യാഴാഴ്‌ച

ബാദ്ധ്യത


തെരുവിലുറങ്ങുന്നവര്‍ക്ക്  
ശരീരം  ഒരധികബാദ്ധ്യതയാണ്

സ്വപ്നങ്ങളില്ലാത്തവര്‍ക്ക് 
ജീവിതവും ....

കലങ്ങിക്കിടക്കുന്ന 
ഓര്‍മകളൊഴുകിത്തുടങ്ങിയ 
  അതേ നിമിഷം തന്നെ 

തെളിഞ്ഞു നിന്ന  മെഴുതിരിയുടെ 
നാളത്തില്‍ അവള്‍  
വെന്തുമരിക്കുകയും 
മേശമേലിരുന്ന 
ഒരു  ഗ്ലാസ്  വെള്ളത്തില്‍ 
മുങ്ങിച്ചാവുകയും ചെയ്തു 

2014 ഡിസംബർ 29, തിങ്കളാഴ്‌ച

കാലം തെറ്റിയ പൂവിടല്‍

കാലം തെറ്റിയെന്‍ 
കലാലയ മുറ്റത്തൊരീറന്‍
വാക പൂവിടുന്നു
മഞ്ഞുറഞ്ഞ ജനാലയിലേക്ക്
അതിന്റെ ചില്ലകളില്‍
നിന്നൊരു ജൂണ്‍ മഴ
പടരുന്നു
ചുവന്ന പൂക്കളില്‍
അറിവിന്‍റെ തേന്‍ നിറഞ്ഞ
അക്ഷരങ്ങള്‍ കൂട്ടമായെത്തി
ഗൃഹപാഠത്തെയോര്‍മിപ്പിക്കുമ്പോള്‍
പെയ്യുന്നത് ജൂണല്ല ; ഞാനാണ്‌
പരീക്ഷപ്പനിയില്‍ വിയര്‍ക്കുന്നത്
മാര്‍ച്ചല്ല ;ജീവിതവും

സ്നേഹം

ദൈവം സ്നേഹമാണെന്നു ക്രിസ്തു പറഞ്ഞു;
കത്തുന്ന സ്നേഹമുള്ളവരാകാൻ വിവേകാനന്ദനും;
നാമോ ദൈവത്തെ തീയിൽ കുഴച്ചു കുഞ്ഞുങ്ങളുടെ തലച്ചോറിൽ നിക്ഷേപിക്കുന്നു,,,,,,,,,,,

2014 ഡിസംബർ 26, വെള്ളിയാഴ്‌ച

നക്ഷത്രക്കണ്ണുള്ള ശലഭങ്ങള്‍

.
പൂവില്‍നിന്നു
പൂവിലേക്ക്
പാറുമ്പോള്‍
പൂമ്പാറ്റകള്‍ പറയുന്നുണ്ട്
നോട്ടുബുക്കില്‍ തെറിച്ച
കൂട്ടുകാരന്‍റെ തലയിലെ
ചുവന്ന പൊട്ടുകളെക്കുറിച്ച്
തോക്കിന്‍ മുനകളില്‍തകര്‍ന്ന
പേനയില്‍ നിന്നുമൂര്‍ന്ന
ചുവന്ന മഷിയിലടയാളപ്പെട്ട്
ഒന്നിച്ചു തോറ്റതിനെക്കുറിച്ച്
തീക്കാറ്റിനിടയിലും
ചിതറിയ അമ്മവിരലുകള്‍
തിരഞ്ഞു വന്നതിനെക്കുറിച്ച്
ഒറ്റ രാത്രികൊണ്ട്‌
തീപ്പെട്ടു പോയ
കുടിലുകളെ ക്കുറിച്ച്
മഞ്ഞച്ചിറകുകളിലെ
കറുത്ത കണ്ണുകള്‍
ഇരുണ്ടു പോയ
സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കുകയാണ്
ചോര വീഴാത്ത ക്ലാസ് മുറികള്‍
തീ ചിതറാത്ത തെരുവുകള്‍
വെടിയൊച്ച മുഴങ്ങാത്ത കുടിലുകള്‍ ....
ശലഭമേതുമാകട്ടെ ,
നിറഭേദ മില്ലാത്ത
ഈ കിനാവുകളാണത്രേ
പൂവിന്റെയുള്ളിലെ തേന്‍ തുള്ളികള്‍

2014 ഡിസംബർ 24, ബുധനാഴ്‌ച

വില


പന്ത്രണ്ടുകാരിയുടെ 
കൂര്‍ത്ത  നോട്ടങ്ങള്‍ 
മരണത്തെയെന്ന പോലെ 
എന്നെ നേരിടുമ്പോള്‍ 
കണ്ണുകള്‍  താഴ്ത്തിയും  
മുഖം കുനിച്ചും 
ഞാന്‍ ഭീരുത്വമണിയുന്നു

വില കേള്‍ക്കുകയാണ് ഞങ്ങള്‍  ;
കുറഞ്ഞു കുറഞ്ഞു വരുന്ന
ഞങ്ങളുടെ വില ,

പിറ്റേന്നുമവളുടെ  
അടയാത്ത കണ്ണുകള്‍ 
അകന്നുപോകുന്ന ട്രക്കിലെ
ചവറ്റുകൂനയില്‍ 
നിന്നുമെന്നെ നോക്കുമ്പോള്‍ 
എന്‍റെ മൌനം വൃഥാവിലായെന്നു
ഞാനറിയുന്നു

രക്തമിറ്റുന്ന
അവളുടെ മുറിഞ്ഞ ചുണ്ടുകള്‍
വില്‍ക്കപ്പെട്ടപ്പോഴും  
വാങ്ങപ്പെട്ടപ്പോഴും  
സ്വതന്ത്രയായിരുന്നപ്പോഴും  
നാമെന്തിനു നിശബ്ദത  
പാലിച്ചെന്നു   ചോദ്യമുയര്‍ത്തുന്നു  

അവസാനയത്താഴത്തെ
വിഷത്തുള്ളിയില്‍
ഉരുട്ടിയെടുക്കാന്‍
കഴിയാതെ പോയതോര്‍ത്തെന്‍റെ
രക്തം കട്ട പിടിക്കുന്നു


മതം.......
രാജ്യം .......
ഭാഷ ....
അവര്‍   വെറുതെ  പറയുകയാണ് ;
ജീവനുള്ള  
സ്ത്രീകളെ 
വിലപേശാന്‍,
പ്രതികരണ ശേഷിയുളള
പുരുഷന്മാരെ 
കൂട്ടക്കൊല ചെയ്യാന്‍ 
കുഞ്ഞുങ്ങളുടെ തലച്ചോറുണ്ണാന്‍
വേണ്ടി  മാത്രം ..!!

പ്രതിഷ്ഠ



ഗോഡ്സെ
പ്രതിഷ്ഠിക്കപ്പെടുന്നയിടങ്ങളില്‍
നരബലിയും രക്താഭിഷേകവും
 മാത്രമേ പ്രതീക്ഷിക്കാനുള്ളൂ 

 ആദ്യത്തേതിന്റെ
അനുകരണം പോലുമാവില്ല 
തുടര്‍ച്ചകള്‍  

അവസാന ശ്വാസത്തെ
ഏതു വാക്കില്‍
പൊതിഞ്ഞാശ്വസിപ്പിക്കണമെന്ന്
അവര്‍   തീരുമാനിക്കുക തന്നെ ചെയ്യും 

 എന്‍റെ  കുഞ്ഞുങ്ങളേ
ഞാന്‍
 കൂട്ടമരണങ്ങളെ ഇഷ്ടപ്പെടുന്നു  
അതു
മൂകമായൊരു തണുപ്പാണ് 
ജീവിതമോ
 കഴുത്തൊടിഞ്ഞവന്റെ മുതുകിലെ  ചാക്കും 

ഒരിക്കലൊന്നു പോയി നോക്കണം


ജീവന്‍  മാത്രം  മിച്ചം  വച്ച്

തൂങ്ങിമരിച്ചവന്റെ
കണ്ണുകളിലെ 
നിസ്സംഗതയിലേക്ക് 

മുങ്ങിമരിച്ച
ദാഹങ്ങളിലേക്ക് 

പാളങ്ങളില്‍  
ചിതറിയ 
സ്വാതന്ത്ര്യത്തിലേക്ക് 

ഊര്‍ജ്ജമൊഴുകി
വരണ്ടുപോയ 
ഞരമ്പുകളുടെ 
തൃഷ്ണയിലേക്ക് 

വിഷം തിന്നു 
നീലിച്ച  ചുണ്ടുകളുടെ 
വര്‍ത്തമാനങ്ങളിലേക്ക്

ഉറക്കമരുന്നുകളുടെ 
അബോധത്തിലേക്ക്

തീ  കുളിച്ചവന്റെ  
പ്രഭയിലേക്ക് 

ഒരിക്കലൊന്നു പോയി  നോക്കണം 

2014 ഡിസംബർ 17, ബുധനാഴ്‌ച

വസന്തം


വര്‍ഷകാലം 
വേനലിന്‍റെയുള്ളിലൊളിക്കുകയും 
വാനവും ഭൂമിയും 
സ്വപ്നങ്ങള ഴിച്ചു  പകുക്കുകയും 
ചെയ്യുമ്പോഴാണ് 
വസന്തം പിറക്കുന്നത്‌... !!!!

ആകാശക്കണ്ണുകളിലൂടെ
 പൊഴിഞ്ഞ്
മണ്ണിന്‍റെ മനസു തുരന്ന് 
മണ്‍മറഞ്ഞു പോയ 
ഏതോ  മധുരഫലത്തിന്‍റെ
ആത്മാവിനെ
നനച്ചു വിളിക്കുന്ന 
മഴയിലാണ് 
ഹരിതാഭ  കണ്‍മിഴിക്കുന്നത് 

ഇന്നോളമാരുമോര്‍ക്കാത്ത 
എന്‍റെനിര്‍മല  സ്വപ്നങ്ങളുടെ 
പങ്കുപറ്റാന്‍ 
ശ്രദ്ധാപൂര്‍വം തുറന്നുവച്ച 
വാതായനം കടന്നെത്തിയ 
നിനക്ക് 

ജീവിതമധ്യാഹ്നത്തിലെ 
കല്പനകളുടെ പ്രതിബിംബമില്ലാത്ത 
സ്നേഹത്തിന്‍റെ അരുവിയില്‍ 
ഒരു കൈക്കുമ്പിള്‍ ജലാഭിഷേകം 
നേരുന്നു ഞാന്‍ 
മഴയായോ  വസന്തമായോ 
പുനര്‍ജനിക്കുക.
പൂവുകള്‍ക്ക് വര്‍ണവും 
പൂമ്പാറ്റകള്‍ക്കു ചിറകുമേകുക 

2014 ഡിസംബർ 9, ചൊവ്വാഴ്ച

നഗ്നത


രണ്ടര്‍ത്ഥങ്ങളിലേക്ക് 
ഒരേസമയം 
വഴിപിരിഞ്ഞൊഴുകുന്ന
വാക്കാണ്‌ നഗ്നത 

ആത്മാഭിമാനത്തിന്‍റെ  
അപാരഭാരത്താല്‍
അടക്കങ്ങള്‍ 
അനാവരണത്തിനു 
നിര്‍ബന്ധിക്കപ്പെടുമ്പോള്‍ 
അഴിഞ്ഞു വീഴാനാവാത്ത 
പ്രാണന്റെ അവസാനനോവിനെ
നമുക്കങ്ങനെ വിളിക്കാം .


അസുഖത്തിലോ 
ആലസ്യത്തിലോ 
മറച്ചു വയ്ക്കുവാനൊന്നുമില്ലാതെ
അഭയസ്ഥാനത്തോടടുത്തു
നില്‍ക്കുന്ന സര്‍വ്വ സ്വാതന്ത്ര്യത്തെയും
നാമിങ്ങനെ തന്നെയാവും വിളിക്കുക